UPDATES

സയന്‍സ്/ടെക്നോളജി

സോഷ്യല്‍ മീഡിയ യുദ്ധം: ട്വിറ്ററിനെ വെല്ലുവിളിച്ച് മസ്റ്റഡോണ്‍!

യൂഗന്‍ റോച്കോ എന്ന 24-കാരനായ ജര്‍മന്‍ യുവാവാണ് മസ്റ്റഡോണ്‍ സൈറ്റ് വികസിപ്പിച്ചിരിക്കുന്നത്

സോഷ്യല്‍ മീഡിയ രംഗത്തെ നിലവിലെ രാജക്കാന്മാരാണ് ഫെയ്സ്ബുക്കും ട്വിറ്ററുംമൊക്കെ. ഡസണ്‍ കണക്കിന് മറ്റു സോഷ്യല്‍ മീഡിയ സൈറ്റുകളുണ്ടെങ്കിലും ഫെയ്സ്ബുക്കും ട്വിറ്ററും തന്നെയാണ് താരങ്ങള്‍. ലോകത്ത് ഏറ്റവും കൂടുതല്‍ ആളുകള്‍ ഉപയോഗിക്കുന്ന സോഷ്യല്‍ മീഡിയോ സൈറ്റായ ട്വിറ്ററിന് വെല്ലുവിളിയുമായി എത്തിയിരിക്കുകയാണ് മസ്റ്റഡോണ്‍ (mastodon.social). ജനപിന്തുണയുള്ള ഈ സൈറ്റുകളുടെ മര്‍മ്മം നോക്കി അടിച്ചാണ് പുതിയ സോഷ്യല്‍ഡ മീഡിയ സൈറ്റ് കളം പിടിക്കാന്‍ ഒരുങ്ങുന്നത്.

ഫെയ്സ്ബുക്കും ട്വിറ്ററും അംഗങ്ങളുടെ സ്വകാര്യത വിറ്റഴിക്കുന്നുവെന്ന് മുമ്പെ തന്നെ പരാതിയുണ്ട്. ഇതിനി പരിഹാരവുമായിട്ടാണ് മസ്റ്റഡോണ്‍ എത്തിയിരിക്കുന്നത്. ട്വിറ്ററിനു കനത്ത വെല്ലുവിളിയാകുമെന്ന് തന്നെയാണ് മസ്റ്റഡോണ്‍ എന്ന പുതിയ സോഷ്യല്‍ നെറ്റ് വര്‍ക്കിന്റേത് എന്നാണ് റിപ്പോര്‍ട്ടുകള്‍. മസ്റ്റഡോണിന്റെ പ്രവര്‍ത്തന ശൈലി ട്വിറ്ററിനോടാണ് സാമ്യം. ഇപ്പോള്‍ തന്നെ പല ട്വിറ്റര്‍ അക്കൗണ്ട് ഉടമകളും മസ്റ്റഡോണിലേക്ക് പോയി കഴിഞ്ഞു. ട്വിറ്ററില്‍ 140 വാക്കുകളുടെ പരിധിയുള്ളപ്പോള്‍ മസ്റ്റഡോണില്‍ 500 വാക്കുകള്‍ ഉപയോഗിക്കാം.

യൂഗന്‍ റോച്കോ എന്ന 24-കാരനായ ജര്‍മന്‍ യുവാവാണ് മസ്റ്റഡോണ്‍ സൈറ്റ് വികസിപ്പിച്ചിരിക്കുന്നത്. പണമുണ്ടാക്കാനോ, ലാഭമുണ്ടാക്കാനോ സൈറ്റില്‍ പരസ്യവിന്യാസം നടത്താനോ തനിക്കുദ്ദേശ്യമില്ലെന്ന് യൂഗന്‍ വ്യക്തമാക്കിയിട്ടുണ്ട്. മസ്റ്റഡോണ്‍ പ്രവര്‍ത്തനത്തിന് പ്രതിമാസം ചെലവാകുന്ന 800 ഡോളറും (ഏകദേശം 50,000 രൂപ) അതിലധികവും ക്രൗഡ് ഫണ്ടിങ് സ്വഭാവമുള്ള പാട്രിയോണ്‍ വഴിയാണ് ലഭിക്കുന്നത്.

മസ്റ്റഡോണിന്റെ അടിസ്ഥാനം ഓപ്പണ്‍ സോഴ്സ് സോഫ്റ്റ്വെയറായ ജിഎന്‍യു സോഷ്യലാണ്. ഒറ്റ സെര്‍വറിനു പകരം വിവിധ ഇടങ്ങളിലുള്ള അനേകം സെര്‍വറുകള്‍ വഴിയാണ് ഇത് പ്രവര്‍ത്തിക്കുന്നത്. അക്കൗണ്ട് ഏതു സെര്‍വറിലാണെങ്കിലും ഉപയോഗത്തെ അതു ബാധിക്കില്ല. വിവിധ സെര്‍വറുകള്‍ നല്‍കുന്ന സ്വാതന്ത്ര്യവും വികേന്ദ്രീകൃത സ്വഭാവവും മസ്റ്റഡോണിനെ കൂടുതല്‍ സുരക്ഷിതവും സുതാര്യവുമാക്കുന്നുണ്ടെന്ന് മാത്രമല്ല കൂടുതല്‍ സ്വകാര്യതയുമുണ്ട്.

വന്‍കിട നിക്ഷേപകര്‍ മസ്റ്റഡോണിന് പിന്നാലെ കൂടിയിട്ടുണ്ട്. ലാഭമൊരു ലക്ഷ്യല്ലാത്തതിനാല്‍ ഒരിക്കലും നഷ്ടമുണ്ടാവില്ലെന്നുറപ്പുള്ള മസ്റ്റഡോണിലാണ് ഭാവി എന്നു നിക്ഷേപകര്‍ കരുതുന്നു. വാള്‍മാര്‍ട്ട് ഉള്‍പ്പെടെയുള്ള വമ്പന്‍മാര്‍ മസ്റ്റഡോണില്‍ എത്തിക്കഴിഞ്ഞു. 2016 ഒക്ടോബര്‍ 5-ന് ആരംഭിച്ച ഈ സൈറ്റില്‍ ആറ് മാസം കൊണ്ട്‌ 41,000 അംഗങ്ങളായതോടെ പുതിയ അംഗത്വം നല്‍കുന്നത് തല്‍ക്കാലത്തേക്കു നിര്‍ത്തി വച്ചിരിക്കുകയാണ്. കൂടുതല്‍ സെര്‍വറുകള്‍ ചേര്‍ത്ത ശേഷമെ ഇനി മസ്റ്റഡോണില്‍ പുതിയ അംഗത്വം നല്‍കുകയുള്ളൂ.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍