UPDATES

സോഷ്യൽ വയർ

നാല്‍പ്പത് രൂപ നിലത്തിട്ട് തട്ടിയെടുത്തത് നാല് ലക്ഷം: രാജ്യത്തെ ഞെട്ടിച്ച് വീഡിയോ

പട്ടാപ്പകല്‍ തലസ്ഥാനമായ ഡല്‍ഹിയില്‍ നടന്ന ഒരു കൊള്ളയുടെ വീഡിയോ പുറത്തുവന്നതോടെ രാജ്യം ഞെട്ടിയിരിക്കുകയാണ്. നാല്‍പ്പത് രൂപ നിലത്തിട്ട് കാറില്‍ നിന്നും നാല് ലക്ഷം രൂപയാണ് ഇന്ന് തട്ടിയെടുത്തത്. വാഹനങ്ങള്‍ കേന്ദ്രീകരിച്ച മോഷണം നടത്തുന്ന തക് തക് എന്ന സംഘമാണ് ഇതിന് പിന്നിലെന്ന് ഡല്‍ഹി പോലീസ് പറയുന്നു.

ഡ്രൈവറുടെ ശ്രദ്ധ തിരിച്ചതിന് ശേഷം വാഹനത്തിനുള്ളിലെ വിലയുള്ള വസ്തുക്കള്‍ മോഷ്ടിക്കുന്നതാണ് ഇവരുടെ രീതി. ട്രാഫിക് സിഗ്നലുകളില്‍ കാറുകളുടെ ചില്ലില്‍ തട്ടിയാണ് ഇവര്‍ ശ്രദ്ധ തിരിക്കുന്നത്. അതിന് ശേഷം വാഹനത്തില്‍ നിന്നും വിലയേറിയ വസ്തുക്കള്‍ മോഷ്ടിക്കുകയും ചെയ്യും.

ഡല്‍ഹിയിലെ സൗത്ത് എക്‌സ്റ്റന്‍ഷന്‍ മാര്‍ക്കറ്റിലാണ് സംഭവം. കാണ്‍പൂരില്‍ നിന്നെത്തിയ കുടുംബത്തിന്റെ നാല് ലക്ഷം രൂപയാണ് നഷ്ടമായത്. ആഭരണങ്ങള്‍ വാങ്ങാനെത്തിയ കുടുംബം പണം കാറില്‍ വച്ച് ഷോപ്പിംഗിന് പോയതാണ്. കാറില്‍ ഡ്രൈവര്‍ മാത്രമായിരുന്നു ഉണ്ടായിരുന്നത്. നാല്‍പ്പത് രൂപയുടെ നോട്ടുകള്‍ വാഹനത്തിന് മുന്നില്‍ വിതറി ഇയാളുടെ ശ്രദ്ധതിരിക്കുകയാണ് മോഷ്ടാക്കള്‍ ചെയ്തത്. ഈ പണമെടുക്കാന്‍ ഡ്രൈവര്‍ കാറില്‍ നിന്നിറങ്ങിയതും ഡിക്കി തുറന്ന് ബാഗുമായി മോഷ്ടാക്കള്‍ കടന്നു.

മൂന്ന് പേരടങ്ങുന്ന സംഘം വളരെ ആസൂത്രിതമായാണ് കൃത്യം നിര്‍വഹിച്ചതെന്ന് ദൃശ്യങ്ങളില്‍ വ്യക്തമാണ്. ഇതിന് മുമ്പും ഇവര്‍ ഇതേ തരത്തില്‍ മോഷണം നടത്തിയിട്ടുണ്ട്. മോഷ്ടിക്കാനുള്ള വാഹനം നിശ്ചയിച്ചു കഴിഞ്ഞാല്‍ ഏറെ നേരം പിന്തുടര്‍ന്ന ശേഷമായിരിക്കും മോഷണം നടത്തുക. സമീപത്തെ കെട്ടിടത്തിലെ സിസിടിവിയില്‍ പതിഞ്ഞ മോഷണ ദൃശ്യങ്ങള്‍ ഇപ്പോള്‍ വൈറലായിരിക്കുകയാണ്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍