UPDATES

ന്യൂസ് അപ്ഡേറ്റ്സ്

മോദിയുടെ ഇന്ത്യയില്‍ സാമൂഹികമാധ്യമങ്ങള്‍ അധിക്ഷേപങ്ങള്‍ക്കുള്ള ഇടമാണ്

ടീം അഴിമുഖം 

ഒരു ടിവി പരിപാടിയുടെ അവതാരികയും പ്രുമുഖ പത്രങ്ങളില്‍ പ്രവര്‍ത്തിക്കുകയും ചെയ്ത ആളാണ് ഡല്‍ഹിയില്‍ നിന്നുള്ള മാധ്യമ പ്രവര്‍ത്തകയായ സ്വാതി ചതുര്‍വേദി. എന്നാല്‍ സമീപകാലത്തായി മാധ്യമപ്രവര്‍ത്തനത്തിന്റെ പേരിലല്ല മറിച്ച്, handle@LtuyensInsider എന്ന ട്വിറ്ററില്‍ നിന്നും അവര്‍ക്കെതിരെ വരുന്ന പരുഷവും നിന്ദ്യവുമായ ട്വീറ്റുകളുടെ പേരിലാണ് അവര്‍ ശ്രദ്ധയില്‍ വന്നത് .

സ്വാതിയുടെ ലൈംഗിക സ്വഭാവങ്ങളെക്കുറിച്ചുള്ള വിലകുറഞ്ഞ ആക്ഷേപങ്ങളും അവരുടെ മറ്റ് രീതികളെക്കുറിച്ചുള്ള അധിക്ഷേപങ്ങളും നിറഞ്ഞതാണ് ഈ ട്വീറ്റുകള്‍.

അധിക്ഷേപങ്ങള്‍ കൊണ്ട് പൊറുതിമുട്ടിയ സ്വാതി കഴിഞ്ഞ ജൂണില്‍ ഇതിനെതിരെ പോലീസില്‍ പരാതി നല്‍കി. 2004-ലെ അടല്‍ ബിഹാരി വാജ്‌പേയ് സര്‍ക്കാരില്‍ പ്രധാനപ്പെട്ട സ്ഥാനം വഹിച്ചിരുന്ന ഇന്ത്യയിലെ ഒരു മുതിര്‍ന്ന വലതുപക്ഷ മാധ്യമ പ്രവര്‍ത്തകന്റെ പേരിലാണ് ഈ ട്വിറ്റര്‍ വിലാസം എന്നാണ് ഇപ്പോള്‍ അഴിമുഖത്തിന് മനസിലാക്കാന്‍ സാധിക്കുന്നത്. വാജ്‌പേയിയുമായും എല്‍.കെ അദ്വാനിയുമായും വളരെ അടുപ്പം പുലര്‍ത്തിയിരുന്ന വ്യക്തിയാണ് ഈ മാധ്യമ പ്രവര്‍ത്തകന്‍. ഐപിസിയുടെ 354 (സ്ത്രീകളെ അപമാനിക്കുക), 354A (ലൈംഗിക പീഢനം), 499 (മാനഹാനിപ്പെടുത്തല്‍) എന്നീ വകുപ്പുകളും ഐടി ആക്ടും പ്രകാരമാണ് സ്വാതി പരാതി നല്‍കിയിരിക്കുന്നത്.

സാമൂഹിക മാധ്യമങ്ങളുടെ ഉപയോഗത്തിലൂടെ ഒരു കറുത്ത അധോലോകത്തെ തന്നെ സൃഷ്ടിച്ചിട്ടുള്ള ഒരു മനുഷ്യന്‍ ഭരിക്കുന്ന നാട്ടില്‍ ഡല്‍ഹി പോലീസ് നിയമം ഉയര്‍ത്തിപ്പിടിക്കുമോ എന്നതാണ് കണ്ടറിയാനുള്ളത്. ട്വീറ്ററിലൂടെയുള്ള അധിക്ഷേപങ്ങളുടെ ആദ്യ ഇരയൊന്നുമല്ല സ്വാതി. അവസാനത്തെ ഇരയാകാന്‍ പോകുന്നുമില്ല. അസംബന്ധം, സഭ്യതയുടെ അഭാവം, ഭീഷണിപ്പെടുത്തല്‍ എന്നീ കാര്യങ്ങളില്‍ മറ്റേത് ദുഷ്ടശക്തികളെയും കവച്ചുവെക്കുന്ന തരത്തില്‍ ഇപ്പോള്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന ഹൈന്ദവ വലതുപക്ഷത്തിന്റെ സംഘടിത പ്രതികാരവാഞ്ചയ്ക്ക് ഇരയാവുന്ന ആദ്യം വ്യക്തിയുമല്ല സ്വാതി. എന്നുമാത്രമല്ല, അവരുടെയും അവരുടെ ചില പങ്കാളികളുടെയും യഥാര്‍ത്ഥ പ്രതിബിംബമായി അവരുടെ ഓണ്‍ലൈന്‍ പ്രവര്‍ത്തനങ്ങള്‍ മാറുകയും ചെയ്തിരിക്കുന്നു.

അതുകൊണ്ടാണ് പുരോഗമന സ്വഭാവമുള്ള മാധ്യമപ്രവര്‍ത്തകന്‍ രാജ്ദീപ് സര്‍ദേശായിയുടെയും അദ്ദേഹത്തിന്റെ ഭാര്യ സാഗരിക ഘോഷിന്റെയും കമ്മ്യൂണിസ്റ്റായ കവിത കൃഷ്ണന്റെയും മറ്റ് നൂറുകണക്കിന് ആളുകളുടെയും അനുഭവങ്ങള്‍ തമ്മില്‍ വലിയ സാദൃശ്യം നിലനില്‍ക്കുന്നത്. ഇവരെ സോഷ്യല്‍ മീഡിയയിലൂടെ അധിക്ഷേപങ്ങള്‍ക്ക് ഇരകളാക്കിയ വലതുപക്ഷ പ്രതിലോമകാരികളില്‍ പലരും കഴിഞ്ഞ ജൂലൈയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി വിളിച്ചു ചേര്‍ത്ത ‘പ്രധാനപ്പെട്ട സാമൂഹിക മാധ്യമ പ്രവര്‍ത്തക’രുടെ യോഗത്തില്‍ മുഖ്യസാന്നിധ്യമായിരുന്നു.

ഡല്‍ഹി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന മാധ്യമപ്രവര്‍ത്തകനും ക്രിസ്ത്യന്‍ ആക്റ്റിവിസ്റ്റുമായ ജോണ്‍ ദയാലാണ് ഈ പട്ടികയിലെ അവസാനത്തെ ഇര. അദ്ദേഹത്തെ റേപ്പിസ്റ്റ് എന്ന് വിളിച്ചാണ് സംഘപരിവാറുകാര്‍ ഇപ്പോള്‍ അപമാനിച്ചിരിക്കുന്നത്. തെറി സന്ദേശങ്ങളുടെ ഒരു പ്രവാഹം തന്നെ അദ്ദേഹത്തിന് ലഭിച്ചു. അദ്ദേഹത്തിന്റെ ജീവന് നേരെ വരെ ഭീഷണിയും ഉയര്‍ന്നിരിക്കുന്നു.

ഒരു വിര്‍ച്വല്‍ ലോകത്താണ് ഈ അധിഷേപങ്ങള്‍ എന്ന് തത്കാലം അദ്ദേഹം സമാധാനിക്കുമായിരിക്കും. എന്നാല്‍ ശാസ്ത്രീയ ചിന്തയുടെ വക്താക്കളായിരുന്ന നരേന്ദ്ര അച്യുത് ദാബോല്‍ക്കര്‍, ഗോവിന്ദ് പന്‍സാരെ, എംഎം കുല്‍ബര്‍ഗി തുടങ്ങിയവരെ ഫാസിസ്റ്റുകള്‍ തുടരെ കൊന്നൊടുക്കുന്ന യഥാര്‍ത്ഥ ഇന്ത്യയും ഈ അയഥാര്‍ത്ഥ ലോകവും തമ്മില്‍ വലിയ വ്യത്യാസമൊന്നും നിലനില്‍ക്കുന്നില്ല.

സമകാലീന ഇന്ത്യയെ അസഹിഷ്ണുതയുടെ ഒരു പുതിയ ഭാഷ, വ്യക്തിസ്വാതന്ത്ര്യത്തോടുള്ള പുച്ഛം, പ്രതിപക്ഷ ബഹുമാനമില്ലായ്മ തുടങ്ങിയവ കീഴടക്കിയിരിക്കുന്നു. ബീഫ് ഉള്‍പ്പെടെയുള്ളവ നിരോധിക്കപ്പെടുകയും മനുഷ്യരുടെ ആഹാര രീതികളില്‍ പോലും ഇടപെടലുകള്‍ വര്‍ദ്ധിക്കുകയും ചെയ്തിരിക്കുന്നു, യാഥാര്‍ത്ഥ്യങ്ങള്‍ വളച്ചൊടിക്കപ്പെടുന്നു, വിവരമില്ലായ്മയുടെയും അശാസ്ത്രീയതയുടെയും അടിസ്ഥാനത്തിലുള്ള പുതിയ ബാലിശമായ ആഖ്യാനങ്ങള്‍ സൃഷ്ടിക്കാനുള്ള ശ്രമങ്ങള്‍ നടക്കുന്നു.

നമ്മുടെ നേതാക്കള്‍ പ്രതികരിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. അല്ലാത്ത പക്ഷം ഇന്ത്യ എന്ന സങ്കല്‍പം തന്നെ വികലമായേക്കാം. പക്ഷെ ഇപ്പോള്‍, അതിന്റെ നേതാക്കളില്‍ സര്‍വശക്തനും സാമൂഹിക മാധ്യമ ഭീമന്മാരില്‍ ഏറ്റവും പ്രശസ്തനുമായ വ്യക്തി നിശബ്ദനാണ്. നരേന്ദ്ര മോദി ഫേസ്ബുക്കിന്റെ ആസ്ഥാനം സന്ദര്‍ശിക്കുന്നതിന്റെ തിരക്കിലാണ്.

അഴിമുഖം യൂട്യൂബ് ചാനല്‍ സന്ദര്‍ശിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍