UPDATES

ന്യൂസ് അപ്ഡേറ്റ്സ്

പെരുവഴി കണ്ടിട്ട് ഇടവഴി കാണാതെ പോവുന്നവരോട്

Avatar

അഴിമുഖം പ്രസിദ്ധീകരിച്ച റിബിന്‍ കരീമിന്റെ  ‘അരുന്ധതി മുതൽ ജമീല പ്രകാശം വരെ; അഴുകിയ സദാചാര മലയാളിയോട്’, ഡാലിയുടെ ‘മല്ലുവിന് ഒരു ആണ്‍മുഖം*’ എന്നീ ലേഖനങ്ങളോട്  മാധ്യമ പ്രവര്‍ത്തകന്‍ സാബ്ലു തോമസ് പ്രതികരിക്കുന്നു.

ലിംഗ വിഭജനമില്ലാത്ത ഒരു ജാതിയുമില്ല എന്നും, ജാതിയില്ലാത്ത ഒരു ലിംഗവുമില്ല എന്നും പ്രശസ്ത ദളിത് ചിന്തക മീര വേലായുധന്‍ ഈ മാസം 15ആം തിയതി തിരുവനന്തപുരം പ്രസ് ക്ലബില്‍ നടന്ന ജി.രാജേഷ് കുമാര്‍ അനുസ്മരണ പ്രഭാഷണത്തില്‍ പറഞ്ഞത് ഓര്‍ക്കുന്നു. ലിംഗം എന്നത് ജാതി രഹിതമായ ഒരു സ്വത്വമാണ് എന്നും അതുകൊണ്ട് ലിംഗ വിവേചനത്തെ കുറിച്ചുള്ള വ്യവഹാരങ്ങളില്‍ ജാതി പരിഗണിക്കപ്പെടണ്ട എന്നുമുള്ള വിശ്വാസത്തിലെ കാപട്യത്തെ സുചിപ്പിക്കാനാണ് മീര അങ്ങനെ പറഞ്ഞു വെച്ചത്.

നമ്മുടെ പുരോഗമനപരമായ വ്യവഹാരങ്ങളില്‍ പോലും സ്ത്രീകള്‍ക്ക് നേരെ നടക്കുന്ന അധിക്ഷേപങ്ങളെ കുറിച്ച് പറയുമ്പോള്‍ ചില അധിക്ഷേപങ്ങള്‍ കാണാതെ പോവുന്നതിനെക്കുറിച്ചുള്ള ചിന്ത എന്നില്‍ ഉണ്ടാവാന്‍ കാരണം അഴിമുഖം പ്രസിദ്ധീകരിച്ച രണ്ടു ലേഖനങ്ങളാണ്. ഒന്ന് റിബിന്‍ കരീമിന്‍റേതും മറ്റൊന്ന് ഡാലിയുടേതും.

കരിം അരുന്ധതി മുതല്‍ ജമീല പ്രകാശം വരെയുള്ളവര്‍ക്ക് നേരെ സൈബര്‍ ലോകത്തും പൊതുവിടത്തും നടന്ന അധിക്ഷേപങ്ങള്‍ കാണുന്നു. എന്നാല്‍ ആദിവാസി നേതാവ് ജാനുവിനെതിരെ നടന്ന അത്തരം അധിക്ഷേപം കാണുന്നില്ല. ഡാലി ജാനു പറഞ്ഞ വാക്കുകളിലെ സ്ത്രീ വിരുദ്ധത കാണുന്നു. എന്നാല്‍ ജാനുവിന്റെ ആ വാക്കുകള്‍ക്കെതിരെ പ്രതികരിച്ചവരുടെ വാക്കുകളിലെ സ്ത്രീ വിരുദ്ധത കാണുന്നില്ല.

‘സ്ത്രീകള്‍ അല്‍പ്പം കൂടി മാന്യത കാട്ടണമായിരുന്നു എന്നതിനോട് യോജിപ്പും വിയോജിപ്പും പ്രകടിപ്പിക്കാം, പക്ഷേ അതെല്ലാം രാഷ്ട്രീയപരമായി നേരിടേണ്ടതിനു പകരം അടിപിടി കൂടുകയല്ല വേണ്ടത്. സ്ത്രീയുടെ അസ്തിത്വവും വ്യക്തിത്വവും കാത്തു സൂക്ഷിക്കേണ്ടത് ആദ്യം സ്ത്രീ തന്നെയാണ്’ എന്ന് സി.കെ.ജാനു പറഞ്ഞതായി ഫേസ്ബുക്കില്‍ ഷെയര്‍ ചെയ്യപ്പെടുന്ന വാക്കുകളില്‍ തീര്‍ച്ചയായും സ്ത്രീവിരുദ്ധതയുണ്ട്. സ്ത്രീയും ആദിവാസിയുമായ ഒരാള്‍ ചിലപ്പോള്‍ പുരുഷ ഭാവനകള്‍ ഉത്പാദിപ്പിക്കുന്ന പൊതു ബോധത്തിന്റെ ഹിംസാത്മക്ത ആന്തരവത്കരിച്ചേക്കാം. സ്ത്രീകളെ കുറിച്ചുള്ള പുരുഷ ഭാവനകളുടെ സ്ത്രീ വിരുദ്ധത അങ്ങനെയാണ് എന്ന് മനസിലാക്കാതെ അവരും ആവര്‍ത്തിച്ചെന്നു വരാം. എന്നാലും അത് സ്ത്രീയും ആദിവാസിയുമെന്ന അവരുടെ ഇരട്ട കീഴാളത്വം (dual subalterntiy) റദ്ദാക്കുന്നില്ല.

എന്നാല്‍ അതിലും എത്രയോ സ്ത്രീ വിരുദ്ധവും ആദിവാസി വിരുദ്ധവുമാണ് ജാനുവിന്റെ പ്രസ്താവനയുടെ പൊളിറ്റിക്കല്‍ കറക്റ്റ്‌നെസിനെ വിമര്‍ശിക്കുന്നവരുടെ പോസ്റ്റുകളുടെ താഴെ  ജാനുവിന്റെ സ്ത്രീ സ്വത്വത്തെയും ആദിവാസി സ്വത്വത്തെയും പരിഹസിക്കുന്ന പോസ്റ്റിട്ട സുഹൃത്തുകളുടെ കമന്റുകള്‍. അതിനു അവര്‍ നല്‍കിയ ലൈക്കുകള്‍. പ്രതേകിച്ചും ഇത്തരം പോസ്റ്റ് ഇട്ടവരില്‍ ഭൂരിപക്ഷം ‘ആദിവാസിയല്ലാത്ത പുരുഷന്മാരും’ ജാനു ആദിവാസിയായ സ്ത്രീയുമാവുമ്പോള്‍.

ഞങ്ങള്‍ ഇത്തരം പോസ്റ്റുകള്‍ കണ്ടിട്ടില്ല എന്ന് പറഞ്ഞ് നിഷ്‌കളങ്കമായി സ്ത്രീ വിരുദ്ധതയെ കുറിച്ച് സംസാരിക്കുന്ന ഒരാള്‍ക്ക് മാറി നില്‍ക്കാനാവില്ല. കാരണം കാഴ്ചയും ഒരു രാഷ്ട്രീയമാണ്. ഹെഗമണിക്ക് അധികാര ഘടന അപരരായി കരുതുന്ന സ്ത്രി, ആദിവാസി, ദളിത്, ലൈംഗിക ന്യൂനപക്ഷ, വിഭിന്നശേഷിയുള്ളവര്‍, മുസ്ലിം, ഭാഷ ന്യൂനപക്ഷ, ഇതര ഭാഷ തൊഴിലാളി, മൂന്നാം ലിംഗം, തുടങ്ങിയ സാമൂഹ്യ ന്യൂനപക്ഷങ്ങളുടെ സ്വത്വ പ്രകാശനങ്ങളെ കാണാന്‍ കണ്ണുകള്‍ക്ക് മനപൂര്‍വ്വമായി അങ്ങോടു തിരിച്ചു വെക്കണം. ഇത്തരം കാഴ്ചയില്ലാതെ പോവുന്ന രാഷ്ട്രീയത്തെ വിമര്‍ശന രഹിതമായി കാണാനാവില്ല.

ജാനുവിനെതിരെയുണ്ടായ ഏറ്റവും കടുത്ത അധിക്ഷേപം മതേതര പുരോഗമന പക്ഷത്ത് നില്‍ക്കുന്നു എന്ന് സ്വയം പരിചയപ്പെടുത്തിയ ഒരു സ്ത്രീയുടേതായിരുന്നു. ‘വേശ്യയോ പിമ്പോ ആയി തീരേണ്ടവള്‍’ എന്നയായിരുന്നു അത്. ജാനുവിനെ കുറിച്ചുള്ള ആ പരാമര്‍ശം ആദിവാസികളെ കുറിച്ചുള്ള ചില മുന്‍വിധികളുടെ കൂടെ ഉല്‍പന്നമായിരുന്നു. സമൂഹത്തിന്റെ മുഖ്യധാര സംശയത്തോടെ കാണുന്ന വേശ്യയെയോ പിമ്പോ മോശപ്പെട്ടവരാണ് എന്ന് ഞാന്‍ കരുതുന്നില്ല. അവരെ മുഖ്യധാരയില്‍ നിന്നും പുറം തള്ളുന്ന അതേ യുക്തി ഈ പരാമര്‍ശത്തിലുമുണ്ട് എന്നതും കാണാതെ പോവരുത്.

എന്നാല്‍ ഇതേ നാണയത്തിലാണ് ചില പുരുഷ പ്രജകള്‍ ആ സ്ത്രീയോട് പ്രതികരിച്ചത്. അവരോടും എനിക്ക് യോജിപ്പില്ല. കാരണം അവരും പിന്തുടരുന്നത് അതേ മുന്‍വിധിയാണ്. പറഞ്ഞു വന്നത് ഇത്ര മാത്രം സാര്‍വത്രികമായ സ്വത്വങ്ങളെ കാണാന്‍ കണ്ണ് തുറന്നു പിടിച്ചാല്‍ മതിയാവും. എന്നാല്‍ വിഭജിത സ്വത്വങ്ങളെ കാണാന്‍ കാഴ്ച ബോധപൂര്‍വ്വം അതിലേക്കു തിരിച്ചു പിടിക്കണം. പെരുവഴിയിലൂടെ പോവുന്നവര്‍ക്ക് ഇടവഴികള്‍ കണ്ടുവെന്ന് വരില്ല. അത് കാണണമെങ്കില്‍ മനപൂര്‍വ്വമായി കണ്ണ് അങ്ങോട്ടു തിരിക്കണം.

കുറച്ചു കൂടി വ്യക്തമായി പറയാം. വര്‍ഗം എന്ന സങ്കല്‍പത്തെ നിരാകരിക്കുന്ന ഒരാള്‍ അല്ല ഞാന്‍. എന്നാല്‍ വിഭജനങ്ങളില്ലാത്ത ഏകകമാണ് തൊഴിലാളി വര്‍ഗം എന്ന ക്ലാസിക്കല്‍ വിശ്വാസത്തോട് യോജിപ്പുമില്ല. വിഭജനമില്ലാത്ത ഏക സ്വത്വം എന്നബോധം സാമുഹിക ന്യൂനപക്ഷങ്ങളുടെ താല്പര്യങ്ങള്‍ക്ക് എതിരാണ് എന്ന് കരുതുന്നു. ഒരു പുരുഷ തൊഴിലാളിയുടേതു പോലെയല്ല ഒരു സ്ത്രീ തൊഴിലാളി അനുഭവിക്കുന്ന പ്രശ്‌നങ്ങള്‍. അത് പോലെ ഒരു ദളിത് തൊഴിലാളി, ഒരു ലൈംഗിക ന്യൂനപക്ഷത്തില്‍ നിന്നുള്ള തൊഴിലാളി, ഒരു മതഭാഷ ന്യൂനപക്ഷത്തില്‍ നിന്നുള്ള തൊഴിലാളി, ഒരു വിഭിന്ന ശേഷിയുള്ള തൊഴിലാളി, ഒരു ഇതര സംസ്ഥാന തൊഴിലാളി എന്നിങ്ങനെയുള്ള കീഴാളത്തങ്ങളുടെ പ്രശ്‌നങ്ങളെ ഒരു പൊതുവിഭാഗത്തില്‍ ഉള്‍കൊള്ളിക്കാനാവില്ല. ഇതിനും അപ്പുറമാണ് ഇരട്ട കീഴാളത്വത്തിന്റെ പ്രശ്‌നങ്ങള്‍. ഇതെല്ലാം വിവിധങ്ങളാണ് എന്ന് അംഗീകരിക്കുന്ന ഒരു രാഷ്ട്രീയമില്ലാതെ പോവുന്നവര്‍ ചിലത് കാണാതെ പോവുന്നത് സ്വാഭാവികമാണ്.

പറഞ്ഞു വന്നത് ഇത്ര മാത്രം. സര്‍വ്വജനതയുടെ രാഷ്ട്രീയവും അത് മുന്നോട്ടു വെക്കുന്ന സാര്‍വത്രിക മൂല്യമുള്ള ശരി എന്ന സങ്കല്‍പ്പവും ഉപേക്ഷിപ്പെടേണ്ടതാണ്. ദളിത്, ലൈംഗിക ന്യൂനപക്ഷ, മതഭാഷ ന്യൂനപക്ഷ, വിഭിന്ന ശേഷിയുള്ളവര്‍ തുടങ്ങിയ സാമൂഹ്യ ന്യൂനപക്ഷങ്ങളെ സാര്‍വത്രിക മൂല്യത്തിനു വെളിയില്‍ നിര്‍ത്തുന്നത് കൊണ്ടാണ് അത്. വംശം,ലിംഗം ,ലൈംഗികത, വര്‍ണം തുടങ്ങിയവയെ വിഭജിതമായി ആയി കരുതുന്ന, ഇത്തരം വിഭജനങ്ങള്‍ ഇല്ലാത്തവരെ മാത്രം മുഴുവനായി കരുതുന്ന അതിന്റെ യുക്തി വളരെ പിന്തിരിപ്പനാണ്. ഈ യുക്തിയിലുള്ള കറകളഞ്ഞ വിശ്വാസം കൊണ്ടാണ് ചില അധിക്ഷേപങ്ങള്‍ ചിലര്‍ കാണാതെ പോവുന്നത്.

NB: ജാനുവിനെതിരെ ‘പുരോഗനമന പക്ഷത്തെ’ ചിലര്‍ നടത്തിയ ഫേസ്ബുക്ക് പരാമര്‍ശങ്ങളുടെ സ്‌ക്രീന്‍ ഷോട്ട് ഇടുന്നു. പേരുകള്‍ മായിച്ചു കളഞ്ഞിട്ടുണ്ട്. വ്യക്തിപരമായ അധിക്ഷേപം എന്റെ ഈ ലേഖനത്തിന്റെ രാഷ്ട്രീയത്തിനു എതിരായത് കൊണ്ടാണ്.

(മാധ്യമ പ്രവര്‍ത്തകനാണ് ലേഖകന്‍)

അഴിമുഖം നേരത്തെ പ്രസിദ്ധീകരിച്ച സാബ്ലു തോമസിന്റെ ലേഖനം

ഫാസിസ്റ്റ് കാലത്തെ ഘര്‍വാപസിയും ദളിത് രാഷ്ട്രീയവും

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍