UPDATES

സോഷ്യൽ വയർ

ഞാൻ ഇടതാണ്, സഖാവാണ്, കമ്യൂണിസ്റ്റാണ്; ഗതികേടോടെ ലാൽസലാം

എന്റെ പൈങ്കിളി എഴുത്തും വരയും കൊണ്ട് വരും നാളുകളിൽ നിങ്ങൾക്കത് ‘പിന്നെയും’ ബോധ്യം വരുന്ന സാഹചര്യം ഉണ്ടാവുമെന്ന് പ്രത്യാശിക്കുന്നു.

കൊലപാതക രാഷ്ട്രീയത്തെ വിമർശിച്ചതോടെ തന്റെ രാഷ്ട്രീയം ചോദ്യം ചെയ്തവരെ വിമർശിച്ച് പ്രമുഖ സോഷ്യൽ മീഡിയ ചിത്രകാരൻ നിപിൻ നാരായണൻ. താൻ കൊലയാളികളെയാണ് വിമർശിച്ചതെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. തന്റെ ചിത്രങ്ങളിൽ കൊല്ലപ്പെട്ടവരോടുള്ള വികാരമാണ് പ്രകടിപ്പിച്ചത്. ഇടതും വലതുമായി കൊല്ലപ്പെട്ട സകല രക്തസാക്ഷികളോടുമുള്ളത്. അതും ആ കൊല്ലപ്പെട്ട രണ്ടുപേരോടു മാത്രമുള്ളതല്ലെന്നും അദ്ദേഹം തന്റെ ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നു.

കാസർക്കോട്ടെ ഇരട്ടക്കൊലപാതകത്തിന്റെ പശ്ചാത്തലത്തിലായിരുന്നു നിപിൻ രാഷ്ട്രീയ കൊലപാതകങ്ങളെ വിമർശിച്ച് തന്റെ ഫേസ്ബുക്ക് അക്കൗണ്ടിൽ പോസ്റ്റിട്ടത്. എന്നാൽ ഇത്തരം പ്രതികരണങ്ങൾ പൈങ്കിളിയാണെന്നും ഇടത് വിരുദ്ധവുമാണെന്നായിരുന്നു ഉയർന്ന പ്രധാന വിമർശനം. എന്നാൽ കഴിഞ്ഞ ദിവസത്തെ ഏത് പോസ്റ്റിലാണ് പേരെടുത്തുപറഞ്ഞ് ഇടതുവിമർശനം എന്ന് കാണിച്ചുതരാൻ വിമർശിക്കുന്നവർ തയ്യാറാവണം. ഇടതിനെയും, സഖാക്കളെയും സ്നേഹിക്കുന്നൊരാളെന്ന നിലയിൽ അകമേനിന്ന് വരുന്ന രോഷമാണ് താൻ പ്രടിപ്പിച്ചതെന്നും നിപിൻ നാരായണന്‍ പറയുന്നു.

കുറിപ്പിന്റെ പൂർണരൂപം

ഞാൻ ഇടതാണ്, സഖാവാണ്, കമ്യൂണിസ്റ്റാണ്;

അതാണെന്റെ രാഷ്ട്രീയം. നെഞ്ചിന്റെ സ്ഥാനത്ത് കല്ലൊന്നുമല്ല, തോന്നുന്നതൊക്കെ എഴുതിയും വരച്ചും തന്നെയാണ് ശീലം. കഴിഞ്ഞ ദിവസങ്ങളിലെ പോസ്റ്റുകളെ ചൊല്ലി ഇപ്പോൾ എന്റെ രാഷ്ട്രീയം ചോദ്യം ചെയ്യപ്പെടുന്ന അവസ്ഥയിൽ പറഞ്ഞുപോവുന്നതാണ്. പൈങ്കിളിയെന്ന് ആ എഴുത്തുകളെ വിളിച്ചു പുച്ഛിച്ചുതള്ളുന്ന സഖാക്കളേ, ഇതിലുമധികം പൈങ്കിളിപ്പോസ്റ്റുകൾ എന്റെ പ്രൊഫൈലിൽ കാണാം, ഒന്നു താഴേക്ക് താഴേക്ക് സ്ക്രോൾ ചെയ്‌ത് നോക്കിയാൽ മതി. കഴിഞ്ഞ ദിവസത്തെ ഏത് പോസ്റ്റിലാണ് പേരെടുത്തുപറഞ്ഞ് ഇടതുവിമർശനം എന്നൊന്ന് കാണിച്ചുതരിക. കൊലയാളികളെയാണ് വിമർശിച്ചത്, കൊല്ലപ്പെട്ടവരോടുള്ള വികാരമാണ് പ്രകടിപ്പിച്ചത്. അതും ആ കൊല്ലപ്പെട്ട രണ്ടുപേരോടു മാത്രമുള്ളതല്ല. ഇടതും വലതുമായി കൊല്ലപ്പെട്ട സകല രക്തസാക്ഷികളോടുമുള്ളത്. അഭിമന്യു കൊല്ലപ്പെടുമ്പോഴുള്ള വേദന തന്നെ, അവന്റെ മാതാപിതാക്കൾ കരയുമ്പോൾ തോന്നുന്ന വേദന തന്നെ വേറൊരാൾക്ക് സംഭവിക്കുമ്പഴും തോന്നുന്നു. ഇതൊന്നും നിക്ഷ്പക്ഷതയല്ല, കൃത്യമായ രാഷ്ട്രീയമാണെന്ന് ചൂണ്ടിയവരോട്. ഇതന്റെ രാഷ്ട്രീയം തന്നെയാണ്, പക്ഷം ചേർന്നുള്ള പാർട്ടിരാഷ്ട്രീയമല്ല പക്ഷെ!
ഇടതിനെയും, സഖാക്കളെയും സ്നേഹിക്കുന്നൊരാളെന്ന നിലയിൽ അകമേനിന്ന് വരുന്ന രോഷമാണ്. ഇടതല്ലാതെ കേരളത്തെ മുന്നോട്ട് കൊണ്ടുപോവാൻ, നയിക്കാൻ വേറൊരു കക്ഷിയുമില്ലെന്ന വിശ്വാസവും ബോധ്യവും തന്നെയാണുള്ളത്. എന്റെ പൈങ്കിളി എഴുത്തും വരയും കൊണ്ട് വരും നാളുകളിൽ നിങ്ങൾക്കത് ‘പിന്നെയും’ ബോധ്യം വരുന്ന സാഹചര്യം ഉണ്ടാവുമെന്ന് പ്രത്യാശിക്കുന്നു.
ഇതൊക്കെ പറഞ്ഞുബോധ്യപ്പെടുത്തേണ്ടി വരുന്നതിന്റെ ഗതികേടോടെ,
ലാൽസലാം.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍