UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ടെലിവിഷന് വിട; പരസ്യക്കാര്‍ക്ക് പ്രിയം ഓണ്‍ലൈന്‍

Avatar

ലയനിഡ് ബെര്‍ഷിഡ്‌സ്‌കി
(ബ്ലൂംബെര്‍ഗ്)

ഓണ്‍ലൈന്‍ പരസ്യ മാര്‍ക്കറ്റ് രംഗം ഇക്കഴിഞ്ഞ വര്‍ഷങ്ങളില്‍ നടത്തിയത് വന്‍ കുതിപ്പായിരുന്നു. പല അച്ചടി പ്രസിദ്ധീകരണങ്ങളെയും ഇല്ലാതാക്കിയ ആ വളര്‍ച്ച സാവകാശം പൂര്‍ണമാവുകയാണ്. ഇന്ന് ഏറ്റവും കൂടുതല്‍ പരസ്യങ്ങള്‍ ഉള്ളത് ഫേസ്ബുക്കിനും, ട്വിറ്ററിനുമാണ്. നിലവിലുള്ള പരസ്യദാതാക്കളെ ഉപയോഗിച്ച് കൂടുതല്‍ വരുമാനമുണ്ടാക്കാന്‍ അവര്‍ പുതിയ വഴികള്‍ ആലോചിക്കുകയാണ്. അതിന്റെ സമ്മര്‍ദ്ദം അനുഭവപ്പെടുക ഒരുപക്ഷേ ടെലിവിഷന്‍ രംഗത്താകും; കാരണം സോഷ്യല്‍ നെറ്റ്‌വര്‍ക്കുകള്‍ ഇനി നിക്ഷേപിക്കുന്നത് വീഡിയോയിലും അതിന്റെ വികസിത രൂപങ്ങളായ വിര്‍ച്വല്‍, ഓഗ്‌മെന്റ് റിയാലിറ്റിയിലായിരിക്കും.

ഫെയ്‌സ്ബുക്കിന്റെ പരസ്യവരുമാനം ഈ വര്‍ഷത്തിന്റെ രണ്ടാംപാദത്തില്‍ 63 ശതമനമാണ് കൂടിയത്. എങ്ങനെയാണ് പെട്ടെന്നുള്ള ഈ കുതിപ്പ് കാണുന്നവര്‍ ഒരിക്കലും ചിന്തിച്ചു കാണില്ല അവര്‍ പരസ്യകമ്പോളത്തില്‍ ഇത്ര സ്ഥിരത നേടുമെന്ന്. 2016 ലെ ബാക്കി മാസങ്ങളിലും 2017ലും ഈ വളര്‍ച്ച മന്ദഗതിയിലാകുമെന്നു ഫേസ്ബുക്കിന്റെ ചീഫ് ഫിനാന്‍ഷ്യല്‍ ഓഫിസര്‍ ഡേവിഡ് വെനര്‍ കഴിഞ്ഞയാഴ്ച മുന്നറിയിപ്പു നല്‍കി. ‘അടുത്ത 12 മാസങ്ങളില്‍ ഫേസ്ബുക്കിന്റെ പരസ്യവിഹിതം മിതമായി കൂടും. 2017 രണ്ടാം പകുതിയില്‍ അത് ആദായ വര്‍ദ്ധനവിനെ ബാധിക്കാത്ത വിധം അപ്രധാനമാകും,’വെനര്‍ പറഞ്ഞു. സാധാരണക്കാരുടെ ഭാഷയില്‍ പറഞ്ഞാല്‍ ഫേസ്ബുക്ക് പരമാവധി പരസ്യങ്ങളെ ഉള്‍ക്കൊള്ളുന്നതിനോടടുക്കുകയും വലിയ തോതിലുള്ള വളര്‍ച്ചയുടെ ഘട്ടം അവസാനിക്കുകയും ചെയ്യും.

പരസ്യങ്ങള്‍ക്കായി ആയാസപ്പെടുന്ന ട്വിറ്ററും ഈയാഴ്ചയിലെ ‘ഏണിങ്‌സ് കോളി’ല്‍ സമാന സന്ദേശമാണ് തന്നത്. ‘ഏറ്റവും അധികം പരസ്യത്തിനായി ചെലവഴിക്കുന്നവരെ ഞങ്ങള്‍ ആകര്‍ഷിച്ചു കഴിഞ്ഞിരിക്കുന്നതിനാല്‍ ഓരോ പരസ്യദാതാക്കളില്‍ നിന്നുമുള്ള ശരാശരി വരുമാനമാണ് ഇപ്പോള്‍ റവന്യൂ നിയന്ത്രിക്കുന്നത്. അതാണ് ഇപ്പോള്‍ വളര്‍ച്ചയെ നയിക്കുന്ന ഘടകം,’ ചീഫ് ഫിനാന്‍ഷ്യല്‍ ഓഫിസര്‍ ആന്തണി നോട്ടോ പറഞ്ഞു. ചുരുക്കി പറഞ്ഞാല്‍ എല്ലാ വമ്പന്‍ ക്ലയന്റുകളും രംഗത്തുണ്ട്; അവരില്‍ നിന്ന് കൂടുതല്‍ പരസ്യം ഈടാക്കുക എന്നതു മാത്രമാണ് ട്വിറ്ററിനു ചെയ്യാനുള്ളത്.

ഓണ്‍ലൈന്‍ പരസ്യമാര്‍ക്കറ്റിലെ നേതാവായ ഗൂഗിളിന്റെ പരസ്യ വരുമാനത്തില്‍ കുറവു വന്നിട്ടുണ്ട് 2014ല്‍ 19 ശതമാനവും 2015ല്‍ 12 ശതമാനവും വര്‍ദ്ധനവിന് ശേഷം 2016ലും 2017ലും ഏഴു ശതമാനത്തോളം വളര്‍ച്ച മാത്രമാണ് അവര്‍ പ്രതീക്ഷിക്കുന്നത്. മറ്റു മാര്‍ക്കറ്റ് മുമ്പന്‍മാര്‍ ഡെസ്‌ക്‌ടോപ് ഫോര്‍മാറ്റില്‍ നിന്ന് മൊബൈല്‍ ഫോര്‍മാറ്റിലേക്കു മാറുന്നതിനിടെ ആഗോള ഓണ്‍ലൈന്‍ പരസ്യകമ്പോളത്തിന്റെ 30 ശതമാനം കയ്യടക്കിയിരിക്കുന്ന ഗൂഗിളിന്റെ അറ്റാദായത്തില്‍ വലിയ മാറ്റമില്ല.

പ്രധാന കമ്പനികള്‍ നേരിടുന്ന ഈ മാന്ദ്യം വ്യവസായത്തെ മൊത്തമായി ബാധിച്ചെന്നു പറയാനാകില്ല. അടുത്തിടെ മാത്രം വരുമാനമുണ്ടാക്കി തുടങ്ങിയ മെസ്സഞ്ചര്‍ ആപ്ലിക്കേഷനുകളുടെ കാര്യമാണ് ഇനി അറിയാനുള്ളത്: ഇപ്പോഴും വലിയ തോതില്‍ പരസ്യവാഹകരായിട്ടില്ല അവ. പക്ഷേ ഫേസ്ബുക്കും സ്‌നാപ്പ്ചാറ്റും അതിനായുള്ള ആഡ് ഫോര്‍മാറ്റുകള്‍ വികസിപ്പിക്കുകയാണ്. പുതിയ കാലത്തെ ഡിജിറ്റല്‍ പരസ്യങ്ങള്‍ ഉള്‍ക്കൊള്ളുന്ന പ്ലാറ്റ്‌ഫോമുകള്‍ ഒക്കെത്തന്നെ അതിവേഗം നിറഞ്ഞു കൊണ്ടിരിക്കുകയാണ്. ഇതില്‍ കൂടുതല്‍ പരസ്യമായാല്‍ ഉപഭോക്താക്കളെ അവ ചൊടിപ്പിക്കും; അവര്‍ ഉപയോഗം അവസാനിപ്പിക്കും എന്ന അവസ്ഥ. അങ്ങനെ ഒരു സ്ഥിതി ഒഴിവാക്കാന്‍ സോഷ്യല്‍ നെറ്റ്‌വര്‍ക്കുകള്‍ എപ്പോഴും ശ്രദ്ധിക്കും.

ഉള്ള ക്ലയന്റുകളില്‍ നിന്ന് കൂടുതല്‍ വരുമാനമുണ്ടാക്കണമെങ്കില്‍ അവര്‍ക്ക് ചെലവു കൂടിയ ഫോര്‍മാറ്റുകള്‍ നല്‍കണം. ഫേസ്ബുക്ക് വലിയ തോതില്‍ വീഡിയോയില്‍ മുതല്‍ മുടക്കുകയാണ്. ചീഫ് ഓപ്പറേറ്റിങ്ങ് ഓഫീസര്‍ ഷെറില്‍ സാന്‍ഡ്‌ബെര്‍ഗ് ഏണിങ്‌സ് കോളില്‍ പറഞ്ഞത് ചെറു വീഡിയോകളിലാണ് ഫേസ്ബുക്കിന്റെ ശ്രദ്ധയെങ്കിലും റിയോയില്‍ നിന്ന് ചില ഒളിമ്പിക് ബാസ്‌കറ്റ് ബോള്‍ മത്സരങ്ങള്‍ സ്ട്രീം ചെയ്യാന്‍ നാഷണല്‍ ബാസ്‌കറ്റ്‌ബോള്‍ അസോസിയേഷനുമായി സഹകരിക്കുന്നുണ്ട് എന്നാണ്. ‘വീഡിയോ ആദ്യം എന്ന വലിയ ആശയത്തെക്കുറിച്ചാണ് നമ്മള്‍ സംസാരിക്കുന്നത്,’ ഫേസ്ബുക്ക് സ്ഥാപകനായ മാര്‍ക്ക് സുക്കര്‍ബെര്‍ഗ് പറഞ്ഞു. ‘ഓഗ്‌മെന്റഡ് റിയാലിറ്റി’ സോഷ്യല്‍ നെറ്റ്‌വര്‍ക്കില്‍ ആളുകള്‍ കാണുന്ന വീഡിയോ കണ്ടന്റിന്റെ ഭാഗമാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ട്വിറ്ററിന് നാഷണല്‍ ഫുട്‌ബോള്‍ ലീഗുമായി ലൈവ് സ്ട്രീമിങ് കരാറുണ്ട്. ‘ഞങ്ങള്‍ വീഡിയോ കേന്ദ്രീകൃത പ്ലാറ്റ്‌ഫോം ആയിരിക്കുന്നു,’ കമ്പനിയുടെ ചീഫ് ഓപ്പറേറ്റിങ്ങ് ഓഫീസര്‍ ആഡം ബെയ്ന്‍ കഴിഞ്ഞ ഏണിങ്‌സ് കോളില്‍ പറഞ്ഞു.

ഗൂഗിളിനു യൂട്യൂബിലെ വീഡിയോ പരസ്യങ്ങള്‍ അതിവേഗം വളരുന്ന വരുമാന മാര്‍ഗ്ഗമാണ്. നേരത്തെ നടന്ന AOL ഡീല്‍ പോലെ തന്നെ വെറൈസണ്‍ യാഹൂ ഏറ്റെടുത്തതും പ്രധാനമായും വീഡിയോ പരസ്യങ്ങള്‍ക്കു വേണ്ടിയാണ്.

ഡിജിറ്റല്‍ മാര്‍ക്കറ്റിനു മൊത്തം ഉള്ളതിനേക്കാള്‍ ശോഭനമായ ഭാവിയാണ് ഡിജിറ്റല്‍ വീഡിയോ മാര്‍ക്കറ്റിന് പ്രവചിക്കപ്പെട്ടിട്ടുള്ളത്. 2018 വരെ പ്രതിവര്‍ഷം 20% വളര്‍ന്ന് ആ കൊല്ലം 30.3 ബില്ല്യണ്‍ ഡോളര്‍ വരുമാനമാകുമെന്ന് സെനിത് ഒപ്റ്റിമീഡിയ പ്രതീക്ഷിക്കുന്നു. മാഗ്‌ന ഗ്ലോബല്‍ വര്‍ഷംതോറും 30% ആണ് വളര്‍ച്ച കണക്കുകൂട്ടുന്നത്. 2020 വരെ പ്രതിവര്‍ഷം 11% വളര്‍ന്നു ഡിജിറ്റല്‍ പരസ്യ വ്യവസായത്തെ മുന്നോട്ടു കൊണ്ടു പോകുന്ന എഞ്ചിനായിട്ടാണ് ഡിജിറ്റല്‍ വീഡിയോ രംഗത്തെ പ്രൈസ്വാട്ടര്‍ ഹൗസ് കൂപ്പേഴ്‌സ് കാണുന്നത്.

അവരുടെ നോട്ടത്തില്‍ ഈ കൊല്ലം ഓണ്‍ലൈന്‍ പരസ്യങ്ങള്‍ വരുമാനത്തിന്റെ കാര്യത്തില്‍ ടിവി പരസ്യങ്ങളെ കവച്ചു വയ്ക്കും.

‘ടിവി വ്യവസായത്തിന്റെ വരുമാനവും വളര്‍ന്നു കൊണ്ടിരിക്കും എന്നാണ് പ്രതീക്ഷയെങ്കിലും അത് താത്കാലികമാകാം. സോഷ്യല്‍ നെറ്റ്‌വര്‍ക്കുകള്‍ വീഡിയോ കേന്ദ്രീകൃതമാകുകയും സ്‌പോര്‍ട്ട്‌സ്, മറ്റു ഷോകള്‍ എന്നിവയുടെ സ്ട്രീമിങ് തുടങ്ങുകയും ചെയ്താല്‍ ടിവിയുടെ കാര്യം അച്ചടി മാദ്ധ്യമങ്ങളുടേത് പോലെയാകും: ഒന്നുകില്‍ സോഷ്യല്‍ നെറ്റ്‌വര്‍ക്കുകളുടെ പ്രധാനഡിസ്ട്രിബ്യൂഷന്‍ ചാനലാകും; അല്ലെങ്കില്‍ സബ്‌സ്‌ക്രിപ്ഷന്‍ വരുമാനം കൊണ്ടും പരസ്യദാതാക്കളുടെ കയ്യില്‍ നിന്നുള്ള പൊട്ടുംപൊടിയും കൊണ്ടും അതിജീവിക്കാന്‍ ബുദ്ധിമുട്ടും.’ 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍