UPDATES

സോഷ്യൽ വയർ

‘അത് മോഹൻലാലിന്റെ കുസൃതിയായിരുന്നില്ല, സത്യമായും സാക്ഷാൽ പിണറായി തന്നെ ആയിരുന്നു’

”എടാ വിജയാ, നിനക്കെന്താ ഈ ബുദ്ധി നേരത്തെ തോന്നാതിരുന്നത്.” എന്നുപറയാൻ ഓങ്ങിയതായിരുന്നു.

മാനാകാനും മയിലാകാനും ചിത്രശലഭമാകാനും നിമിഷാർധംപോലും വേണ്ടാത്ത ഗന്ധർവൻ, മോഹൻലാലിനെ കുറിച്ചുള്ള സംവിധായകൻ സത്യൻ അന്തികാടിന്റെ പുതിയ കുറിപ്പിൽ ഇങ്ങനെയാണ് വിശേഷിപ്പിക്കുന്നത്. എന്നാൽ കുറിപ്പിൽ പങ്കുവയ്ക്കുന്നത് മോഹൻലാൽ എന്ന നടൻ തനിക്ക് മുന്നിൽ സിനിമയില്‍ അല്ലാതെ നടത്തിയ അഭിനയ മുഹുർത്തങ്ങളെയാണ്.

താൻ സംവിധാന രംഗത്തേക്ക് കടന്ന് വന്ന തുടക്കാലം മുതൽ അടുത്തിടെ പിണറായി സർക്കാർ അധികാരത്തില്‍ വരുന്നത് വരെയുള്ള കാലങ്ങളില്‍ ലാലിൽ നിന്നും തനിക്ക് നേരിട്ടിട്ടുള്ള കുസൃതികളെ കുറിച്ചാണ് സത്യൻ അന്തിക്കാട് കുറിപ്പിൽ പറയുന്നത്. മാതൃഭൂമി സ്റ്റാർ & സ്റ്റൈലിന് വേണ്ടിയുള്ളതാണ് കുറിപ്പുകൾ.

ഒരുദിവസം ലാൽ നേരിട്ട് വീട്ടിലെത്തി തന്നെ പറ്റിച്ച കഥയാണ് ഇതിൽ ആദ്യം പങ്കുവയ്ക്കുന്നത്. ‘നാടോടിക്കാറ്റ്’ തിയേറ്ററുകളില്‍ തകര്‍ത്ത് ഓടിക്കൊണ്ടിരിക്കുന്ന സമയമായിരുന്നു അതെന്നും അദ്ദേഹം പറയുന്നു.

കഥപറയുകയാണ് സത്യൻ അന്തിക്കാട്.

ഒരിക്കല്‍ തിരക്കില്ലാത്ത ഒരു ദിവസം വീട്ടിലിരിക്കുമ്പോള്‍ മോഹന്‍ലാല്‍ കാണാന്‍ വന്ന അനുഭവമാണ് പറയുന്നത്. ഒപ്പം സെഞ്ച്വറി ഫിലിംസിലെ കൊച്ചുമോനും ഉണ്ടായിരുന്നു. ആ വാക്കുകള്‍ ഇങ്ങനെ: എന്താ ഒരു മുന്നറിയിപ്പുമില്ലാതെ വന്നതെന്ന് ചോദിച്ചപ്പോല്‍ വരേണ്ടി വന്നു എന്നാണ് ലാല്‍ പറഞ്ഞത്. ലാലു വരുന്നത് നാട്ടുകാര്‍ ആരെങ്കിലും കണ്ടോ എന്ന് ചോദിച്ചപ്പോള്‍ ‘ഇല്ല, ഞാന്‍ മുഖം മറച്ചു പിടിച്ചിട്ടാണ് വഴി ചോദിച്ചത്’ എന്നാണ് ലാല്‍ മറുപടി പറഞ്ഞത്. എത്ര മുഖം മറച്ചു പിടിച്ചാലും മോഹന്‍ലാലിന്റെ കൈവിരല്‍ കണ്ടാല്‍ പോലും ജനം തിരിച്ചറിയുമല്ലോ എന്ന് ഞാന്‍ ഭയന്നു. ‘നാടോടിക്കാറ്റ്’ തിയേറ്ററുകളില്‍ തകര്‍ത്ത് ഓടിക്കൊണ്ടിരിക്കുന്ന സമയമായിരുന്നു അതെന്നും സത്യന്‍ ഓര്‍ക്കുന്നു.

”ഒരാളെ കുറച്ചു ദിവസം സത്യേട്ടന്റെ വീട്ടിലൊന്ന് ഒളിച്ച് താമസിപ്പിക്കണം. കാറിലിരിപ്പുണ്ട്. വേറെ വഴിയില്ലാത്തതുകൊണ്ടാണ്. എതിര് പറയരുത്.”

ആളുടെ പേര് കേട്ടപ്പോൾ എന്റെ പാതി ജീവൻ പോയി. അക്കാലത്ത് പ്രമാദമായ കൊലക്കേസിലെ ഒന്നാം പ്രതി മോഹൻലാൽ നായകനായി അഭിനയിച്ച സിനിമയുടെ നിർമാതാവായിരുന്നു. എനിക്ക് വ്യക്തിപരമായി ഒരു പരിചയവുമില്ലാത്ത ആളാണ്. എന്നും പത്രങ്ങളിൽകാണാം – പ്രതി ഒളിവിലാണ്, പോലീസ് നാട്ടിലാകെ അരിച്ചുപെറുക്കുന്നു, ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിക്കുന്നു എന്നൊക്കെ. അയാളെയാണ് എന്റെ വീട്ടിൽ ഒളിപ്പിക്കണമെന്ന ദൗത്യവുമായി ലാൽ എത്തിയിരിക്കുന്നത്.

‘നടക്കില്ല’ ഞാൻ തറപ്പിച്ചു പറഞ്ഞെന്നും സത്യൻ അന്തിക്കാട് പറയുന്നു.
എന്നാൽ, ‘സത്യേട്ടനുമായി യാതൊരു ബന്ധവുമില്ലാത്ത ആളാണെന്ന് എല്ലാവർക്കുമറിയാം. അതുകൊണ്ട് ഇവിടെ സേഫ് ആണ്. രണ്ടുദിവസം മതി. മുൻകൂർ ജാമ്യത്തിനുള്ള ശ്രമങ്ങൾ തുടങ്ങിയിട്ടുണ്ടെന്നും, വീട്ടുകാർക്ക് പ്രശ്നമുണ്ടെങ്കിൽ ”വീട്ടുപണിക്കാരുടെകൂടെ നിർത്തിയാൽ മതിയെന്നും ലാൽ നിർദേശിച്ചു. ഒരു കൈലിമുണ്ടും ബനിയനും കൊടുത്താൽ പുള്ളി അവിടെ പണിക്കാരനായി നിന്നോളും. മണ്ണ് ചുമക്കുകയോ സിമന്റ് കൂട്ടുകയോ എന്തുവേണമെങ്കിലും ചെയ്യും. രണ്ടുദിവസം ഒന്ന് കടന്നു കിട്ടിയാൽ മതി.”

”പറ്റില്ല ലാലേ. വേറേ ഏതെങ്കിലും വഴി നോക്ക്. അയാളെ കാറിലിരുത്തി വെറുതെ പ്രശ്നമുണ്ടാക്കണ്ട. വേഗം സ്ഥലംവിട്.”

”അയ്യോ.. ഇവിടെവരെ എത്തിയിട്ട് ഒരു ചായപോലും തരാതെ പറഞ്ഞുവിടുകയാണോ?” അപ്പോൾ ലാലിന്റെ കണ്ണുകളിൽ ഒരു കള്ളച്ചിരി ഞാൻ കണ്ടു. കള്ളച്ചിരി പൊട്ടിച്ചിരിയായി മാറി. കൊച്ചുമോനും ആർത്തലച്ച് ചിരിക്കാൻ തുടങ്ങി.
കാറിൽ പ്രതി പോയിട്ട് ഒരു സാക്ഷിപോലുമില്ലെന്ന് അപ്പോഴാണ് എനിക്ക് മനസ്സിലാവുന്നത്. അഭിനയം മോഹൻലാലിനെ ആരും പഠിപ്പിക്കേണ്ടതില്ലല്ലോ. പിന്നീട് ഷൂട്ടിങ് ലൊക്കേഷനുകളിൽ ഈ കഥ പറഞ്ഞ് ലാൽ എന്നെ കളിയാക്കിയിരുന്നത് ഇങ്ങനെയാണ്- സത്യൻ അന്തിക്കാട് പറയുന്നു.

മുഖ്യമന്ത്രി പിണറായി വിജയനുമായി ബന്ധപ്പെട്ടതാണ് അവസാന സംഭവം.

ഞാനും എന്റെ മകൻ അനൂപും എറണാകുളത്തുനിന്ന് കാറിൽ വരികയാണ്. അനൂപാണ് കാറ് ഡ്രൈവ് ചെയ്യുന്നത്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പുഫലം പുറത്തുവന്ന സമയം. പരിചയമില്ലാത്ത നമ്പറായതുകൊണ്ട് സംശയിച്ചാണ് ഫോണെടുത്തത്.

”സത്യൻ അന്തിക്കാടല്ലേ?”

”അതെ.”

”പിണറായി സഖാവിന് സംസാരിക്കാനാണ്. ഞാൻ ഫോൺ കൊടുക്കാം.”

ചൂണ്ടയിൽ കൊത്തുവീണു എന്ന് ഞാനുറപ്പിച്ചു. കക്ഷി മോഹൻലാൽതന്നെ. സഖാവ് പിണറായി വിജയനുമായി അന്ന് നേരിട്ടെനിക്ക് പരിചയമില്ല. ഒന്നുരണ്ട് മീറ്റിങ്ങുകളിൽ ഒന്നിച്ച് പങ്കെടുത്തിട്ടുണ്ട്; ഔപചാരികമായി ഒന്നോരണ്ടോ വാക്കുകൾ സംസാരിച്ചിട്ടുണ്ട്. അതിനപ്പുറത്ത് ഇങ്ങോട്ട് ഫോൺ വിളിക്കാവുന്ന ഒരു ബന്ധവും ഞങ്ങൾ തമ്മിലില്ല.

അനൂപിനോട് ഞാൻ പറഞ്ഞു- ”മോഹൻലാലാണ്. ഇന്നെന്തായാലും നല്ല മറുപടി കൊടുത്തേക്കാം.”

അപ്പോൾ ഫോണിൽ സൗമ്യമായ ശബ്ദം- ”ഈ വരുന്ന ഇരുപത്തഞ്ചാം തീയതി സത്യപ്രതിജ്ഞ ചെയ്യുകയാണ്. തിരുവനന്തപുരത്ത് സെൻട്രൽ സ്റ്റേഡിയത്തിലാണ് ചടങ്ങ്. നിങ്ങളൊക്കെ ഉണ്ടാകണം എന്നാണാഗ്രഹം. പങ്കെടുക്കാനെത്തിയാൽ വലിയ സന്തോഷം.”

മോഹൻലാലിനുപോലും അനുകരിക്കാനാവാത്ത തനി വടക്കൻ ഭാഷ. അളന്ന് മുറിച്ച് ക്രമപ്പെടുത്തിയ വാക്കുകൾ.

”എടാ വിജയാ, നിനക്കെന്താ ഈ ബുദ്ധി നേരത്തെ തോന്നാതിരുന്നത്.” എന്നുപറയാൻ ഓങ്ങിയതായിരുന്നു. പകരം മര്യാദവിടാതെത്തന്നെ മറുപടി പറഞ്ഞു. ഫോൺ വെച്ചിട്ടും ശങ്ക മാറിയില്ല.
ലാലിന്റെ നമ്പറിൽ വിളിച്ചു. കിതപ്പോടെയാണ് ലാൽ ഫോണെടുത്തത്.

”എന്താ കിതയ്ക്കുന്നത്?”

”വർക്കൗട്ടിലാണ്. ട്രെഡ്മില്ലിൽ ഓടുകയായിരുന്നു.”

”അല്ല, ഞാൻ സത്യപ്രതിജ്ഞയ്ക്ക് വരുന്നുണ്ടെന്ന് പറയാൻ വിളിച്ചതാ.”

ലാലിന് പെട്ടെന്ന് മനസ്സിലായില്ലെന്നുതോന്നി.

”പിണറായി വിജയൻ ഇപ്പൊ എന്നെ ഫോണിൽ വിളിച്ചിരുന്നു.”

”എന്നേയും വിളിച്ചിരുന്നു. സാംസ്‌കാരികരംഗത്തുള്ള കുറെ പേരെ ക്ഷണിക്കുന്നുണ്ടെന്ന് തോന്നുന്നു. എനിക്കന്ന് പോകാൻ പറ്റുമെന്ന് തോന്നുന്നില്ല. ഷൂട്ടിങ്ങുണ്ട്. പിന്നീടൊരു ദിവസം പോയി കാണാം.”

സത്യസന്ധമായ മറുപടി. എന്റെ ഉള്ളിലൂടെ ഒരു മിന്നൽപ്പിണർ പാഞ്ഞു. സത്യമായും അത് സാക്ഷാൽ പിണറായി തന്നെ ആയിരുന്നു. സത്യൻ അന്തിക്കാട് പറയുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍