UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ഇന്‍ബോക്സിലെ ഞരമ്പുരോഗികള്‍ ആ കാര്യങ്ങള്‍ സ്വന്തം വീട്ടിലൊന്ന് ചോദിച്ചു നോക്കൂ

Avatar

ജിഷ ജോര്‍ജ്

സമയം രാത്രി പത്തുമണി.

‘ഹായ്’

‘ഹായ്’

 ‘എന്താ മിണ്ടാത്തേ?’

‘എന്താ ഉറങ്ങാത്തെ?’

‘ഭര്‍ത്താവ് ഉറങ്ങിയോ? നിങ്ങള്‍ ഒരുമിച്ചല്ലേ കിടക്കുന്നത്?'(വിവാഹിതര്‍ക്ക് മാത്രം)

‘പ്രൊഫൈലിലെ ഫോട്ടോ കാണാന്‍ നല്ല ഭംഗിയുണ്ട് കേട്ടൊ’

‘ഇപ്പോ ഏത് ഡ്രസാ ഇട്ടെക്കണെ?

 

ഫേസ്ബുക്കില്‍ സ്ത്രീകളുടെ അക്കൗണ്ടുകളിലെ പച്ചവെളിച്ചം തേടി അലയുന്ന ഒരു ശരാശരി ഞരമ്പുരോഗിയുടെ ചോദ്യാവലി ഇങ്ങനെയായിരിക്കും തുടങ്ങുക. സൈബര്‍ സ്‌പേസില്‍ സ്ത്രീകള്‍ വരുന്നത് കാമം തീര്‍ക്കാനാണെന്ന് കരുതി ഇര പിടിക്കാന്‍ കാത്തിരിക്കുന്ന ഇത്തരം ഞരമ്പുരോഗികള്‍ക്ക് പെണ്‍കുട്ടികളെ കണ്ടാല്‍ അശ്ലീല ചുവയോടെ സംസാരിക്കണം. നാലാളുകാണുന്ന പബ്ലിക് വാളില്‍ ആദര്‍ശവും ഇന്‍ബോക്‌സില്‍ അശ്ലീലവും ഒരെ സമയം വിളമ്പും ഇവരില്‍ ചിലര്‍.

 

ഇത്തരക്കരെ എങ്ങനെ നേരിടണമെന്ന് പല സ്ത്രീകള്‍ക്കും ഒരു ധാരണയുമില്ല. നിയമപരമായി നേരിടാന്‍ തുനിഞ്ഞിറങ്ങുന്നവര്‍ക്ക് അത്ര നല്ല പ്രതികരണമല്ല കിട്ടാറുള്ളത് എന്ന് അനുഭവസ്ഥര്‍ പറയുന്നു. കേന്ദ്ര ഐടി നിയമത്തിലെ 66എ ദുര്‍ബലമായതോടെ ഇത്തരക്കാരുടെ വിളയാട്ടം കൂടിയിരിക്കുകയാണ്.

 

പരാതിയുമായി മുന്നോട്ട് പോവുന്നവര്‍ക്കുണ്ടായ ചില അനുഭവങ്ങള്‍ നോക്കൂ. തൃശൂര്‍ സ്വദേശിയായ അനു വാസുദേവ് ഓണ്‍ലൈന്‍ വസ്ത്ര വ്യാപരം നടത്തുന്ന വനിതയാണ്. അതുകൊണ്ട് തന്നെ മിക്കവാറും സമയങ്ങളില്‍ സൈബര്‍സ്‌പേസില്‍ ആക്ടീവുമാണ്. തന്റെ മെസഞ്ചര്‍ ഇന്‍ബോക്‌സിലേക്ക് അശ്ലീല ചിത്രങ്ങളും സന്ദേശങ്ങളും അയയ്ക്കുന്നവര്‍ക്കെതിരെ പരാതി കൊടുക്കാന്‍ ചെന്ന അനുവിനോട് അധികാരികള്‍ പറഞ്ഞത് ഇതിന്റെ പേരില്‍ കുറെ അലഞ്ഞ് തിരിഞ്ഞ് നടക്കാം എന്നല്ലാതെ നടപടികള്‍ ഉണ്ടാവാന്‍ പ്രയാസമാണെന്നാണ്.

 

മാധ്യമ പ്രവര്‍ത്തകയും ഇപ്പോള്‍ കാനഡയില്‍ സ്ഥിര താമസക്കരിയുമായ സുനിത ദേവദാസിനും സമാനമായ അനുഭവം ഉണ്ടായി, പരാതിയുമായി ഡി.ജി.പിയെ സമീപിച്ച സുനിതയ്ക്ക് കിട്ടിയ മറുപടി,  ഇന്ത്യക്ക് പുറത്ത് നിന്ന് ഓപ്പറേറ്റ് ചെയ്യുന്ന അക്കൗണ്ടുകള്‍ക്കെതിരെ ഇവിടുന്ന് നടപടിയെടുക്കുക സാദ്ധ്യമല്ല, ആവശ്യമെങ്കില്‍ അതാതു രാജ്യങ്ങളുമായി ബന്ധപെടണം എന്നാണ്.

 

പ്രായോഗികമല്ലാത്ത ഇത്തരം നിര്‍ദ്ദശങ്ങളൊ അതുമല്ലെങ്കില്‍ ‘എന്തിനാ ഇത്ര ബുദ്ധിമുട്ടണെ? പ്രശ്‌നമുണ്ടാക്കുന്ന പ്രൊഫൈല്‍ അങ്ങു ബ്ലോക് ചെയ്താല്‍ പൊരെ?’ എന്നിങ്ങനെയുള്ള മറുപടികളോ ആവും പലപ്പോഴും അധികാരികളില്‍ നിന്ന് കിട്ടുക. അതുമല്ലെങ്കില്‍ ഇത്തരം പരാതിയിന്മേല്‍ നടപടി വേണമെങ്കില്‍ സിനിമ താരങ്ങളെപ്പോലെ ഒരു സെലിബ്രിറ്റി എങ്കിലും ആവണം.

 

 

ബ്ലോക്ക് ചെയ്താല്‍ പ്രശ്‌നം തീരുമോ? നോക്കാം

വ്യാജ പ്രൊഫൈലുകളുമായി വന്ന് ഇന്‍ബോക്‌സില്‍ നുഴഞ്ഞ് കയറുന്നവരെ ബ്ലോക്ക് ചെയ്താല്‍ ഉടനെ അടുത്ത പ്രൊഫൈലുമായി വരും. അതങ്ങനെ തുടരും. ഇനി വേറൊരു കൂട്ടരുണ്ട്; വ്യാജ പ്രൊഫൈല്‍ ഉപയോഗിക്കാതെ സ്വന്തം അക്കൗണ്ട് ഉപയോഗിച്ച് അശ്ലീല സന്ദേശം അയയ്ക്കുന്നവര്‍. നിയമത്തിന് ഒന്നും ചെയ്യാനാവില്ല എന്ന ധൈര്യമാണ് ഇവരെ ഇത് തുടരാന്‍ പ്രേരിപ്പിക്കുന്നത്. അതുമാത്രമല്ല ഒരു സ്ത്രീ ഇവരെ ബ്ലൊക്ക് ചെയ്താല്‍ ഉടനെ ഇവര്‍ അടുത്ത സ്ത്രീയുടെ ഇന്‍ബോക്‌സില്‍ ചെല്ലും. അവിടുന്ന് അടുത്ത അക്കൗണ്ടിലേക്ക്… അങ്ങനെ കാമം തീര്‍ക്കാന്‍ അലഞ്ഞു നടക്കും.

 

സൈബര്‍സ്പേസ് എന്നത് കൃത്യമായ അതിരുകള്‍ നിര്‍വ്വചിക്കപെട്ടിട്ടുള്ള ഇടം തന്നെയാണ്. പബ്ലിക് വാള്‍ പൊതു ഇടം ആണെങ്കില്‍ ഇന്‍ബോക്‌സ്  തീര്‍ത്തും സ്വകാര്യ സ്ഥലം തന്നെയാണ്. അവിടെയ്ക്കുള്ള കടന്നുകയറ്റങ്ങളെ അതുകൊണ്ട് തന്നെ ഗൗരവത്തോടെ തന്നെ നേരിടണം. എന്നു പറഞ്ഞാല്‍ വീട്ടില്‍ കയറി വന്ന് വൃത്തികേട് കാണിക്കുന്നവന് എന്ത് ശിക്ഷ കിട്ടുമോ അത് തന്നെ ഇത്തരക്കാര്‍ക്കും ലഭിക്കണം.

 

നിയമം ദുര്‍ബലമായതിന്റെ ആനുകൂല്യത്തില്‍ ഇത്തരക്കാരുടെ സ്വൈര്യവിഹാരത്തിനു തടയിടാനാണ് ഇപ്പോള്‍ സുനിതാ ദേവദാസിനെപ്പോലെയുള്ളവര്‍ രംഗത്ത് വന്നിരിക്കുന്നത്. തന്റെ ഇന്‍ബോക്‌സില്‍ വന്ന അശ്ലീല സന്ദേശങ്ങളുടെ ചിത്രങ്ങള്‍ സുനിത സ്‌ക്രീന്‍ ഷോട്ട് ആക്കി പരസ്യപ്പെടുത്തി. അറപ്പും വെറുപ്പും ഉളവാക്കുന്ന ആ സന്ദേശങ്ങള്‍ അവര്‍ക്കുണ്ടാക്കിയ മാനസിക അസ്വസ്ഥത എത്ര വലുതായിരിക്കും? എക്‌സിബിഷനിസം എന്ന ലൈംഗിക വൈകൃതം തന്നെയല്ലെ ഇത്? ഇത്തരം ഞരമ്പു രോഗികളെ ഒരു പരിധിവരെയെങ്കിലും നേരിടാന്‍ ഇപ്പോള്‍ ഉള്ള മാര്‍ഗ്ഗം ഈ പരസ്യവിചാരണ തന്നെയാണ്. എന്നാല്‍ ആ സ്‌ക്രീന്‍ ഷോട്ടുകളെപ്പോലെ തന്നെ ഞെട്ടല്‍ ഉളവാക്കുന്നവയാണ് പരസ്യമായി ഞരമ്പു രോഗികള്‍ക്ക് പിന്തുണയുമായി വന്ന സഹ ഞരമ്പുരോഗികളുടെ കമന്റുകള്‍.

 

വാദിയെ പ്രതിയാക്കി മാറ്റുന്ന ഇത്തരക്കാര്‍ ശ്രദ്ധിക്കേണ്ടുന്ന ഒരു കാര്യം, സഹികെടുമ്പോഴാണ് സ്തീകള്‍ ഇങ്ങനെയൊരു വിഷയവുമായി പരാതി കൊടുക്കാന്‍ തുനിയുന്നതും അത് പരസ്യമാക്കുന്നതും. ഇത്തരം പ്രവര്‍ത്തികള്‍ സ്ത്രീകള്‍ക്ക് യാതൊരു മന:സുഖവും തരുന്നില്ല. പിന്നെ പൊതുവിചാരണ ചെയ്യപ്പെടുന്നവന്റെ കുടുംബത്തിന്റെ കാര്യം, അവരുടെ കുടുംബാംഗങ്ങള്‍ക്ക് ഇത് അപമാനകരം തന്നെയാണ്, സമ്മതിക്കുന്നു. പക്ഷേ അതെക്കുറിച്ച് ചിന്തിക്കേണ്ടത് പലതവണ താക്കീത് കിട്ടിയിട്ടും കാമം വിളമ്പാന്‍ പെണ്ണുങ്ങളുടെ ഇന്‍ബോക്‌സ് തേടി നടക്കുന്നവരല്ലേ?

 

അതുകൊണ്ട് ഈ ലേഖനത്തിന്റെ തുടക്കത്തില്‍ പറഞ്ഞിരിക്കുന്ന ചോദ്യങ്ങള്‍ അത്തരക്കാര്‍ വല്ലപ്പൊഴുമെങ്കിലും അവരുടെ വീട്ടില്‍ ഉള്ള സ്ത്രീകളോട് ചോദിക്കട്ടെ,

‘നീ എന്തെങ്കിലും കഴിച്ചോ?’

‘എന്താ നീ ഉറങ്ങാത്തെ’?

‘ഈ ഡ്രസ് നിനക്ക് നന്നായി ഇണങ്ങുന്നുണ്ട്’

 

ഇതൊക്കെ അവരോടും പറയട്ടെ. അങ്ങനെയായാല്‍ മറ്റ് സ്ത്രീകളുടെ ഇന്‍ബോക്‌സ് തേടിയുള്ള അലച്ചില്‍ ഒഴിവാക്കാം.

 

അതുവരെ അല്ലെങ്കില്‍ നിയമം കൊണ്ട് ഇത്തരം കടന്നുകയറ്റങ്ങള്‍ നിയന്ത്രിക്കപ്പെടുന്നതുവരെ ഈ സ്‌ക്രീന്‍ ഷോട്ട് എടുക്കലും പരസ്യ വിചാരണയും മാത്രമേ മാര്‍ഗ്ഗമുള്ളു.

 

(സ്വതന്ത്ര മാധ്യമപ്രവര്‍ത്തകയാണ് ലേഖിക)

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions) 

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍