UPDATES

സോഷ്യൽ വയർ

ദിവ്യയുടെ മരണത്തെ കുറിച്ച് കുപ്രചരണങ്ങള്‍ നടത്തരുത്; പ്രവാസിയുടെ കുറിപ്പ് ചർച്ചയാകുന്നു

മരിച്ച മനസ്സുമായി നിൽക്കുന്ന പ്രവീണിന്റെ മുഖം മരണത്തെക്കാൾ കൊടൂരമായിരുന്നു

കഴിഞ്ഞ ദിവസം റാസൽ ഖൈമയിൽ വച്ചുണ്ടായ അപകടത്തില്‍ ദിവ്യ ശങ്കരന്‍ എന്ന കാസര്‍കോട് സ്വദേശിനി മരിച്ചതുമായി ബന്ധപ്പെട്ട് നവമാധ്യമങ്ങളിൽ നടക്കുന്ന വ്യാജ പ്രചരണങ്ങള്‍ക്ക് എതിരെ സുഹൃത്തും പ്രവാസിയുമായി ഷിബു എഴുതിയ ഫെയ്സ് ബുക്ക് പോസ്റ്റ് വൈറലാകുന്നു.

റാസല്‍ഖൈമ കറാനില്‍ ഞായറാഴ്ച്ച പുലര്‍ച്ചെയുണ്ടായ വാഹനാപകടത്തില്‍ ആണ് ദിവ്യ കൊല്ലപ്പെട്ടത്. റാക് കോര്‍ക്ക്വെയര്‍ പോര്‍ട്ടില്‍ ഹച്ചിസണ്‍ കമ്പനിയിലെ ഉദ്യോഗസ്ഥൻ പട്ടാമ്പി സ്വദേശി പ്രവീണിന്റെ ഭാര്യയാണ്​. ഷാര്‍ജയില്‍ തിരുവാതിര ആഘോഷത്തില്‍ പങ്കെടുത്ത് തിരികെ റാസല്‍ഖൈമയിലെ താമസ സ്ഥലത്തേക്ക് വരുമ്പോഴായിരുന്നു അപകടം. പ്രവീണ്‍ ഓടിച്ചിരുന്ന കാര്‍ നിയന്ത്രണം വിട്ട് വിളക്കുകാലില്‍ ഇടിച്ചാണ്​ ദുരന്തം സംഭവിച്ചത്.

താൻ മയങ്ങി പോയത് ആണ് അപകടത്തിന് കാരണം ആയതെന്ന് പ്രവീൺ പൊലീസിന് പിന്നീട മൊഴി നൽകിയതായി ഖലീജ് ടൈംസ് റിപ്പോട്ട് ചെയ്തു. യു എ ഇയിലെ നിയമ പ്രകാരം ഇത്തരം അപകടങ്ങളിൽ മരണം സംഭവിച്ചാൽ ഡ്രൈവർ പിഴ കൊടുക്കണം. മരണപ്പെട്ട വ്യക്തിക്ക് നഷ്ടപരിഹാരം ആയി ബ്ലഡ് മണിയും നൽകണം. ഈ വിവരങ്ങളെല്ലാം വാർത്തയായതോടെ നവമാധ്യമങ്ങളിൽ വ്യാജമായ പല ഗോസിപ്പുകളും പരക്കാൻ തുടങ്ങി. ഇതോടെ ആണ് ഫേസ്ബുക് കുറിപ്പുമായി ഷിബു കൊല്ലം രംഗത്തെത്തിയത്.

മദ്യപിച്ചാണ് ദിവ്യയുടെ ഭര്‍ത്താവ് പ്രവീണ്‍ വാഹനം ഓടിച്ചതെന്നും, മൊബൈലില്‍ സംസാരിച്ച് കൊണ്ടാണ് വാഹനം ഓടിച്ചതെന്നുമുള്ള പ്രചരണം തെറ്റാണെന്ന് ഷിബു പറയുന്നു. രാജ്യത്തിന്റെ നിയമത്തിന്റെ ഭാഗമായാണ് പ്രവീണിന് യുഎഇ സര്‍ക്കാര്‍ പിഴ ചുമത്തിയത്. ഭാര്യ മരിച്ച പ്രവീണ്‍ വല്ലാത്ത മാനസികാവസ്ഥയിലാണെന്നും വ്യാജ വാര്‍ത്തകള്‍ പ്രവീണിനെ മരണത്തേക്കാള്‍ ക്രൂരമായ അവസ്ഥയില്‍ എത്തിച്ചിരിക്കുകയാണെന്നും ഷിബുവിന്റെ ഫെയ്സ് ബുക്ക് പോസ്റ്റിലുണ്ട്.

ഷിബുവിന്റെ ഫെയ്സ് ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം:

പ്രിയ സുഹൃത്തും സോദരിയുമായ ദിവ്യ ശങ്കരന്റെ മരണത്തെപ്പറ്റി ഒന്നും എഴുതേണ്ട വിചാരിച്ചിരുന്നത് ആണ്. വളരെയേറെ അടുത്തറിയുന്ന കുടുംബം.  എത്ര സന്തോഷത്തിൽ ആയിരുന്നു അവർ ജീവിച്ചത്.ദിവ്യയുടെ അപകട മരണത്തെ ചുറ്റിപറ്റി പലതരം വ്യാജവാർത്തകൾ പരക്കുന്നുണ്ട്. നടന്ന കാര്യങ്ങൾ വിശദമായി എഴുതണം തോന്നി.

തിരുവാതിര വൃതം പ്രമാണിച്ചു അതിന്റെ ഭാഗമായി ആണ് ദിവ്യയും ഭർത്താവ് പ്രവീണും രണ്ട് വയസുകാരൻ മകനും ഷാർജ ഉള്ള കുടുംബാങ്ങത്തിന്റെ വീട്ടിലേക്ക് റാസ്‌ അൽ ഖയ്മയിൽ നിന്നും പോയത്. അവിടെ എല്ലാം കഴിഞ്ഞ് ഇറങ്ങിയപ്പോഴേക്കും രാത്രി ഏറെ വൈകിയിരുന്നു. നമ്മളുടെ നാട്ടിലെ പോലെ തോന്നുമ്പോൾ ഇഷ്ടത്തിന് ലീവ് എടുക്കാൻ അവിടെ സാധ്യമല്ല, പ്രവാസിയായ ഒരുത്തനും അതിനു കഴിയുകയുമില്ല,, ആ ഒരു ചിന്തയിൽ തന്നെ പിറ്റേ ദിവസം ജോലിക്ക് പോകണം എന്ന നിലയിൽ അവർ രാത്രി അവിടെ നിന്നും കാറിൽ തിരികെ യാത്ര തിരിച്ചത്.

രാത്രി വരുന്ന വഴി വക്കിൽ വെച്ചു കാർ ഓടിച്ചു കൊണ്ടിരുന്ന പ്രവീണിനു ഉറക്കം വരുന്നതായി മനസ്സിലാക്കി കാർ ഒരു വഴിയോരത്ത് ഒതുക്കി , കുറച്ചു നേരം വിശ്രമിച്ച ശേഷം വീണ്ടും കാർ എടുത്തു യാത്ര തുടർന്നു. എമിറേറ്റ്സ് റോഡിലെ ആ വരക്കത്തിനിടയിൽ കാർ ഓടിച്ചു കൊണ്ടിരുന്ന പ്രവീണിന്റെ കണ്ണിലേക്ക് ഒരു നിമിഷം ഉറക്കത്തിന്റെ മയക്കം വരുകയും കാർ നിയന്ത്രണം വിട്ടു വൈദ്യുതി പോസ്റ്റിലേക്ക് ഇടിച്ചു കയറുകയും ചെയ്തു..

ദിവ്യ ഇരുന്ന ഭാഗം ആണ് അപകടത്തിലായത്.. പിന്നിലെ സീറ്റിൽ സീറ്റ് ബെൽറ്റ് ഇട്ടിരുന്ന കുഞ്ഞും കാർ ഓടിച്ച പ്രവീണും സാരമായ പരുക്കുകളോടെ രക്ഷപ്പെടുകയും അവിടെ നിന്നും ആശുപത്രിയിലേക്ക് കൊണ്ടു പോകുന്ന വഴി ദിവ്യ മരണപ്പെടുകയും ചെയ്തു.

മുകളിൽ പറഞ്ഞ കാര്യങ്ങൾ ആണ് യാഥാർഥ്യവും സത്യവും, പോലീസ് ഫയലിലും ഇത് തന്നെ ആണ് മൊഴി. പക്ഷേ കഴിഞ്ഞ ദിവസം മുതൽ സമൂഹ മാധ്യമങ്ങളിൽ പല പല വ്യാജ വാർത്തകൾ പരക്കുന്നു.. കള്ളുകുടിച്ചു കൊണ്ടാണ് ഭർത്താവ് പ്രവീൺ വാഹനം ഓടിച്ചത് , മൊബൈലിൽ സംസാരിച്ചത് കൊണ്ടാണ് വാഹനം ഓടിച്ചത്.  ഇങ്ങനെ പലതും.

ഒപ്പം സ്ലോവാക്യയിൽ ഒരു ബി എം ഡബ്ലിയു കാർ റോഡ് വശത്തെ ബോർഡിൽ തട്ടി ടണൽ റൂഫിൽ ഇടിച്ചു കയറുന്ന ഒരു വീഡിയോയും അത് ഈ മരണവുമായി ബന്ധപ്പെട്ടത് അല്ല.

യു എ ഇ സർക്കാർ ഇന്ന് ഭർത്താവ് പ്രവീണിനു 200000 ദിർഹംസ് ദിർഹസ്പിഴ ചുമത്തി. രാജ്യത്തിന്റെ നിയമം ആണത്.. ആ പണം സർക്കാർ അല്ലാ എടുക്കുന്നത്, മരണപ്പെട്ട ദിവ്യയുടെ മാതാപിതാക്കൾക്ക് ലഭിക്കും ആ തുക,, അത് ഭർത്താവ് തെറ്റ് ചെയ്തതിനു നൽകിയ ശിക്ഷയായി കാണരുത് ആരും, നിയമം മാത്രം.

തെറ്റായ വാർത്തകൾ പ്രചരിപ്പിക്കാതെ ഇരിക്കുക, നല്ലത് പറഞ്ഞു വാർത്ത ആക്കിയാൽ ജനങ്ങൾ വായിക്കില്ല എന്ന രീതിയിൽ സമൂഹ മാധ്യമത്തിലെ വാർത്താ പേജുകൾ ആണ് വ്യാജ വാർത്തകൾ നൽകുന്ന ഇതിന്റെ ഉറവിടമായി കാണുന്നത്.

കഴിഞ്ഞ ദിവസം സുഹൃത്തുക്കൾ ആശുപത്രയിൽ പോയിരുന്നു… മരിച്ച മനസ്സുമായി നിൽക്കുന്ന ദിവ്യയുടെ ഭർത്താവ് പ്രവീണിന്റെ മുഖം മരണത്തെക്കാൾ കൊടൂരമായിരുന്നു.

തന്റെ എല്ലാമെല്ലാമായ ഭാര്യയുടെ നഷ്ടപെടൽ അയാളുടെ നിശ്ശബ്ദതയിൽ വിങ്ങിപൊട്ടുക ആയിരുന്നു.തന്റെ അമ്മ പോയത് മനസ്സിലാവാതെ ചുരത്തിയ മുലപാലിനായി കേഴുന്ന മകൻ അച്ഛന്റെ ഷർട്ടിൽ മുറുകെ പിടിച്ചു ഇരിപ്പുണ്ടായിരുന്നു.

അതിനിടയിൽ സമൂഹത്തിന്റെ തെറ്റായ വാർത്ത പ്രചരിപ്പിച്ചുള്ള കുറ്റപ്പെടുത്തലുകൾ. ദയവ് ചെയ്ത് ആ കുടുംബത്തിന് വേണ്ടി പ്രാർത്ഥിച്ചില്ലേലും അവരെ ദ്രോഹിക്കാതെ ഇരിക്കുക.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍