UPDATES

ട്രെന്‍ഡിങ്ങ്

പിണറായിയെ ട്രോളുകയെന്നാല്‍ എന്ത് അസംബന്ധവും പറയാമെന്നാണോ?

മുഖ്യമന്ത്രിയേയും ആ സ്ത്രീയേയും ചേര്‍ത്തു പ്രചരിപ്പിക്കുന്ന ആ അശ്ലീല പോസ്റ്റര്‍ കടുത്ത സ്ത്രീ വിരുദ്ധവും അങ്ങേയറ്റം അപലപനീയവുമാണ്

വിമര്‍ശനങ്ങളും പരിഹാസങ്ങളും സഹിക്കാന്‍ തയ്യാറാവാതെ സംസ്ഥാന സര്‍ക്കാര്‍ സാമൂഹമാധ്യമങ്ങളിലെ ട്രോളുകാരെ പിടികൂടാന്‍ ഇറങ്ങിയിരിക്കുന്നു എന്നതായിരുന്നു ഇന്നലത്തെ പ്രധാന വാര്‍ത്ത. മുഖ്യമന്ത്രി പിണറായി വിജയന്റെ ഈ അസഹിഷ്ണുതയെ കടുത്ത രീതിയില്‍ വിമര്‍ശിച്ചും പരിഹസിച്ചും നിരവധി ട്രോളുകളാണ് പ്രചരിച്ചത്. മാധ്യമങ്ങളും സര്‍ക്കാരിനെതിരേ എഴുതി.

പൊലീസ് ഹൈടെക് ക്രൈം എന്‍ക്വയറി സെല്‍ പുറപ്പെടുവിച്ച നോട്ടീസിനെ അടിസ്ഥാനമാക്കിയാണ് ഇത്തരമൊരു വാര്‍ത്ത പുറത്തുവന്നത്. മുഖ്യമന്ത്രിയെ അപകീര്‍ത്തിപ്പെടുത്തുന്ന തരത്തില്‍ ഫെയ്‌സ്ബുക്ക് വഴി സന്ദേശങ്ങള്‍ പ്രചരിപ്പിക്കുന്നുണ്ടെന്നും ഈ സന്ദേശങ്ങള്‍ ഉടനടി നീക്കം ചെയ്യണമെന്നും പൊലീസ് നല്‍കിയ നിര്‍ദേശമാണ് സര്‍ക്കാരിനെതിരേയുള്ള ആയുധമാക്കിയത്.

മുഖ്യമന്ത്രിയെ ട്രോളിയാല്‍ (വിമര്‍ശനപൂര്‍വമോ പരിഹാസപൂര്‍വമോ സന്ദേശങ്ങള്‍ പ്രചരിപ്പിച്ചാല്‍) സൈബര്‍ ആക്ട് പ്രകാരവും ഐപിസി പ്രകാരവും കേസ് എടുക്കുമെന്ന് പൊലീസ് അറിയിച്ചെന്ന തരത്തില്‍ സര്‍ക്കാരിന്റെ അസഹിഷ്ണുതയേയും വിമര്‍ശനങ്ങള്‍ അംഗീകരിക്കാനുള്ള മടിയേയും പുച്ഛിച്ചുകൊണ്ട് ഓണ്‍ലൈന്‍ മാധ്യമങ്ങളടക്കം എഴുതുകയും പിണറായി വിജയന്റെ ‘ഏകാധിപത്യ സ്വഭാവ’ത്തെ കൂടുതല്‍ ശക്തമായി ട്രോളി സോഷ്യല്‍ മീഡിയയും രംഗം കൊഴുപ്പിച്ചു. എന്നാല്‍ വിഷയത്തിലെ യഥാര്‍ത്ഥ വസ്തുത എന്താണ്? സംസ്ഥാന സര്‍ക്കാരിനേയോ മുഖ്യമന്ത്രിയേയോ ട്രോളാന്‍ പാടില്ലെന്ന് പൊലീസ് ഉത്തരവിറക്കിയോ? പൊലീസ് തന്നെ നല്‍കുന്ന വിശദീകരണത്തില്‍ അത്തരത്തിലൊരു ഉത്തരവും തങ്ങള്‍ നല്‍കിയിട്ടില്ലെന്നാണു പറയുന്നത്.

കേരള പൊലീസ് ഈ വിഷയത്തില്‍ നല്‍കുന്ന വിശദീകരണമാണ് താഴെ നല്‍കിയിരിക്കുന്നത്.

ഈ വിശദീകരണത്തില്‍ നിന്നും മനസിലാകുന്നത് മുഖ്യമന്ത്രിയേയോ സര്‍ക്കാരിനെയോ വിമര്‍ശനാത്മകമായി പരിഹസിക്കുന്നതിനെതിരേയല്ല, മറിച്ച് വ്യാജ പ്രൊഫൈല്‍ സൃഷിടിച്ച് അതുപയോഗിച്ച് പോസ്റ്റ് ഇടുന്നതും ഒരു വ്യക്തിയെ അപമാനിക്കുകയും അപകീര്‍ത്തിപ്പെടുത്തുകയും ചെയ്യുന്ന തരത്തില്‍ ചിത്രങ്ങള്‍ മോര്‍ഫ് ചെയ്തു പ്രചരിപ്പിക്കുകയും ചെയ്യുന്നത് ഐ ടി ആക്ട് പ്രകാരവും ഐപിസി പ്രകാരവും കുറ്റകരമാണെന്നാണ്. ഇത്തരം പരാതികള്‍ ലഭിച്ചാല്‍ ഹൈടെക് ക്രൈം എന്‍ക്വയറി സെല്‍ അന്വേഷണം നടത്തി നടപടി സ്വീകരിക്കുന്നത് നടാടെയല്ലെന്നും പൊലീസ് വ്യക്തമാക്കുന്നു.

ഒരു പത്രപ്രവര്‍ത്തകന്റെ പേരില്‍ വ്യാജ പ്രൊഫൈല്‍ ഉണ്ടാക്കി ഫെയ്‌സ്ബുക്ക് വഴി മുഖ്യമന്ത്രിയേയും പ്രസ്തുത പത്രപ്രവര്‍ത്തകനെയും അപമാനിക്കുന്നുവെന്നു കാണിച്ച് ഇത്തരത്തില്‍ ഒരു പരാതി ഈയിടെ ഹൈടെക് സെല്ലിന് ലഭിച്ചിരുന്നുവെന്നും അതേത്തുടര്‍ന്നാണ് അത്തരം അപമാനകരമായ പോസ്റ്റുകള്‍ നീക്കം ചെയ്യണമെന്ന് അറിയിപ്പ് നല്‍കിയതെന്നും മുഖ്യമന്ത്രിക്കെതിരേ വിമര്‍ശനം ഉന്നയിച്ചാല്‍ നടപടിയെടുക്കും എന്നതരത്തില്‍ ഒരു മുന്നറിയിപ്പും നല്‍കിയിട്ടില്ലെന്നും പൊലീസ് പറയുന്നു. മാത്രമല്ല, ഈ വിഷയത്തില്‍ വാര്‍ത്തയെഴുതാന്‍ ചില ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ കൂട്ടുപിടിച്ച കേരള പൊലിസിന്റെ ഹൈടെക് ക്രൈം എന്‍ക്വയറി സെല്ലിന്റെ നോട്ടീസ് പോലും വ്യാജമാണെന്നും ഇപ്പോള്‍ ആക്ഷേപമുണ്ട്. യഥാര്‍ത്ഥ വസ്തുതകള്‍ അന്വേഷിക്കാതെയാണു പലരും വാര്‍ത്തയെഴുതിയതെന്നത് ഏതായാലും സ്പഷ്ടമാണ്.

കഴിഞ്ഞ കുറച്ചു ദിവസങ്ങളിലായി ഒരു വ്യാജപ്രൊഫൈല്‍ അക്കൌണ്ടില്‍ നിന്നും താനൂരിലെ ഒരു വീട്ടമ്മയേയും മുഖ്യമന്ത്രി പിണറായി വിജയനേയും താനൂര്‍ എംഎല്‍എ വി. അബ്ദുറഹ്മാനെയും അശ്ലീലകരമായി അപകീര്‍ത്തിപ്പെടുന്ന തരത്തില്‍ ഒരു പോസ്റ്റ് സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിരുന്നു. കൂടാതെ ദേശാഭാമാനി റസിഡന്റ എഡിറ്റര്‍ പി എം മനോജിന്റെ പേരില്‍ വ്യാജ പ്രൊഫൈലുകള്‍ ഉണ്ടാക്കി മുഖ്യമന്ത്രിക്കെതിരേ അപകീര്‍ത്തികരമായ പോസ്റ്റുകള്‍ പ്രചരിപ്പിക്കലും നടന്നിരുന്നു. ഇതില്‍ പി എം മനോജ് പൊലീസില്‍ പരാതിയും നല്‍കിയിരുന്നു.

ഇത്തരം സംഭവങ്ങള്‍ പ്രത്യേകമായി കണ്ടാണ് പൊലീസ് ചില മുന്നറിയിപ്പുകള്‍ നല്‍കിയത്. വ്യക്തികളെ സോഷ്യല്‍ മീഡിയ വഴി അപകീര്‍ത്തിപ്പെടുന്നതിനും വ്യാജ പ്രൊഫൈലുകള്‍ സൃഷ്ടിച്ച് അപമാനിക്കുന്നതിനും എതിരേ ഐടി ആക്ട് പ്രകാരവും ഐപിസി പ്രകാരവും നിയമനടപടികള്‍ സ്വീകരിച്ചു പോരുന്നുണ്ട്. നിയമത്തിന്റെ ഈ പരിരക്ഷ സാധാരണക്കാരനു കിട്ടുന്നതുപോലെ മുഖ്യമന്ത്രിക്ക് ലഭിക്കുന്നതിനും അര്‍ഹതയുണ്ട്. മുഖ്യമന്ത്രിയെ വ്യക്തിപരമായി അപമാനിക്കുന്ന പോസ്റ്റുകള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചാല്‍ അതിനെതിരേ പരാതി നല്‍കാന്‍ മുഖ്യമന്ത്രിക്കുള്ള അവകാശത്തെ അസഹിഷ്ണുതയായി കാണേണ്ടതുണ്ടോ?

അപവാദം പ്രചരിപ്പിക്കലും അപകീര്‍ത്തിപ്പെടുത്തലും ട്രോളുകളാണെന്ന തരത്തില്‍ വ്യാഖ്യാനിക്കുന്നിടത്താണ് ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ക്കടക്കം പിഴച്ചത്. ഹാസ്യാത്മകമായ വിമര്‍ശനം ലോകത്തെല്ലായിടത്തും നടക്കുന്നുണ്ട്. ഭരണകൂടങ്ങളും ഭരണകര്‍ത്താക്കാളും ഏറ്റവും അധികം വിമര്‍ശിക്കപ്പെട്ടിട്ടുള്ളതും പരിഹാസരൂപേണയാണ്. എന്നാല്‍ പരിഹാസം എന്നാല്‍ അപകീര്‍ത്തിപ്പെടുത്തല്‍ അല്ല, അശ്ലീലം പ്രചരിപ്പിക്കലുമല്ല. മുഖ്യമന്ത്രിക്കെതിരേ ഉണ്ടായ പ്രചരണത്തില്‍ ഒരു വീട്ടമ്മയും ഇരയായിട്ടുണ്ട്. ഒരു സ്ത്രീയെ ഏറ്റവും നീചമായ രീതിയിലാണ് ഇവിടെ അപമാനിച്ചിരിക്കുന്നത്. ഈ വിഷയത്തില്‍ നിയമം അതിന്റെ ഇടപെടല്‍ നടത്തിയേ തീരൂ. ആ വീട്ടമ്മ തന്നെ ഇപ്പോള്‍ തനിക്കെതിരേ നടക്കുന്ന അപവാദപ്രചരണത്തിനെതിരേ കേസ് കൊടുക്കാന്‍ തയ്യാറായിരിക്കുകയാണെന്ന് അറിയുന്നു. (മുഖ്യമന്ത്രിയേയും ആ സ്ത്രീയേയും ചേര്‍ത്തു പ്രചരിപ്പിക്കുന്ന ആ അശ്ലീല പോസ്റ്റര്‍ കടുത്ത സ്ത്രീ വിരുദ്ധവും അങ്ങേയറ്റം അപലപനീയവുമായതിനാല്‍ ഞങ്ങള്‍ അത് പ്രസിദ്ധീകരിക്കുന്നില്ല)

അസത്യപ്രചരണത്തിന്റെയും അപവാദകഥകളുടെയും അശ്ലീലകഥകളുടെയും പ്രചാരകേന്ദ്രമായി കൂടി മാറിയിരിക്കുകയാണ് സോഷ്യല്‍ മീഡിയ. അവിടെ നടക്കുന്നതെല്ലാം പോസിറ്റീവ് ഇടപെടലുകള്‍ മാത്രമാണെന്നും ട്രോളുകള്‍ എന്നാല്‍ സുതാര്യമായ വിമര്‍ശനങ്ങള്‍ ആണെന്നും ആരു സമര്‍ത്ഥിച്ചാലും അംഗീകരിക്കാന്‍ സാധിക്കില്ല. രാഷ്ട്രീയ പാര്‍ട്ടികളുടെ സൈബര്‍ സേനകള്‍ എല്ലാം തന്നെ എതിരാളികളെ ആക്രമിക്കാന്‍ ഉപയോഗിക്കുന്ന ട്രോളുകള്‍ നിലവാരം ഇല്ലാത്തവയും അസത്യങ്ങളടങ്ങിയതും അപവാദങ്ങളും അശ്ലീലങ്ങളും നിറഞ്ഞതുമാണെന്നു പറഞ്ഞാലും ആര്‍ക്കും എതിര്‍ക്കാന്‍ പറ്റില്ല.

ഇപ്പോള്‍ പിണറായി വിജയനെയും സര്‍ക്കാരിനെയും ന്യായീകരിച്ചെത്തുന്ന സിപിഎം സൈബര്‍ ഗ്രൂപ്പുകള്‍ പോലും മര്യാദകെട്ടതും അപകീര്‍ത്തികരവുമായ എത്രയോ പോസറ്റുകള്‍ എതിരാളികള്‍ക്കെതിരേ ഇറക്കിയിരിക്കുന്നു. ആവിഷ്ക്കാരസ്വാതത്ര്യം ഹനിക്കുന്നുവെന്ന് പറഞ്ഞ് ഇപ്പോള്‍ മുഖ്യമന്ത്രിക്കും സര്‍ക്കാരിനും എതിരേ രംഗത്തു വന്നിരിക്കുന്ന സംഘപരിവാര്‍ അനുകൂലമായ ഔട്‌സ്‌പോക്കണ്‍ എന്ന ട്രോള്‍ ഗ്രൂപ്പ്, ട്രോള്‍ എന്നാല്‍ എന്താണെന്ന സാമാന്യതത്വം പോലും അറിയാതെ, അങ്ങേയറ്റം സ്ത്രീവിരുദ്ധവും അപകീര്‍ത്തികരവുമായ പോസ്റ്റുകളാണ് പ്രചരിപ്പിക്കുന്നതെന്നതെന്നതും വസ്തുതയാണ്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍