അനുപമ പരമേശ്വരന്റെ പേജില്‍ അവര്‍ ഷെയര്‍ ചെയ്തിരിക്കുന്ന ചിത്രങ്ങളുടെ താഴെ വരുന്ന കമന്റുകള്‍ മുഴുവന്‍ തെരഞ്ഞെടുപ്പ് പെരുമാറ്റചട്ടവും ശബരിമലയുമാണ്
തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടം ലംഘിച്ച് അയ്യപ്പന്റെ പേര് പറഞ്ഞു വോട്ട് അഭ്യര്‍ത്ഥിച്ച തൃശൂര്‍ ലോക്‌സഭ മണ്ഡലം എന്‍ഡിഎ സ്ഥാനാര്‍ത്ഥി സുരേഷ് ഗോപിയോട് വിശദീകരണം ചോദിച്ച ജില്ല കളക്ടര്‍ അനുപമ ഐ എ എസിനെതിരേ സോഷ്യല്‍ മീഡിയായില്‍ ശക്തമായ സംഘപരിവര്‍ ആക്രമണങ്ങളാണ് നടക്കുന്നത്. അനുപമയുടെ ഫെയ്‌സ്ബുക്ക് പേജില്‍ കളക്ടറെ വിമര്‍ശിച്ചും ശരണം വിളിച്ചും തങ്ങളുടെ പ്രതിഷേധം തീര്‍ക്കുന്നവര്‍ നിരവധിയാണ്. ഇതിനിടയില്‍ രസകരമായ മറ്റൊരു സംഗതി എന്തെന്നാല്‍, നടി അനുപമ പരമേശ്വരന്റെ ഫെയ്‌സ്ബുക്ക് പേജിലും ഇതേ പ്രതിഷേധങ്ങള്‍ നടക്കുന്നുണ്ട് എന്നതാണ്. ആ അനുപമയാണ് ഈ അനുപമ എന്ന് തെറ്റിദ്ധരണയിലാണോ എന്നറിയില്ല, നടിയുടെ ഫെയ്‌സ്ബുക്ക് പേജിലും ശരണം വിളിയും ചീത്തവിളിയും നടക്കുന്നുണ്ട്. അനുപമ പരമേശ്വരന്‍ കളക്ടര്‍ സ്ഥാനം രാജിവയ്ക്കണമെന്നാണ് ചിലരുടെ ആവശ്യം. ഹിന്ദു സമുദായത്തോട് മാപ്പ് പറയണമെന്നു നിര്‍ബന്ധം പിടിക്കുന്നവരുമുണ്ട്. അതേസമയം അനുപമ പരമേശ്വരന്റെ ഫെയ്‌സ്ബുക്ക് പേജില്‍ കമന്റ് ചെയ്യുന്നത് തങ്ങളല്ലെന്നും മറ്റു ചലര്‍ ബോധപൂര്‍വം ചെയ്യുന്ന പ്രവര്‍ത്തിയാണെന്നാണ് സംഘപരിവാര്‍ അനുഭാവികള്‍ പറയുന്നത്. എന്തായാലും അനുപമ പരമേശ്വരന്റെ പേജില്‍ അവര്‍ ഷെയര്‍ ചെയ്തിരിക്കുന്ന ചിത്രങ്ങളുടെ താഴെ വരുന്ന കമന്റുകള്‍ മുഴുവന്‍ തെരഞ്ഞെടുപ്പ് പെരുമാറ്റചട്ടവും ശബരിമലയുമാണ്.
എന്നാല്‍ അനുപമ ഐ എ എസിന്റെ ഔദ്യോഗിക പേജില്‍ കളക്ടര്‍ക്കെതിരേ ഗുരുതര ആരോപണങ്ങള്‍ ഉയര്‍ത്തി വരെയാണ് ആക്രമണം നടക്കുന്നത്. അനുപമയുടെ ഭര്‍ത്താവ് ക്ലിന്‍സണ്‍ ജോസഫിന്റെ ഉടമസ്ഥതയിലുള്ള സ്ഥാപനമാണ് കിച്ചന്‍ ട്രഷര്‍ കൗറി പൗഡര്‍ എന്നും ഈ സ്ഥാപനത്തിനുവേണ്ടിയാണ് ഫുഡ് സേഫ്റ്റി കമ്മിഷണര്‍ ആയിരിക്കെ നിറപറയ്‌ക്കെതിരേ അനുപമ നടപടികള്‍ സ്വീകരിച്ചതെന്നാണ് ഒരു വലിയ ആരോപണം. കിച്ചന്‍ ട്രഷര്‍ ഉത്പന്നങ്ങള്‍ ഹിന്ദുക്കള്‍ ബഹിഷ്‌കരിക്കണമെന്നുവരെ ആഹ്വാനമുണ്ട്. അനുപമയുടെ ഭര്‍ത്താവിന്റെ പേര് ക്ലിന്‍സന്‍ ജോസഫ് എന്നാണെന്നും ക്രിസ്ത്യാനിയെ വിവാഹം കഴിച്ചതു വഴി അനുപമയും ആ മതം സ്വീകരിച്ചിട്ടുണ്ടെന്നും അതുകൊണ്ടാണ് ഹിന്ദുക്കളെ അപമാനിക്കാന്‍ ശ്രമിക്കുന്നതെന്നുമാണ് മറ്റൊരാക്ഷേപം. അനുപമ കമ്യൂണിസ്റ്റുകാരിയാണെന്നും അതുകൊണ്ടാണ് നവോഥാന മതിലില്‍ പങ്കെടുത്തതെന്നും ചിത്രം സഹിതം വ്യാപക പ്രചാരണവും നടക്കുന്നുണ്ട്. സ്വാമീ ശരണം വിളികളാണ് അനുപമയുടെ പേജില്‍ കൂടുതലും നിറയുന്നത്. സുരേഷ് ഗോപിയെ പിന്തുണച്ച് സപ്പോര്‍ട്ട് സുരേഷ് ഗോപിയെന്ന കമന്റുകളും നിരവധിയുണ്ട്. കളക്ടര്‍ക്ക് അയ്യപ്പനെതിരേയുള്ള പാര്‍ട്ടി പരിപാടിയില്‍ പങ്കെടുക്കാമെങ്കില്‍, സര്‍ക്കാരിന് ശബരിമലയ്‌ക്കെതിരേയുള്ള പിഎസ് സി ചോദ്യം ചോദിക്കാമെങ്കില്‍ സുരേഷ് ഗോപിക്ക് അയ്യപ്പന്റെ പേരില്‍ വോട്ട് ചോദിക്കാമെന്നാണ് ചിലര്‍ അനുപമയോട് പറയുന്നത്.
Read More : സുരേഷ് ഗോപിക്കെതിരെയുള്ള നടപടി; അനുപമയുടെ ഫേസ്ബുക്ക് പേജില്‍ ബിജെപി പ്രവര്‍ത്തകരുടെ ശരണം വിളി
“കാലം മാറുകയാണ് വായനയും. രാവിലെ കട്ടന്റെ കൂടെ പോളണ്ടിനെ പറ്റി വരെ സംസാരിക്കാം. കൂടുതല്‍ വായനയ്ക്ക് അഴിമുഖം സന്ദര്‍ശിക്കൂ…”