UPDATES

സോഷ്യൽ വയർ

എന്തൊരു ദുരന്തമാടോ മനുഷ്യാ താന്‍? അനില്‍ അക്കരയോട് ദീപ നിശാന്ത്

ഇയാളാണ് ഞങ്ങളുടെ എം എല്‍ എ എന്നു പറയാന്‍ സത്യത്തില്‍ ലജ്ജയുണ്ട് എന്നു പറഞ്ഞാണ് ദീപ നിശാന്ത് തന്റെ കുറിപ്പ് തുടങ്ങുന്നത്

തന്നെ വ്യക്തിപരമായി അവഹേളിച്ച അനില്‍ അക്കര എംഎല്‍എയ്‌ക്കെതിരേ ശക്തമായി പ്രതികരിച്ച് ദീപ നിശാന്ത്. റിട്ടയേര്‍ഡ് പൊലീസുകാരനും സജീവ കോണ്‍ഗ്രസ് പ്രവര്‍ത്തകനുമായി തടത്തില്‍ ശങ്കരനാരായണന്‍ എന്ന ദീപ നിശാന്തിന്റെ അച്ഛനെ ആദരിക്കുന്ന ചടങ്ങ് നടക്കുന്ന ദിവസം ദീപ തന്നെ ഫോണില്‍ വിളിച്ച് താന്‍ മകളാണെന്നു പറയേണ്ടെന്ന് പറഞ്ഞിരുന്നുവെന്നാണ് അനില്‍ അക്കര ഇന്നു മാധ്യമങ്ങളുടെ മുന്നില്‍ വെളിപ്പെടുത്തിയത്. പൊലീസുകാരന്റെ, അല്ലെങ്കില്‍ കോണ്‍ഗ്രസുകാരന്റെ മകള്‍ എന്നു പറയുന്നത് നാണക്കേടായതുകൊണ്ടാകാം ദീപ അങ്ങനെ പറഞ്ഞതിനു കാരണമെന്നായിരുന്നു അനിലിന്റെ പരിഹാസം. ഇതിനെതിരേയാണ് ദീപ തന്റെ ഫെയ്‌സ്ബുക്കിലൂടെ ആഞ്ഞടിച്ചിരിക്കുന്നത്. ഇതാണ് ഞങ്ങളുടെ എംഎല്‍എ എന്നു പറയാന്‍ ലജ്ജയുണ്ടെന്നാണ് അനിലിനെതിരേയുള്ള പോസ്റ്റില്‍ ദീപ ആദ്യം കുറിക്കുന്നത്.

ഒരു പൊലീസുകാരന്റെ മകള്‍ എന്നു പറയുന്നതില്‍ എന്നും അഭിമാനം കൊള്ളുന്നവളും അച്ഛനെ കുറിച്ച് അഭിമാനപൂര്‍വം എഴുതുകയും പൊലീസുകാരന്റെ മകളെന്ന നിലയില്‍ ഇന്നും പൊലീസ് സമ്മേളനങ്ങളില്‍ പോയി സംസാരിക്കുകയും ചെയ്യുന്നയാളാണ് താനെന്ന് ദീപ പറയുന്നു. തന്റെ അച്ഛന്‍ ഏതെങ്കിലും രാഷ്ട്രീയ പാര്‍ട്ടിയുടെ ഭാഗമല്ലെന്നും സജീവ കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ എന്ന അനിലിന്റെ അവകാശവാദം നുണയാണെന്നും ദീപ പോസ്റ്റില്‍ ചൂണ്ടിക്കാണിക്കുന്നുണ്ട്. പൊലീസുകാരന്റെ മകളാണെന്നു പറയാന്‍ തനിക്ക് നാണക്കേടാണെന്നു പറയുന്ന അനില്‍ പൊലീസിനെ കുറിച്ച് തന്നോട് പറഞ്ഞിട്ടുള്ളതെന്താണെന്നു കൂടി ഇരുവരുമായിട്ടുള്ള ചാറ്റിന്റെ സ്‌ക്രീന്‍ ഷോ്ട്ട് സഹിതം ദീപ വെളിപ്പെടുത്തുന്നുണ്ട്. പൊലീസുകാര്‍ ശരിയല്ലെന്നും ഏതു സര്‍ക്കാര്‍ വന്നാലും അഴിമതിക്കാരാണെന്നും പറയുന്ന അനില്‍, എന്റെ അപ്പനായാലും എനിക്ക് ഇഷ്ടമല്ല പൊലീസിനെ എന്നും ആ ചാറ്റില്‍ പറയുണ്ട്. ഈ സ്‌ക്രീന്‍ ഷോട്ട് സഹിതമാണ് ദീപ നിശാന്ത് പോസ്റ്റ് ഇട്ടിരിക്കുന്നത്.

ദീപ നിശാന്തിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ് വായിക്കാം;

ഇയാളാണ് ഞങ്ങളുടെ എം എല്‍ എ എന്നു പറയാന്‍ സത്യത്തില്‍ ലജ്ജയുണ്ട്. അത്രത്തോളം തരം താണ ഒരു വിമര്‍ശനമാണ് ഇയാള്‍ എനിക്കെതിരെയിപ്പോള്‍ ഉയര്‍ത്തുന്നത്. ഞാന്‍ ജനിച്ചു വളര്‍ന്ന ഒരു നാട്ടില്‍ എന്റെ അച്ഛനെ ആദരിക്കുന്ന ദിവസം മകളെന്ന് പറയരുതെന്ന് ഇയാളോട് പറയേണ്ട ആവശ്യം എനിക്കെന്താണ്? ഞാനെഴുതിയിട്ടുള്ള അഞ്ച് പുസ്തകങ്ങളിലും എന്റെ അച്ഛനെക്കുറിച്ച് അഭിമാനപൂര്‍വം എഴുതിയിട്ടുള്ള, അദ്ദേഹത്തിന്റെ മകള്‍ എന്ന നിലയില്‍ ഇന്നും പോലീസ് സമ്മേളനങ്ങളില്‍ പോയി സംസാരിക്കുന്ന, ‘എന്റച്ഛന്‍ കൊണ്ട വെയിലാണ് ഞാനനുഭവിക്കുന്ന തണല്‍’ എന്ന് അഭിമാനിക്കുന്ന ഞാന്‍ ഇയാളോട് ഇത്തരത്തില്‍ പറഞ്ഞു എന്ന് ഒരുളുപ്പുമില്ലാതെ മാധ്യമങ്ങള്‍ക്കു മുന്നില്‍ വിളിച്ചു പറയുന്നത് വനിതാ കമ്മീഷന്‍ സ്വമേധയാ കേസെടുത്ത് അന്വേഷിക്കേണ്ട വിഷയമാണെന്ന് ഞാന്‍ കരുതുന്നു. എന്റെ അച്ഛന്‍ ഒരു തരത്തിലും കോണ്‍ഗ്രസ്സിന്റെയോ മറ്റേതെങ്കിലും പാര്‍ട്ടിയുടേയോ പ്രവര്‍ത്തനങ്ങളില്‍ ഭാഗമായിട്ടില്ല. നാട്ടിലെ സജീവ കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ എന്ന വിശേഷണമൊക്കെ ഒന്നന്വേഷിച്ചാല്‍ ബോധ്യപ്പെടുന്ന കാര്യമാണ്. എന്റെ അച്ഛന്‍ നിങ്ങള്‍ക്ക് വോട്ടു ചെയ്തിട്ടുണ്ടോ എന്നെനിക്കറിയില്ല. അത് ചോദിക്കേണ്ട ആവശ്യം എനിക്കില്ല. അത്രത്തോളം ജനാധിപത്യബോധം ഞങ്ങള്‍ക്കുണ്ടെന്നു തന്നെ ഞാന്‍ വിശ്വസിക്കുന്നു.

നിങ്ങള്‍ ഒരിക്കല്‍ ഞാന്‍ കൊടുത്ത ഒരു പരാതിയുടെ കാര്യമന്വേഷിക്കാന്‍ എന്നെ വിളിച്ചപ്പോള്‍ ഞാന്‍ പോലീസ് സമ്മേളനത്തില്‍ എന്റെ അച്ഛനെപ്പറ്റി പറയുകയായിരുന്നു. നിങ്ങള്‍ക്ക് ഞാനാ വേദിയിലിരുന്ന് ഒരു മെസേജയച്ചപ്പോള്‍ നിങ്ങളുടെ മറുപടി എന്തായിരുന്നു. ലജ്ജയുണ്ട്. എങ്കിലും ഇയാളെ തുറന്നുകാട്ടാന്‍ വേറെ വഴിയില്ലാത്തതു കൊണ്ട് ഞാനാ സംഭാഷണത്തിന്റെ സ്‌ക്രീന്‍ ഷോട്ടിടുകയാണ്. ഇങ്ങനെ പറയുന്ന നിങ്ങളാണോ പോലീസിനെപ്പറ്റി വികാരനിര്‍ഭരമായി ചാനല്‍ ക്യാമറകള്‍ക്കു മുന്നില്‍ സംസാരിക്കുന്നത്? എന്തൊരു ദുരന്തമാടോ മനുഷ്യാ താന്‍?

ഇനി വ്യാജ ആരോപണങ്ങളുമായി ഈ വഴി വന്നാല്‍ എം എല്‍ എ കോടതി കയറേണ്ടി വരും എന്നോര്‍മ്മിപ്പിക്കുന്നു.

Shame on you!

നാണക്കേടോര്‍ത്ത്‌ അച്ഛനെ ആദരിക്കുമ്പോള്‍ ഞാന്‍ മകളാണെന്നു പറയരുതെന്നു പറഞ്ഞവരാണവര്‍; ദീപ നിശാന്തിനെ അവഹേളിച്ച് അനില്‍ അക്കര എംഎല്‍എ

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍