UPDATES

ബ്ലോഗ്

അധ്യാപകരേ, കുട്ടികളുടെ പേഴ്സണൽ കാര്യങ്ങൾ നുള്ളിപ്പെറുക്കി ചോദിക്കുംമുമ്പ് ഇതുകൂടി കേള്‍ക്കുക; ഒരധ്യാപികയുടെ കുറിപ്പ്

പേരൊഴികെ ബാക്കി പേഴ്സണൽ കാര്യങ്ങൾ കുട്ടികളോട് ചോദിക്കാൻ ഉണ്ടെങ്കിൽ ദയവ് ചെയ്ത് അവരെ ഒറ്റക്ക് കാണുമ്പോൾ ചോദിക്കുക.

സ്കൂളൊക്കെ തുറക്കാൻ പോവുകയാണല്ലോ, അപ്പോ അധ്യാപകരോടായി കുറച്ച് കാര്യം പറയാം എന്ന് വിചാരിച്ചു.

എല്ലാ വർഷവും സ്കൂൾ തുറക്കുമ്പോഴും, പുതിയ ഏതെങ്കിലും ടീച്ചർ വരുമ്പോഴും മുറതെറ്റാതെ പാലിച്ച് പോരുന്ന ഒരു ആചാര അനുഷ്ടാനമാണ് സ്വയം പരിചയപ്പെടുത്തുക, കുട്ടികളെ പരിചയപ്പെടുക എന്നത്.

അധ്യാപകരുടെ സ്വയം പരിചയപ്പെടുത്തൽ പേരിലും നാടിലും ഒതുങ്ങുമ്പോൾ മുന്നിലിരിക്കുന്ന പത്ത്-നാൽപത് കുട്ടികൾ പേര്, വീട്, അച്ഛന്റെ പേര്, അച്ഛന്റെ ജോലി എന്നിങ്ങനെ അനേകം ലിസ്റ്റ് അധ്യാപകരുടെ മുന്നിൽ നിരത്തണം.

ഒരു കുട്ടിയുടെ ഇഷ്ടമില്ലാതെ അവന്റെ പേഴ്സണൽ കാര്യങ്ങൾ ക്ലാസ്മുറി മൊത്തം പബ്ലിഷ് ചെയ്യുക, അത്തരം ഒരു കുറ്റം ചെയ്യുന്ന ഒരു അധ്യാപകനാണോ നിങ്ങൾ?

സ്വയം ഒന്ന് ചിന്തിച്ചുനോക്കൂ…

പരിചയപ്പെടൽ എന്നപേരിൽ ഉറക്കെ അവനെകൊണ്ട് അവന്റെ ജീവിതസാഹചര്യം പറയിപ്പിക്കേണ്ട യാതൊരു ആവശ്യവും ഇല്ലാ…

നിങ്ങൾ എത്തരം അധ്യാപകൻ ആണെങ്കിലും അല്ലെങ്കിലും ഒന്നാം ക്ലാസുമുതൽ പന്ത്രണ്ടാം ക്ലാസ്സുവരെ സ്വയം താൽപര്യമില്ലാതെ, ക്ലാസ്സിന്റെ മുഴുവൻ മുന്നിൽ അധ്യാപകരുടെ പേഴ്സണൽ ചോദ്യങ്ങൾക്ക് ഇഷ്ടമില്ലാതെ ഉത്തരം പറഞ്ഞവളാണീ ഞാൻ.

എന്റെ അച്ഛൻ ഒരു വിവാഹതട്ടിപ്പ് വീരൻ ആയിരുന്നു.

അയാൾ ഒരുപാട് കല്ല്യാണം കഴിക്കുകയും ആ കല്ല്യാണങ്ങളിൽ ഒക്കെ ഒരുപാട് കുട്ടികളും ഉണ്ട്.
കല്ല്യാണശേഷം ഒരുവർഷത്തിന് ഇപ്പുറമാണ് എന്റെ അമ്മക്ക് ചതി പറ്റിയത് എന്ന് മനസ്സിലായത്.
അതായത് ഞാനുണ്ടായി പത്തോ ഇരുപതോ ദിവസം കഴിഞ്ഞപ്പോൾ.

താൻ വഞ്ചിക്കപ്പെട്ടു എന്ന് മനസ്സിലാക്കിയ അമ്മ അയാൾക്കെതിരെ കേസ് കൊടുത്തു അയാളെ മെല്ലെ ജീവിതത്തിൽ നിന്നും ഒഴിവാക്കി.

അതായത് എനിക്ക് കേവലം നാൽപ്പത്തൊന്ന് ദിവസം പ്രായമുളളപ്പോൾ ‘ഒറ്റക്ക് ജീവിക്കുക’ എന്ന ധീരമായ തീരുമാനം അമ്മ കൈകൊണ്ടു.

അതുകൊണ്ട് എന്റെ അച്ഛനാരാണെന്ന് എനിക്ക് അറിയില്ല… ഞാൻ കണ്ടിട്ടില്ല… ഫോട്ടോ പോലും ഞാൻ കണ്ടിട്ടില്ല.

എന്റെ മനസ്സിൽ അയാൾക്കുളള സ്ഥാനം അത്രയും പേപിടിച്ച പട്ടിയുടെ സ്ഥാനം മാത്രമാണ്. കാരണം എന്റെ അമ്മയെ അയാൾ ഒരുപാട് വേദനിപ്പിച്ചു.

(പക്ഷേ അമ്മ എപ്പോളും അമ്മ പറയാറുണ്ട്, നിനക്ക് ജന്മം തന്ന ആളാണ്, ഒരിക്കലും വെറുക്കരുത് എന്ന്, but I am never going to agree that statement)

എനിക്ക് ഈ ലോകത്തിൽ ഏറ്റവും വെറുപ്പ് ഉളളത് അയാളോടാണ്. കാരണം അയാൾ ഒരുപാട് പെൺകുട്ടികളുടെ ജീവിതങ്ങൾ തകർത്തു, അവരെ ഗർഭിണി ആക്കി കടന്നുകളഞ്ഞു.

എനിക്ക് കേൾക്കാൻ ഏറ്റവും ഇഷ്ടമില്ലാത്ത വാക്കാണ് ‘നിന്നെ കാണാൻ രവിനേ പോലെയാണ് ഇരിക്കുന്നത് ,നിന്റെ ചുണ്ട് അവന്റെ പോലെയാണ്, കളർ അതേപോലെയാണ്’ എന്നൊക്കെ…

ചിലപ്പോൾ വീട്ടിൽ കുശലംപറയാൻ വരുന്ന നാട്ടുകാർ ഇങ്ങനെ പറയുമ്പോൾ ഞാൻ കലിതുള്ളി അകത്തേക്ക് കയറി പോകാറുണ്ട്. bcz that much i hate him.

ഇത്രയും വെറുക്കുന്ന ഒരാളെ പറ്റി അധ്യാപകരായ അധ്യാപകർ മൊത്തം വന്ന് ‘പരിചയപ്പെടീൽ’ എന്ന രീതിയിൽ ചോദിക്കുന്ന ആ സന്ദർഭം ഒന്ന് ആലോചിച്ച് നോക്ക്യേ…

Also Read: ടിസി നല്‍കണമെങ്കില്‍ ഒരു ലക്ഷം രൂപ വേണമെന്ന വിചിത്രവാദവുമായി മലപ്പുറം ഗുഡ് ഷെപ്പേഡ് സ്‌കൂള്‍; ന്യായീകരിച്ച് ഡയറക്ടര്‍, നിസഹായരായി രക്ഷിതാക്കള്‍

ചെറിയ കുട്ടി ആയിരുന്നപ്പോൾ ഞാൻ കരുതിയിരുന്നത് അച്ഛൻ ഇല്ല എന്നത് കൊടിയ പാപവും നാണംകെട്ടതും ആയ കാര്യമാണ് എന്നാണ്. അതിനാൽ തന്നെ ഓരോ പിരീഡും പരിചയപ്പെടാനായി അധ്യാപകർ ഒരു സൈഡിൽ നിന്ന് കുട്ടികളെ എണീപ്പിക്കുമ്പോൾ തന്നെ ഹൃദയം പടാപടാ എന്ന് ഇടിക്കാൻ തുടങ്ങും, എന്റെ ഊഴം എങ്ങനെ പറഞ്ഞ് തീർക്കുമെന്ന് വ്യാകുലപ്പെടും.

“അമൽ
വീട്: നടുവിൽ
അച്ഛന്റെ പേര് സണ്ണി
അമ്മയുടെ പേര് ലിസി
അച്ഛന് കടയുണ്ട്
അമ്മക്ക് ജോലിയൊന്നും ഇല്ല”

ഇങ്ങനെ ഓരോ കുട്ടികളും എണീറ്റ് നിന്ന് പറഞ്ഞ് പറഞ്ഞ് വരുമ്പോൾ ഞാൻ ചുമ്മാ പ്രാർത്ഥിക്കും, “ദൈവമേ… എന്നേപോലെ അച്ഛനില്ലാത്ത ഏതേലും കുട്ടിയുണ്ടാവണേ കൂട്ടിന് എന്ന്”

പ്രാർത്ഥനയെല്ലാം വിഫലമാക്കികൊണ്ട് എന്റെ ഊഴമെത്തും

“പേര് ശ്രീലക്ഷ്മി
വീട് ഇരിട്ടി
അമ്മേടെ പേര് ഉഷ
അമ്മ അംഗൻവാടി ടീച്ചറാ” എന്ന് പറയുമ്പോളേക്കും ടീച്ചർ ചോദിക്കും “അച്ഛനോ?”

“അച്ഛനില്ല”
“അതെന്താ”
“ഉപേക്ഷിച്ച് പോയി”

ഇത്രേം കേൾക്കുമ്പോൾ ടീച്ചർമാർക്ക് സമാധാനം ആകും.

അവർ അടുത്ത കുട്ടിയെ പരിചയപ്പെടാനായി നീങ്ങും.

“എനിക്കച്ഛൻ ഇല്ലല്ലോ എന്നത് എന്റെ ക്ലാസ്സിലെ എല്ലാവരും കേട്ടല്ലോ…
ഞാൻ ഇനി മറ്റുളളവരുടെ മുഖത്ത് എങ്ങനെ നോക്കും?
അവരൊക്കെ എന്നെ സഹതാപ കണ്ണുകൾ കൊണ്ട് നോക്കില്ലേ…
എനിക്കത് ഇഷ്ടല്ല…
ഇവിടെ അച്ഛനില്ലാത്ത കുട്ടികൾക്ക് സ്വസ്ഥമായി ജീവിക്കണ്ടേ…
ഈ ക്ലാസ്സിലെ ഒരാൾക്കും എന്നേപോലെ അച്ഛനില്ലാതെ ഇല്ലല്ലോ…
ആരും എനിക്ക് ഒരു കൂട്ടില്ലല്ലോ…
ആർക്കെങ്കിലും അമ്മയെങ്കിലും ഇല്ലാതെ ഇരുന്നെങ്കിൽ എനിക്ക് ഒരു കൂട്ടായേനേ…” ഇങ്ങനെ ആലോചിച്ച് ആലോചിച്ച് സങ്കടപ്പെട്ട് ഇരുന്ന് ബെല്ലടിച്ച് കഴിഞ്ഞ് അടുത്ത പീരീഡ് ആകുമ്പോൾ വീണ്ടും അടുത്ത ടീച്ചർ വരും…

ഇതിങ്ങനെ പന്ത്രണ്ട് വർഷം തുടർന്നുകൊണ്ട് പോയി.

ചിലകൂട്ടുകാരോട് ഞാൻ ഈ വിഷമം പറഞ്ഞപ്പോൾ അവർ പറഞ്ഞത് “നീ എന്തിനാ ഈ സത്യം പറയാൻ പോകുന്നേ… അച്ഛൻ ഗൾഫിലാ എന്ന് നുണ പറഞ്ഞാൽ പോരേ” എന്ന്.
പക്ഷേ നുണ പറയാൻ എന്തോ പേടി ആയത് കൊണ്ട് പന്ത്രണ്ട് വർഷവും ഇഷ്ടമില്ലാത്ത സത്യം ക്ലാസ്മുറികളിൽ ഞാൻ ഇഷ്ടമില്ലാതെ ടീച്ചർമാരോട് പറഞ്ഞു.

ഡിഗ്രി എത്തിയപ്പോളാണ് ഈ ചോദ്യത്തിൽ നിന്ന് ഞാൻ രക്ഷനേടുന്നത്.

ഇപ്പോളെനിക്കറിയാം, അച്ഛനില്ലാത്തത് ഒരു തെറ്റല്ല, നാണിക്കേണ്ട ആവശ്യമില്ല എന്നത്. പക്ഷേ 5 വയസുമുതൽ 16-17 വയസ്സുവരെ തന്തയില്ലായ്മ ഒരു പാപം ആയിട്ടാണ് ഞാൻ കണ്ടത്.

എനിക്ക് പത്ത് മുപ്പത് പിള്ളേരുണ്ട്. ഇവരോട് പേരല്ലാതെ വീട്ടിലെ കാര്യമോ അച്ഛന്റെ കാര്യമോ അമ്മയുടെ കാര്യമോ ഞാൻ ചോദിക്കാറില്ല.

മറ്റു കുട്ടികളുടെ മുന്നിൽ വെച്ച് ആരും വിഷമിക്കരുത് എന്ന് ഞാൻ കരുതുന്നു.

എന്തെങ്കിലും പറയണമെങ്കിൽ അവർ ഇങ്ങോട്ട് വന്നു പറയും.
അത്രയും ഫ്രീഡം എന്റെയടുത്ത് അവർക്ക് ഉണ്ട്.
ഇനി പേഴ്സണൽ കാര്യങ്ങൾ ആണെങ്കിൽ ഒറ്റക്ക് അടുത്തുവരുന്ന സാഹചര്യങ്ങളിൽ ചോദിക്കും.

അഞ്ചാറ് മാസം മുന്നേ ക്ലാസ് എടുത്തോണ്ട് ഇരിക്കേ കുട്ടികളാരോ എന്നോട് “ടീച്ചറിന്റെ അച്ഛനെന്താ ചെയ്യുന്നേ..?” എന്ന് ചോദിച്ചു

അപ്പോ കൂൾ ആയി ഞാൻ പറഞ്ഞു, “പുള്ളിക്കാരൻ ഉടായിപ്പ് ആയിരുന്നടാ… നൈസ് ആയിട്ട് അമ്മ ഒഴിവാക്കി…” എന്നിട്ട് കഥേം കൂടി പറഞ്ഞു കൊടുത്തു.

രണ്ട് മൂന്ന് ദിവസം കഴിഞ്ഞ് ഞാനിങ്ങനെ വഴിയിലൂടെ നടന്നപ്പോൾ ഒരു വിളി കേട്ടു… “ടീച്ചർ… ഒന്ന് നിൽക്കുവോ… എനിക്ക് ഒരു കാര്യം പറയാൻ ഉണ്ട്” എന്ന്.

പ്ലസ് ടൂവിൽ പഠിക്കുന്ന അവൻ അപ്പോൾ എന്നോട് പറയുവാ, “ടീച്ചറിന്റെ അച്ഛനേപ്പോലെ എന്റെ അച്ഛനും ഉപേക്ഷിച്ച് പോയതാ… ഞങ്ങൾടെ അമ്മ കഷ്ടപ്പെട്ടാ ഞങ്ങളെ വളർത്തുന്നത്..
വേറേ ടീച്ചർമാരൊക്കെ ചോദിക്കുമ്പോ ഗൾഫിൽ ബിസിനസാണെന്ന് ഞാൻ പറയും… ഈ ലോകത്തിൽ ആദ്യമായിട്ട് ഈ രഹസ്യം ഞാൻ ടീച്ചറിനോടാ പറയുന്നേ… ടീച്ചറിന് എന്റെ വെഷമം മനസ്സിലാകും എന്ന് എനിക്ക് അറിയാം… ആരോടും പറയല്ലേ ടീച്ചർ”എന്ന്…

ഇപ്പോ എനിക്കും ഒരു കൂട്ടായല്ലോ എന്നൊരു ആശ്വാസം തോന്നാത്ത വിധം ഞാനെത്രയോ മാറിപ്പോയി!

അപ്പോ പ്രിയപ്പെട്ട അധ്യാപകരേ… പേരൊഴികെ ബാക്കി പേഴ്സണൽ കാര്യങ്ങൾ കുട്ടികളോട് ചോദിക്കാൻ ഉണ്ടെങ്കിൽ ദയവ് ചെയ്ത് അവരെ ഒറ്റക്ക് കാണുമ്പോൾ ചോദിക്കുക.

പേഴ്സണൽ കാര്യങ്ങൾ പൊതു ഇടത്തിൽ പറയാൻ ഇഷ്ടമില്ലാത്ത കുഞ്ഞുങ്ങൾ കാണും.
Dont break their heart.

കുട്ടികൾ വെറും കുട്ടികൾ അല്ല, അവരും വ്യക്തികളാണ്.

(ശ്രീലക്ഷ്മി ഫേസ്ബുക്കില്‍ എഴുതിയത്)

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

Also Read: വഴികാട്ടുന്ന കേരളം; രാജ്യത്തിന് മുഴുവന്‍ മാതൃകയാക്കാവുന്ന ‘റോഷ്നി’ വിദ്യാഭ്യാസ പദ്ധതി രൂപമെടുത്തത് ബിനാനിപുരം ഗവ. ഹൈസ്‌കൂളിലാണ്

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍