UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ചുവപ്പുനാടയിൽ കുടുങ്ങിക്കിടക്കുന്ന അനേകായിരം ജീവിതങ്ങളിൽ ഒന്ന് എന്റേതുമാണ്

രാജ്യം എഴുപതാം സ്വാതന്ത്ര്യ ദിനം ആഘോഷിക്കുമ്പോഴും ഉയരുന്ന ഒരു ചോദ്യമാണ് ‘നമുക്കിപ്പോഴും സ്വാതന്ത്ര്യം ലഭിച്ചിട്ടുണ്ടോ?’ പഴമക്കാരിൽ ചിലർ ആവർത്തിച്ച ഒരു തമാശ ഇപ്പോൾ ഓർമ്മ വരുന്നു… ‘വെള്ളക്കാരിൽ നിന്ന് രാജ്യത്തെ മോചിപ്പിച്ച് കൊള്ളക്കാരുടെ കയ്യിൽ കൊടുത്തു’. ഒരുപക്ഷേ ഒരു തമാശയെന്ന് ലാഘവത്തിൽ ചിരിച്ചുതള്ളാൻ കഴിയുന്ന ഒരാക്ഷേപമല്ല അത്.

സ്വാതന്ത്ര്യം ലഭിച്ച് ഏഴ് പതിറ്റാണ്ടായിട്ടും ഈ രാജ്യത്തെ പട്ടിണി മാറ്റാനും തൊഴിലില്ലായ്മ പരിഹരിക്കാനും നമുക്ക് കഴിഞ്ഞിട്ടില്ല. ജനാധിപത്യം എന്നത് പലപ്പോഴും വാക്കിൽ മാത്രം ഒതുങ്ങി പോകുന്നു.

പലതും സമ്പൂർണമായി പൊളിച്ചെഴുതേണ്ടിയിരിക്കുന്നു. ഇപ്പോഴത്തെ വ്യവസ്ഥിതി, രാജ്യപുരോഗതിക്കുതകുന്നതല്ല എന്ന് തെളിയിച്ചിരിക്കുന്നു. എവിടെയും അഴിമതിയുടെയും അക്രമത്തിന്റെയും നീതി നിഷേധത്തിന്റെയും വാർത്തകൾ സ്ഥിരമായി ഉയർന്നു കേൾക്കുന്നു. ഈ രാജ്യത്തെ നിയമവ്യവസ്ഥിതിയിലും സമൂലമായ ഒരു മാറ്റം അനിവാര്യമായിരിക്കുന്നു എന്ന തോന്നലാണ് എങ്ങും.

സർക്കാർ സ്ഥാപനങ്ങൾ കാര്യക്ഷമമായി പ്രവർത്തിക്കുന്നില്ല എന്നുമാത്രമല്ല കെടുകാര്യസ്ഥതയുടെ പടനിലങ്ങളായി പലപ്പോഴും അവ മാറുന്നു. നീതിനിഷേധത്തിന്റെ നേർക്കാഴ്ചകൾ വളരെ സാധാരമാണവിടങ്ങളിൽ. സ്വാധീനം ഉള്ളവർക്ക് മാത്രം കാര്യസാധ്യത്തിനായി തുറന്നു വെച്ചിരിക്കുന്ന കച്ചവടസ്ഥാപനങ്ങളാണോ അവയെന്ന് സംശയമുളവാക്കുന്ന തരത്തിലേക്ക് അധഃപതിച്ചിരിക്കുന്നു. ഇത് എന്റെ മാത്രമല്ല ഓരോ സാധാരണക്കാരന്റെയും പരാതിയാണെന്ന് ഞാൻ വിശ്വസിക്കുന്നു. സർക്കാർ സ്ഥാപനങ്ങളിലെ ചുവപ്പുനാടകളിൽ കുടുങ്ങിക്കിടക്കുന്ന അനേകായിരം ജീവിതങ്ങളിൽ ഒന്ന് എന്റേതുമാണ്.

ഭരണത്തിന്റെ ഇടനാഴികളിൽ സ്വാധീനമില്ലാത്തവർക്ക് ജീവിക്കാൻ അവകാശമില്ല എന്ന നിലയിലാണ് പലപ്പോഴും കാര്യങ്ങൾ നീങ്ങുന്നത്, അല്ലെങ്കിൽ കൈക്കൂലി നൽകാൻ കൈനിറയെ പണം വേണം.

മറ്റ് രാജ്യങ്ങളിൽ കൈക്കൂലി വാങ്ങുന്ന ഉദ്യോഗസ്ഥരില്ല എന്ന് വാദിക്കാൻ ഞാൻ ആളല്ല. എന്നാൽ അവിടെയൊക്കെ കർത്തവ്യം നിറവേറ്റാതിരിക്കാൻ കൈക്കൂലി വാങ്ങുമ്പോൾ, എന്റെ രാജ്യത്ത് സ്വന്തം കർത്തവ്യം നിറവേറ്റാനാണ് ഉദ്യോഗസ്ഥർ കൈക്കൂലി ആവശ്യപ്പെടുന്നത്. ജോലി ചെയ്യാൻ കൈക്കൂലി വേണമെങ്കിൽ ഇവരെന്തിനാണ് ശമ്പളം പറ്റുന്നത്?

എനിക്ക് അറിവുള്ളതും പൂർണ ബോധ്യമുള്ളതുമായ ഒരു സംഭവം പറയാം. സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന കുടുംബത്തിൽ പിറന്ന എന്റെ ഒരു സുഹൃത്ത്, തന്റെ പിതാവിന്റെ മരണശേഷം, അമ്മയും രണ്ട് സഹോദരിമാരും അടങ്ങുന്ന കുടുംബം പോറ്റാനായി സേലത്തെ എഞ്ചിനീയറിങ് പഠനം ഉപേക്ഷിച്ച് നാട്ടിൽ കൂലിപ്പണിക്കാരനായി. മെച്ചപ്പെട്ട ഒരു ജോലിക്കായി അവൻ ശ്രമിച്ചുകൊണ്ടിരുന്നു. ജോലിയിലുള്ള അവന്റെ ആത്മാർഥത കണ്ട് നാട്ടിലെ ഒരു പ്രവാസി അവന് ഖത്തറിൽ ഒരു ജോലി തരപ്പെടുത്തി നൽകാമെന്ന് വാഗ്ദാനം ചെയ്തു. തുടര്‍ന്ന് തത്കാൽ വ്യവസ്ഥയിൽ പാസ്പോർട്ട് എടുത്ത് അതിന്റെ വിവരങ്ങൾ അവൻ അദ്ദേഹത്തെ ഏൽപ്പിച്ചു. പ്രവാസിയായ സുഹൃത്ത് തന്റെ വാക്ക് പാലിച്ചു. വാഗ്ദാനം ചെയ്ത ജോലി എന്റെ സുഹൃത്തിന് ലഭിച്ചു.

വിദേശത്തേക്ക് പോകാൻ തയാറാകുന്ന അവസരത്തിലാണ് വെരിഫിക്കേഷനായി ഒരു പോലീസുകാരൻ അവന്റെ വീട്ടിൽ എത്തുന്നത്. ആഗമനോദ്ദേശം അറിയിച്ച പോലീസുകാരൻ അവന്റെ രേഖകൾ ആവശ്യപ്പെട്ടു. ഉടൻ തന്നെ അവൻ തന്റെ ജനന സർട്ടിഫിക്കറ്റ്, എസ്.എസ്.എൽ.സി ബുക്ക്, തിരിച്ചറിയൽ കാർഡ്, ആധാർ കാർഡ് എന്നിവ പോലീസുകാരന് നൽകി. അവയിൽ ഒന്നും യാതൊരുവിധ പൊരുത്തക്കേടുകളും കാണാത്തതിനാലാകാം, പോലീസുകാരൻ മറ്റൊരു വാദം ഉന്നയിച്ചു.

“നിന്നെ കുറിച്ച് ഈ പരിസരത്തൊക്കെ ഞാൻ അന്വേഷിച്ചു. ആളുകൾക്കൊന്നും അത്ര നല്ല അഭിപ്രായമല്ലല്ലോ നിന്നെ പറ്റിയുള്ളത്. നീ ഇവിടെയല്ല താമസമെന്നും സേലത്താണെന്നും അറിഞ്ഞല്ലോ, അവിടുത്തെ അഡ്രസ്സിൽ വെരിഫിക്കേഷൻ നടത്തിയോ?”

“സാർ, ഞാൻ സേലത്ത് പഠിക്കുകയായിരുന്നു. അച്ഛന്റെ മരണശേഷം പഠനമുപേക്ഷിച്ചു, ഇപ്പോൾ അങ്ങോട്ട് പോകാറില്ല. കോളേജിലെ ചില ആവശ്യങ്ങൾക്കായി മാത്രം ഇടക്ക് ഒന്ന് രണ്ട് തവണ പോയിരുന്നു. അവിടെ പോകുമ്പോൾ സുഹൃത്തുക്കളുടെ കൂടെ താമസിക്കാറുണ്ട്, അല്ലാതെ അവിടെ സ്ഥിരതാമസമൊന്നുമില്ല. നാട്ടുകാർക്ക് എന്നെ പറ്റി ഒരു മോശം അഭിപ്രായം ഉണ്ടാകാൻ ഇടയില്ല, വളരെ മാന്യമായിട്ടാണ് ഞാൻ എന്റെ നാട്ടുകാരോടും വീട്ടുകാരോടും സുഹൃത്തുക്കളോടുമെല്ലാം ഇടപഴകാറുള്ളത്. സാർ എന്നെപ്പറ്റി അന്വേഷിച്ചവർക്ക് തെറ്റ് പറ്റിയതാകാം.” എന്ന് എന്റെ സുഹൃത്ത് മറുപടി നൽകി. ഒപ്പം, ആരോടാണ് തന്നെപ്പറ്റി അന്വേഷിച്ചതെന്നും എന്റെ സുഹൃത്ത് തിരക്കി.

“അതാരെങ്കിലുമാകട്ടെ, ഇതിപ്പോൾ എനിക്ക് അംഗീകരിച്ച് റിപ്പോർട്ട് നൽകാൻ കഴിയില്ല. ഒരുപാട് പ്രശ്നങ്ങളുണ്ടല്ലോ.” എന്ന് പോലീസുകാരൻ മറുപടി നൽകി.

തന്റെ പ്രശ്നങ്ങളും വീട്ടിലെ അവസ്ഥയും പാസ്പോർട്ടിന്മേൽ എന്തെങ്കിലും പ്രശ്നമുണ്ടായി തന്റെ യാത്ര മുടങ്ങിയാൽ ജോലി നഷ്ടപ്പെടുമെന്നുമൊക്കെ സുഹൃത്ത് പോലീസുകാരനെ ധരിപ്പിച്ചു. “ഒരു കാര്യം ചെയ്യൂ, ഒരു 500 രൂപ ഇങ്ങെടുക്ക്… ബാക്കിയൊക്കെ ഞാൻ ശരിയാക്കി തരാം.” എന്നായിരുന്നു പോലീസുകാരന്റെ മറുപടി.

കൈക്കൂലി നൽകാൻ പണമില്ലാത്തതിനാലും തന്റെ ഭാഗത്താണ് ന്യായം എന്ന് ബോധ്യമുള്ളതിനാലും എന്റെ സുഹൃത്ത് അതിനെ ചോദ്യം ചെയ്തു. പകപോക്കാനായി പോലീസുകാരൻ സൂപ്പർ വെരിഫിക്കേഷൻ ആവശ്യപ്പെട്ട് റിപ്പോർട്ട് നൽകി. അങ്ങനെ അവന്റെ യാത്ര മുടങ്ങി, ജോലി നഷ്ടമായി. കൈക്കൂലി നൽകാൻ തയാറാകാത്തതിനാൽ ഒരു ചെറുപ്പക്കാരന്റെ സ്വപ്നങ്ങളെയും ഒരു കുടുംബത്തിന്റെ മുഴുവൻ പ്രതീക്ഷയേയും ഒരു ഉദ്യോഗസ്ഥൻ തകർത്തുകളഞ്ഞു. ഇതിനെതിരെ ഉന്നത ഉദ്യോഗസ്ഥർക്ക് പരാതി നൽകിയിട്ടും യാതൊരു നടപടിയുമുണ്ടായില്ല.

ഇത് എനിക്ക് പരിചയമുള്ള ഒരാൾക്ക് സംഭവിച്ച ഒരു കാര്യം, സർക്കാർ ഉദ്യോഗസ്ഥർ കർത്തവ്യ നിർവഹണത്തിൽ വീഴ്ച വരുത്തുന്നതുമൂലം ഇതുപോലെ എത്രയെത്ര നീതിനിഷേധങ്ങൾ ദിനംപ്രതി സംഭവിക്കുന്നു. മിക്ക സർക്കാർ സ്ഥാപനങ്ങളിലും ഇതൊക്കെ തന്നെയാണ് അവസ്ഥ.

ഇനി വ്യവസ്ഥിതിയുടെ പിഴവുകളിലേക്ക് വരാം. ഇനി പറയാൻ പോകുന്ന സംഭവത്തിലെ ബലിയാട് ഞാൻ തന്നെയാണ്. ഞാനൊരു ട്രാൻസ്ജെന്റർ വ്യക്തിയാണ്. ഇതേ കാരണത്താൽ തന്നെ നീതിനിഷേധങ്ങളുടെ ഒരു വലിയ പരമ്പരയാണ് എന്റെ ജീവിതം മുഴുവൻ. സമൂഹത്തിൽ നിന്നും കുടുംബത്തിൽ നിന്നും അവഗണിക്കപ്പെട്ട ഞാൻ സ്വപ്രയത്നം കൊണ്ടാണ് ഒരു തൊഴിൽ പഠിച്ചെടുത്തത്, വെബ് പ്രോഗ്രാമിങ്ങ്. ഒരു ജോലിക്കായി ഞാൻ ഒരുപാട് കാലമായി ശ്രമിക്കുന്നു. 75ൽ അധികം കമ്പനികളിൽ ഞാൻ ജോലിക്ക് അപേക്ഷിച്ചു, പലപ്പോഴും ഇന്റർവ്യൂ വരെയെത്തിയ എന്നെ ട്രാൻസ്ജെന്റർ എന്ന കാരണത്താൽ എല്ലാവരും ഒഴിവാക്കി.

ഒടുവിൽ മനസ്സുമടുത്ത ഞാൻ, വിഷാദരോഗത്തിനടിമയാകുന്ന നിലയിലേക്കെത്തി. ആ അവസരത്തിലാണ് ഫ്രീലാൻസായി ജോലി ചെയ്യാൻ ഒരു സുഹൃത്ത് എനിക്കൊരവസരമൊരുക്കി തന്നത്. പതിയെ ഞാൻ എന്റെ ജീവിതത്തിലേക്ക് തിരികെയെത്തി, ജോലി ചെയ്യാൻ ആരംഭിച്ചു. ആദ്യ പ്രൊജക്റ്റ് വിജയകരമായി ഞാൻ പൂർത്തിയാക്കി. അപ്പോഴാണ് മറ്റൊരു പ്രശ്നം, ജോലിചെയ്ത് ഞാൻ സമ്പാദിച്ച പണം സ്വീകരിക്കാൻ എനിക്ക് സ്വന്തമായൊരു ബാങ്ക് അക്കൗണ്ട് ഇല്ല. ട്രാൻസ്ജെന്റർ ആയതുകൊണ്ട് മാത്രം ഒരു ബാങ്ക് അക്കൗണ്ടിന് ആവശ്യമായ രേഖകൾ നേടിയെടുക്കാൻ എനിക്ക് സാധിക്കുന്നില്ല.

പഠനത്തിൽ സമർത്ഥ ആയിരുന്നിട്ടും സ്കൂൾ തലത്തിൽ തന്നെ എനിക്ക് പഠനമുപേക്ഷിക്കേണ്ടി വന്നു. എന്നെ അംഗീകരിക്കാൻ തയ്യാറാകാത്ത ഒരു വലിയ സമൂഹത്തോട് എന്നാൽ കഴിയും വിധം ഞാൻ പൊരുതി. പക്ഷേ, പഠനം തുടരാനുള്ള പണം കണ്ടെത്താൻ എനിക്ക് കഴിഞ്ഞില്ല.

മതം നോക്കിയും ജാതിതിരിച്ചും ന്യൂനപക്ഷങ്ങൾക്ക് സംവരണവും ധനസഹായങ്ങളും ഇളവുകളും നൽകുന്ന ഈ രാജ്യത്ത് യഥാർത്ഥ ന്യൂനപക്ഷമായ ഞങ്ങൾക്ക് അവസരങ്ങൾ നിഷേധിക്കപ്പെടുന്നു. ഞങ്ങളുടെ കഴിവുകൾ കണ്ടെത്താനോ അവയെ പ്രോത്സാഹിപ്പിക്കുവാനോ ഇവിടെ സംവിധാനങ്ങളില്ല. സമൂഹത്തിൽ ഒറ്റപ്പെടുന്നു. എന്തിനധികം? ഈ രാജ്യത്തെ ഒരു പൗരയാണ് ഞാൻ എന്ന് തെളിയിക്കാൻ പോലും സാധിക്കാത്തവിധം സർക്കാർ സംവിധാനങ്ങൾ ഞങ്ങളെ പാർശ്വവത്കരിക്കുന്നു.

നിലനിൽപ്പിനായുള്ള ഞങ്ങളുടെ പോരാട്ടങ്ങളെ, “പേക്കൂത്ത് ” എന്ന് പുച്ഛിച്ച് സമൂഹവും ഞങ്ങളെ തോൽപ്പിക്കുന്നു. എങ്കിലും മാറ്റത്തിനായുള്ള പോരാട്ടം ഞങ്ങൾ തുടരുന്നു. ഞങ്ങൾക്കും സ്വാതന്ത്ര്യം ലഭിക്കുന്ന ഒരു ദിവസം വരുമെന്ന പ്രതീക്ഷയോടെ…

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions) 

Avatar

മനോജ് വി കൊടുങ്ങല്ലൂര്‍

അദ്ധ്യാപകന്‍, സാമൂഹ്യനിരീക്ഷകന്‍

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍