UPDATES

സോഷ്യൽ വയർ

മാസ് എന്‍ട്രി, വല്ലാത്ത ചങ്കൂറ്റം Vs ആളാകാന്‍ വേണ്ടി, ഗൂഡാലോചന: ചൈത്ര തെരേസ ജോണ്‍ സിപിഎം ഓഫീസ് റെയ്ഡ് ചെയ്തു എന്നതാണ് വാസ്തവം

സംഭവത്തെക്കുറിച്ചുള്ള ശ്രദ്ധേയമായ ചില വാദങ്ങളും പ്രതിവാദങ്ങളും ഇങ്ങനെയാണ്

കഴിഞ്ഞ കുറച്ചധികം മണിക്കൂറുകളായി ചൈത്ര തെരേസ ജോണ്‍ എന്ന ഐപിഎസ്സുകാരിയാണ് വാര്‍ത്തയില്‍ നിറഞ്ഞു നില്‍ക്കുന്നത്. സിപിഎമ്മിന്റെ ജില്ലാ കമ്മിറ്റി ഓഫീസ്, അതും എകെജി സെന്ററിന്റെ മൂക്കിനു താഴെയുള്ള ഓഫീസ് രാത്രിയില്‍ റെയ്ഡ് ചെയ്യണമെങ്കില്‍ അസാമാന്യ ചങ്കൂറ്റമൊന്നും പോരല്ലോ എന്നാണ് വാര്‍ത്തകളില്‍ ഊന്നിപ്പറയുന്ന പ്രധാന കാര്യങ്ങളിലൊന്ന്. എന്നാല്‍ അതല്ല, ഒരു വിഷയം ഊതിപ്പെരുപ്പിച്ച് ആളാകാന്‍ വേണ്ടി നടത്തിയതാണ് ഈ റെയ്ഡ് എന്ന് സിപിഎമ്മുകാരും പറയുന്നു. നിയമസഭ സമ്മേളനം തുടങ്ങുന്നതിനു മുമ്പ് സിപിഎം ജില്ലാ കമ്മിറ്റി ഓഫീസ് റെയ്ഡ് ചെയ്തതിനു പിന്നില്‍ ഗൂഡാലോചനയുണ്ടെന്ന് സിപിഎം ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പനും ആരോപിക്കുന്നു.

സംഭവത്തെക്കുറിച്ചുള്ള ശ്രദ്ധേയമായ ചില വാദങ്ങളും പ്രതിവാദങ്ങളും ഇങ്ങനെയാണ്.

മാധ്യമപ്രവര്‍ത്തകനായ അബ്ദുള്‍ റഷീദ് ഫേസ്ബുക്കില്‍ ഈ സംഭവത്തെ വിവരിക്കുന്നത് ഇങ്ങനെയാണ്: “ചൈത്ര തെരേസ ജോൺ കോഴിക്കോട്ടുകാരിയാണ്. ഇന്ത്യന്‍ റെയില്‍വേ ട്രാഫിക് സര്‍വീസില്‍ സുഖമായി ഇരിയ്ക്കാമായിരുന്നിട്ടും വീണ്ടും വീണ്ടും ശ്രമിച്ചു പോലീസ് സര്‍വീസിലേക്ക് വന്നയാളാണ്. അഞ്ചു തവണ സിവിൽ സർവീസ് പരീക്ഷയും മൂന്നു തവണ അഭിമുഖവും കടന്നു പോലീസ് സേനയിൽ എത്തിയ സമർഥ.

കൊടിയുടെ പേരിൽ തലവെട്ടുന്ന തലശേരിയിൽ എഎസ്‌പി ആയിരുന്നു. തലശേരി പൊലീസ് സബ്ഡിവിഷനിലെ ആദ്യവനിത ഐപിഎസ് ഓഫീസർ. കൊലക്കേസ് പ്രതികളെ മുതൽ കുഴൽപ്പണക്കാരെവരെ പൂട്ടി. അവിടെ രാഷ്ട്രീയ ഗുണ്ടകൾക്ക് തലവേദന ആയപ്പോൾ തെക്കോട്ടു തട്ടി. തലസ്ഥാനത്ത് വനിതാ സെൽ എസ് പി ആക്കി. തലവേദനയുണ്ടാക്കുന്ന മിടുക്കി ഓഫീസർമാരെ കൊണ്ടുചെന്നിരുത്താൻ അങ്ങനെ ചില സെല്ലുകൾ പോലീസിൽ ഉള്ളത് നന്നായി. പക്ഷേ, എസിപി ആദിത്യ ശബരിമല ഡ്യുട്ടിയ്ക്കു പോയപ്പോൾ ആ ചുമതല ചൈത്രയ്ക്ക് കൊടുക്കേണ്ടി വന്നു.

എത്ര തട്ടുകിട്ടിയാലും ചിലർ ‘നന്നാവില്ല’. ഇന്ത്യൻ ഭരണഘടനയും നീതി ന്യായ ചട്ടവും ശരിയ്ക്കു പഠിച്ചുപോയതിന്റെ കുഴപ്പമാണ്. പിന്നെ നട്ടെല്ലിന്റെ സ്ഥാനത്ത് വാഴപ്പിണ്ടി അല്ല താനും. അങ്ങനെയൊരാളാണ് ജോൺ ജോസഫിന്റെയും മേരിയുടെയും മകൾ ചൈത്ര തെരേസ.

പോക്സോ കേസിൽ അകത്തായ സഖാക്കളെ കാണണം എന്നാവശ്യപ്പെട്ടാണ് അൻപതോളം ഡിവൈഎഫ്ഐ ഗുണ്ടകൾ തിരുവനന്തപുരം മെഡിക്കൽ കോളജ് പോലീസ് സ്റ്റേഷൻ വളഞ്ഞത്. പോലീസ് തടഞ്ഞപ്പോൾ അവർ പതിവുപോലെ സ്റ്റേഷന് കല്ലെറിഞ്ഞു. അവരെ തേടിയാണ് ചൈത്ര തെരേസ സിപിഎം ജില്ലാകമ്മിറ്റി ഓഫീസിൽ എത്തിയത്. അതും രാത്രിയിൽ. തലസ്ഥാന നഗരിയിലെ മൂത്ത സഖാക്കൾ മുഴുവൻ തടഞ്ഞിട്ടും അവർ ഓഫീസിൽ കയറി പരിശോധിച്ചിട്ടേ മടങ്ങിയുള്ളൂ.

എകെജി സെന്ററിന്റെ മൂക്കിനു താഴെയുള്ള സിപിഎം ജില്ലാകമ്മിറ്റി ഓഫീസിൽ കയറി ഗുണ്ടകളെ തെരഞ്ഞാൽ കിട്ടുന്ന പണി എന്താണെന്ന് ചൈത്രയ്ക്ക് നല്ല ബോധ്യം ഉണ്ടാവും. കേരളത്തിലെ ചുരുങ്ങിയ കാലത്തെ പൊലീസ് സേവനത്തിൽ നിന്ന് തന്നെ അവർ തീർച്ചയായും അത് പഠിച്ചിട്ടുണ്ടാവും. അതുകൊണ്ട് അറിയാതെ ചെയ്തതല്ല, ഉറപ്പ്.

ലോക്കൽ നേതാക്കൾ പേടിപ്പിച്ചിട്ടും അവർ പിൻമാറിയില്ല. പിന്തിരിപ്പിക്കാൻ സഹപ്രവർത്തകർ ആവുന്നത് ശ്രമിച്ചു. നടന്നില്ല. ചില പൊലീസുകാർ അപ്പോൾതന്നെ എകെജി സെന്ററിലേക്ക് കുത്തിവിളിച്ച് ‘ധിക്കാരി പോലീസുകാരിയുടെ തോന്ന്യാസം’ പൊടിപ്പും തൊങ്ങലുംവെച്ചു വിവരിച്ചിട്ടുമുണ്ട്. അതൊന്നും അവർ കാര്യമാക്കിയതുമില്ല. സിപിഎം ജില്ലാകമ്മിറ്റി ഓഫീസിൽ പരിശോധന നടന്നു.

പ്രത്യാഘാതം ഉണ്ടായി. ചൈത്ര തെരേസയെ ഡിജിപിയും മുഖ്യമന്ത്രി പിണറായി വിജയനും വിളിച്ച് വരുത്തി വിശദീകരണം ചോദിച്ചു. ചൈത്ര എസിപി ചുമതല ഒഴിഞ്ഞ് വനിതാസെല്ലിലേക്ക് മടങ്ങുകയാണ്. ശിക്ഷാനടപടി എന്നു പറയാനാവില്ല. ആദിത്യ മടങ്ങിയെത്തിയിട്ടുണ്ട്.

ധിക്കാരിയെ പാഠം പഠിപ്പിച്ചതിൽ തലസ്ഥാനത്തെ സഖാക്കൾ അഭിമാനിക്കുന്നുണ്ടാവും. ചൈത്ര തെരേസ ജോൺ ഉള്ളിൽ ചിരിയ്ക്കുന്നുണ്ടാവും എന്നാണ് എനിയ്ക്ക് തോന്നുന്നത്. കാക്കിയിട്ട ഒരാൾ നേരാംവണ്ണം നിയമം നടപ്പാക്കാൻ ഇറങ്ങിയാൽ, ഏതു കൊടി കെട്ടിയ ഓഫീസിലും എപ്പോഴും കയറി പരിശോധിയ്ക്കാവുന്നതേയുള്ളൂ എന്നു തെളിയിച്ചത് ഓർത്ത്.

പാർട്ടി ഓഫീസിൽ പോലീസ് കേറരുത് എന്നതൊക്കെ രാഷ്ട്രീയഗുണ്ടകൾ അവരുടെ സൗകര്യത്തിന് ഉണ്ടാക്കിവെച്ചിരിയ്ക്കുന്ന കീഴ് വഴക്കങ്ങളാണ്. 
എസ്ബിഐ ബ്രാഞ്ച് അടിച്ചുതകർത്ത ‘തൊഴിലാളി സഖാക്കളെ’ പിടിച്ചതും ചൈത്ര ആയിരുന്നു, കേസ് ഒതുക്കാൻ നടന്ന എല്ലാ കളികളെയും തോല്പിച്ചുകൊണ്ട്.

ചൈത്ര മേലധികാരികൾക്ക് രേഖാമൂലം വിശദീകരണം നൽകുമെന്ന് മാധ്യമങ്ങൾ പറയുന്നു. സത്യത്തിൽ അവർ നൽകേണ്ട മറുപടി ഇന്ന് ദേശാഭിമാനി ഒന്നാം പേജിൽ മുഴുനീളത്തിൽ അച്ചടിച്ചിട്ടുണ്ട്. നിയമത്തിന് മുന്നിൽ എല്ലാവർക്കും തുല്യനീതി ഉദ്ഘോഷിയ്ക്കുന്ന ഇന്ത്യൻ ഭരണഘടനയുടെ ആമുഖം!

ഒറ്റ പോലീസുകാരനും ചെയ്യാൻ ധൈര്യപ്പെടാത്ത വിധം നീതി നിർവഹണം നടത്തിയ ചൈത്ര തെരേസ ജോണിന് റിപ്പബ്ലിക്ക് ദിനത്തിൽ ഒരു സലൂട്ട്..!

(ആവേശപൂർവം ഈ പോസ്റ്റ് ലൈക്കാൻ സാധ്യതയുള്ള സംഘ സഹോദരങ്ങളുടെ ശ്രദ്ധയ്ക്ക്: കർമസമിതിയുടെ ഹർത്താൽ ദിന അക്രമങ്ങളുടെ പേരിൽ ഇതേ ചൈത്ര തെരേസ ജോൺ അകത്താക്കിയ പല ആചാര സംരക്ഷകരും പ്രചാരക്മാരും ഇപ്പോഴും ജാമ്യം കിട്ടാതെ അകത്താണ് എന്നറിഞ്ഞിട്ടു മാത്രം ലൈക്കുക)”.

ഇനി മനോരമ ചാനലിന്റെ വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ചിട്ടുള്ള ഒരു വാര്‍ത്ത‍ തുടങ്ങുന്നത് ഇങ്ങനെയാണ്: “മാസ് എന്‍ട്രിയായിരുന്നു ചൈത്ര തെരേസ ജോണിന്‍റത്. ‘ഭരിക്കുന്ന പാര്‍ട്ടിയുടെ തലസ്ഥാനത്തെ ജില്ലാകമ്മിറ്റി ഓഫിസില്‍ കയറിയാലുള്ള പ്രത്യാഘാതം അറിയാമല്ലോ, പാര്‍ട്ടിയെ മോശമാക്കാനാണ് ശ്രമമെങ്കില്‍ കാണാം’ എന്ന് ജില്ലാ സെക്രട്ടറി  പറഞ്ഞപ്പോള്‍  ചൈത്ര തെരേസ ജോണ്‍ കൂളായി പറഞ്ഞു, ‘ദിസ് ഈസ് മൈ ഡ്യൂട്ടി”‘.

എന്നാല്‍ അബ്ദുള്‍ റഷീദിന്റെ ഫേസ്ബുക്ക് പോസ്റ്റിനു താഴെ കമന്റ് ചെയ്തവര്‍ ആവര്‍ത്തിച്ച് ആരായുന്ന ഒരു ചോദ്യമുണ്ട്: എന്തുകൊണ്ട് റെയ്ഡ് ചെയ്തിട്ട് ആരെയും അവിടെ നിന്ന് കിട്ടിയില്ല?

“പോലീസ് സ്റ്റേഷനിലേക്കു കല്ലെറിഞ്ഞു എന്ന് കരുതുന്നവർ പാർട്ടി ഓഫീസിൽ ഉണ്ട് എന്ന വിവരം കിട്ടിയതിനു ശേഷമാണത്രെ രാത്രി 11.30 ഓഫീസിൽ കയറി പരിശോധന നടത്തിയത്. എന്നിട്ടു പ്രതികൾ എവിടെ? പിന്നെ നടപടി എടുത്തു എന്നൊക്കെ പ്രചരിപ്പിക്കുന്ന മനോരമ തന്നെ പറയുന്നു, ഈ ഓഫീസർക്ക് താൽക്കാലിക ചുമതല ആയിരുന്നു എന്ന്. അതായത് വെറുതെ കുത്തിത്തിരിപ്പ് ഉണ്ടാക്കുക അത്രേയുള്ളൂ”, ഇങ്ങനെയാണ് ഒരു കമന്റ്.

മറ്റൊരു കമന്റ് ഇങ്ങനെയാണ്: “ആരോ കല്ലെറിഞ്ഞിട്ടു പോയതിന് ആരുടെയോ പേരിൽ പോസ്കോ കേസ് എടുക്കുക, എന്നിട്ടു അവരുടെ കൂട്ടാളികളെ അന്വഷിച്ചു പാർട്ടി ഓഫീസിൽ റെയ്ഡ് നടത്തി, ഭീകരാന്തരീക്ഷം സൃഷ്ടിച്ചു, പോസ്കോ പ്രതികളെ പാർട്ടി ഓഫീസിൽ ഒളിപ്പിച്ചു എന്നു ജനങ്ങളെ വിശ്വസിപ്പിക്കാൻ പൊറാട്ട് നാടകം കളിക്കുന്നത് ഉള്ളിലുള്ള കുഞ്ഞാട് രാഷ്ട്രീയത്തെ തൃപ്തിപ്പെടുത്താൻ മാത്രമാണ്”.

ഇനി മനോരമ ചാനലിന്റെ മുകളില്‍ പറഞ്ഞ റിപ്പോര്‍ട്ട് തുടരുന്നത് ഇങ്ങനെയാണ്: “ജില്ലാ കമ്മിറ്റി ഓഫിസില്‍ കയറിയിട്ടും ആരെയും പിടികിട്ടാത്തത് വിവരം ചോര്‍ത്തി നല്‍കിയതു കൊണ്ടാണെന്നും അവര്‍ക്ക് ഉറപ്പുണ്ട്”. “കല്‍പ്പറ്റ എ.എസ്.പിയായിരുന്നപ്പോള്‍ യൂത്ത് ലീഗുകാര്‍ മാര്‍ച്ച് കടന്നുപോകവെ വാഹനം തടയാന്‍ ശ്രമിച്ചപ്പോ തെരേസ ജോണ്‍ എന്ന പൊലീസ് ഓഫിസറുടെ ഇടപെടല്‍ അന്നാട്ടുകാര്‍ കണ്ടതാണ്. തലശേരി എ.എസ്.പി യായിരുന്നപ്പോഴും രാഷ്ട്രീയക്കാരുടെ ഒരു സമ്മര്‍ദ്ദത്തിനും ഇവരുടെ ഔദ്യോഗിക കടമകളെ തടസപ്പെടുത്താന്‍ കഴിഞ്ഞിട്ടില്ല. യൂത്ത് കോണ്‍ഗ്രസ് നേതാവ് ഷുഹൈബിന്‍റേയും ആര്‍.എസ്.എസ് നേതാവ് ശ്യാമപ്രസാദിന്‍റേയും കൊലക്കേസ് അന്വേഷിച്ച്ചതും ചൈത്രയാണ്. അന്വേഷണത്തില്‍ നേതാക്കളുടെ ഇടപെടല്‍ ഉണ്ടായപ്പോഴും നോ എന്ന ഉറച്ച ശബ്ദമായിരുന്നു മറുപടി” എന്ന് മനോരമ റിപ്പോര്‍ട്ട് തുടരുന്നു.

ഇനി മേല്‍പ്പറഞ്ഞ പോസ്റ്റില്‍ വന്ന ഒരു കമന്റ് സംഭവത്തെ കുറിച്ച് വേറൊരു ചിത്രമാണ്‌ നല്‍കുന്നത്:

“കേരളത്തിലെ മുഖ്യധാര മാധ്യമങ്ങൾ രണ്ട് ദിവസമായി ആഘോഷിക്കുന്ന ഒരു വാർത്തയാണിത്. 

ഇനി കാര്യത്തിലേക്ക്. ജനുവരി 23 ആം തീയതി കടകംപള്ളിയിലെ ചെറിയ അമ്പലത്തിൽ നടന്ന അന്നദാനവുമായി ബന്ധപ്പെട്ട ഒരു ചെറിയ തർക്കമാണ് ഇതിനു തുടക്കമായത്. അയൽക്കാരായ ഒരു പെൺകുട്ടിയും കുറച്ച് ചെറുപ്പക്കാരും തമ്മിൽ നടന്ന തർക്കം ചീത്തവിളിയിൽ കലാശിക്കുകയുമായിരിന്നു. അതിനെ തുടർന്ന് പെൺകുട്ടി മെഡിക്കൽ കോളേജ് പോലീസിൽ പരാതി പെടുകയും ഉണ്ടായി.പെൺകുട്ടിക്ക് 17 വയസ്സേ ആയിട്ടുള്ളു എന്നതിനാലും ബാഹ്യ പ്രേരണയാലും 17വയസ്സുള്ള പെൺകുട്ടിയെ അസഭ്യം പറഞ്ഞതിന് പോക്സോ പ്രകാരം മെഡിക്കൽ കോളേജ് പോലീസ് കേസെടുത്തു. രണ്ട് പേരെ അറസറ്റ് ചെയ്യുകയും ചെയ്തു. മറ്റ് കണ്ടാലറിയുന്നവർക്കെതിരെയും കേസുണ്ട്. അതിൽ ചിലർ പ്രദേശത്തെ ഡിവെെഎഫ്ക്കാർ ആയിരിന്നു. കേസിലെ പ്രതികൾ ആരൊക്കെയാണ് ആർക്കെതിരെയൊക്കെ കേസ് ഉണ്ടെന്ന് അറിയുന്നതിനായി അവർ ഡിവെെഎഫ്ഐ നേതൃത്ത്വത്തെ സമീപിച്ചു. അതിനനുസരിച്ച് ഡിവെെഎഫ്ഐ മേഖലാ ഭാരവാഹികളും ബളോക്ക് സെക്രട്ടറിയും വിഷയം SIയോട് സംസാരിക്കാൻ മെഡിക്കൽ കോളേജ് സ്റ്റേഷനിൽ എത്തി . അവർക്ക് ഒരു മണിക്കൂർ ആയിട്ടും SI യെ കാണാൻ കഴിഞ്ഞില്ല എന്നു മാത്രമല്ല അതിനെ കുറിച്ച് ചോദിച്ച ബ്ളോക്ക് സെക്രട്ടറിയോട് ഇതു നിൻ്റെ അച്ചി വീടല്ല ഇവിടെ ഞങ്ങള് തീരുമാനിക്കും പോലെയാണ് കാര്യങ്ങൾ എന്നു പറഞ്ഞ് പാറാവുക്കാരൻ തള്ളി പുറത്താക്കുകയാണ് ചെയ്തത്. ഇതിനെ തുടർന്ന് സ്വാഭാവികമായ പ്രതികരണം പ്രവർത്തകരുടെ ഭാഗത്ത് നിന്നുണ്ടായി. കയ്യിൽ ചരട് കെട്ടിയവനെ കണ്ടാൽ ഓച്ഛാനിച്ച് നിൽക്കുന്ന പോലീസുക്കാരോട് ഉള്ള സ്വാഭാവിക പ്രതിക്ഷേധത്തിനിടയിൽ സ്റ്റേഷനിലെ ഒരു ജനൽ ചില്ലു പൊട്ടുകയുണ്ടായി. മുതിർന്ന നേതാക്കൾ ഇടപ്പെട്ട് പ്രവർത്തകരെ ശാന്തരാക്കുകയും പാറവുക്കാരനെതിരെ അന്വേഷിച്ച് നടപടി എടുക്കാമെന്ന് ഉറപ്പ് നൽകുകയും ചെയ്തു. പിന്നീട് നടന്നതെല്ലാം ആരോ ഒരു തിരകഥയുടെ ഭാഗമായിരിന്നു. തുടർന്ന് മുതിർന്ന സഖാക്കൾ ഉൾപ്പടെ 50 ഓളം പേർക്കതിരെ പോലീസ് കേസെടുത്തു. അതിന് ശേഷം 24ആം തീയതി രാത്രി സിപിഐഎം തിരുവനന്തപുരം ജില്ലാ കമ്മറ്റി ആഫീസ് പോലീസ് റെയിഡു ചെയ്തു.ക്രമസമാധന പരിപാലന DCP യുടെ താത്കാലിക ചുമതല വഹിച്ചിരുന്ന ചെെത്ര തെരേസ ജോണിൻ്റെ നേതൃത്ത്വത്തിൽ ആയിരിന്നു റെയിഡ് നടത്തിയത്. റെയിഡിൽ ഒന്നും കണ്ടെത്താനോ ആരെയും അറസ്സ് ചെയ്യാനോ കഴിഞ്ഞില്ല. തനിക്ക് കിട്ടിയ രഹസ്യ വിവരത്തിൻ്റെ അടിസ്ഥാനത്തിൽ ആണ് റെയിഡ് എന്നാണ് DCP പറയുന്നത് .അങ്ങനെയെങ്കിൽ അവർക്ക് ആരാണ് ഈ തെറ്റായ വിവരം നൽകിയത് എന്ന് പറയാനുള്ള ബാദ്ധ്യത DCP ക്കുണ്ട്. സിപിഐഎംനെ അപകീർത്തിപ്പെടുത്താനുള്ള ക്വൊട്ടേഷൻ ആരാണ് നൽകിയത് എന്ന് അറിയാനുള്ള അവകാശം തിരുവനന്തപുരത്തെ സാധാരണ പ്രവർത്തകർക്കുണ്ട്. മാദ്ധ്യമ പ്രവർത്തകരോട് നിങ്ങൾ ഇരുട്ട് കൊണ്ട് ഓട്ട അടക്കാൻ ശ്രമിക്കരുത്.ശബരിമല ഡ്യൂട്ടിയിൽ ആയിരുന്ന DCP R.ആദിത്യ മടങ്ങി വന്നതിനെ തുടർന്ന് ചെെത്ര തെരേസ ജോൺ വനിതാ സെൽ SPയുടെ ചുമതലയിലേക്ക് മടങ്ങി പോവുകയാണ് ഉണ്ടായത്”.

എന്നാല്‍, ചിത്ര ചെയ്തത് ശരിയായ കാര്യമാണെന്നാണ് കൂടുതല്‍ പേരും പറയുന്നത്. ഒരു കമന്റ് ഇങ്ങനെ: “Well done Madam!കാക്കിയണിഞ്ഞ എല്ലാവർക്കും “ബഹ്‌റ” ആകാൻ പറ്റില്ല! ആത്മാർത്ഥമായി സ്വന്തം കടമ നിർവ്വഹിക്കുന്നവരെ ഇനിയും സർക്കാർ ഉപദ്രവിച്ച് കൊണ്ടിരിക്കും! എത്രമാത്രം ഉപദ്രവിച്ചാലും ഈ കുട്ടർ അവരുടെ തീരുമാനത്തിൽ നിന്ന് പിന്തിരിയുകയില്ല! അതവരുടെ ജന്മനിയോഗമാണ്!”.

അതിനിടെയാണ് ആനാവൂര്‍ നാഗപ്പന്‍ ഈ റെയ്ഡിന് പിന്നില്‍ ഗൂഡാലോചന നടന്നിട്ടുണ്ട് എന്ന് ഇന്ന് വൈകിട്ട് ആരോപിച്ചത്. “മെഡിക്കല്‍ കോളേജ് പരിസരത്ത് നടന്ന ഒരു പ്രാദേശിക പ്രശ്നമാണത്. ഡിവൈഎഫ്ഐക്കാരനായ ഒരു ചെറുപ്പക്കാരന്‍ പോലീസ് സ്റ്റേഷന് കല്ലെറിഞ്ഞു എന്നാണ്. അതിന് പാര്‍ട്ടിയുടെ ജില്ലാ കമ്മിറ്റി ഓഫീസ് റെയ്ഡ് നടത്തേണ്ട കാര്യമൊന്നും ഇല്ല. ബിജെപിയുടെ പ്രവര്‍ത്തകര്‍ പോലീസ് സ്റ്റേഷന് കല്ലെറിഞ്ഞതായ നിരവധി അവസരങ്ങള്‍ ഉണ്ടായിട്ടുണ്ട്. എന്നാല്‍ ബിജെപിയുടെ ജില്ല ഓഫീസ് റെയ്ഡ് ചെയ്തതായി ഞങ്ങള്‍ കേട്ടിട്ടില്ല. വാര്‍ത്തയില്‍ ഇടം പിടിക്കാന്‍ താത്പര്യമുള്ള ഒരു വനിതയാണ്‌ അവര്‍ എന്നാണ് ഞാന്‍ മനസിലാക്കുന്നത്. ഇക്കാര്യത്തില്‍ ഗൂഡാലോചനയുണ്ട്. നിയമസഭ സമ്മേളനം തുടങ്ങുന്നതിന്റെ തലേന്ന് രാത്രി 11.30-ന് പാര്‍ട്ടിയുടെ ഓഫീസില്‍ കയറുക. അവര്‍ പ്രതീക്ഷിച്ചത് അവിടെ വലിയ ചെറുത്തു നില്‍പ്പുണ്ടാവും, സംഘര്‍ഷമുണ്ടാവും, പ്രതികളെ അവിടെ നിന്ന് പിടിക്കാം, പിറ്റേന്ന് നിയമസഭയില്‍ വലിയ ബഹളം ഉണ്ടാക്കാം എന്നൊക്കെയായിരുന്നു ധാരണ എന്നു തോന്നുന്നു”- ആനാവൂര്‍ നാഗപ്പന്‍ പറഞ്ഞു.

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍