UPDATES

സോഷ്യൽ വയർ

‘ദുരിതാശ്വാസ ക്യാമ്പിലെ കഴുത’ ജി സുധാകരനെ ഉദ്ദേശിച്ചുള്ളതല്ല, ‘നിങ്ങളുടെ അജണ്ടയ്ക്ക് നിന്ന് തരുവാന്‍ എന്നെ കിട്ടില്ല’: സിപിഎം ലോക്കല്‍ സെക്രട്ടറി

‘ഇത് ദുരുദ്ദേശപരവും ആലപ്പുഴയിലെ പാര്‍ട്ടിയെ അപകീര്‍ത്തി പെടുത്താനുള്ള മാധ്യമങ്ങളുടെ കുത്സിത ശ്രമവുമാണ്.’ പ്രവീണ്‍

‘ദുരിതാശ്വാസ ക്യാമ്പിലെ കഴുത’ ജി സുധാകരനെ ഉദ്ദേശിച്ചുള്ളതല്ലെന്നും മാധ്യമങ്ങളുടെ അജണ്ടയ്ക്ക് നിന്ന് തരുവാന്‍ തന്നെ കിട്ടില്ലെന്നും ചേര്‍ത്തല കൊക്കോതമംഗലം ലോക്കല്‍ കമ്മിറ്റി സെക്രട്ടറി പ്രവീണ്‍ ജി പണിക്കര്‍. ആലപ്പുഴയിലെ ദുരിതാശ്വാസ ക്യാംപില്‍ പണം പിരിച്ചെന്ന് ആരോപണ വിധേയനായ ഓമനക്കുട്ടനെ രൂക്ഷമായി വിമര്‍ശിച്ച മന്ത്രി ജി. സുധാകരന്‍ എത്തിയിരുന്നു. ഇതിനെ പരിഹസിച്ചാണ് സിപിഎം ലോക്കല്‍ സെക്രട്ടറിയുടെ ഫേസ്ബുക്ക് കവിത വിവാദമായിരുന്നു.

ആലപ്പുഴയിലെ ദുരിതാശ്വാസ ക്യാംപില്‍ പണം പിരിച്ചെന്ന് ആരോപണമുയരുകയും ലോക്കല്‍ കമ്മിറ്റിയംഗം എസ്. ഓമനക്കുട്ടനെ ഉടനടി സസ്‌പെന്‍ഡ് ചെയ്തത സംഭവവും ഇതില്‍ രുക്ഷമായി പ്രതികരിച്ച ജി. സുധാകരന്റെ നടപടിയെയുമാണ് പ്രവീണ്‍ കവിതയില്‍ പരാമര്‍ശിച്ചതെന്നാണ് ആരോപണം. ‘ദുരിതാശ്വാസ ക്യാംപിലെ കഴുത’ എന്ന പേരിലായിരുന്നു പ്രവീണ്‍ കവിത പോസ്റ്റ് ചെയ്തത്. കവിത വിവാദമായപ്പോള്‍ അത് പിന്‍വലിക്കുകയും കവിത സുധാകരനെ വിമര്‍ശിച്ചിട്ടുള്ളതല്ലെന്നുമുള്ള പ്രവീണിന്റെ വിശദീകരണവും ഫെയ്‌സ്ബുക്കില്‍ എത്തിയിരുന്നു.

പ്രവീണിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്

‘പ്രിയപ്പെട്ട സഖാക്കളെ, സുഹൃത്തുക്കളെ, കഴിഞ്ഞ രണ്ടു ദിവസമായി ആയി ചില പത്രമാധ്യമങ്ങളില്‍എന്റെ ഫേസ്ബുക്ക് പോസ്റ്റുമായി ബന്ധപ്പെട്ട പെട്ട ചില വാര്‍ത്തകള്‍ വരുന്നത് ശ്രദ്ധയില്‍പ്പെട്ടു, ‘ദുരിതാശ്വാസ ക്യാമ്പിലെ കഴുത,’, എന്ന പേരില്‍ അതില്‍ ഞാന്‍ എഴുതിയ പുതിയ കവിത എടുത്ത് പാര്‍ട്ടി നേതാവും ബഹുമാനപ്പെട്ട മന്ത്രിയുമായ സഖാവ് ജി സുധാകരനെ ഉദ്ദേശിച്ചുള്ളതാണെന്ന തരത്തിലാണ് വാര്‍ത്തകള്‍ വരുന്നത്, എന്നാല്‍ ഇത് ദുരുദ്ദേശപരവും ആലപ്പുഴയിലെ പാര്‍ട്ടിയെ അപകീര്‍ത്തി പെടുത്താനുള്ള മാധ്യമങ്ങളുടെ കുത്സിത ശ്രമവുമാണ്.

കണ്ണികാട്ടെ ദുരിതാശ്വാസ ക്യാമ്പില്‍ പാര്‍ട്ടി പ്രവര്‍ത്തകനായ സഖാവ് ഓമനക്കുട്ടന് ഉണ്ടായ വേദനാജനകമായ അനുഭവത്തെ മുന്‍നിര്‍ത്തിയാണ് ഞാന്‍ ഈ കവിത എഴുതിയത്, ക്യാമ്പുകളില്‍ കഷ്ടപ്പെടുന്ന മനുഷ്യര്‍ക്കുവേണ്ടി അഹോരാത്രം പണിയെടുക്കുന്ന ഒട്ടേറെ ആളുകള്‍ ഉണ്ട്. അവരുടെ കൂടി പരിശ്രമം കൊണ്ടാണ് ഓരോ ക്യാമ്പുകളും വിജയിക്കുന്നത്, എന്നാല്‍ ക്യാമ്പ് പിരിയുമ്പോള്‍ യഥാര്‍ത്ഥ ഹീറോ ആയി മാറുന്നത് ഇവരൊന്നുമല്ല, മറിച്ച് റവന്യൂ ഉദ്യോഗസ്ഥരാണ്.

കേവലം 70 രൂപയ്ക്ക് ഒരു മനുഷ്യനെ കുറ്റവാളി ആക്കുമ്പോള്‍ അതിന് കാരണക്കാരായ ചില ഉദ്യോഗസ്ഥര്‍ സത്യം ബോധ്യപ്പെടുത്താന്‍ ആദ്യം തയ്യാറായില്ല എന്നത് ഇതിനൊപ്പം കൂട്ടിചേര്‍ക്കേണ്ടതാണ്, ഈ വിഷയത്തില്‍ ഞാന്‍ എഴുതിയ വരികള്‍ ആ ക്യാമ്പിലെത്തിയ സുധാകരന്‍ സഖാവിനെ കുറിച്ചാണെന്ന് ബോധപൂര്‍വ്വം പറയാന്‍ പരിശ്രമിച്ച ആളുകള്‍ ഞാന്‍ എന്താണ് ഉദ്ദേശിച്ചത് എന്ന് എന്നോട് ചോദിക്കാന്‍ ഉള്ള സാമാന്യ മര്യാദയെങ്കിലും കാട്ടണം, ഉദ്യോഗസ്ഥ തലത്തിന്റെ കെടുകാര്യസ്ഥതയും, എന്നെയുള്‍പ്പെടെ സാധാരണക്കാരെ മാധ്യമ വിചാരണക്ക് പാത്രമാക്കുന്ന മീഡിയയുടെ പുത്തന്‍ പ്രവണതകളെ കൂടിയാണ് ഞാന്‍ ചോദ്യം ചെയ്തത്.

ആലപ്പുഴയിലെ പ്രളയദുരിതാശ്വാസ പ്രവര്‍ത്തനങ്ങളെ നന്നായി ഏകോപിപ്പിക്കുകയും ദുരന്തനിവാരണത്തിന് ജില്ലയില്‍ ഉജ്വലമായി നേതൃത്വം കൊടുക്കുകയും ചെയ്യുന്ന സഖാവ് ജി സുധാകരനെ പോലെ ഒരാളെ ഇതിന്റെ പേരില്‍ ആക്ഷേപിക്കാന്‍ ദയവുചെയ്ത് മാധ്യമങ്ങള്‍ മുതിരരുത് , ദുരിതബാധിതരായ ആയി ഒട്ടേറെ ആളുകള്‍ കഷ്ടപ്പെടുമ്പോള്‍ മാധ്യമങ്ങള്‍ അവരെ സഹായിക്കാന്‍ ആണ് പരിശ്രമിക്കേണ്ടത്, വിവാദങ്ങള്‍ക്ക് പിന്നാലെ വിവാദങ്ങള്‍ സൃഷ്ടിച്ച് അതിനുപിന്നാലെ ഈയവസരത്തില്‍ പോകുന്നത് നല്ലതല്ല എന്ന് ഓര്‍മ്മിപ്പിക്കട്ടെ. നിങ്ങളുടെ അജണ്ടയ്ക്ക് നിന്ന് തരുവാന്‍ എന്നെ കിട്ടില്ല എന്നും വിനയപൂര്‍വ്വം പറയട്ടെ.

പാര്‍ട്ടിയുടെ ലോക്കല്‍ കമ്മിറ്റി സെക്രട്ടറി ആണെങ്കിലും ഞാന്‍ അടിസ്ഥാനപരമായി ആയി ഒരു കലാകാരന്‍ കൂടിയാണ്. പാര്‍ട്ടിക്ക് വേണ്ടി തിരഞ്ഞെടുപ്പ് ഘട്ടങ്ങളിലെല്ലാം അത്യാവശ്യം പാട്ടുകളും ഓട്ടന്‍ തുള്ളലും എല്ലാം തയ്യാറാക്കുന്ന ഒരു എളിയ കലാകാരന്‍ കൂടിയാണ് ഞാന്‍. എന്റെ എഴുത്തുകള്‍ നിങ്ങള്‍ക്ക് ഇഷ്ടമുള്ളത് പോലെ ആക്കാം, വ്യാഖ്യാനിക്കാം ,ഞാന്‍ എഴുതുന്നതില്‍ നിങ്ങള്‍ എന്ത് മനസ്സിലാക്കി എന്നതിന് ഞാന്‍ ഉത്തരവാദിയല്ല , ഞാന്‍ എന്താണ് എഴുതിയത് അതിനു മാത്രമാണ് ഞാന്‍ ഉത്തരവാദി.

ലാല്‍സലാം.’

Read: മന്ത്രി ജി സുധാകരനെതിരെ സിപിഎം ലോക്കല്‍ സെക്രട്ടറി എഴുതിയ കവിത ‘ദുരിതാശ്വാസ ക്യാമ്പിലെ കഴുത’ വായിക്കാം

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍