UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ജീവിതം തകര്‍ത്ത സോഷ്യല്‍ മീഡിയക്കെതിരെ മലയാളി പോലീസുകാരന്‍

അഴിമുഖം പ്രതിനിധി

സോഷ്യല്‍ മീഡിയ ചിലര്‍ക്കു ജീവിതം നല്‍കാറുണ്ട് ചിലരുടേത് തകിടം മറിക്കുകയും. അതിന്റെ ഏറ്റവും ഒടുവിലത്തെ ഇരയാണ് മലയാളിയായ പി കെ സലിം എന്ന പോലീസ് ഉദ്യോഗസ്ഥന്‍. പേര്കൊണ്ട് ഓര്‍മ്മിക്കാന്‍ സാധ്യതയില്ല. എന്നാല്‍ ഡല്‍ഹി മെട്രോയില്‍ മദ്യപിച്ചു ബോധം പോയ പോലീസുകാരന്‍ എന്നു പറയുകയാണെങ്കില്‍ പ്രയാസമുണ്ടാവില്ല. യാത്രക്കാരില്‍ ആരോ പകര്‍ത്തിയ വീഡിയോ സോഷ്യല്‍ മീഡിയയില്‍ എത്തിയതിനെ തുടര്‍ന്ന്  അദ്ദേഹത്തിനു നഷ്ടമായത് കുടുംബവും ജോലിയുമാണ്. അതും ആരുടെയോ ഒരു നിമിഷത്തെ ആവേശം കാരണം. ലൈക്കും ഷെയറും വാങ്ങിക്കൂട്ടാനുള്ള ഓട്ടത്തിനിടയില്‍ താഴെ വീണ വ്യക്തിക്ക് എന്താണ് സംഭവിച്ചത് എന്ന് പരിശോധിക്കാനുള്ള ശ്രമം പോലും വീഡിയോ എടുത്തയാള്‍ നടത്തിയില്ല.

സര്‍വ്വീസില്‍ നല്ലൊരു ട്രാക്ക് റെക്കോര്‍ഡ് ഉള്ളൊരു വ്യക്തിയായിരുന്നു പി കെ സലിം. ഡല്‍ഹി മുഖ്യമന്ത്രിയായിരിക്കെ ഷീലാ ദീക്ഷിതിന്റെയും കേന്ദ്ര ആഭ്യന്തരമന്ത്രിയായിരിക്കെ പി. ചിദംബരത്തിന്‍റെയും സുരക്ഷാച്ചുമതല വഹിച്ച ഉദ്യോഗസ്ഥന്‍. മസ്‌തിഷ്‌കാഘാതം വന്ന്‌ സലിമിന്റെ ഇടതു വശം തളര്‍ന്നിരുന്നു. 2015 ഓഗസ്‌റ്റ്‌ 19 ന്‌ അദ്ദേഹം ട്രെയിനില്‍ കയറുമ്പോള്‍ അസുഖം താങ്ങാവുന്നതിനും അപ്പുറമായിരുന്നു. ആരോഗ്യസ്ഥിതി വഷളായതിനാല്‍ നടക്കാനും സംസാരിക്കാനും പ്രയാസമുള്ള സലിം ട്രെയിന്‍ ഓടിത്തുടങ്ങിയതോടെ വീഴുകയായിരുന്നു. സംസാരിക്കുന്നതിലുള്ള അവ്യക്തത കൂടിയായതോടെ ഇത് മദ്യപിച്ചതിനാലാണ് എന്ന് യാത്രക്കാര്‍ വിധിയെഴുതി. മദ്യപിച്ച് അഴിഞ്ഞാടിയ പോലീസുകാരന്‍ എന്ന രീതിയില്‍ വീഡിയോ പകര്‍ത്തി സോഷ്യല്‍ മീഡിയ വഴി പ്രചരിച്ചതോടെ അദ്ദേഹത്തിനു ജോലി നഷ്‌ടമാവുകയും ചെയ്തു. അതോടെ കുടുംബത്തിലും പ്രശ്നങ്ങള്‍ ആരംഭിച്ചു. സമ്മര്‍ദം താങ്ങാനാവാതെ ഭാര്യയ്ക്ക് മസ്‌തിഷ്‌കാഘാതവുമുണ്ടായി.

എന്നാല്‍ ഡല്‍ഹി പോലീസ്‌ നടത്തിയ അന്വേഷണത്തില്‍ സലീം മദ്യപിച്ചിരുന്നില്ലെന്നു കണ്ടെത്തി. തുടര്‍ന്ന് പോലീസ്‌ അദ്ദേഹത്തോടു മാപ്പു പറയുകയും സസ്‌പെന്‍ഷന്‍ കാലാവധി ഡ്യൂട്ടിയായി പരിഗണിച്ച്‌ ആനൂകൂല്യങ്ങള്‍ നല്‍കുകയും സര്‍വ്വീസില്‍ തിരിച്ചെടുക്കുകയും ചെയ്‌തു. അസുഖം വര്‍ദ്ധിച്ചതിനാല്‍ അതിന്റെ ചികിത്സയ്ക്കായി സലീം ഇപ്പോള്‍ കേരളത്തിലുണ്ട്.

തന്റെ ജീവിതം തകര്‍ത്ത സോഷ്യല്‍ മീഡിയയ്ക്കെതിരെ സുപ്രീം കോടതിയെ സമീപിച്ചിരിക്കുകയാണ് സലിം. സോഷ്യല്‍ മീഡിയയിലും വീഡിയോ ഷെയറിംഗ് സൈറ്റുകളിലും പ്രചരിക്കുന്ന വീഡിയോ നീക്കം ചെയ്യണം, ഇത്തരം വീഡിയോകള്‍ പ്രചരിക്കുന്നത് തടയാനുള്ള മാര്‍ഗ്ഗം വേണം, കൂടാതെ തന്റെ പേരിലുള്ള വീഡിയോ വാര്‍ത്തയാക്കിയ മാധ്യമങ്ങള്‍ ഇതേക്കുറിച്ച് വിശദീകരണം നല്‍കണം, തനിക്കും കുടുംബത്തിനുമുണ്ടായ മാനഹാനി ഇല്ലാതാക്കാന്‍ നടപടി സ്വീകരിക്കണം തുടങ്ങിയവയാണ് സലീമിന്റെ ആവശ്യങ്ങള്‍.  ഈ കാര്യങ്ങള്‍ ഉന്നയിച്ച് ഡല്‍ഹി മെട്രോ റെയില്‍ കോര്‍പ്പറേഷനും പ്രസ്സ് കൌണ്‍സില്‍ ഓഫ് ഇന്ത്യയ്ക്കും അദ്ദേഹം പരാതി നല്കിയിട്ടുണ്ട്. .

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍