UPDATES

ന്യൂസ് അപ്ഡേറ്റ്സ്

കശ്മീര്‍; തെരുവിലെ സംഘര്‍ഷം ഫേസ്ബുക്കില്‍ ഉദ്യോഗസ്ഥ യുദ്ധമാകുമ്പോള്‍

Avatar

അഴിമുഖം പ്രതിനിധി

കശ്മീരിലെ തെരുവുകളില്‍ സംഘര്‍ഷം തുടരുമ്പോള്‍ മുതിര്‍ന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ ഫേസ് ബുക്കില്‍ തമ്മിലടിക്കുകയാണ്. ഈ പൊതുതര്‍ക്കം ഉദ്യോഗസ്ഥരെ രണ്ടുചേരിയിലാക്കി വിഭജിച്ചുകഴിഞ്ഞു. കശ്മീരികളുടെ അവകാശത്തിനുവേണ്ടി വാദിക്കുന്നവരാണ് ഒരു വിഭാഗം. മറുവിഭാഗം ദേശീയതയുടെ പ്രചാരണത്തിനായും.

മുതിര്‍ന്ന ഒരു പൊലീസ് ഉദ്യോഗസ്ഥനും ഐഎഎസ് ഓഫിസറും തമ്മില്‍ നടന്ന ‘കമന്റ്’ പരമ്പരയാണ് ഇതില്‍ അവസാനത്തേത്. ഇരുവരും കശ്മീരില്‍നിന്നുള്ളവരാണ്. പെല്ലറ്റ് മുറിവുകള്‍ മൂലം ചൊവ്വാഴ്ച റിയാസ് അഹമ്മദ് ഷാ എന്ന ഇരുപത്തിയൊന്നുകാരന്‍ മരിക്കാനിടയായതിനെത്തുടര്‍ന്നായിരുന്നു സംഭവം. എടിഎം ഗാര്‍ഡായി ജോലി ചെയ്തിരുന്ന ഷാ ഓള്‍ഡ് സിറ്റിയിലെ വീട്ടിലേക്കു വരുംവഴിയാണ് കൊല്ലപ്പെട്ടത്. തിരിച്ചറിഞ്ഞിട്ടില്ലാത്ത സുരക്ഷാ ഉദ്യോഗസ്ഥര്‍ക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്.

ധനമന്ത്രാലയത്തില്‍ ജോലി ചെയ്യുന്ന ഐഎഎസ് ഓഫിസര്‍ റുവേദ സലാം  മുഖ്യന്ത്രി മെഹബൂബ മുഫ്തിയുടെ നേതൃത്വത്തിലുള്ള ഭരണകക്ഷി പിഡിപിയുടെ കാപട്യത്തെ പരോക്ഷമായി കുറ്റപ്പെടുത്തി ഫേസ്ബുക്കില്‍ എഴുതിയതാണു തര്‍ക്കത്തിനു തുടക്കം. ഇതിനു മറുപടി നല്‍കിയ സോപോര്‍ എസ് പി ഹര്‍മീത് സിങ് മെഹ്ത റുവേദയോട് രാജിവച്ച് വിഘടനവാദികള്‍ക്കൊപ്പം ചേരാന്‍ ആവശ്യപ്പെട്ടു. റുവേദയെ ‘അറിവില്ലാത്ത സ്ത്രീ’ എന്നു വിളിക്കുകയും ചെയ്തു. 2013ല്‍ ജമ്മു കശ്മീരില്‍നിന്ന് ഐപിഎസ് സെലക്ഷന്‍ ലഭിക്കുന്ന ആദ്യ വനിതയാണ് റുവേദ. രണ്ടുവര്‍ഷത്തിനുശേഷം ഐഎഎസും ലഭിച്ചു.

എല്ലാ കശ്മീരികളും ഭീകരരാണെന്ന പൊതു വിശ്വാസം തന്നെയാണ് മെഹ്തയുടേതെന്നു മറുപടി പറഞ്ഞ റുവേദ മെഹ്തയുടെ ലിംഗവിവേചന സമീപനത്തെയും കുറ്റപ്പെടുത്തി. ആളുകള്‍ കശ്മീരിനെ അഫ്ഗാനിസ്ഥാനാക്കുന്നുവെന്ന പരാമര്‍ശത്തോടെയാണ് മെഹ്ത പ്രതികരിച്ചത്. എന്നാല്‍ വ്യാഴാഴ്ച രണ്ടുമണിയോടെ റുവേദ തന്റെ പോസ്റ്റ് നീക്കം ചെയ്തു.

താഴ്വരയിലെ ഫേസ്ബുക്ക് പിളര്‍പ്പ്
ബുധനാഴ്ച 4.12ന് ഫേസ്ബുക്കില്‍ റുവേദ സലാം ഇങ്ങനെയാണ് എഴുതിയത്: ‘പച്ചനിറം അണിഞ്ഞ് വോട്ടര്‍മാരെ സമീപിക്കുകയും അതേ തെരുവുകളെ ചുവപ്പിക്കുകയും ചെയ്യുന്നവര്‍ സ്വന്തം ദുഷ്പ്രവൃത്തികളെ ഒളിപ്പിക്കാന്‍ ഏതു മതത്തിന്റെ ചിഹ്നങ്ങള്‍ ഉപയോഗിക്കുന്നുവോ അതേ മതത്തിന്റെ യോഗ്യതയെ ചോദ്യം ചെയ്യുന്നു. കാപട്യത്തിന് ഇതിനപ്പുറമാകാന്‍ കഴിയില്ല.’ ട്രാലില്‍നിന്നുള്ള കെപിഎസ് ഉദ്യോഗസ്ഥനായ മെഹ്ത ഇങ്ങനെ പ്രതികരിച്ചു: ‘ഭരണകൂടത്തിനെതിരെ വിഷം പരത്തുന്ന സിവില്‍ സെര്‍വന്റ് എന്ന നിലയ്ക്ക് സര്‍ക്കാര്‍ നിങ്ങള്‍ക്കെതിരെ നടപടിയെടുക്കണം. രാജിവച്ച് വിഘടനവാദികള്‍ക്കൊപ്പം ചേരുന്നതാണു നല്ലത്.’

മെഹ്തയ്ക്കു മറുപടിയായി റുവേദ ഇങ്ങനെ എഴുതി: ‘ഞാന്‍ എന്റെ ഓരോ വാക്കുകളും അളക്കുന്നു. ഞാന്‍ പറഞ്ഞതെല്ലാം വസ്തുതകളാണ്. നിരപരാധികളെ രക്ഷിക്കുമെന്നു ശപഥം ചെയ്യുന്നവര്‍ ഉത്തരവാദിത്തത്തില്‍നിന്ന് ഒഴിഞ്ഞുമാറുമ്പോള്‍ അവരുടെ പെരുമാറ്റത്തില്‍ എനിക്കു വേദനയുണ്ട്. ജമ്മു കശ്മീരിലെ യോഗ്യരായ പൊലീസ് ഓഫിസര്‍മാരില്‍ ഒരാള്‍ എന്നെ അറിവില്ലാത്ത സ്ത്രീ എന്നു വിളിച്ചത് ഞാന്‍ കാര്യമാക്കുന്നില്ല. എങ്കിലും അത് മോശമായിപ്പോയി. ലിംഗവിവേചനവും അതിലുണ്ടായിരുന്നു. യഥാര്‍ത്ഥ വികാരങ്ങള്‍ പ്രകടിപ്പിക്കുന്നവരെ രാജിവച്ച് വിഘടനവാദികള്‍ക്കൊപ്പം ചേരൂ എന്നു പറഞ്ഞ് അധിക്ഷേപിക്കുന്നു. എല്ലാ കശ്മീരികളും ഭീകരരാണെന്നും അവരെ നിശബ്ദരാക്കണമെന്നും അല്ലെങ്കില്‍ അയല്‍രാജ്യത്തേക്ക് അയയ്ക്കണമെന്നുമുള്ള പൊതു മനോഭാവവമാകാം ഇതു കാണിക്കുന്നത്.’

കല്ലെറിയുന്നവരോടു സംസാരിക്കാനും അവരുടെ പശ്ചാത്തലം പരിശോധിക്കാനുമാണ് തുടര്‍ന്ന് മെഹ്ത പറഞ്ഞത്. ‘ആളുകള്‍ നിങ്ങളുടെ ബുദ്ധികൊണ്ട് കശ്മീരിനെ അഫ്ഗാനിസ്ഥാന്‍ പോലെയാക്കട്ടെ. അതും നിങ്ങളെപ്പോലുള്ള സിവില്‍ സെര്‍വന്റുമാരുടെ ബുദ്ധികൊണ്ട്’. കൊല്ലപ്പെടുകയും അംഗവിഹീനരാകുകയും ചെയ്തവരുടെ കുടുംബങ്ങളെ ആര് ആശ്വസിപ്പിക്കുമെന്നായിരുന്നു റുവേദയുടെ മറുപടി.

താഴ്‌വരയില്‍ അടുത്തകാലത്തുണ്ടായ അക്രമങ്ങളെപ്പറ്റി സര്‍ക്കാര്‍ പ്രതിനിധികളും അവരോടു ബന്ധപ്പെട്ടവരും സമൂഹമാധ്യമങ്ങളില്‍ അഭിപ്രായം പറയുന്നതിന്റെ അവസാന ഉദാഹരണമാണിത്. കഴിഞ്ഞ മാസം ബുര്‍ഹാന്‍ വാനിയുടെ വധത്തെത്തുടര്‍ന്ന് കശ്മീരില്‍നിന്നുള്ള ഐഎഎസ് ടോപ്പര്‍ ഷാ ഫൈസല്‍ സമൂഹമാധ്യത്തില്‍ നടത്തിയ പരാമര്‍ശത്തെത്തുടര്‍ന്നാണ് ഇപ്പോഴത്തെ സംഭവം. ഇപ്പോള്‍ ജമ്മു കശ്മീര്‍ സര്‍ക്കാരില്‍ വിദ്യാഭ്യാസ ഡയറക്ടറായ ഷാ താഴ് വരയില്‍ ഇപ്പോഴത്തെ സംഭവങ്ങളില്‍ തന്നെ ഭാഗമാക്കാനുള്ള പ്രകോപനപരമായ പ്രചാരണത്തിനെതിരെ ശക്തമായ നിലപാടെടുത്തിരുന്നു.

ഇതേത്തുടര്‍ന്ന് 2009 ബാച്ച് ഐപിഎസ് ഓഫിസറായ ശൈലേന്ദ്ര മിശ്ര രംഗത്തുവന്നു. ഷോപിയാനില്‍ എസ് എസ് പിയായ മിശ്ര ഷാ ഫൈസലിനെതിരെ ഫേസ്ബുക്കിലെത്തിയത് ഇങ്ങനെ പറഞ്ഞുകൊണ്ടാണ്: ‘ഇത് എന്റെ രാജ്യമാണ്. ഞാന്‍ അതിനെ സംരക്ഷിക്കും. എത്ര വിമര്‍ശനമുണ്ടായാലും ഭീഷണിയുണ്ടായാലും അത് ഉപേക്ഷിക്കുന്നൊരു ഭീരുവായി ഞാന്‍ മാറില്ല. ജോലിക്കുവേണ്ടി മാത്രമല്ല സേവനത്തിനുവേണ്ടിക്കൂടിയാണ് ഞാന്‍ സര്‍വീസിലെത്തിയത്. ഞാനല്ല എന്റെ സേവനമായിരിക്കണം ആളുകള്‍ക്ക് മാതൃകയാകേണ്ടത്. രാജിവച്ച് ഓടിപ്പോകാനുള്ള നിങ്ങളുടെ ചിന്തകളില്‍ ഞാന്‍ ലജ്ജിക്കുന്നു. നിങ്ങള്‍ വളരെ വിലമതിക്കപ്പെടുന്ന ഒരു സേവനരംഗത്തിന്റെ ഭാഗമാണ്. അതില്‍ അഭിമാനിക്കുക.’

സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥര്‍ അവരുടെ നിരാശകള്‍ പൊതുവേദിയില്‍ പറയുന്നത് ഇതാദ്യമായാണെന്ന് പേഴ്‌സനല്‍ ആന്‍ഡ് ട്രെയിനിങ് വകുപ്പ് മുന്‍ സഹമന്ത്രിയായ പൃഥ്വിരാജ് ചവാന്‍ പറഞ്ഞു. 

വിമര്‍ശനം ഇല്ലാതാക്കാനുള്ള വഴികള്‍
സമൂഹമാധ്യമങ്ങളിലെ ഈ വിമര്‍ശനങ്ങളുടെ വെളിച്ചത്തില്‍ 1968ലെ ഓള്‍ ഇന്ത്യാ സര്‍വീസസ് പെരുമാറ്റച്ചട്ടങ്ങളില്‍ നിര്‍ദേശിക്കപ്പെട്ടിട്ടുള്ള മാറ്റങ്ങള്‍ പരാമര്‍ശിച്ചേ തീരൂ. കശ്മീര്‍ സംഭവങ്ങള്‍ക്കു മുന്‍പ് നിര്‍ദേശിക്കപ്പെട്ടവയാണെങ്കിലും അടുത്തകാലത്തെ ഈ സംഭവങ്ങള്‍ മാറ്റങ്ങളുടെ ആവശ്യം ഊന്നിപ്പറയുന്നു. കാരണം ഇത്തരം അഭിപ്രായപ്രകടനങ്ങള്‍ പൊതുജനാഭിപ്രായം രൂപീകരിക്കുകയും സമൂഹത്തില്‍ പരിഭ്രാന്തിയുണ്ടാക്കുകയും ചെയ്യുന്നു. നിര്‍ദേശിക്കപ്പെട്ട മാറ്റങ്ങള്‍ അനുസരിച്ച് ഉദ്യോഗസ്ഥര്‍ക്ക് സമൂഹമാധ്യമങ്ങളിലും ടിവിയിലും സ്വതന്ത്രമായി കാഴ്ചപ്പാടുകളും ആര്‍ട്ടിക്കിളുകളും പ്രസിദ്ധീകരിക്കാം. എന്നാല്‍ ഇപ്പോള്‍ നിലവിലുള്ളതോ അടുത്തകാലത്തു നടന്നതോ ആയ സംഭവങ്ങളില്‍ സ്വന്തം പേരിലോ തൂലികാ നാമത്തിലോ സര്‍ക്കാര്‍ നയത്തെ വിമര്‍ശിക്കാന്‍ പാടില്ല.

മാറ്റങ്ങളിലുള്ള അഭിപ്രായങ്ങള്‍ അറിയാനായി നിര്‍ദേശങ്ങള്‍ ഓഗസ്റ്റ് രണ്ടിന് എല്ലാ ചീഫ് സെക്രട്ടറിമാര്‍ക്കും നല്‍കി.   ‘പുസ്തകമോ ലേഖനമോ പ്രസിദ്ധീകരിക്കുന്നതിനോ  സമൂഹമാധ്യമങ്ങള്‍, വെബ്‌സൈറ്റുകള്‍ തുടങ്ങി പൊതുമാധ്യമങ്ങളില്‍ പങ്കെടുക്കുന്നതിനോ സര്‍വീസിലുള്ള ഉദ്യോഗസ്ഥന് സര്‍ക്കാരിന്റെ മുന്‍കൂര്‍ അനുമതി ആവശ്യമില്ല’ എന്നതാണ് ഭേദഗതി.   

അഭിപ്രായങ്ങള്‍ തന്റേതുമാത്രമാണെന്നും സര്‍ക്കാരിന്റേതല്ലെന്നുമുള്ള അറിയിപ്പ് ഇതിനൊപ്പം നല്‍കണം. ഇപ്പോഴും ഈ നിബന്ധന നിലവിലുണ്ട്. സര്‍ക്കാരിനെ വിമര്‍ശിക്കാന്‍ പാടില്ല എന്ന നിബന്ധന ടിവി, സാമൂഹിക മാധ്യമങ്ങള്‍, വാര്‍ത്താവിനിമയ ഉപകരണങ്ങള്‍ എന്നിവയിലെല്ലാം ബാധകമാണെന്നു വ്യക്തമാക്കിയിട്ടുണ്ട്.

കേന്ദ്രസര്‍ക്കാര്‍ നയങ്ങളെ വിമര്‍ശിക്കുകയോ കേന്ദ്ര സംസ്ഥാന ബന്ധങ്ങളെയോ മറ്റു രാജ്യങ്ങളുമായുള്ള ബന്ധത്തെയോ ബാധിക്കുകയോ ചെയ്യുന്ന കാര്‍ട്ടൂണുകളോ കാരിക്കേച്ചറുകളോ ഫോര്‍വേഡ് ചെയ്യുന്നതു പോലും വിലക്കിയിട്ടുണ്ട്. ഓഗസ്റ്റ് 12നകം അഭിപ്രായം അറിയിക്കാനാണ് ആവശ്യപ്പെട്ടിട്ടുള്ളത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍