UPDATES

സയന്‍സ്/ടെക്നോളജി

പന്ത്രണ്ടാം നിലയിലെ രാഷ്ട്രീയക്കാരനും സോഷ്യല്‍ മീഡിയ ദിനവും- ഒരു കല്‍പ്പിത കഥ

Avatar

ജൂണ്‍ 30 സോഷ്യല്‍ മീഡിയ ദിനമായിരുന്നു. നമ്മുടെ നാട്ടിലെ മാധ്യമങ്ങളും പുതിയ തലമുറ സാമൂഹിക പരിഷ്ക്കര്‍ത്താക്കളും ചേര്‍ന്ന് ഈ ദിനം തകര്‍ത്ത് ആഘോഷിക്കുകയും ചെയ്തു. എന്നാല്‍ സോഷ്യല്‍ നെറ്റ്വര്‍ക്ക് ബിസിനസിന്റെ ആഗോള കുത്തക മുതലാളിമാരായ അമേരിക്കയിലെ മാധ്യമങ്ങള്‍ ഇതിനെ വേണ്ടത്ര ശ്രദ്ധിച്ചില്ല. അതിനു കാരണം അവര്‍ക്കറിയാമായിരുന്നു. അത് മാഷബിള്‍ എന്ന സാങ്കേതിക-വിനോദ മഞ്ഞ ബ്ലോഗിന്‍റെ സ്വകാര്യ സ്പോണ്‍സേര്‍ഡ് ആഘോഷമായിരുന്നു. എന്നാല്‍ ഇന്ത്യയില്‍, പ്രത്യേകിച്ച് കേരളത്തില്‍ ഇത് ആവോളം ആഘോഷിച്ചു. സായിപ്പിന്‍റെ വിപണന തന്ത്രത്തെ വിജയിപ്പിച്ചു. ഇതിന് പിന്നില്‍ അല്‍പ്പജ്ഞാനികളായ മാധ്യമ റിപ്പോര്‍ട്ടര്‍മാരോ അതോ ആഗോള മീഡിയ കമ്പനികളില്‍ നിന്ന് വന്‍തുക കൈപ്പറ്റിയ ചാനല്‍ മുതലാളിമാരോ? നാഗരാജ് കെ എഴുതുന്നു.

അന്നൊരു തണുത്ത രാത്രിയായിരുന്നു. പുരാണങ്ങളില്‍ പുണ്യനദിയെന്ന് പരാമര്‍ശിക്കപ്പെടുന്നുണ്ട് എന്ന് വിശ്വസിക്കപ്പെടുന്ന പുഴയുടെ തീരത്തെ പതിമൂന്നു നിലകളുള്ള ഫ്‌ളാറ്റിലെ പന്ത്രണ്ടാം നിലയിലെ ബാല്‍ക്കണിയില്‍ നില്‍ക്കുകയാണ് അയാള്‍. പുണ്യം ചെയ്തവര്‍ക്കു മാത്രമേ സാധ്യമാവുകയുള്ളുവെന്നു റിയല്‍ എസ്റ്റേറ്റ് സുഹൃത്ത് ഉപദേശിച്ചതുകൊണ്ടാണ് അയാള്‍ അംബരചുംബിയായ ഈ ഫ്‌ളാറ്റില്‍ താമസമാക്കിയത്. കഴിഞ്ഞ പത്തു വര്‍ഷക്കാലമായി രാഷ്ട്രീയ ജീവിതം തുടരുന്ന തിരക്ക് പിടിച്ച രാഷ്ട്രീയക്കാരനാണ് അയാള്‍. ഈ കാലത്തിനിടയില്‍ ഒരു പൊതുപ്രവര്‍ത്തകന്റെ പ്രാദേശിക പ്രവര്‍ത്തനശൈലിയുടെ ചട്ടക്കൂടിലൊതുങ്ങാതെ ആഗോള കാര്യങ്ങളെക്കുറിച്ചു ചിന്തിയ്ക്കുകയും അതിന്റെ അടിസ്ഥാനത്തില്‍ പാര്‍ട്ടിയുടെ പ്രവര്‍ത്തനശൈലിക്കു പുതിയ മാനങ്ങള്‍ സൃഷ്ടിക്കുകയും ചെയ്തതില്‍ അയാള്‍ സംതൃപ്തനായിരുന്നു. പാര്‍ട്ടി അയാളിലും. അതുകൊണ്ടു തന്നെ പ്രാദേശിക പ്രശ്നങ്ങളില്‍ ഇടപെടാതിരിക്കുകയെന്നത് അയാളുടെ ശൈലിയും, സ്വന്തം വ്യക്തിത്വത്തെ കാത്തുസൂക്ഷിക്കുന്നതിനായുള്ള തന്ത്രവുമായിട്ടാണ് അയാള്‍ കണ്ടിരുന്നത്. അയാള്‍ക്കറിയാം ഇന്നത്തെ രാഷ്ട്രീയ അന്തരീക്ഷത്തില്‍ എന്തെങ്കിലും പറയുന്നവര്‍ക്കും, പ്രവര്‍ത്തിക്കുന്നവര്‍ക്കും മാത്രമേ പേരുദോഷമുള്ളൂ. ഒന്നും പറയാത്തവരും, പ്രവര്‍ത്തിക്കാത്തവരും ഇന്നു സമൂഹത്തിലും, രാഷ്ട്രീയത്തിലും സുരക്ഷിതരാണ്.

കഴിഞ്ഞ ദിവസം പട്ടണത്തിലെ മുന്തിയ ഹോട്ടലില്‍ സ്വദേശികളായ പുതിയതലമുറ ആഗോള നിക്ഷേപകര്‍ സംഘടിപ്പിച്ച ‘വികസനത്തിന്റെ പുതിയ മുഖം’ എന്ന ചര്‍ച്ചയെ കുറിച്ചാണ് അയാള്‍ അപ്പോള്‍ ചിന്തിച്ചു കൊണ്ടിരുന്നത്. അയാളുടെ മനസ്സു മുഴുവന്‍ രാജ്യത്തു നടപ്പിലാക്കേണ്ട പുതിയ തലമുറ വികസന പരിഷ്‌കാരങ്ങളെക്കുറിച്ചുള്ള ചിന്തകളായിരുന്നു. ഈ ലോകം എങ്ങനെയൊക്കെയാണ് മാറിക്കൊണ്ടിരിക്കുന്നത്? അമേരിക്കയിലും, യൂറോപ്പിലും, ചൈനയിലുമൊക്കെ നടക്കുന്ന വികസന കാര്യങ്ങളെക്കുറിച്ചു യുവതലമുറ നിക്ഷേപകര്‍ വര്‍ണ്ണിച്ചപ്പോള്‍ അയാള്‍ തീര്‍ത്തുമൊരു സ്വപ്നലോകത്തിലായിരുന്നു. അവരുടെ സാങ്കേതികവിദ്യകള്‍, ജീവിത സുഖസൗകര്യങ്ങള്‍, അതനുസരിച്ചു രൂപംകൊള്ളുന്ന അവര്‍ക്കിടയിലെ സംസ്‌കാരങ്ങള്‍ ഇതൊക്കെ അയാളെ വല്ലാതാകര്‍ഷിച്ചിരിക്കുന്നു.

എന്തെല്ലാം ആധുനിക സാങ്കേതിക വിദ്യകളാണ് കോളേജില്‍പ്പോലും കയറാത്ത സായിപ്പു പിള്ളേരുടെ കമ്പനികള്‍ അവിടെ കണ്ടുപിടിക്കുന്നത്! അവര്‍ കമ്പ്യൂട്ടര്‍ കണ്ടുപിടിച്ചു. ലോകം മുഴുവന്‍ അത് വിറ്റു കാശുണ്ടാക്കി. കമ്പ്യൂട്ടറില്‍ഉപയോഗിക്കുവാനുള്ള സോഫ്റ്റുവെയറുകള്‍ വിറ്റ് കോടീശ്വരന്മാരായി. അതില്‍ ലാഭം കുറഞ്ഞപ്പോള്‍ ഇന്റര്‍നെറ്റു കണ്ടുപിടിച്ചു. വൈബ്‌സൈറ്റുകളിലൂടെ ലോകം മുഴുവന്‍ കച്ചവടം നടത്തി. അങ്ങനെയിരിക്കുമ്പോഴാണ് ചുരുങ്ങിയ മുതല്‍മുടക്കില്‍ കൂടുതല്‍ പണം വളരെ പെട്ടെന്നുണ്ടാക്കുവാനായിട്ടുള്ള തന്ത്രവുമായി കുറേ പിള്ളേര്‍ വരുന്നത്. അവര്‍ വിവരാന്വേഷണം നടത്തുവാന്‍ സഹായിക്കുന്ന ഗൂഗിള്‍ എന്ന വെബ്‌സൈറ്റു കണ്ടുപിടിച്ചു. കഴിഞ്ഞ പന്ത്രണ്ടു വര്‍ഷത്തിനുള്ളില്‍ 47,756 തൊഴിലാളികളെ മാത്രം നിലനിര്‍ത്തിക്കൊണ്ടു 2,258,580 കോടി രൂപ വിപണിമൂല്യമുള്ള കമ്പനിയായി അവര്‍ക്കു വളരുവാന്‍ കഴിഞ്ഞു. കഴിഞ്ഞ നൂറു വര്‍ഷക്കാലമായി ആഗോളതലത്തില്‍ ലാഭകരമായി പ്രവര്‍ത്തിക്കുന്ന കമ്പനികള്‍ക്കു പോലും ഇത്രയും വിപണിമൂല്യം ഇല്ലെന്നറിഞ്ഞപ്പോള്‍ അയാള്‍ക്കതിശയം തോന്നി. പിന്നീട് ഫെയ്സ്ബുക്ക് വന്നു. അവര്‍ക്കു തൊഴിലാളികള്‍ ആകെ 6,337. എന്നാല്‍ വിപണി മൂല്യമോ 918,000 കോടി രൂപാ. പിന്നീട് യൂട്യൂബ്, റ്റ്വിറ്റര്‍… അങ്ങനെ എത്ര വിലകൂടിയ ആശയങ്ങള്‍!

സായ്പ്പുമാര്‍ കണ്ടുപിടിച്ചതില്‍ വെച്ചേറ്റവും അത്ഭുതകരമായ ഉല്പന്നമായിരുന്നത്രെ മൊബൈല്‍ ഫോണ്‍. അതു ദരിദ്രരാജ്യത്തെ ജനങ്ങള്‍ക്കെല്ലാം വാങ്ങുവാനും ഉപയോഗിക്കുവാനും കഴിഞ്ഞതുകൊണ്ട് അതിലും സായ്പ്പുപിള്ളേര്‍ തങ്ങളുടെ പഴയ ആശയങ്ങളായ ഗൂഗിള്‍, ഫെയ്‌സ്ബുക്ക്, റ്റ്വിറ്റര്‍, യൂട്യൂബ് തുടങ്ങിയവ പുതിയ കുപ്പിയിലാക്കി മൊബൈല്‍ ഫോണിലൂടെ ഉപയോഗിക്കുവാന്‍ ആള്‍ക്കാരെ പരിശീലിപ്പിച്ചു. ഇപ്പോള്‍ സംസാരിക്കുന്നതിനേക്കാള്‍ കൂടുതല്‍ ഫേയ്‌സ്ബുക്കു ഉപയോഗിക്കാനും, ട്വീറ്റ് ചെയ്യുവാനും, യൂട്യൂബില്‍ സിനിമ കാണുവാനുമൊക്കെയാണ് മൊബൈല്‍ ഫോണ്‍ നമ്മുടെ ആള്‍ക്കാര്‍ ഉപയോഗിക്കുന്നതത്രെ! മുപ്പതിനായിരം രൂപാവരെയുള്ള ഫോണുകള്‍ വാങ്ങി അതിലെ ക്യാമറയിലൂടെ വെറുതെ ചിത്രങ്ങളും സിനിമയുമെടുത്ത് സായിപ്പു പിള്ളേരുടെ വെബ്‌സൈറ്റിലിട്ട് അവര്‍ക്കു കാശുണ്ടാക്കി കൊടുക്കുകയാണ് നാട്ടിലെ നാടന്‍ പിള്ളേരുടെ വിനോദമെന്നു കേട്ടപ്പോള്‍ അയാള്‍ക്കു വല്ലാതെ ലജ്ജ തോന്നി.

സായിപ്പു പിള്ളേരുടെ സംരംഭങ്ങളായ ഗൂഗിള്‍, ഫേയ്‌സ്ബുക്ക്, ട്വിറ്റര്‍ തുടങ്ങിയ സോഷ്യല്‍ വെബ്‌സൈറ്റുകളുടെ മൊത്ത വിപണിമൂല്യം കൂട്ടി നോക്കുകയാണെങ്കില്‍ അത് ഏകദേശം ഇന്ത്യയുടെ മൊത്തം ആഭ്യന്തര ഉല്പാദനത്തിന്റെ മുപ്പതുശതമാനം വരുമെന്ന്! ഇതിനെല്ലാം കാരണക്കാര്‍ അവിടുത്തെ യൂണിവേഴ്‌സിറ്റികളാണെന്നാണ് പറയുന്നത്. അഥവാ യൂണിവേഴ്‌സിറ്റികളില്‍ പോയില്ലെങ്കില്‍ കൂടി പുതിയ ആശയങ്ങളുമായി സിലിക്കോണ്‍വാലി തെരുവുകളിലൂടെ നടക്കുന്നവരെ പിടിച്ചുകൊണ്ടു പോയി കോടീശ്വരന്മാരാക്കാന്‍ അവിടുത്തെ ഗവണ്മെന്റിന്റെ പൂര്‍ണപിന്തുണയോടെ പ്രവര്‍ത്തിക്കുന്ന ചില സ്വകാര്യ മൂലധനശക്തികളും മാധ്യമക്കാരുമുണ്ടെന്നാണ് കേള്‍ക്കുന്നത്! ഇവിടുത്തെ യൂണിവേഴ്‌സിറ്റികളെയും, വിദ്യാര്‍ത്ഥികളെയും, മാധ്യമങ്ങളെയും കുറിച്ചോര്‍ത്തപ്പോള്‍ അയാളുടെ മനസ്സില്‍ വല്ലാത്തൊരു തേങ്ങലുണ്ടായി. പണ്ടൊരു അന്യസംസ്ഥാന സുഹൃത്ത് പറഞ്ഞതയാള്‍ ഓര്‍ത്തു. ”നിങ്ങളുടെ നാട്ടില്‍ പഴികേള്‍ക്കാത്ത ഒരു ബിസിനസ്സ് തുടങ്ങണമെങ്കില്‍ അത് ടെലിവിഷന്‍ ചാനല്‍ തന്നെയായിരിക്കണം. അവരൊഴിച്ചു ബാക്കിയുള്ള ബിസിനസ്സുകാരൊക്കെ കള്ളന്മാരും തട്ടിപ്പുകാരുമാണ്!”

ചര്‍ച്ചയില്‍ പങ്കെടുത്ത ഒരുസായ്പ്പ് എന്നോടു സ്വകാര്യമായ് പറഞ്ഞു ”നിങ്ങളുടെ നാട്ടില്‍ നിങ്ങളെല്ലാം സര്‍ക്കാരില്‍നിന്നു പ്രതീക്ഷിക്കുന്നവരാണ്. അവര്‍ നിങ്ങള്‍ക്കു വിദ്യാഭ്യാസം നല്‍കണം. ജോലി നല്‍കണം, വീടു നല്‍കണം, ഭക്ഷണം നല്‍കണം, വാര്‍ദ്ധക്യകാല പെന്‍ഷന്‍ നല്‍കണം അങ്ങനെ എല്ലാമെല്ലാം സര്‍ക്കാരിന്റെ ചുമതലയാണെന്നാണ് നിങ്ങള്‍ കരുതുന്നത്. അതുകൊണ്ടു തന്നെ ഒരു രാഷ്ട്രീയക്കാരനായ നിങ്ങള്‍ക്കു വളരെയധികം ചുമതലയാണ് ജനങ്ങളോടുള്ളത്. പക്ഷേ ഞങ്ങളുടേതു വികസിതരാജ്യമായതുകൊണ്ട് ഭൂരിപക്ഷ യുവജനങ്ങളും സ്വന്തമായ് തൊഴില്‍ തുടങ്ങാന്‍ ആഗ്രഹിക്കുന്നവരാണ്. അതിനുവേണ്ടിയുള്ള എല്ലാ സഹായങ്ങളും സര്‍ക്കാര്‍ ചെയ്യും. മാത്രവുമല്ല ഒരു കൂട്ടായ പ്രവര്‍ത്തനത്തിലൂടെ പുതിയ സംരംഭകരുടെ ഉല്പന്നങ്ങളെയും, സേവനങ്ങളെയും ആഗോള വിപണിയില്‍ എത്തിക്കുകയും ചെയ്യും. ഞങ്ങള്‍ എന്തു തുടങ്ങിയാലും അത് ലോകവിപണിയെ മുന്നില്‍ കണ്ടുകൊണ്ടായിരിക്കും. വിവരസാങ്കേതിക വിദ്യയുടെ വളര്‍ച്ചയോടെ ഞങ്ങളുടെ ഇത്തരത്തിലുള്ള പ്രവര്‍ത്തനങ്ങള്‍ക്കു ശക്തി വളരെ കൂടുതലാണ്.”  ഇതുംകൂടി അയാള്‍ കൂട്ടിച്ചേര്‍ത്തു. ”പ്രിയപ്പെട്ട സുഹൃത്തെ നിങ്ങള്‍ക്കു അറിയാമോ ഞങ്ങളുടെ ഏതു പുതിയ ഉല്പന്നങ്ങള്‍ക്കും നിങ്ങളുടെ നാട്ടില്‍ വന്‍ സ്വീകരണമാണ് ലഭിക്കുന്നത്, പ്രത്യേകിച്ച് യുവ തലമുറയില്‍നിന്ന്. അതുകൊണ്ടുതന്നെ പുതിയ ഉല്പന്നങ്ങളുടെ ഗുണനിലവാരവും വിപണിയിലെ സ്വീകാര്യതയും മനസ്സിലാക്കുവാന്‍ നിങ്ങളുടെ വിപണിയെയാണ് ഞങ്ങള്‍ പരീക്ഷണ വിധേയമാക്കുന്നത്. നിങ്ങളുടെ യുവതലമുറയുടെ ബുദ്ധിയും, ആശയങ്ങളും ഞങ്ങളുടെ യുവസംരംഭകരെ വളരെയധികം സഹായിക്കുന്നു. പണ്ടു ഞങ്ങളുടെ കമ്പനികള്‍, പ്രത്യേകിച്ച് വിവരസാങ്കേതിക രംഗത്തു പ്രവര്‍ത്തിക്കുന്ന കമ്പനികള്‍ പുതിയ ഉല്പന്നങ്ങളുടെ ഗവേഷണത്തിനും, വികസനത്തിനും വേണ്ടി വളരെയധികം തുക ചെലവാക്കുമായിരുന്നു. എന്നാല്‍ നിങ്ങള്‍ക്കറിയാമോ ഞങ്ങളുടെ ബുദ്ധിമാന്മാരായ യുവസംരംഭകര്‍ അത്തരത്തിലുള്ള പാഴ്‌ചെലവുകള്‍ ഒഴിവാക്കാനായി ഒരു നൂതന ആശയം കണ്ടുപിടിച്ചു. അതാണ് നിങ്ങളിപ്പോള്‍ തകര്‍ത്താഘോഷിക്കുന്ന ‘ഓപ്പണ്‍സോഴ്‌സ്’ സാങ്കേതികവിദ്യ. എങ്ങനെ ലാഭം മറ്റുള്ളവരുടെ അദ്ധ്വാനത്തിലൂടെ വളരെപ്പെട്ടെന്നു സമ്പാദിക്കുവാന്‍ കഴിയും എന്ന തത്വത്തിന്റെ അടിസ്ഥാനത്തില്‍ വികസിപ്പിച്ചെടുത്ത ഒരു ആശയമാണിത്. മുന്‍കൂട്ടി തന്നെ വരുമാനമുണ്ടാക്കാനുള്ള മാര്‍ഗ്ഗങ്ങള്‍ ആസൂത്രണം ചെയ്തുകൊണ്ട് ചില സാങ്കേതിക ഉല്പന്നങ്ങളുടെ ആശയങ്ങള്‍ ഞങ്ങളുടെ പിള്ളേര്‍ രൂപംകൊടുക്കുന്നു. അതിനുശേഷം അതിന്റെ സാങ്കേതിക മാര്‍ഗ്ഗരേഖയും ഞങ്ങളുണ്ടാക്കുന്നു. പിന്നീടുള്ള ഉല്പന്നത്തിന്റെ വികസനം ലോകമെമ്പാടുമുള്ള ബുദ്ധിമാന്മാരായ യുവതീ-യുവാക്കളുടെ കൂട്ടായ പ്രവര്‍ത്തനത്തിന്റെ ഫലമായിട്ടാണു സംഭവിക്കുന്നത്. ഉല്പന്നം ഏകദേശം പൂര്‍ണ്ണരൂപത്തില്‍ എത്തുമ്പോള്‍ ഞങ്ങള്‍ അതുപയോഗിച്ചു മുന്‍കൂട്ടി തീരുമാനിച്ചതനുസരിച്ച് വരുമാനം ഉണ്ടാക്കി തുടങ്ങുന്നു. ഈ തത്വത്തിന്റെ അടിസ്ഥാനത്തില്‍ രൂപംകൊണ്ട ആയിരക്കണക്കിനുല്പന്നങ്ങള്‍ ഇന്നു വിപണിയിലുണ്ട്. ഈ കാര്യത്തില്‍ നിങ്ങളുടെ സംഭാവന അഭിനന്ദിച്ചേ മതിയാകൂ. ഇത്തരത്തിലുണ്ടായ ഒരു മഹത്തായ ഉല്പന്നമാണ് ‘ആന്‍ഡ്രോയിഡ്’ എന്നു വിളിപ്പേരുള്ള മൊബൈല്‍ ഫോണ്‍ പ്രവര്‍ത്തിക്കുന്നതിനുള്ള സോഫ്റ്റ്‌വെയര്‍. ഇതുകൊണ്ടു നിങ്ങള്‍ക്കും അല്ലറചില്ലറ ഉപയോഗങ്ങളുണ്ടാകാം. പക്ഷേ അതു ഞങ്ങളുടെ പ്രത്യക്ഷ ലക്ഷ്യത്തില്‍ ഉള്‍പ്പെടുന്ന കാര്യങ്ങളല്ല. ഇതിനെ ഞങ്ങള്‍ ‘റസിഡ്യൂല്‍ ബെനിഫിറ്റ്‌സ്’ അല്ലെങ്കില്‍ സ്പില്‍ ഓവര്‍ ഇഫെക്ട്’ എന്നൊക്കെയാണു വിശേഷിപ്പിക്കുന്നത്. ഓര്‍ക്കുക സുഹൃത്തെ ഈ പറഞ്ഞ തത്വങ്ങളുടെയൊക്കെയടിസ്ഥാനത്തിലാണു സോഷ്യല്‍ മീഡിയയും പ്രവര്‍ത്തിക്കുന്നത്.”.

ബെസ്റ്റ് ഓഫ് അഴിമുഖം

മലയാളം വിക്കിപീഡിയ ആരുടെ സ്വകാര്യസ്വത്താണ്?
പാസ്‌വേര്‍ഡ്കള്‍ മാറ്റാന്‍ റെഡിയായിക്കോളൂ…
ഫേസ്ബുക്ക് ഭൂതകാലം നിങ്ങളെ വേട്ടയാടുന്നോ? പോംവഴി ഇതാ
25 മണ്ടന്‍ പാസ്‌വേര്‍ഡുകള്‍
പ്രവാസിക്കെന്തിനാണ് ഫേസ് ബുക്ക്?

ഇതൊന്നും നിങ്ങളുടേതു പോലെതന്നെ വലിയ വിപണിയായ ചൈനയില്‍ നടക്കില്ല. അവര്‍ കള്ളന്മാരും വിശ്വസിക്കാന്‍ കൊള്ളാത്തവരുമാണ്. അവിടെ എന്തു ഉല്പന്നം വേണമെങ്കിലും നിര്‍മ്മിക്കാം വില്‍ക്കാം. അതിനുള്ള പൂര്‍ണ്ണ സ്വാതന്ത്ര്യം അവര്‍ ഞങ്ങള്‍ക്കു തരാറുമുണ്ട്. എന്നാല്‍ അതു കുറച്ചു കാലത്തേയ്ക്കു മാത്രമാണെന്നുമാത്രം. അവര്‍ കാര്യങ്ങള്‍ മനസ്സിലാക്കുന്നതുവരെയും, അടിസ്ഥാന സാങ്കേതികവിദ്യ പടിച്ചെടുക്കുന്നതുവരെയും മാത്രം. അതു കഴിഞ്ഞാല്‍ അവര്‍ ഞങ്ങളെ പുറത്തു ചാടിയ്ക്കും. നിങ്ങള്‍ക്കറിയാമോ ഞങ്ങളുടെ സേര്‍ച്ച് എന്‍ജിനും, സോഷ്യല്‍ മീഡിയാ വെബ്‌സൈറ്റുകളുമായിരുന്നു ആദ്യ കാലങ്ങളില്‍ അവിടെ പ്രചാരത്തില്‍ ഉണ്ടായിരുന്നത്. അവയുടെ സാങ്കേതിക കാര്യങ്ങളും വ്യാപാര രഹസ്യങ്ങളും മനസ്സിലാക്കി കഴിഞ്ഞപ്പോള്‍ അവര്‍ ഞങ്ങളുടെ ഉല്പന്നങ്ങളെ നിയമത്തിന്റെ കുരുക്കില്‌പ്പെടുത്തി രാജ്യത്തിനു പുറത്താക്കാന്‍ ശ്രമിക്കുകയും അവരുടേതായ സംവിധാനങ്ങള്‍ കൊണ്ടുവരികയും ചെയ്തു. അങ്ങനെ ചൈനയില്‍ രൂപംകൊണ്ടതാണ് ‘ബയ്ഡു’ എന്ന സെര്‍ച്ച് എന്‍ജിന്‍. ഇതിന്റെ വിപണിമൂല്യം ഇപ്പോള്‍ ഏതാണ്ട് 316,680 കോടി രൂപാ വരും. ഞങ്ങളുടെ എല്ലാ ഇന്റര്‍നെറ്റു ഉല്പനങ്ങള്‍ക്കും പകരമായി അവരുടേതായ സംവിധാനങ്ങള്‍ നിലവിലുണ്ട്. അവയുടെ സാങ്കേതിക വിദ്യകളെല്ലാം ഞങ്ങളില്‍നിന്നു പഠിച്ചതാണ്. മാത്രവുമല്ല അവയിലൊക്കെ അവരുടേതായ ചില പര്ഷ്‌കാരങ്ങള്‍ വരുത്തി ഞങ്ങള്‍ക്കു തന്നെ കുറഞ്ഞ വിലയില്‍ അവ വിറ്റഴിയ്ക്കുകയും ചെയ്യുന്നു. തന്ത്രശാലികളാണവര്‍! നിങ്ങളുടെ യുവ തലമുറ എത്ര നല്ലവരാണ്. അവര്‍ ഞങ്ങളുടെ കമ്പനിയില്‍ കഠിനാദ്ധ്വാനം ചെയ്യുകയും ചെറിയ ശമ്പളത്തില്‍ ഞങ്ങള്‍ക്കു കൂടുതല്‍ സമ്പത്ത് നേടിത്തരുകയും ചെയ്യുന്നു. കൂടാതെ നിങ്ങളുടെ ലോകോത്തര വിപണിയില്‍ നിങ്ങളുടെ സഹായത്തോടെ വികസിപ്പിച്ചെടുക്കുന്ന ഉല്പന്നങ്ങള്‍ വലിയ വിലയ്ക്കു ഞങ്ങള്‍ക്കു വില്‍ക്കുവാനും സാധിക്കുന്നു. സത്യസന്ധമായ ബുദ്ധിയുള്ള തൊഴിലാളികളെ ഞങ്ങള്‍ക്കു തരുവാന്‍ നിങ്ങളുടെ യൂണിവേഴ്‌സിറ്റികളും സര്‍ക്കാരും ആധുനിക നയരൂപീകരണങ്ങള്‍ നടത്തുന്നത് തീര്‍ത്തു അഭിനന്ദനാര്‍ഹമാണ്. നിങ്ങള്‍ നിങ്ങളുടെ യുവതലമുറയെ പൂര്‍ണ്ണമായും വിശ്വസിക്കുന്നു. ഞങ്ങള്‍ക്കറിയാം നിങ്ങളുടെ യുവതലമുറ ഇതില്‍ നന്നായി സന്തോഷം കണ്ടെത്തുന്നുവെന്ന്.”

അയാള്‍ക്കു വല്ലാത്ത നിരാശ തോന്നിയ നിമിഷങ്ങളായിരുന്നു സായ്പിന്റെ സംസാരത്തിലൂടെ ലഭിച്ചത്. സായ്പ്പ് തന്റെ രാജ്യത്തെയും താനുള്‍പ്പെടുന്ന യുവതലമുറയെയും വല്ലാതെ പരിഹസിച്ചിരിക്കുന്നതായി അയാള്‍ക്കു തോന്നി. 

നമ്മുടെ രാജ്യം മുഴുവന്‍ ഇന്നു വിവരസാങ്കേതികവിദ്യയുടെ പിന്നാലെയാണ്. ഈ രാജ്യത്തെ സര്‍വ്വ സാമൂഹിക സാമ്പത്തിക പ്രശ്‌നങ്ങള്‍ക്കും ശാശ്വതപരിഹാരം വിവര സാങ്കേതിക വിദ്യയുടെ അടിസ്ഥാനത്തില്‍ വികസിപ്പിച്ചെടുക്കാമെന്നാണ് നാം കരുതുന്നത്. അല്ലെങ്കില്‍ അങ്ങനെയാണു സായ്പ്പ് നമ്മളെ പഠിപ്പിച്ചുകൊണ്ടിരിക്കുന്നത്. പക്ഷേ ഇന്നും നമ്മുടെ നാട്ടില്‍ ഭൂരിപക്ഷം ജനങ്ങളും കൃഷിയുമായി ബന്ധപ്പെട്ട തൊഴിലിലൂടെയാണ് ജീവിച്ചുപോകുന്നത്. അങ്ങനെയുള്ളവരെ കഠിനാദ്ധ്വാനത്തിന്റെ ഫലമായിട്ടാണ് ഈ നാട്ടില്‍ സര്‍വ്വമാന ജനങ്ങളും കഞ്ഞികുടിച്ചു കിടക്കുന്നത്. എന്നിട്ടും നമ്മുടെ പുതിയ വ്യാവസായിക സാമ്പത്തിക വൈദേശിക നയങ്ങള്‍ എങ്ങനെ കൃഷിക്കാരെ കൂടുതല്‍ കഷ്ടപ്പാടിലേക്കു തള്ളിവിടാമെന്നും, അവരെ സ്വന്തം കൃഷിഭൂമിയില്‍നിന്നു ആട്ടിപ്പായിച്ചു സായിപ്പിനു സാങ്കേതിക കൂലിപ്പണി ചെയ്തുകൊടുക്കുന്ന ഒരു വ്യാവസായിക രാഷ്ട്രമായി മാറ്റാമെന്നുമാണ്. ഇത്തരത്തില്‍ രാജ്യത്തു സാമ്പത്തിക വിപ്ലവങ്ങള്‍ക്കു രൂപംകൊടുക്കുന്ന ഒരു രാഷ്ട്രീയ നേതൃത്വം വേണമെന്നാണ് ഇന്നത്തെ യുവതലമുറ ആഗ്രഹിയ്ക്കുന്നതെന്നു ചിലര്‍ ചര്‍ച്ചയില്‍ സൂചിപ്പിച്ചപ്പോള്‍ അയാള്‍ക്ക് ഭയം തോന്നി. താനും ഇങ്ങനെയൊക്കെ ചിന്തിച്ചില്ലെങ്കില്‍ തന്റെ രാഷ്ട്രീയ ഭാവിയെന്താകുമെന്നാലോചിച്ചപ്പോള്‍ അയാള്‍ക്കു രാഷ്ട്രീയത്തോടു തന്നെ വിരക്തി തോന്നി.

പണ്ടു കോളേജ് രാഷ്ട്രീയപ്രവര്‍ത്തനത്തിന്റെ മൂര്‍ദ്ധന്യത്തില്‍ മനസ്സിലാക്കാന്‍ ശ്രമിച്ച ചില സാമൂഹിക സിദ്ധാന്തങ്ങളെക്കുറിച്ചു അയാള്‍ ഓര്‍ത്തുപോയി. അതില്‍ പ്രധാനമായി അയാളെ സ്വാധീനിച്ച രണ്ടു സിദ്ധാന്തങ്ങളുടെ ഉപജ്ഞാതാക്കളാണ് ജോസഫ് ഷുംപീറ്ററും, ഇമ്മാനുവല്‍ വാലന്‍സ്റ്റീനും. ഷുംപീറ്ററിന്റെ സിദ്ധാന്തപ്രകാരം മുതലാളിത്ത രാജ്യങ്ങള്‍ എപ്പോഴും സ്വയം ‘ക്രിയാത്മക നശീകരണത്തില്‍’ ഏര്‍പ്പെടുന്നവരാണ്. അത് അവരുടെ നിലനില്പിനും മറ്റു രാജ്യങ്ങളുടെമേല്‍ ആധിപത്യം സ്ഥാപിക്കുന്നതിനുമുള്ള ഒരു മാര്‍ഗ്ഗമാണ്. അതായത് മൂലധനത്തിന്റെ നിരന്തര വര്‍ദ്ധനവിനായി അവരുടെ പഴയ സാങ്കേതിക കണ്ടുപിടുത്തങ്ങളെയും, ആശയങ്ങളെയും പുതിയ കണ്ടുപിടുത്തങ്ങളും ആശയങ്ങളും കൊണ്ടു നശിപ്പിക്കുന്നു. ഈ പ്രവര്‍ത്തനത്തില്‍ നിരന്തരമായി ഏര്‍പ്പെടുന്നതുകൊണ്ട് മറ്റു ദരിദ്രരാജ്യങ്ങള്‍ അവരുടെ സാങ്കേതികവിദ്യയ്ക്കു അടിമയായി ജീവിക്കേണ്ടിവരുന്നു. ഇതിനെയാണു സായിപ്പന്മാര്‍ ‘ഇന്നോവേഷന്‍’ എന്നു വിളിക്കുന്നത്. ഉദാഹരണമായി കമ്പ്യൂട്ടറിന്റെ കാര്യം തന്നെയെടുക്കാം. ആദ്യമവര്‍ വലിയ വിലയുള്ള കമ്പ്യൂട്ടറുകള്‍ കണ്ടുപിടിച്ചു. അത് പണക്കാര്‍ക്കും വന്‍ വ്യവസായങ്ങള്‍ക്കും വിറ്റു വളരെയധികം ലാഭമുണ്ടാക്കി. ദരിദ്ര്യരാജ്യങ്ങളിലെ സാങ്കേതിക വിദഗ്ദ്ധര്‍ അത് പ്രവര്‍ത്തിയ്ക്കുവാനും നിര്‍മ്മിയ്ക്കുവാനും ഒരുവിധം പഠിച്ചു വന്നപ്പോള്‍, കൂടുതല്‍ മേന്മയും, താരതമ്യേന സാങ്കേതികത്വം കുറഞ്ഞതും എല്ലാവര്‍ക്കും ഉപയോഗിക്കാന്‍ പറ്റിയതും വിലകുറഞ്ഞതുമായ പേര്‍സണല്‍ കമ്പ്യൂട്ടറുകളുടെ കാലമായി. അത്തരത്തിലുള്ള കമ്പ്യൂട്ടറുകളുടെ അടിസ്ഥാനത്തില്‍ ലോകമെമ്പാടും അനേകം സോഫ്റ്റുവെയറുകളും അവര്‍ വിറ്റഴിച്ചു. പേര്‍സണല്‍ കമ്പ്യൂട്ടറുകളില്‍ ദരിദ്രരാജ്യത്തെ ജനങ്ങള്‍ക്കു വിവരംവെച്ചു വന്നപ്പോള്‍ അവര്‍ മൊബൈല്‍ ഫോണുകള്‍ കണ്ടുപിടിയ്ക്കുകയും കമ്പ്യൂട്ടറിനു പകരമായി അവ എങ്ങനെ ഉപയോഗിക്കാമെന്നു കാണിച്ചു തരുകയും ചെയ്തു. അതു കഴിഞ്ഞപ്പോള്‍ പി.ഡി.എ എന്നറിയപ്പെടുന്ന ചെറു കമ്പ്യൂട്ടറുകളുടെ കാലമായി. അങ്ങനെ തുടര്‍ന്നുകൊണ്ടേ പോകുന്നു അവരുടെ ‘ക്രിയാത്മക നശീകരണങ്ങള്‍!’ ഇത്തരത്തിലുള്ള വികസനങ്ങളെല്ലാം മുതലാളിത്ത രാജ്യങ്ങളില്‍ മാത്രമേ നടക്കുന്നുള്ളൂവെന്നോര്‍ക്കുക. അങ്ങനെ വരുമ്പോള്‍ മുതലാളിത്ത രാജ്യങ്ങളും മറ്റു അവികസിത രാജ്യങ്ങളിലും തമ്മിലുള്ള സാങ്കേതിക ജ്ഞാനത്തിലുള്ള വ്യത്യാസം ലോകാവസാനം വരെ നിലനില്ക്കുകയും,  വികസിത രാജ്യങ്ങളുടെ സാങ്കേതിക ഉല്പന്നങ്ങള്‍ വിറ്റഴിയ്ക്കുന്നതിനുള്ള വിപണിയായ് അവികസിത രാജ്യങ്ങള്‍ പരിണമിയ്ക്കുകയും ചെയ്യും. ഇമ്മാനുവല്‍ വാലര്‍സ്റ്റീന്റെ സിദ്ധാന്തമനുസരിച്ച് വികസിത രാജ്യങ്ങള്‍ അതായത് മുതലാളിത്ത രാജ്യങ്ങള്‍ ആഗോള സമ്പദ്‌വ്യവസ്ഥയുടെ കേന്ദ്രമായി പ്രവര്‍ത്തിയ്ക്കുകയും, അവികസിത രാജ്യങ്ങള്‍ അവര്‍ക്കുവേണ്ട സേവനങ്ങള്‍ ചെയ്തുകൊടുക്കുന്ന തൊഴിലാളി സമൂഹത്തെ സൃഷ്ടിക്കുകയും ചെയ്യുമെന്നാണ് അനുശാസിക്കുന്നത്. യഥാര്‍ത്ഥത്തില്‍ ഇതാണോ നമ്മുടെ രാജ്യത്ത് ഇപ്പോള്‍ സംഭവിച്ചുകൊണ്ടിരിക്കുന്നത്?

വിവരസാങ്കേതിക വിദ്യയുടെ ഈ കാലഘട്ടത്തില്‍ നമ്മുടെ രാജ്യത്തും ഒരുപാടു മാറ്റങ്ങളുണ്ടാകുന്നുവെന്ന കാര്യം അയാള്‍ ഓര്‍ത്തു. എത്ര ചെറുപ്പക്കാര്‍ക്കാണ് തൊഴില്‍ കിട്ടിയത്. മുതലാളിത്ത രാജ്യങ്ങളുടെ സാങ്കേതികവിദ്യ അടിസ്ഥാനപ്പെടുത്തി പ്രവര്‍ത്തിയ്ക്കുന്ന എത്ര കമ്പനികളാണ് ഈ കാലഘട്ടത്തില്‍ നമ്മള്‍ക്കുണ്ടായത്. പക്ഷേ ഒരുകാര്യം വിസ്മരിച്ചുകൂടാ ഈ പറയുന്ന കമ്പനികളൊക്കെ കഴിഞ്ഞ രണ്ടു പതിറ്റാണ്ടായി താരതമ്യേന സാങ്കേതികത്വം കുറഞ്ഞ പണികളില്‍ ഏര്‍പ്പെടുന്നവരാണ്. അത്തരത്തിലുള്ള പണികള്‍ ചെയ്തു വളര്‍ന്ന ലോകോത്തര കമ്പനികളെന്നു അവകാശപ്പെടുന്ന ഒരുപാടു സ്ഥാപനങ്ങള്‍ നമ്മുടെ നാട്ടിലിന്നുണ്ട്. പക്ഷേ സത്യത്തില്‍ അവര്‍ അന്നും ഇന്നും തൊഴിലാളികളില്‍ കേന്ദ്രീകൃതമായ സാങ്കേതിക കൂലിപ്പണികളാണു ചെയ്യുന്നത്. അതുകൊണ്ടാണ് നമ്മള്‍ക്കൊരു വിന്‍ഡോസ് കണ്ടുപിടിയ്ക്കാന്‍ കഴിയാത്തത്. ഒരു ഗൂഗിള്‍ കണ്ടുപിടിയ്ക്കാന്‍ കഴിയാത്തത്. ഒരു ഫെയ്‌സ്ബുക്ക് കണ്ടുപിടിയ്ക്കാന്‍ കഴിയാഞ്ഞത്. ഒരു റ്റ്വിറ്റര്‍ കണ്ടുപിടിയ്ക്കാന്‍ കഴിയാഞ്ഞത്. ഒരു ആന്‍ഡ്രോയ്ഡ് കണ്ടുപിടിയ്ക്കാന്‍ കഴിയാഞ്ഞത്. ഒരു ഐഫോണോ, ഒരു ഐപാഡോ കണ്ടുപിടിയ്ക്കാന്‍ കഴിയാത്തത്.

*Views are personal

(നിരന്തര മാറ്റങ്ങളിലൂടെ കടന്നു പോകുന്ന അധുനിക വിവര സാങ്കേതികവിദ്യകളുടെ വളര്‍ച്ചയും, ഇന്ത്യയെ പോലുള്ള അവികസിത രാജ്യങ്ങളിലെ യുവതലമുറയുടെ അവയുടെ ഉപയോഗത്തെയും സസൂഷ്മം നിരീക്ഷിക്കുന്നയാളാണ് കെ. നാഗരാജ്‌. വ്യക്തിപരമായ വിശദാംശങ്ങള്‍ വെളിപ്പെടുത്താന്‍ ആഗ്രഹിക്കുന്നില്ല.)

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍