UPDATES

സോഷ്യൽ വയർ

“എന്റെ വീട് ഒഴിഞ്ഞുകിടപ്പുണ്ട്, നാല് കുടുംബത്തിന് താമസിക്കാം”; പോസ്റ്റ് വൈറല്‍

ആറ് മാസത്തേക്ക് വിട്ടുകൊടുക്കുന്ന വീടിന്റെ ഇലക്ട്രിസിറ്റി, വാട്ടര്‍ ചാര്‍ജ്ജുകള്‍ താന്‍ കൊടുത്തോളാമെന്നും ഇദ്ദേഹം വ്യക്തമാക്കുന്നു

വെള്ളപ്പൊക്ക ദുരിതത്തില്‍ മലയാളികള്‍ പരസ്പരം കൈത്താങ്ങാകുകയാണ്. കഴിഞ്ഞ വര്‍ഷത്തിന്റെ തുടര്‍ച്ചയെന്നോണം ഇക്കുറിയും ജനജീവിതത്തെ പ്രളയം വിഴുങ്ങിയപ്പോള്‍ അന്തിയുറങ്ങാന്‍ ഒരു കൂരയുടെ തണല്‍ പോലുമില്ലാതായവര്‍ നിരവധിയാണ്. അത്തരക്കാര്‍ക്ക് സഹായ ഹസ്തവുമായി നിരവധി പേര്‍ രംഗത്തെത്തുന്നുണ്ട്.

അത്തരത്തിലൊരാളാണ് ഡേവിസ് ദേവസ്സി ചിറമേല്‍. കറുകുറ്റി പാലിശ്ശേരിയിലുള്ള തന്റെ വീട് പ്രളയദുരിത ബാധിതര്‍ക്കായി വിട്ടുനല്‍കാന്‍ അദ്ദേഹം സന്നദ്ധത അറിയിച്ചിരിക്കുകയാണ്. അങ്കമാലി എംഎല്‍എ റോജി എം ജോണിനെയാണ് ഡേവിസ് ഇക്കാര്യം അറിയിച്ചത്. എംഎല്‍എ തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ ഇക്കാര്യം പുറത്തുവിടുകയും ചെയ്തു. നാല് അറ്റാച്ച്ഡ് ബെഡ്‌റൂമുകളുള്ള വീട്ടില്‍ നാല് കുടുംബത്തിന് താമസിക്കാമെന്നും ഡേവിസ് പറയുന്നു. ആറ് മാസത്തേക്ക് വീട് വിട്ടുകൊടുക്കാനാണ് ഇദ്ദേഹം സന്നദ്ധനായിരിക്കുന്നത്. ഇലക്ട്രിസിറ്റി, വാട്ടര്‍ ചാര്‍ജ്ജുകള്‍ താന്‍ കൊടുത്തോളാമെന്നും ഇദ്ദേഹം വ്യക്തമാക്കുന്നു. താന്‍ വില്‍ക്കാനായി വാങ്ങിയ വില്ലയാണ് ഇതെന്നും തല്‍ക്കാലം വില്‍പ്പന ഉദ്ദേശിക്കുന്നില്ലെന്നും ഡേവിസ് അഴിമുഖത്തോട് പ്രതികരിച്ചു. അതുകൊണ്ട് ആര്‍ക്കെങ്കിലുമൊക്കെ ഉപകാരമുണ്ടാകട്ടെയെന്നാണ് ചിന്തിച്ചതെന്നും ഇദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളുടെ തിരക്കില്‍ ആദ്യം ഈ സന്ദേശം കാണാതിരുന്ന എംഎല്‍എ ഇന്ന് ഇത് ശ്രദ്ധയില്‍പ്പെട്ടപ്പോള്‍ തന്നെ പോസ്റ്റ് ചെയ്യുകയായിരുന്നു. കേരളത്തില്‍ വലിയ മണിമാളികകള്‍ പണിത് താമസിക്കാന്‍ ആരുമില്ലാതെ വെറുതെ ഇട്ടിരിക്കുന്ന എല്ലാവര്‍ക്കും ഇതൊരു മാതൃകയാകട്ടെയെന്നാണ് റോജി ഇതിനെക്കുറിച്ച് പ്രതികരിച്ചത്.

also read:പതിനാല് ശസ്ത്രക്രിയകള്‍, ഒരു കൃത്രിമ കാലും ഡയാലിസിസിനായി കൈയില്‍ എവി ഫിസ്റ്റുലയും; രാവും പകലുമെന്നില്ലാതെ തിരുവനന്തപുരം നഗരസഭ ദുരിതാശ്വാസ കളക്ഷന്‍ സെന്ററില്‍ തിരക്കിലാണ് ശ്യാംകുമാര്‍

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍