UPDATES

സോഷ്യൽ വയർ

ഒന്നാം സമ്മാനം നൂറ് രൂപ, മുന്നൂറാം സമ്മാനം ഒരു പവന്‍ മോതിരം: ഇതൊരു ലോട്ടറി സമ്മാനത്തിന്റെ കഥ

നറുക്കൊന്നിന് (ടിക്കറ്റൊന്നിന്) രണ്ട് അണയായിരുന്നു അന്നത്തെ വില.

രസകരമായ ഒരു ലോട്ടറി ടിക്കറ്റാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്. ഈ ടിക്കറ്റ് പ്രകാരം ഒന്നാം സമ്മാനം 100 രൂപയും മുന്നൂറാം സമ്മാനം ഒരു പവനുമാണ്. വാട്‌സ്ആപ്പ് വഴിയാണ് 86 വര്‍ഷം പഴക്കമുള്ള ഈ ലോട്ടറി ടിക്കറ്റ് പ്രചരിക്കുന്നത്.

സ്വകാര്യ ലോട്ടറിയായ പരമാനന്ദഭാഗ്യഷോടതിയുടെ ടിക്കറ്റാണ് ഇത്. ലോട്ടറിയുടെ മലയാളം വാക്കാണ് ഷോടതി. നറുക്കൊന്നിന് (ടിക്കറ്റൊന്നിന്) രണ്ട് അണയായിരുന്നു അന്നത്തെ വില. ആകെ മുന്നൂറ് സമ്മാനങ്ങളും. ഒന്നാം സമ്മാനം 100 രൂപയും രണ്ടാം സമ്മാനം ഏകദേശം 75 രൂപ വിലയുള്ള ക്ലോക്കുമാണ്. മൂന്നാം സമ്മാനമായി അമ്പത് രൂപ വിലയുള്ള സൈക്കിളും നാലാം സമ്മാനമായി പശുവും കുട്ടിയും നല്‍കുന്നു. അഞ്ചാം സമ്മാനം പ്ലാവില്‍ തീര്‍ത്ത ഒരു വട്ടമേശയാണ്. ആറ് മുതല്‍ പത്ത് വരെ സമ്മാനമായി ലേഡീസ് കുടകളും 11 മുതല്‍ 15 വരെ സമ്മാനമായി സ്വദേശി ചോല ഒന്ന് വീതവുമാണ് പ്രഖ്യാപിച്ചിരിക്കുന്നത്. 16 മുതല്‍ 24 വരെ സ്ഥാനക്കാര്‍ക്ക് രണ്ടേമുക്കാല്‍ ദോത്തി കുത്താണ് സമ്മാനം. ഇരുപത്തിയഞ്ചാം സമ്മാനമായി ഏഴര രൂപ വിലയുള്ള മേശയാണ് പ്രഖ്യാപിച്ചിരുന്നത്. 26 മുതല്‍ 50 വരെ സ്ഥാനക്കാര്‍ക്ക് തോര്‍ത്ത് കുത്ത് അരയും 51 മുതല്‍ 100 വരെ സ്ഥാനക്കാര്‍ക്ക് മൂന്ന് വാര സ്വദേശി ഷര്‍ട്ടിന്റെ തുണിയും പ്രഖ്യാപിച്ചിരിക്കുന്നു. 101 മുതല്‍ 150 വരെയുള്ള സമ്മാനമായി മുപ്പത് ഇഞ്ചിന്റെ ഓരോ ബനിയനുകളാണ് പ്രഖ്യാപനം. 201 മുതല്‍ 250 വരെ സമ്മാനങ്ങളായി സ്വദേശി ബ്ലൗസ് തുണി ഓരോന്ന് വീതവും 251 മുതല്‍ 299 വരെ സ്ഥാനക്കാര്‍ക്കായി ഓരോ സോഡാ ഗ്ലാസും പ്രഖ്യാപിച്ചിരിക്കുന്നു. ഇതിനെല്ലാം ഒടുവിലാണ് 300-ാം സമ്മാനമായി ഒരു പവന്‍ മോതിരം പ്രഖ്യാപിച്ചിരിക്കുന്നത്.

1933 ഫെബ്രുവരി 19 ഞായറാഴ്ച വേങ്ങേരി സ്‌കൂളിന് സമീപത്ത് വച്ച് ലോട്ടറി എടുക്കുമെന്നാണ് അറിയിപ്പ്. സമ്മാനാര്‍ഹര്‍ക്ക് അപ്പോള്‍ തന്നെയോ ഏജന്റുമാര്‍ മുഖേനയോ സമ്മാനം കൈപ്പറ്റാമെന്നും ലോട്ടറിയില്‍ പറയുന്നു. 1930 മുതല്‍ 1935 വരെയുള്ള കാലഘട്ടത്തില്‍ കേരളത്തില്‍ സ്വര്‍ണവില പവന് 13.57 രൂപയ്ക്കും 22.65 രൂപയ്ക്കും ഇടയിലായിരുന്നു വില. അതിനാലാണ് മുന്നൂറാം സമ്മാനമായി ഒരു പവന്‍ മോതിരം പ്രഖ്യാപിക്കുന്നത്. മാത്രമല്ല, അക്കാലത്ത് സ്വര്‍ണാഭരണങ്ങള്‍ക്കും ആവശ്യക്കാര്‍ അധികമുണ്ടായിരുന്നില്ല. അതിനാലാണ് മറ്റ് സമ്മാനങ്ങളേക്കാള്‍ വിലപിടിപ്പുള്ള സ്വര്‍ണ മോതിരം മുന്നൂറാം സമ്മാനമായി മാറിയത്.

also read:ഒരേസമയം മൂന്ന് സര്‍ക്കാര്‍ ജോലികള്‍; മുപ്പത് വര്‍ഷത്തെ തട്ടിപ്പ് പുറത്തായപ്പോള്‍ മുങ്ങി

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍