UPDATES

സോഷ്യൽ വയർ

രമ്യ ഹരിദാസിന് അഭിനന്ദനം, വിജയത്തിന് വിജയരാഘവനോടും ദീപ നിഷാന്തിനോടും നന്ദി പറയണമെന്ന് എംഎന്‍ കാരശ്ശേരി

രമ്യ ഹരിദാസിന്റെ വിജയം വിജയരാഘവന്റെയും ദീപയുടേയും തലയില്‍ വച്ചത് മിതമായ ഭാഷയില്‍ പറഞ്ഞാല്‍ അല്പത്തരമാണ്

രമ്യ ഹരിദാസിന്റെ വിജയത്തില്‍ അഭിനന്ദനം രേഖപ്പെടുത്തി എം എന്‍ കാരശേരി. ലോക്‌സഭയിലേക്കുള്ള കേരളത്തില്‍ നിന്നുള്ള ഏക വനിതാ പ്രതിനിധിയായ രമ്യ ഹരിദാസിനെ സല്യൂട്ട് ചെയ്യുന്നുവെന്ന് പറഞ്ഞാണ് കാരശേരി മാഷിന്റെ ഫേസ്ബുക്ക് പോസ്റ്റ്. എല്‍ഡിഎഫ് കണ്‍വീനര്‍ വിജയരാഘവനോടും കേരള വര്‍മ്മ കോളേജിലെ മലയാളം അധ്യാപിക ദീപാ നിശാന്തിനോടും ഇതിന് നന്ദി പറയണമെന്ന കാര്യം ഞാന്‍ പ്രത്യേകം സൂചിപ്പിക്കുന്നു.

കേരളത്തില്‍ നിന്നും നിയമസഭയിലേക്കും ലോക്‌സഭയിലേക്കുമുള്ള വനിതാ പ്രാതിനിധ്യത്തിലുണ്ടാകുന്ന ഇടിവില്‍ താനിക്ക് ആശങ്കയുണ്ടെന്നും കാരശേരി പറയുന്നു. എല്ലാ ജനസംഖ്യാ കണക്കെടുപ്പിലും കേരളത്തില്‍ വനിതാ ജനസംഖ്യ കൂടുതലാണെന്ന് ഓര്‍ക്കണം. കേരളത്തില്‍ എല്ലായ്‌പ്പോഴും അമ്പത് ശതമാനത്തിലേറെ വനിതാ ജനസംഖ്യയുണ്ട്. അതനുസരിച്ച് കുറഞ്ഞത് 10 സ്ത്രീകളെങ്കിലും കേരളത്തെ പ്രതിനിധീകരിക്കാന്‍ ലോക്‌സഭയില്‍ വേണം. എന്നാല്‍ ഇപ്പോള്‍ ഒരാള്‍ മാത്രമാണ് ഉള്ളത്. രമ്യ ഹരിദാസിന് വിജയകരമായ ഒരു രാഷ്ട്രീയ ഭാവി നേരുന്നു. എന്നായിരുന്നു കാരശേരിയുടെ ഫേസ്ബുക്ക് പോസ്റ്റ്.

അതേസമയം കാരശേരിയുടെ പോസ്റ്റിനെതിരെ വ്യാപകമായ വിമര്‍ശനമാണ് ഉയര്‍ന്നിരിക്കുന്നത്. ഇത്തരം പോസ്റ്റുകള്‍ രമ്യയുടെ വിജയത്തെ വിലകുറച്ചു കാണുന്നതാണെന്നുമാണ് വിമര്‍ശനം ഉയര്‍ന്നത്. ‘രമ്യ ഹരിദാസ് കേരളത്തിന്റെ ഏക വനിതാ പ്രതിനിധിയായത് അഭിനന്ദനാര്‍ഹം. സ്ത്രീ പ്രാതിനിധ്യത്തെക്കുറിച്ച് കാരശ്ശേരി മാഷ് പറയുന്നതിനോട് യോജിപ്പ്. പക്ഷേ, രമ്യ ഹരിദാസിന്റെ വിജയം വിജയരാഘവന്റെയും ദീപയുടേയും തലയില്‍ വച്ചത് മിതമായ ഭാഷയില്‍ പറഞ്ഞാല്‍ അല്പത്തരമാണ്. മാഷിന് യോജിക്കാത്ത വിധം തരം താണതും. കേരളത്തില്‍ ഒരു ലക്ഷത്തിലേറെ ഭൂരിപക്ഷം ലഭിച്ച ഒരേ ഒരു വിജയി അല്ല രമ്യ. മറ്റുള്ളവരൊക്കെ വിജയിച്ചതു പോലെ തന്നെയാണ് രമ്യ വിജയിച്ചതും. രമ്യയെ വിജയരാഘവനും ദീപയും സഹായിച്ച രീതിയില്‍ ആരൊക്കെയാണ് ഈ ലക്ഷാധിപതികളെ സഹായിച്ചത് എന്ന് മാഷ് വ്യക്തമാക്കിയാല്‍ കൊള്ളാം. കാരണം, മാഷ് വെറും വാക്ക് പറയില്ലല്ലോ!

കേരളത്തിലെ ജനങ്ങള്‍ അത്രയ്ക്ക് സ്ത്രീകളുടെ ഭാഗത്ത് നില്ക്കുന്നവരായിരുന്നെങ്കില്‍ സ്ത്രീത്വത്തെ അവഹേളിക്കുന്നതില്‍ വാക്കു പിശുക്കില്ലാത്ത ഉണ്ണിത്താന്‍ ജയിച്ചതെങ്ങനെ? ശ്രീമതി ടീച്ചറെ ഈ തെരഞ്ഞെടുപ്പു കാലത്തു തന്നെ അപമാനിച്ച സുധാകരന്‍ ജയിച്ചതെങ്ങനെ? ഉണ്ണിത്താന്‍ പണ്ട് കെ പി സി സി ആസ്ഥാനത്ത് നടന്നതായി പറഞ്ഞ ബക്കറ്റ് കഥയിലെ നായകന്‍ വടകരയില്‍ ജയിച്ചത് എങ്ങനെ? കുഞ്ഞാലിക്കുട്ടി എന്ന പേരിനെ അശ്ലീലത്തിന്റെ പര്യായമാക്കിയ അതേ നാമധാരിയുടെ വിജയമോ? സരിതപര്‍വ്വത്തിലെ ചില കഥാപാത്രങ്ങള്‍ വന്‍ ഭൂരിപക്ഷത്തില്‍ ജയിച്ചിട്ടുണ്ട്. ജയിപ്പിച്ചത് രമ്യക്ക് വോട്ടു ചെയ്ത അതേ മനോഭാവമുള്ള ജനങ്ങളല്ലാന്ന് കാരശ്ശേരി മാഷിന് പറയാമോ? അതിനാല്‍ താങ്കളോട് വിയോജിപ്പ്. പറഞ്ഞു പറഞ്ഞ് എം.കെ. രാഘവന് വലിയ ഭൂരിപക്ഷം ലഭിച്ചത് അദ്ദേഹം കൈക്കൂലി വാഗ്ദാനം സ്വീകരിക്കുന്ന ഒളിക്യാമറ ദൃശ്യങ്ങള്‍ പ്രചരിപ്പിച്ചതു കൊണ്ടാണെന്നും അതിന് ആ ചാനലിനെ അഭിനന്ദിക്കുന്നു എന്നും പറയരുതേ, മാഷേ.
പ്രചരണത്തിനിടയില്‍ വിജയരാഘവനില്‍ നിന്നുണ്ടാത് മോശമായ പരാമര്‍ശമാണെന്നതില്‍ തര്‍ക്കമൊന്നുമില്ല. പാടില്ലാത്തതാണ്. ഉത്തരവാദപ്പെട്ട സ്ഥാനത്തിരിക്കുമ്പോള്‍ കാണിക്കേണ്ട പക്വത അതിലില്ല എന്നത് നിസ്സാരവുമല്ല. കേരളത്തില്‍ ഇടതു മുന്നണി പരാജയപ്പെടാനുണ്ടായ പല പല കാരണങ്ങളില്‍ ഒന്നായി നേതാക്കന്മാരുടെ വായില്‍ നിന്നു വീണ ഇത്തരം വാക്കുകളും ചേര്‍ത്തുവെക്കേണ്ടി വരും. ആലത്തുരിനു മാത്രമായി സവിശേഷ തെരഞ്ഞെടുപ്പു സാഹചര്യമില്ല മാഷേ…

മാഷിന്റെ നിന്ദാസ്തുതിക്ക് പാത്രമായ ദീപ ടീച്ചറുടെ എആ പോസ്റ്റിനെ ഉയര്‍ത്തിപ്പിടിക്കുക തന്നെ വേണം. രാഷ്ട്രിയം പറയേണ്ടിടത്ത് പാട്ടു പാടിയാല്‍ പോര. ശരിയായ രാഷ്ട്രീയം പറയണം. സോഷ്യല്‍ മീഡിയയില്‍ അത് പറയാന്‍ ദീപ ടീച്ചര്‍ക്ക് സ്വാതന്ത്ര്യമുണ്ട്. മാഷ് രമ്യയുടെ വിജയത്തെ ഒരു തരം പൈങ്കിളിത്തമാക്കിയ സ്വാതന്ത്ര്യമില്ലേ, അതിനെ വിമര്‍ശിക്കുന്ന ഈയുള്ളവന്റെ ഈ സ്വാതന്ത്ര്യമില്ലേ അതുപോലൊന്ന്. മാഷിന്റെ സ്വാതന്ത്യത്തെ മാനിക്കുന്നു. അഭിപ്രായത്തോട് വിയോജിക്കുന്നു.’ എന്നാണ് ജെനു കെബി എന്നയാള്‍ പറയുന്ന മറുപടി.

‘താങ്കള്‍ പറയും പോലെ വിജയരാഘവന്റെ പരിധിവിട്ട വാക്കു കൊണ്ടോ ദീപാ നിശാന്തിന്റെ വിമര്‍ശനം കൊണ്ടോ ഒന്നും സംഭവിച്ച വിജയമല്ല രമ്യയുടേത് BJPയെ ചെറുക്കാന്‍ കോണ്‍ഗ്രസ് അധികാരത്തില്‍ വരണമെന്നുള്ള ന്യൂനപക്ഷ സമൂഹത്തിന്റെ കൂട്ടായ ഒരു തീരുമാനം അതിന്റെ അലയടിയില്‍ രാഷ്ടീയത്തിന് അധീതമായി വോട്ടുകള്‍ വീണു അതിന്റെ വിജയത്തില്‍ രമ്യയും ജയിച്ചു അത്ര മാത്രം’ എന്നാണ് നൗഷാദ് ഖാന്‍ എന്നയാള്‍.

രാഷ്ട്രീയം പറയേണ്ടിടത്ത് പാട്ടുപാടിയാല്‍ പോര, ശരിയായ രാഷ്ട്രീയം പറയണമെന്നായിരുന്നു ദീപ രമ്യയോട് ആവശ്യപ്പെട്ടത്. തുടര്‍ന്ന് വ്യാപകമായി തന്നെ ദീപയ്ക്കെതിരെയും രമ്യയ്ക്ക് അനുകൂലമായും ക്യാമ്പെയ്ന്‍ നടന്നു. ഒടുവില്‍ തെരഞ്ഞെടുപ്പ് ഫലം വന്നപ്പോള്‍ പി കെ ബിജുവിനെതിരെ ഒരു ലക്ഷത്തിലേറെ വോട്ടിന്റെ അട്ടിമറി ജയവും രമ്യ നേടി. ഇന്ന് ദീപാ നിശാന്തിന് നന്ദി അറിയിച്ചുകൊണ്ടുള്ള ട്രോള്‍ രമ്യ തന്റെ ഫേസ്ബുക്ക് പേജില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്.

പൊന്നാനിയില്‍ എല്‍ഡിഎഫ് കണ്‍വന്‍ഷനിടെയാണ് വിജയരാഘവന്‍ രമ്യ ഹരിദാസിനെതിരെ പ്രസംഗത്തില്‍ പരാമര്‍ശം നടത്തിയത്. പേരു പറയാതെ ‘ആലത്തൂരിലെ സ്ഥാനാര്‍ഥിയായ പെണ്‍കുട്ടി’ എന്ന് പറഞ്ഞായിരുന്നു പ്രസംഗം. ‘ആലത്തൂരിലെ സ്ഥാനാര്‍ഥി പെണ്‍കുട്ടി, അവര്‍ ആദ്യം പോയി പാണക്കാട് തങ്ങളെക്കണ്ടു. പിന്നെ കുഞ്ഞാലിക്കുട്ടിയെ കണ്ടു. അതോടുകൂടി ആ കുട്ടിയുടെ കാര്യം എന്താകുമെന്ന് എനിക്ക് പറയാന്‍ വയ്യ. അതു പോയിട്ടുണ്ട്’ എന്നും അദ്ദേഹം കൂട്ടിച്ചേര്‍ന്നു. സംഭവത്തില്‍ വ്യാപക പ്രതിഷേധമാണ് സാമൂഹിക മാധ്യമങ്ങളില്‍ ഉള്‍പ്പെടെ ഉയര്‍ന്നത്. വിജയരാഘവനെതിരെ രമ്യ പോലീസില്‍ പരാതി നല്‍കുകയും ചെയ്തിരുന്നു.

ദീപയുടെയും വിജയരാഘവന്റെയും പരാമര്‍ശങ്ങളിലൂടെ ലഭിച്ച സഹതാപതരംഗമാണ് രമ്യയ്ക്ക് വോട്ട് നേടിക്കൊടുത്തതെന്നും വിജയം ഉറപ്പാക്കിയതെന്നുമാണ് സോഷ്യല്‍ മീഡിയയില്‍ ഒരു വിഭാഗം പ്രചരിപ്പിക്കുന്നത്. ഇതിനെതിരെ ശക്തമായ വിമര്‍ശനങ്ങളും ഉയരുന്നുണ്ട്. ഒരു ദലിത എന്ന നിലയിലും സ്ത്രീയെന്ന നിലയിലും രമ്യ നേടിയ വിജയത്തെ കുറച്ചുകാണാനാണ് ഇത്തരം പരാമര്‍ശങ്ങള്‍ ഉപയോഗിക്കുന്നതെന്നാണ് മുഖ്യ വിമര്‍ശനം. ഇതിനിടെയാണ് എം എന്‍ കാരശേരിയും സമാന അഭിപ്രായവുമായി രംഗത്തെത്തിയത്.

(ചിത്രം: Bichu Bplus)

read more:‘നന്ദി ടീച്ചര്‍’: ദീപാ നിശാന്തിനെ ട്രോളി രമ്യ ഹരിദാസ്

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍