UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ആരും എപ്പോള്‍ വേണമെങ്കിലും ഇരകളാക്കപ്പെടാവുന്ന കാലത്തെ സോഷ്യല്‍ മീഡിയ

Avatar

ഇന്ദു

സമൂഹം വിചാരിച്ചാല്‍ ഭ്രാന്തില്ലാത്തൊരാളെ മുഴുഭ്രാന്തനാക്കാമെന്ന് പറയും. സോഷ്യല്‍ മീഡിയയുടെ പല നല്ലവശങ്ങളെക്കുറിച്ച് പറയുമ്പോഴും ഇതേ രോഗം വെര്‍ച്വല്‍ സ്‌പേസിനും ബാധിച്ചിട്ടുണ്ടെന്നു കൂടി പറയേണ്ടി വരും. ഫെയ്ബുക്കും വാട്‌സ് ആപ് ഗ്രൂപ്പുമൊക്കെ പൊതു സമൂഹത്തിന്റെ പരിച്ഛേദമായി മാറിക്കഴിഞ്ഞ സാഹചര്യത്തില്‍ സോഷ്യല്‍ മീഡിയയുടെ ചില ശീലങ്ങള്‍ വലിയ കുഴപ്പങ്ങളാണ് ഉണ്ടാക്കുന്നത്.

ഇന്നലെ രാവിലെയോടെ പെരുമ്പാവൂര്‍ ജിഷ വധക്കേസില്‍ പ്രതിയെ പൊലീസ് പിടികൂടിയെന്ന വാര്‍ത്ത പുറത്തു വന്നു. ഏതാണ്ട് ഉച്ചയോടുകൂടി വാട്‌സ് ആപ്പ് ഗ്രൂപ്പുകളിലും ഫെയ്‌സ്ബുക്കിലും ഒരു ചെറുപ്പക്കാരന്റെ ചിത്രം പ്രചരിക്കാന്‍ തുടങ്ങി. ജിഷയുടെ ഘാതകന്റെതെന്ന രൂപത്തില്‍. അധിക സമയം എടുത്തില്ല ‘പ്രതിയുടെ ചിത്രം’ വൈറലായി മാറാന്‍. ശാപവാക്കുകള്‍, ശകാരങ്ങള്‍, കൊലവിളി; കണ്ടവരെല്ലാം ആ ഫോട്ടോയ്ക്കു താഴെ തങ്ങളുടെ വികാരങ്ങള്‍ പ്രകടിപ്പിച്ചു. ചിലര്‍ പരിഹാസവുമായി വന്നു. പൊലീസ് തയ്യാറാക്കിയ രേഖാചിത്രവുമായി യാതൊരു ബന്ധവും പ്രതിക്കില്ലെന്നായിരുന്നു പരിഹാസത്തിന് കാരണം. എന്തായാലും സംഗതി നന്നായി കത്തി.

എന്നാല്‍ വൈകിട്ടോടെ കഥയ്ക്ക് ചില വഴിത്തിരിവുകള്‍. പ്രതിയുടേതെന്ന തരത്തില്‍ പ്രചരിക്കുന്ന ചിത്രം ആലപ്പുഴ പാതിരപ്പള്ളി സ്വദേശി ജാക്‌സണ്‍ എന്ന യുവാവിന്റെതാണെന്ന് വ്യക്തമാക്കി ചിലര്‍ സോഷ്യല്‍ മീഡിയയില്‍ കൂടി തന്നെ രംഗത്തു വന്നു. ഇയാള്‍ കടുത്ത മാനസിക സംഘര്‍ഷത്തിലാണെന്നും ആത്മഹത്യപ്രവണത കാണിച്ചുവെന്നുമൊക്കെ പിറകെ വാര്‍ത്തകള്‍ വന്നു. അത്രയും നേരം പ്രതിയെ ആഘോഷിച്ചവരെല്ലാം മനുഷ്യാവകാശപ്രവര്‍ത്തകരായി. ഒരു പാവം യുവാവിന്റെ ജീവിതം തകര്‍ത്തു എന്നവര്‍ ഗദ്ഗദപ്പെട്ടു. പിന്നെ ഈ ചതിയെക്കുറിച്ചായി ചര്‍ച്ച. നേരം ഇരുട്ടി വെളുക്കും മുന്നെ തന്നെയാണ് ഈ രണ്ടു സ്വഭാവങ്ങളും സോഷ്യല്‍ മീഡിയ കാണിച്ചതെന്ന് ഓര്‍ക്കണം.

ഇതില്‍ ഏതാണ് സത്യമെന്ന് അറിയില്ല. അറിഞ്ഞിടത്തോളം വിവരങ്ങള്‍വച്ച് പ്രചരിക്കപ്പെടുന്ന ചിത്രം പാതിരാപ്പള്ളി സ്വദേശി ജാക്‌സന്റെതാണ്. ഇയാളുടെ അയല്‍വാസികളായ ചിലര്‍ തന്നെ ഇക്കാര്യം സാക്ഷ്യപ്പെടുത്തുന്നു. അവര്‍ പറയുന്ന വിവരങ്ങള്‍ ഇതാണ്. ഈ ചെറുപ്പക്കാരനെയും ഒപ്പം മറ്റു ചിലരെയും കഴിഞ്ഞ ദിവസം പൊലീസ് കസ്റ്റഡയില്‍ എടുത്തിരുന്നു. സ്റ്റേഷനില്‍വച്ച് ആരോ എടുത്ത ഇയാളുടെ പടമാണ് ഇപ്പോള്‍ പ്രചരിക്കുന്നത്. 

യഥാര്‍ത്ഥ പ്രതിയുടേതാണ് (അമി ഉള്‍ ഇസ്ലാം) ചിത്രമെങ്കില്‍ അതെങ്ങനെ കിട്ടി എന്നൊരു ചോദ്യമുണ്ട്. പൊലീസിലെ ഏതാനും പേരൊഴിച്ച് മറ്റാരും തന്നെ പ്രതിയെ കണ്ടിട്ടില്ല. ഇന്നലെ ആലുവ പൊലീസ് ക്ലബില്‍ പ്രതിയെ എത്തിക്കുന്നത് മുഖംമറച്ചാണ്. നിയമപരമായുള്ള എല്ലാ നടപടികളും കഴിഞ്ഞതിനുശേഷം പ്രതിയെ മാധ്യമപ്രവര്‍ത്തകരുടെ മുന്നില്‍ പോലും ഹാജരാക്കിയാല്‍ മതിയെന്ന് ഡിജിപിയുടെ കര്‍ശന നിര്‍ദേശമുണ്ടായിരുന്നു. വളരെ രഹസ്യമായി പ്രതിയെ പൊലീസ് കസ്റ്റഡയില്‍ സൂക്ഷിക്കുന്നുവെന്ന് പറയുമ്പോള്‍ തന്നെ എങ്ങനെയാണ് പ്രതിയുടെ ചിത്രം പുറത്താകുന്നത്. ഇനി പ്രതി അമി ഉള്‍ ഇസ്ലാം ആണെന്ന് വ്യക്തമായതോടെ ഇയാളെ നേരത്തെ അറിയാവുന്ന ആരുടെയെങ്കിലും പക്കല്‍ ഉണ്ടായിരുന്ന ഫോട്ടോയാണ് പ്രചരിക്കുന്നതെന്നു പറയാം. പക്ഷെ അവിടെയും സംശയമുണ്ട്. ഒന്നാമതായി, ആ ചിത്രത്തിലുള്ളയാള്‍, ജാക്‌സണ്‍ ആയാലും അമി ആയാലും അവര്‍ക്ക് പ്രതികൂലമായൊരു അന്തരീക്ഷത്തില്‍ ആണെന്ന് മുഖഭാവത്തില്‍ നിന്നും വ്യക്തമാണ്. ആ ചിത്രത്തില്‍ ഭിത്തിയിലായി ഒരു സര്‍വൈലന്‍സ് കാമറയും കാണാം. അതിനാല്‍ പൊതുസ്ഥലത്തുവച്ച് എടുത്ത ചിത്രമല്ല അതെന്ന് അനുമാനിക്കാം. ഏതെങ്കിലും പൊലീസുകാരന്‍ എടുത്തു നല്‍കിയതാണെങ്കിലോ എന്നും സംശയിക്കുന്നവരുണ്ട്. എന്തായാലും പൊലീസ് മേധാവിയുടെ കര്‍ശന നിര്‍ദേശം അവഗണിച്ച് തനിക്കു നേരെ നിര്‍ത്തി ഫോക്കസ് ചെയ്ത് ഫോട്ടോയെടുത്ത് സോഷ്യല്‍ മീഡിയയില്‍ പ്രചരപിപ്പിക്കാന്‍ തക്ക ധൈര്യമുള്ള പൊലീസുകാര്‍ ഉണ്ടാവുമോ?

ഇതെല്ലാം ന്യായമായ സംശയങ്ങളാണ്. സാമാന്യബുദ്ധിക്ക് നിരക്കുന്നത്. എന്നാല്‍ അത്തരം ചിന്തകളൊന്നും ഇല്ലാതെയാണ് സോഷ്യല്‍ മീഡിയ ആ ചിത്രം ആഘോഷിച്ചത്. അധികദിവസങ്ങളൊന്നും ആയില്ല, പൊലീസ് പുറത്തുവിട്ട രേഖാ ചിത്രവുമായി സാമ്യമുണ്ടെന്നു പറഞ്ഞ് വരാപ്പുഴ സ്വദേശി തസ്ലിക് എന്ന ചെറുപ്പക്കാരനെ ഇതേ സോഷ്യല്‍ മീഡിയാക്കാര്‍ ക്രൂശിലേറ്റിയത്. ആ പാവം ചെറുപ്പാക്കാരന് സ്വസ്ഥതയും സന്തോഷവും ജീവിതത്തില്‍ നിന്നും നഷ്ടമായി. വലിയൊരു ക്രൈം തന്നെയാണ് ആ ചെറുപ്പക്കാരനോടു കാണിച്ചത്. ആരാണ് ശിക്ഷിക്കപ്പെട്ടത്? അന്നും പതിവുപോലെ സോഷ്യല്‍ മീഡിയയുടെ രോഗത്തെ വിമര്‍ശിച്ചു കൊണ്ട് പലരും വന്നു. അവരൊക്കെ തന്നെ ഇത്തവണയും ‘ പ്രതി’യെ ആഘോഷിച്ചു. ശേഷം അവകാശസംരക്ഷകരായി.

സോഷ്യല്‍ മീഡിയയുടെ ഇത്തരം അന്ധതയെക്കുറിച്ച് പറയേണ്ട സാഹചര്യം ഇതാദ്യമല്ല. അവര്‍ത്തിക്കപ്പെട്ടതുകൊണ്ടു പറഞ്ഞെന്നുമാത്രം. ആര്‍ക്കും എന്തും പതിപ്പിക്കാനുള്ള പഞ്ചായത്ത് കിണറായി സോഷ്യല്‍ മീഡിയ മാറിയിട്ട് കാലങ്ങളായി. ഒരു കാട് ചുട്ടെരിക്കാന്‍ ഒരു തീപ്പൊരി മതിയെന്നു പറയുന്നതുപോലെയാണ് ഇവിടുത്തെയും അവസ്ഥ. ചിലര്‍ക്ക് ശത്രുത തീര്‍ക്കാന്‍, മറ്റു ചിലര്‍ക്ക് വെറുമൊരു നേരംപോക്ക്. ഒരു ഗ്രാമത്തിലെ ആളുകളെ കൊല്ലാന്‍ അവിടെയുള്ള പുഴയില്‍ വിഷം കലക്കുക എന്ന ചതിപ്രയോഗം രാജഭരണകാലത്ത് കേട്ടിട്ടുള്ളതാണ്. അതു തന്നയല്ലേ ഇവിടെയും നടക്കുന്നത്. 

എത്രപേരെയാണ് സോഷ്യല്‍ മീഡിയ കൊന്നിട്ടുള്ളത്. ഇന്നലെയായിരുന്നു രജനികാന്തിന്റെ ‘മരണം’, അതിനു രണ്ടു ദിവസം മുമ്പ് അമിതാഭ് ബച്ചന്‍. മലയാളത്തിലെ എത്രയോ നടന്മാരെയാണ് ഇവ്വിധം വധിച്ചിരിക്കുന്നത്. മാമുക്കോയെ കൊന്നു, സലിം കുമാറിനെ പലവട്ടം കൊന്നു, മാള അരവിന്ദനെ അദ്ദേഹത്തിന്റെ യഥാര്‍ത്ഥ മരണത്തിനും ദിവസങ്ങള്‍ക്കും മുന്നെ കാലന്നൂര്‍ക്കയച്ചു സോഷ്യല്‍ മീഡിയ. മോഹന്‍ ലാല്‍ ഒരിക്കല്‍ പരിതപിച്ചതുപോലെ; ‘സോഷ്യല്‍ മീഡിയ ഒരു തടാകമാണ്, പക്ഷേ ചിലരതില്‍ വിഷം കലക്കുന്നു’. ആ വിഷം ബാധിച്ചവര്‍ക്കെ അതിന്റെ വേദന മനസിലാകൂ. ജോസ് തെറ്റയിലുമായി ബന്ധപ്പെട്ട ലൈംഗികാരോപണ കേസിലെ യുവതിയുടേതെന്ന തരത്തില്‍ ഒരു സിനിമാതാരത്തിന്റെ ചിത്രം പ്രചരിപ്പിച്ചവരും അതു കണ്ടാസ്വാദിച്ചവരും തന്നെയാണ് സത്രീസംരക്ഷകരായി സോഷ്യല്‍ മീഡിയയില്‍ വേഷം കെട്ടുന്നതെന്നും ഈ നിമിഷത്തില്‍ ഒന്നോര്‍ത്തൂളൂ.

സോഷ്യല്‍ മീഡിയ ഒരു പ്ലാറ്റ്‌ഫോമാണ്. അഭിപ്രായസ്വാതന്ത്ര്യത്തിന് വേദി കിട്ടാതിരുന്ന ഒത്തിരിപ്പേര്‍ക്ക് സ്വാതന്ത്ര്യത്തോടെ തങ്ങളുടെ അഭിപ്രായങ്ങളും വിമര്‍ശനങ്ങളും ഉന്നയിക്കാന്‍ കിട്ടിയ വേദി. അതു നല്ലരീതിയില്‍ തന്നെ ഉപയോഗപ്പെടത്തുകയും നിരവധി സാമൂഹിക ഇടപെടലുകള്‍ക്ക് കാരണമാവുകയും ചെയ്യുന്ന സോഷ്യല്‍ മീഡിയ ഏതാനും പേര്‍ ചേര്‍ന്ന് അവരുടെ വഷളത്തരങ്ങള്‍ക്കു കൂടിയിയുള്ള ഇടമാക്കി മാറ്റുമ്പോള്‍ നിരാശയല്ല, ഭയമാണ് ഉണ്ടാകുന്നത്; അടുത്ത ഇര ഞാനാകുമോ എന്നുള്ള ഭയം.

(സ്വതന്ത്ര മാധ്യമപ്രവര്‍ത്തകയാണ് ലേഖിക)

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions) 

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍