UPDATES

സോഷ്യൽ വയർ

മുണ്ട് പൊക്കി നോക്കി മതം പരിശോധിക്കും എന്ന് ആക്ഷേപിക്കുന്നവര്‍ക്ക് ഈ മണ്ണില്‍ സ്ഥാനമില്ലെന്ന് തെളിയിക്കാന്‍ നിങ്ങളുടെ വോട്ട് ബുദ്ധിപൂര്‍വം വിനിയോഗിക്കുക

തിരുവനന്തപുരത്തെയും പത്തനംതിട്ടയിലെയും വോട്ടര്‍മാര്‍ ബുദ്ധിപൂര്‍വം വോട്ട് ചെയ്യേണ്ടതിന്റെ ആവശ്യകതയാണ് അഭിപ്രായ സര്‍വേകളില്‍ തെളിയുന്നത്‌

ഏപ്രില്‍ 23-നു ഈ രാജ്യം ഉറ്റുനോക്കുന്ന ഏറ്റവും സുപ്രധാനമായ തിരഞ്ഞെടുപ്പാണ്. തിരുവനന്തപുരത്തേയും പത്തനംതിട്ടയിലേയും പ്രബുദ്ധരായ വോട്ടര്‍മാര്‍ വളരെ ആലോചിച്ചും ബുദ്ധിപൂര്‍വ്വവും വോട്ടു ചെയ്യേണ്ടതിന്റെ ആവശ്യകതയാണ് ഈ ഇലക്ഷന്‍ സര്‍വ്വേകള്‍ ചൂണ്ടിക്കാട്ടുന്നതെന്നു പ്രശസ്ത നോവലിസ്റ്റ്‌ ബെന്ന്യാമിന്‍. ഭൂരിപക്ഷം വരുന്ന മോദിവിരുദ്ധ വോട്ടുകള്‍ ഭിന്നിക്കുന്നതിലൂടെ വര്‍ഗ്ഗീയ ശക്തികള്‍ വിജയത്തിലേക്ക് നീങ്ങാന്‍ ഒരുകാരണവശാലും അവസരമൊരുക്കരുതെന്ന ആഹ്വാനവുമായി തന്റെ ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് അദ്ദേഹം രംഗത്തെത്തിയത്.

താത്കാലിക ഭിന്നതകള്‍ മാറ്റിവെച്ചു ജനാധിപത്യ മതേതര വിശ്വാസികള്‍ ഒന്നിച്ച് നില്‌ക്കേണ്ട അവസരമാണിതെന്നും രണ്ടിടത്തും ഇടതുപക്ഷം ബുദ്ധിപൂര്‍വ്വം പ്രവര്‍ത്തിക്കേണ്ടിയിരിക്കുന്നെന്നും പോസ്റ്റലില്‍ പറയുന്നു.

പോസ്റ്റ് പൂര്‍ണ്ണ രൂപത്തില്‍,

’23നു രാജ്യത്തെ ഏറ്റവും സുപ്രധാനമായ തിരഞ്ഞെടുപ്പ് വരുന്നു. തിരുവനന്തപുരത്തെയും പത്തനം‌തിട്ടയിലെയും പ്രബുദ്ധരായ വോട്ടറന്മാർ വളരെ ആലോചിച്ചും ബുദ്ധിപൂർവ്വവും വോട്ട് ചെയ്യേണ്ടുന്നതിന്റെ ആവശ്യകതയാണ് ചില ഇലക്ഷൻ സർവ്വേകൾ ചൂണ്ടിക്കാണിക്കുന്നത്. ഭൂരിപക്ഷം വരുന്ന മോദിവിരുദ്ധ വോട്ടുകൾ ഭിന്നിക്കുന്നതിലൂടെ വർഗ്ഗീയ ശക്തികൾ വിജയത്തിലേക്ക് നീങ്ങുവാൻ യാതൊരു കാരണവശാലും അവസരമൊരുക്കരുത്. മുഖ്യശത്രു വർഗ്ഗീയ കക്ഷിയാണെന്ന ബോധ്യത്തിൽ തന്നെ വേണം ജനാധിപത്യത്തിലും രാജ്യത്തിന്റെ അഖണ്ഡതയിലും മത സ്വാതന്ത്ര്യത്തിലും അഭിപ്രായസ്വാതന്ത്ര്യത്തിലും വിശ്വസിക്കുന്ന ഓരോരുത്തരും വോട്ടുകൾ രേഖപ്പെടുത്തുവാൻ. താത്ക്കാലികമായ ഭിന്നതകൾ മാറ്റിവച്ച് ജനാധിപത്യമതേതര വിശ്വാസികൾ ഒന്നിച്ച് നില്ക്കേണ്ട അവസരമാണിത്. രണ്ടിടത്തും ഇടതുപക്ഷം ബുദ്ധിപൂർവ്വം പ്രവർത്തിക്കേണ്ടിയിരിക്കുന്നു.

നോട്ട് നിരോധനംകൊണ്ട് നമ്മെ ബുദ്ധിമുട്ടിച്ചവർക്ക്, പ്രളയകാലത്ത് നമ്മെ തിരിഞ്ഞു നോക്കാത്തവർക്ക്, നമുക്ക് കിട്ടാനുള്ള സഹായങ്ങൾ തടഞ്ഞു വച്ചവർക്ക്, തിരഞ്ഞെടുപ്പു വാഗ്ദാനങ്ങൾ പാലിക്കാനുള്ളതാണോ എന്ന് തിരിച്ചു ചോദിച്ചവർക്ക്, കേരളത്തെ പാകിസ്ഥാൻ എന്ന് നിരന്തരം വിളിച്ചാക്ഷേപിക്കുന്നവർക്ക്, അഭിപ്രായ സ്വാതന്ത്ര്യത്തിനെതിരെ വെടിയുതിർക്കുന്നവർക്ക്, ആഹാരസ്വാതന്ത്ര്യത്തിനു മേൽ തിട്ടൂരമിറക്കുന്നവർക്ക്, ഹിന്ദുക്കളും ബുദ്ധന്മാരും സിക്കുകാരും അല്ലാത്ത എല്ലാവരെയും ഈ രാജ്യത്തു നിന്ന് ഓടിച്ചുവിടും എന്ന് ആക്രോശിക്കുന്നവർക്ക്, മുണ്ട് പൊക്കി നോക്കി മതം പരിശോധിക്കും എന്ന് ആക്ഷേപിക്കുന്നവർക്ക് ഈ മണ്ണിൽ സ്ഥാനമില്ലെന്നും ഇത് ജനാധിപത്യത്തിന്റെയും സ്വാതന്ത്ര്യത്തിന്റെയും മതസൌഹാർദ്ദത്തിന്റെയും പാരസ്പര്യത്തിന്റെയും സാഹോദര്യത്തിന്റെയും ഇടമാണെന്നും നമുക്ക് തെളിയിക്കേണ്ടതുണ്ട്. നിങ്ങളുടെ വോട്ട് ഏറ്റവും ബുദ്ധിപൂർവ്വം വിനിയോഗിച്ചുകൊണ്ട്, അങ്ങനെ വിനിയോഗിക്കാൻ സുഹൃത്തുക്കളെ പ്രേരിപ്പിച്ചുകൊണ്ട് നമുക്ക് ഒന്നിച്ചു നില്ക്കാം.’

 

Read More :നമ്മുടെ ബോധം പോയാൽ എന്തൊക്കെ ചെയ്യാം, എന്തൊക്കെ ചെയ്യരുത്; ഒരു ഡോക്ടറുടെ വ്യക്തിപരമായ അഭിപ്രായങ്ങള്‍

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍