UPDATES

മേനി നടിക്കല്ലേ മന്ത്രീ… വാളയാറും കൊട്ടിയൂരും അട്ടിമറിക്കപ്പെട്ടു കഴിഞ്ഞു

സാമൂഹ്യ നീതി വകുപ്പ്, ചൈല്‍ഡ് വെല്‍ഫയര്‍ സൊസൈറ്റി, പൊലീസ്; ഈ സംവിധാനങ്ങള്‍ തങ്ങളുടെ ഉത്തരവാദിത്വം നിര്‍വ്വഹിച്ചിരുന്നെങ്കില്‍ പല ദുരന്തങ്ങളും ഒഴിവാക്കാന്‍ സാധിക്കുമായിരുന്നു

പാലക്കാട് വാളയാറില്‍ ദുരൂഹസാഹചര്യത്തില്‍ മരണപ്പെട്ട ഒമ്പതുവയസുകാരിയെ രക്ഷിക്കാന്‍ കഴിയുമായിരുന്നു; സാമൂഹ്യ നീതി വകുപ്പ്, ചൈല്‍ഡ് വെല്‍ഫയര്‍ സൊസൈറ്റി, പൊലീസ്- ഈ സംവിധാനങ്ങള്‍ തങ്ങളുടെ ഉത്തരവാദിത്വം നിര്‍വ്വഹിച്ചിരുന്നെങ്കില്‍. പക്ഷേ, അവര്‍  ആ കുട്ടിയെ തീര്‍ത്തും അവഗണിച്ചു. അവള്‍ക്ക് സുരക്ഷിതത്വം നല്‍കുന്നതിനോ, അവളെ ആക്രമിക്കാന്‍ തയ്യാറാകുന്നവരെ കണ്ടെത്താനോ ഒരു ശ്രമവും ഉണ്ടായില്ല.

ഒമ്പതു വയസുകാരി മരിക്കുന്നതിനു 52 ദിവസങ്ങള്‍ക്കു മുമ്പാണ് പതിനൊന്നുകാരിയായ സഹോദരിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. അതും അസ്വാഭാവിക മരണം. പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു. സഹോദരി മരിച്ച ദിവസം രണ്ടുപേര്‍ വീട്ടില്‍ നിന്നും ഇറങ്ങി പോകുന്നതു കണ്ടെന്നു അനിയത്തി പൊലീസിനു മൊഴി നല്‍കിയിരുന്നു. മൂത്തകുട്ടി പീഡിപ്പിക്കപ്പെട്ടിരുന്നതായി പൊലീസും വ്യക്തമാക്കിയിരുന്നു (ഇതേ കുട്ടി തങ്ങളുടെ ഒരു ബന്ധുവിനാല്‍ പീഡിപ്പിക്കപ്പെട്ടിരുന്നുവെന്നും അതാവര്‍ത്തിക്കപ്പെട്ടെന്നും ഇപ്പോള്‍ അമ്മ തന്നെ വെളിപ്പെടുത്തുന്നുമുണ്ട്).

പതിനൊന്നു വയസുകാരി ദുരൂഹസാഹചര്യത്തില്‍ മരണപ്പെടുകയും അവള്‍ പീഡിപ്പിക്കപ്പെട്ടിരുന്നുവെന്നറിഞ്ഞിട്ടും പൊലീസ് എത്രമാത്രം കാര്യക്ഷമമായി ഈ കേസ് അന്വേഷിച്ചു? പൊലീസിന്റെ ഭാഗത്തു നിന്നും വീഴ്ച ഉണ്ടാകുന്നുവെന്നു ബോധ്യപ്പെട്ടിട്ടും പാലക്കാട് ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റി എങ്ങനെയുള്ള ഇടപെടലാണ് നടത്തിയത്? ജുഡീഷ്യല്‍ അധികാരമുള്ള സിഡബ്ല്യുസിക്ക് ഇക്കാര്യത്തില്‍ പൊലീസിനെ കൃത്യമായി ഉപയോഗിക്കാന്‍ കഴിഞ്ഞില്ലേ? പൊലീസിനും സിഡബ്ല്യുസിക്കും വീഴ്ച പറ്റിയിട്ടുണ്ടെങ്കില്‍ സാമൂഹ്യ നീതി വകുപ്പ് അതറിഞ്ഞില്ലേ? നടപടിയെടുത്തില്ലേ? ഈ ചോദ്യങ്ങളെല്ലാം തത്കാലം മാറ്റി നിര്‍ത്തിയാലും മറ്റൊരു ചോദ്യത്തിന് ഉത്തരം കിട്ടണം. മൂത്തകുട്ടി ദുരൂഹ സാഹചര്യത്തില്‍ മരിക്കുകയും ആ മരണത്തിലേക്കുള്ള തെളിവായി ഇളയകുട്ടി നില്‍ക്കുകയും ചെയ്യുമ്പോള്‍, ആ കുട്ടിയെ സംരക്ഷിക്കേണ്ട ഉത്തരവാദിത്വം മേല്‍പറഞ്ഞ സംവിധാനങ്ങള്‍ക്കെല്ലാം ഉണ്ടായിരുന്നതല്ലേ, എന്തുകൊണ്ട് അതു ചെയ്തില്ല?

ഇര സാക്ഷിയാണ്. അതുകൊണ്ടു തന്നെ ഭീഷണി ഉണ്ടാകും. എല്ലാ കേസുകളിലും അതങ്ങനെ തന്നെയാണ്. പാലക്കാട്ടെ കുട്ടിയുടെ കാര്യത്തില്‍ ഈ ബോധം പൊലീസിനോ സിഡബ്ല്യുസിക്കോ സാമൂഹ്യനീതി വകുപ്പിനോ ഇല്ലാതെ പോവുകയായിരുന്നോ? വീട്ടിലെ സാഹചര്യം, ആക്രമിക്കപ്പെടാനുള്ള സാധ്യതകള്‍, കുട്ടിയുടെ മാനസികാവസ്ഥ ഇവയെല്ലാം ശ്രദ്ധിക്കേണ്ടതും ആവശ്യമെങ്കില്‍ കുട്ടിയെ സുരക്ഷിതമായ മറ്റൊരിടത്തേക്കു മാറ്റുകയും കൗണ്‍സിലിംഗ് കൊടുക്കുകയും വേണമായിരുന്നു. ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റിയോ സാമൂഹ്യനീതി വകുപ്പോ ഇക്കാര്യങ്ങള്‍ ശ്രദ്ധിച്ചോ?

ഈ അവഗണനയുടെ, ഉത്തരവാദിത്വമില്ലായ്മയുടെ ഫലമാണു ഒമ്പതു വയസുകാരിക്കുണ്ടായ ദുരന്തം. മരണപ്പെട്ടു എന്നതുമാത്രമല്ല, സഹോദരിയെ പോലെ തന്നെ ഈ കുട്ടിയും ലൈംഗികമായി ചൂഷണം ചെയ്യപ്പെട്ടിരിക്കുന്നു. സാമൂഹ്യനീതി വകുപ്പ് മന്ത്രി ശൈലജ ടീച്ചര്‍ എത്ര ന്യായീകരിക്കാന്‍ ശ്രമിച്ചാലും, മാധ്യമങ്ങള്‍ ദോഷൈകദൃക്കുകളെ പോലെ പെരുമാറുന്നുവെന്നു കുറ്റപ്പെടുത്തിയാലും പാലക്കാടെ ഒമ്പതുവയസുകാരിയുടെ മരണത്തില്‍ ഈ സംസ്ഥാനത്തിന്റെ ഭരണസംവിധാനങ്ങളുടെ വീഴ്ച വളരെ വലുതാണ്. ഒരു കുട്ടി ചൂഷണം ചെയ്യപ്പെടാനും മരിക്കാനും കാത്തിരിക്കരുത്. ആ കാര്യത്തിലെങ്കിലും മന്ത്രി ജാഗ്രത കാണിക്കണം.

കൊട്ടിയൂരിലെ പീഡനം
വൈദികന്‍ പീഡിപ്പിച്ച കൊട്ടിയൂരിലെ പെണ്‍കുട്ടിയുടെ 164 മൊഴി ഇതുവരെ രേഖപ്പെടുത്തിയിട്ടില്ല എന്നാണറിവ്. നിയമപരമായി അതില്‍ തെറ്റൊന്നുമില്ല. കുട്ടിയുടെ മാനസികാവസ്ഥ സാധാരണനിലയില്‍ വന്നതിനുശേഷം മൊഴി രേഖപ്പെടുത്തുന്നതാവും ഉചിതമെന്നു തീരുമാനിച്ചിരിക്കാം. അതേസമയം എത്രവേഗത്തിലാണു പ്രതികളുടെ ജാമ്യാപേക്ഷയും നിരപരാധിത്വം തെളിയിക്കലുമൊക്കെ നടക്കുന്നത്. പ്രായവും വിദ്യാഭ്യാസ യോഗ്യതകളുമൊക്കെ മുന്‍നിര്‍ത്തിയാണു ജാമ്യാപേക്ഷ സമര്‍പ്പിക്കുന്നത്. ഇതെല്ലാം നടന്നോട്ടെ, പീഡിപ്പിക്കപ്പെട്ട പെണ്‍കുട്ടി സാധാരണ മാനസിക നിലയിലേക്ക് വരുന്നതുവരെ പൊലീസ് കാത്തിരുന്നിട്ടോ, പക്ഷേ ആ കാലയളവില്‍ പെണ്‍കുട്ടിയുടെ ചുറ്റുമുള്ള അന്തരീക്ഷം ആ കുട്ടിക്കും മാതാപിതാക്കള്‍ക്കും പൂര്‍ണമായി അനുകൂലമാണെന്ന് ഉറപ്പ് വരുത്തിയോ? ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിയോ സാമൂഹ്യ നീതി വകുപ്പോ ഉത്തരം പറയണം.

പെണ്‍കുട്ടിയോ മാതാപിതാക്കളോ ഏതെങ്കിലും തരത്തിലുള്ള സമ്മര്‍ദ്ദങ്ങള്‍ നേരിടുമോ?
പെണ്‍കുട്ടിക്കും മാതാപിതാക്കള്‍ക്കും ആവശ്യമായ കൗണ്‍സിലിംഗ് നടത്തിയോ?
കുട്ടിയുടെ ആരോഗ്യം തൃപ്തികരമാണോ, അതിനാവശ്യമായ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തിയോ?
കുട്ടി ഇപ്പോള്‍ ഉള്ളിടത്തു സുരക്ഷിതയാണോ? മറ്റൊരിടത്തേക്ക് മാറ്റേണ്ടതായുണ്ടോ?
ഇത്തരം ചോദ്യങ്ങള്‍ പലതുണ്ട്, ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റിയും സാമൂഹ്യനീതി വകുപ്പും ഉത്തരം പറയേണ്ടതാണ്.

ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റി
കൊട്ടിയൂരിലും വാളയാറിലുമെല്ലാം നിയമസംവിധാനങ്ങളില്‍ നിന്നും, പ്രത്യേകിച്ച് സിഡബ്ല്യുസി, വീഴ്ച ഉണ്ടായതായി വ്യക്തമാണ്. വാളയാറില്‍ ഒമ്പതുകാരിയെ സംരക്ഷിക്കേണ്ട ചുമതല ഉണ്ടായിട്ടും, കൊട്ടിയൂരില്‍ പ്രതിയെ നിയമത്തിനു മുന്നില്‍ കൊണ്ടുവരേണ്ട ഉത്തരവാദിത്വം നിറവേറ്റേണ്ടിയിരുന്നിട്ടും, കൃത്യവിലോപം കാണിച്ചു എന്നത് സ്പഷ്ടമായി തെളിഞ്ഞിരിക്കുകയാണ്. ഒരു സിഡബ്ല്യുസി എങ്ങനെ പ്രവര്‍ത്തിക്കണം, കുട്ടികളുടെ സംരക്ഷണത്തിനായി എന്തൊക്കെ ചെയ്യണം എന്നതിലൊന്നും യാതൊരു മാനദണ്ഡവും ഇല്ലെന്നാണോ? അതോ ഉണ്ടായിട്ടും ചെയ്യാത്തതാണോ? ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റികളുടെ പ്രവര്‍ത്തനത്തെ കുറിച്ച് വ്യാപകമായ പരാതിയുണ്ട്. വയനാട് സിഡബ്ല്യുസി ചെയര്‍മാനെയും ഒരംഗത്തെയും നീക്കം ചെയ്യുകയും കമ്മിറ്റി സസ്‌പെന്‍ഡ് ചെയ്യുകയും ഉണ്ടായതിനു പിന്നാലെ മലപ്പുറം സിഡബ്ല്യുസി ചെയര്‍മാനെയും നീക്കം ചെയ്തു. പകുതിയിലേറെയും കാലാവധി കഴിഞ്ഞ കമ്മിറ്റികള്‍ പ്രവര്‍ത്തിക്കുന്നിടത്തെല്ലാം സര്‍ക്കാര്‍ അടിയന്തിരമായി ഇടപെടുകയും സിഡബ്ല്യുസിയുടെ പ്രവര്‍ത്തനം കാര്യക്ഷമമായി നടന്നുപോകാന്‍ സൗകര്യം ഒരുക്കുകയും വേണം. ഓഫിസ് സംവിധാനം ഒരുക്കുക, വാഹനസൗകര്യം ഏര്‍പ്പാടുക്കുക, ശമ്പളയിനത്തിലോ അലവന്‍സായോ മാന്യമായ പ്രതിഫലം നല്‍കുക; ഇതൊക്കെ സിഡബ്ല്യുികള്‍ക്ക് സര്‍ക്കാരിന് ചെയ്തു കൊടുക്കാവുന്ന സൗകര്യങ്ങളാണ്. അതിലുപരി കൃത്യമായി ഈ കമ്മറ്റികള്‍ പ്രവര്‍ത്തിക്കുന്നുണ്ടോയെന്നു പരിശോധിക്കുകയും വേണം. ആഴ്ചയില്‍ രണ്ടു ദിവസമാണ് കമ്മിറ്റി കൂടുന്നത്. തിങ്കളാഴ്ച ഒരു കുട്ടി പീഡിപ്പിക്കപ്പെട്ടെന്ന വാര്‍ത്ത അറിഞ്ഞാല്‍ കമ്മിറ്റി ഇനി വെള്ളിയാഴ്ചയെ കൂടുന്നുള്ളൂ, അന്നു പരിഗണിക്കാം എന്നതരത്തിലുള്ള അലംഭാവങ്ങള്‍ ഉണ്ടാകാതിരിക്കാന്‍ സര്‍ക്കാര്‍ ശ്രദ്ധിക്കണം. മജിസ്‌ട്രേറ്റ് എവിടെയോ അതാണു കോടതി എന്നു പറയുന്നതുപോലെ, സിഡബ്ല്യുസി ചെയര്‍മാന്‍ എവിടെയോ അവിടെയിരുന്നു പരാതി കേള്‍ക്കാം, ഉത്തരവ് ഇടാം എന്നാണു നിയമം. അതെങ്ങനെ ദുര്യുപയോഗം ചെയ്യപ്പെടും എന്നതാണു ഫാദര്‍ തേരകം തെളിയിച്ചത്. ഈവക കാര്യത്തിലൊക്കെ സിഡബ്ല്യുസിയുടെ പ്രവര്‍ത്തനം കാര്യക്ഷമമാക്കാന്‍ സര്‍ക്കാരിനു കഴിയണം. കേസുകളില്‍ കൃത്യമായ ഇടപെടല്‍ നടത്താനും സൂപ്പര്‍വൈസ് ചെയ്യാനും സിഡബ്ല്യുസി ജഗ്രത കാണിച്ചുകൊണ്ടേയിരിക്കണമെന്ന ബോധ്യം കമ്മിറ്റിയില്‍ ഉണ്ടാക്കിയെടുക്കണം.

പോക്‌സോ നിയമം മേനി പറയാന്‍ മാത്രമുള്ള ഒന്നല്ലെന്നും വിരോധം തീര്‍ക്കാന്‍ ഉപയോഗിക്കേണ്ടതല്ലെന്നും സിഡബ്ല്യുസിക്കും പൊലീസിനും മനസിലാക്കി കൊടുക്കണം. കുട്ടികള്‍ക്കെതിരേയുള്ള ലൈംഗിക കുറ്റകൃത്യം തടയാന്‍ ഏറ്റവും ശക്തമായ നിയമം എന്നു പറയുന്ന പ്രൊട്ടക്ഷന്‍ ഓഫ് ചൈല്‍ഡ് സെക്ഷ്വല്‍ ഓഫന്‍സ് ആക്ട് കേരളത്തില്‍ ഏഴു ശതമാനത്തോളം മാത്രമെ നടപ്പാക്കപ്പെടുന്നുള്ളൂ എന്നറിയുമ്പോള്‍, വീഴ്ചയാരുടേതാണെന്നു ഗൗരവതരമായി അന്വേഷിക്കണം. ഈ നിയമം കുട്ടികള്‍ക്ക് എങ്ങനെയെങ്കിലും ഗുണകരമാകുന്നുണ്ടോ? എസ് ടി അട്രോസ്റ്റി ആക്ട് ഉണ്ടായിട്ടും ദളിത് പീഡനങ്ങള്‍ക്ക് കുറവില്ലാത്തതുപോലെ, ആദിവാസി ഭൂ നിയമം ഉണ്ടായിട്ടും ആദിവാസികള്‍ നില്‍പ്പുസമരം നടത്തേണ്ടി വരുന്നതുപോലെ പോക്‌സോ ഉണ്ടായിട്ടും കേരളത്തില്‍ കുട്ടികള്‍ക്കെതിരേയുള്ള ലൈംഗികാക്രമം വര്‍ദ്ധിച്ചുകൊണ്ടേയിരിക്കുന്നു.

പീഡിപ്പിക്കപ്പെടുന്ന കുട്ടികളും അവര്‍ പ്രസവിക്കുന്ന കുഞ്ഞുങ്ങളും എവിടെപ്പോകുന്നു? ഞെട്ടിക്കും ഈ കണക്കുകള്‍

ഫാദര്‍ റോബിനെ ഇങ്ങനെയയൊരു കുറ്റം ചെയ്തിട്ടുപോലും സഭയുടെ പ്രതിനിധികള്‍ വിശേഷിപ്പിക്കുന്നത് വളരെ ബ്രൈറ്റ് ആയ ഒരാള്‍ എന്നാണ്. ശരിയാണ്, വാഗ്മിയാണ്, ഉന്നത വിദ്യാഭ്യാസമുള്ളവനാണ്, എന്നിട്ടും  തന്റെ ലൈംഗിക സംതൃപ്തിക്കു വേണ്ടി ഒരു കൊച്ചു പെണ്‍കുട്ടിയെ പീഡിപ്പിച്ചത് ദാരിദ്ര്യംകൊണ്ട് ദുര്‍ബലമായൊരു കൊച്ചുപെണ്‍ശരീരത്തില്‍ അധികാരം പ്രയോഗിക്കാം എന്ന ധാര്‍ഷ്ട്യമാണ്. ഫാദര്‍ റോബിന്‍ മാത്രമല്ല, ഒരു കൊച്ചു ശരീരത്തിനുമേല്‍ പാഞ്ഞു കയറുന്ന ഓരോരുത്തന്റെയും മനസില്‍ ഇതേ അധികാരവിശ്വാസമുണ്ട്. ഇവിടുത്തെ നിയമങ്ങളെ കൂടിയാണ് അവര്‍ പരിഹസിക്കുന്നത്.

കുടുംബവും സമൂഹവും
കഴിഞ്ഞ പത്തുവര്‍ഷത്തിനിടയില്‍ കേരളത്തിന്റെ സാമൂഹിക-കുടുംബാന്തരീക്ഷം വലിയതോതില്‍ മാറ്റത്തിനു വിധേയമായിട്ടുണ്ട്. നല്ലതായും മോശമായും. മന്ത്രി പറയുന്നതുപോലെ ഇപ്പോള്‍ നടക്കുന്ന ദൗര്‍ഭാഗ്യകരമായ പല സംഭവങ്ങള്‍ക്കും ഈ മാറ്റവും ഒരു കാരണമായിട്ടുണ്ട്. ജോലിക്കായി രാവിലെ പോയി, വൈകുന്നേരം വീട്ടില്‍ തിരിച്ചുവരുന്നവരാണ് ഇപ്പോഴുള്ള മാതാപിതാക്കളില്‍ അധികവും. കുട്ടികള്‍ പലപ്പോഴും വീട്ടില്‍ ഒറ്റയ്ക്കാവുന്ന അന്തരീക്ഷമാണ്. കുട്ടികള്‍ക്കെതിരേയുള്ള ലൈംഗികാതിക്രമം ഏറ്റവും കൂടുതല്‍ നടക്കുന്നത് വീടുകളില്‍, ഹോസ്റ്റലുകളില്‍, സ്‌കൂളുകളില്‍, ആരാധനായലയങ്ങളോടനുബന്ധിച്ചുള്ള സ്ഥാപനങ്ങള്‍ എന്നിവിടങ്ങളില്‍ നിന്നെല്ലാമാണ്. ഒരു കാലത്ത് നാം സുരക്ഷിതമെന്നു കരുതിയിരുന്ന ഇടങ്ങളില്‍ നിന്നും.

സമൂഹത്തിന്റെ അവസ്ഥയോ! സൂര്യനെല്ലിയില്‍ ബസ് ഇറങ്ങി ഇതാണു സൂര്യനെല്ലി പെണ്‍കുട്ടിയുടെ വീടെന്ന് മുഖം വിടര്‍ത്തി ചൂണ്ടിക്കാണിക്കുന്നവരാണ് മലയാളി. ഇരയെന്നു വിളിച്ചുകൊണ്ട് വേട്ടയാടുന്നവര്‍. കൊട്ടിയൂരും വാളയാറുമെല്ലാം സംഭവിക്കാന്‍ പോകുന്നതും ഇതു തന്നെയാണ്. ഒരു ഇരയെ നിശബ്ദമാക്കാന്‍ സമൂഹത്തിന് അതിന്റെതായ മെക്കാനിസം ഉണ്ട്. അത് നിശബ്ദതകൊണ്ടാവാം, അവഗണന കൊണ്ടാവാം, അപവാദപ്രചരണങ്ങള്‍ കൊണ്ടാവാം, ഉപദേശങ്ങളും മുന്നറിയിപ്പുകളും കൊണ്ടാവാം, വിശ്വാസിത്തിന്റെ പേരു പറഞ്ഞും, ഭീഷണി കൊണ്ടുമാവാം. ഇതെല്ലാം അതിജീവിക്കാന്‍ ഒരു സാധാരണ കുടുംബത്തിനു കഴിയുമോ? പ്രായപൂര്‍ത്തിയാകാത്ത ഒരു കുട്ടിക്കാവുമോ? വാളയാറിലെ ആ കുടുംബത്തിന്റെ സ്ഥിതി ഇനിയെന്താവും? ഒറ്റപ്പെടില്ലെന്ന് ഉറപ്പാണോ? ആ അച്ഛനും അമ്മയും ഒരുമിച്ചുള്ള ജീവിതം തുടരുമെന്ന് ഉറപ്പാണോ? മറ്റുള്ളവരാല്‍ പരിഹസിക്കപ്പെടില്ലെന്ന് ഉറപ്പാണോ? ഇല്ല, ഒന്നിലും ഉറപ്പില്ല…

ഇതൊക്കെ ആരെങ്കിലും പറയുമ്പോള്‍ ആകെയുണ്ടായ മാറ്റം എന്നു കരുതി പരിതപിക്കുകയല്ല സര്‍ക്കാര്‍ ചെയ്യേണ്ടത്. ഇക്കാര്യത്തില്‍ സാമൂഹ്യനീതി വകുപ്പിന് കാര്യമായ ഇടപെടല്‍ നടത്താന്‍ കഴിയും. അതിനാദ്യം ചെയ്യേണ്ടത്, ഈ വകുപ്പിന് പ്രത്യേകം ഒരു മന്ത്രിയെ നിയമിക്കുക എന്നതാണ്. ആരോഗ്യംപോലെ വളരെ പ്രധാനപ്പെട്ടതും ഏറെ ചുമതലകള്‍ ചെയ്യേണ്ടതുമായ ഒരു വകുപ്പ് ഭരിക്കേണ്ട മന്ത്രി തന്നെയാണ് ഇപ്പോള്‍ സാമൂഹ്യനീതി വകുപ്പും കൈകാര്യം ചെയ്യുന്നത്, വകുപ്പിലെ സെക്രട്ടറിയാകട്ടെ അധിക ചുമതലയായാണ് ഇത് കൈകാര്യം ചെയ്യുന്നത്. പഴയപോലെയല്ല, സാമൂഹ്യനീതി വകുപ്പിന് ഗൗരവമായ ഇടപെടലുകള്‍ വളരെയേറെ നടത്താനുണ്ട് കേരളം പോലൊരു സംസ്ഥാനത്ത്. ആ ഉത്തരവാദിത്വം ചെറുതായി കാണരുത്. സ്ത്രീകള്‍ക്കെതിരേയുള്ള കുറ്റകൃത്യം തടയുന്നത്തില്‍ തീര്‍ത്തും പരാജയപ്പെട്ടുപോയ ഒരു സംസ്ഥാനമാണ് കേരളം. ആ സത്യം ചൂണ്ടിക്കാട്ടുമ്പോള്‍, തിരിച്ചു പറയേണ്ടത് നിങ്ങള്‍ ദോഷൈകദൃക്കുകള്‍ ആണെന്നല്ല…

രാകേഷ് സനല്‍

രാകേഷ് സനല്‍

ന്യൂസ് എഡിറ്റര്‍, അഴിമുഖം

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍