UPDATES

സോഷ്യൽ വയർ

കാൻസറിന് മുണ്ട് കരിച്ച് ചികിത്സ നടത്തുന്ന കപട വൈദ്യന്മാരുടെ പ്രചാരകരാകുമ്പോൾ നിങ്ങൾ സാമൂഹ്യദ്രോഹിയായി മാറുകയാണ്: ഡോക്ടറുടെ കുറിപ്പ്

“എപ്പോൾ ചികിൽസിക്കണമെന്നും എന്ത് മരുന്ന് കൊടുക്കണമെന്നും മാത്രമല്ല ഒരു ഡോക്ടർ പഠിക്കുന്നത്. എപ്പോൾ വിദഗ്ധോപദേശം തേടണമെന്നും വേണ്ടിവന്നാൽ മറ്റ് ഡോക്ടർമാരുടെ സഹായം അഭ്യർഥിക്കണമെന്നും കൂടിയാണ്.”

കാൻസര്‍ എന്നൊരു രോഗമില്ലെന്നു വരെ പ്രചരിപ്പിക്കുന്ന കപടവൈദ്യത്തെ, ആധികാരികമായ വൈദ്യശാഖകളിലെ ചികിത്സാപ്പിഴവുകളെ ചൂണ്ടിക്കാട്ടി പിന്തുണയ്ക്കുന്നവരെ വിമർശിച്ച് ഡോക്ടറുടെ ഫേസ്ബുക്ക് കുറിപ്പ്. കപട വൈദ്യന്മാരെ യാതൊരു യുക്തിയുടെയും പിൻബലമില്ലാതെ പിന്തുണയ്ക്കുന്ന ഇത്തരക്കാർ ചെയ്യുന്നത് തങ്ങൾ ജീവിക്കുന്ന സമൂഹത്തെക്കൂടി അപകടത്തിലാക്കുകയും അതുവഴി സാമൂഹ്യദ്രോഹികളായി മാറുകയുമാണെന്ന് ഡോ. നെൽസണ്‍ ജോസഫ് എഴുതുന്നു. ഫേസ്ബുക്ക് കുറിപ്പ് താഴെ വായിക്കാം.

ഞാനൊരു ഡോക്ടറാണ്.

നാലര വർഷത്തെ എം.ബി.ബി.എസ്സും ഹൗസ്‌ സർജൻസിയും പി.ജി പഠിക്കാനെടുത്ത ഒരു വർഷവും പി.ജി ചെയ്ത മൂന്ന് വർഷവും വിവിധ ആശുപത്രികളിൽ ജോലി ചെയ്ത സമയവുമടക്കം പതിമൂന്ന് വർഷമായി ഞാൻ മെഡിക്കൽ ഫീൽഡുമായി ബന്ധപ്പെട്ട്‌ പ്രവർത്തിക്കുന്നു.

അനാട്ടമി, ഫിസിയോളജി, ബയോകെമിസ്ട്രി, പതോളജി, മൈക്രോബയോളജി, ഫാർമ്മക്കോളജി എന്നിങ്ങനെ ഇരുപതോളം വിഷയങ്ങൾ ഇക്കാലയളവിനിടെ പല തവണ പഠിച്ചിട്ടുണ്ട്‌. ആയിരം മുതൽ മുകളിലേക്ക്‌ പേജുകളുള്ള മെഡിക്കൽ ടെക്സ്റ്റുകളടക്കമുണ്ട്‌ അതിൽ.

ഇത്‌ ഡോക്ടർമ്മാരുടെയിടയിൽ വളരെ ചെറിയൊരു കാലയളവും വളരെ ചുരുങ്ങിയ പഠനവുമാണെങ്കിലും ഒരു സാധാരണക്കാരനെ അപേക്ഷിച്ച്‌ മുൻപിലാണെന്ന് സൂചിപ്പിക്കാനാണ് ഇത്രയും എഴുതിയത്‌.

ഇക്കഴിഞ്ഞ മാസം ഡാനു (കുട്ടിയാണ്. രണ്ട് വയസ്) ഒന്ന് വീണു. വീഴുമ്പൊ ഞാൻ അടുത്തില്ല. ഫോൺ വിളിച്ച അമ്പിളിയാണു വിവരങ്ങൾ പറയുന്നത്‌.

ആദ്യം ചെയ്തത്‌ സമയം നോട്ട്‌ ചെയ്യുകയായിരുന്നു. തലയിടിച്ചാണു വീണത്‌. അപ്പോൾ തലയ്ക്കുള്ളിൽ പരിക്കുണ്ടെങ്കിൽ അതിന്റെ ലക്ഷണങ്ങൾ പ്രത്യക്ഷപ്പെടാൻ സമയമെടുത്തേക്കാം. ചിലപ്പൊ മണിക്കൂറുകൾ വരെ.

തലയിടിച്ച്‌ വീണാലുണ്ടാകാനിടയുള്ള അപകടസൂചനകളെക്കുറിച്ച്‌ ചോദിച്ചു. ബോധക്കേടൊന്നുമില്ല. ഛർദ്ദിച്ചിട്ടില്ല. ആദ്യത്തെ കരച്ചിൽ കഴിഞ്ഞ്‌ ആളൊന്ന് ശാന്തനായി വരുന്നു.

പക്ഷേ മൂക്കിൽ നിന്നും കണ്ണിനു മുകളിൽ നിന്നും ചെറുതായി രക്തം വരുന്നുണ്ട്‌. സ്വന്തം കുഞ്ഞാണ്, നേരിട്ട് പരിശോധിക്കാൻ പറ്റിയില്ല, ആ ടെൻഷനിടയിലും ഇത്രയും ചോദിക്കാൻ ഒരു റിഫ്ലക്സ്‌ പോലെ തോന്നിയത്‌ സർജ്ജറി വിഭാഗത്തിലെയും ന്യൂറോസർജറിയിലെയും പരിശീലനമാണ്.

ആ ചോദിച്ചപ്പോഴുള്ളതിൽ ഒന്ന് – മൂക്കിൽ നിന്ന് വരുന്ന രക്തം – മൂക്കിനുള്ളിൽ മുറിവുണ്ടാവാനോ അതിലും ഗുരുതരമായ തലയോട്ടിയിലെ ഏതെങ്കിലും എല്ലുകൾക്കുള്ള ക്ഷതത്തെയോ സൂചിപ്പിക്കാം. രണ്ടും അപകടമാണ്. എത്രയും വേഗം ആശുപത്രിയിലെത്താൻ പറഞ്ഞു. ഡോക്ടറായിട്ടും അങ്ങനെ പറഞ്ഞതിനു കാരണം നേരിട്ട് പരിശോധിക്കാതെ തീരുമാനമെടുക്കാൻ പാടില്ലെന്ന് പഠിച്ചത് തന്നെ .

ആശുപത്രിയിലെ ഡ്യൂട്ടി ഡോക്ടർ പറഞ്ഞതും അതുതന്നെ.തലയ്ക്കുള്ളിലെ ക്ഷതത്തെക്കുറിച്ച് ഉറപ്പ് പറയാൻ കഴിയുന്നില്ല. അവിടെ സൗകര്യങ്ങളില്ലാത്തതിനാൽ അതുള്ളിടത്തേക്ക്‌ റഫർ ചെയ്തു. ആ പോവുന്ന വഴി കാറിൽ കിടന്ന് അവൻ ഒന്ന് മയങ്ങി. സാധാരണ അത്‌ ചെയ്യാറുണ്ട്‌. എന്നാൽ ആ സാഹചര്യത്തിൽ മയക്കവും അത്ര നല്ല സൂചനയല്ല.

രണ്ടാമത്തെ ആശുപത്രിയിലും കുട്ടികളുടെയോ ന്യൂറോയുടെയോ ഡോക്ടറില്ലായിരുന്നതിനാൽ മെഡിക്കൽ കോളജിലേക്ക്‌. അവിടെ വച്ച്‌ അപകടമൊന്നുമില്ലെന്ന് ഉറപ്പ്‌ വരുത്തി. പിറ്റേന്ന് മുറിവിനു തുന്നലിട്ടശേഷം തിരികെ.ആദ്യം മൂക്കിൽ നിന്ന് വന്നെന്ന് സംശയിച്ച രക്തം കണ്ണിനു മുകളിലെ ചെറിയ മുറിവിൽ നിന്നായിരുന്നു.

ആ തീരുമാനങ്ങളത്രയും എടുക്കാൻ കാരണം പതിമൂന്ന് വർഷത്തെ പഠനവും അതിലെ അനാട്ടമി, സർജറി തുടങ്ങിയ വിഭാഗങ്ങളിലെ പരിശീലനവുമായിരുന്നു. അപകടസാദ്ധ്യത ഉണ്ടാവാനുള്ള ഏറ്റവും ചെറിയ സാഹചര്യം പോലും ഒഴിവാക്കാനുള്ള ശ്രമം.

ഇനി ഇതൊന്നും പഠിച്ചിട്ടില്ലാത്തൊരാളാണെന്ന് വച്ചോളൂ. കുഞ്ഞ്‌ വല്ലവരുടെയുമാണെന്നും. ആദ്യം തലയിൽ മുറിവുണ്ടാവുമ്പൊ , ഓ ഇത്‌ ചെറിയ മുറിവല്ലേ എന്നും പിന്നെ മയക്കമുണ്ടാവുമ്പൊ ഉറക്കം വന്നിട്ടാണെന്നും പിന്നെ ഛർദ്ദിച്ചാൽ ” ഗ്യാസിന്റെ ” പ്രശ്നമേയുള്ളെന്നും പറയുന്നെന്ന് വയ്ക്കുക.

തലയ്ക്കുള്ളിലുള്ള പരിക്കുകൾ സംഭവിക്കാത്തവർക്ക്‌ അങ്ങനെ വിചാരിച്ചാലും കുഴപ്പമൊന്നുമുണ്ടാവില്ല. അപ്പൊ അയാളുടെ വാദത്തിനു ശക്തി കൂടും.

എന്നാൽ യഥാർത്ഥത്തിൽ തലയ്ക്കുള്ളിൽ രക്തസ്രാവമുണ്ടെങ്കിലോ? ജീവന് അപകടം സംഭവിക്കാം.

അതുണ്ടോയെന്ന് കണ്ടെത്താൻ തലയുടെ സ്കാൻ ചെയ്ത്‌ ഉള്ളിലെ രക്തസ്രാവമുള്ളത്‌ കാണിച്ചുകൊടുക്കുമ്പൊ അത്‌ നേരത്തെ എടുത്തുവച്ച ഫോട്ടോയാണെന്ന് പറഞ്ഞാലോ? അത് ശ്രദ്ധിക്കുകയേ ചെയ്യാതിരിക്കുമ്പൊഴോ?

ഇത് ദിവസേന സംഭവിക്കാവുന്ന ഒരു സാധാരണ കാര്യത്തെക്കുറിച്ച്.

ഇനി പരിചയസമ്പന്നരായ ശിശുരോഗവിദഗ്ധരുടെ ഒരു ടീം കണ്ടെത്തിയ ഒരു അപൂർവമായ രോഗം. ആ രോഗം ബാധിച്ച കുഞ്ഞിനെ ഭക്ഷണനിയന്ത്രണം വഴിയും മരുന്നുകൾ വഴിയും ഒരു വർഷത്തോളം പ്രശ്നങ്ങളില്ലാതെ കൊണ്ടുപോവുന്നു. ഒരു സുപ്രഭാതത്തിൽ ഒരുത്തൻ വന്ന് അങ്ങനെയൊരു രോഗമേയില്ലെന്ന് പ്രഖ്യാപിക്കുന്നു, കുഞ്ഞ് മരണപ്പെടുന്നു.

അടുത്തത്, കേരളത്തിലെ ഏറ്റവും മികച്ച കാൻസർ ചികിൽസകർ രോഗനിർണയം നടത്തിയയാൾ. അതും വ്യാജന്റെ അടുത്ത് ചെല്ലുമ്പൊ “ഇങ്ങനെയൊരു രോഗമേയില്ല” എന്ന് വിളിച്ചുപറയുകയാണ്. അയാൾ അതുകേട്ട് ചികിൽസ നിർത്തുന്നു. മരണപ്പെടുന്നു.

ആദ്യത്തെ സംഭവവും മറ്റ് രണ്ട് സംഭവങ്ങളും തമ്മിൽ താരതമ്യമേ ഉദിക്കുന്നില്ല എന്ന് ഇതുവരെ വായിച്ച, അത്യാവശ്യം തലയിൽ ആൾത്താമസമുള്ളവർക്ക് മനസിലാക്കാനുള്ളതേയുള്ളൂ. ഇന്നലെ തൊട്ട് ന്യായീകരണ തൊഴിലാളികൾ ചികിൽസാ പിഴവുകൾ പറ്റുന്നത് വച്ച് വ്യാജനെ വെളുപ്പിക്കാൻ ശ്രമിക്കുന്നത് കണ്ട് പറഞ്ഞെന്നേയുള്ളു.

എപ്പോൾ ചികിൽസിക്കണമെന്നും എന്ത് മരുന്ന് കൊടുക്കണമെന്നും മാത്രമല്ല ഒരു ഡോക്ടർ പഠിക്കുന്നത്. എപ്പോൾ വിദഗ്ധോപദേശം തേടണമെന്നും വേണ്ടിവന്നാൽ മറ്റ് ഡോക്ടർമാരുടെ സഹായം അഭ്യർഥിക്കണമെന്നും കൂടിയാണ്.

ആരോഗ്യത്തെക്കുറിച്ചോ രോഗത്തെക്കുറിച്ചോ അഞ്ച് പൈസയുടെ പോലും അറിവില്ലാത്ത ഒരാൾക്ക് കാൻസറെന്ന രോഗമില്ലെന്ന് വിശ്വസിക്കാൻ ഒരു ബുദ്ധിമുട്ടും കാണില്ല. മുണ്ട് കരിച്ചും ഇഷ്ടികപ്പൊടി വാരിത്തിന്നും സ്വയം ചികിൽസ നടത്തുന്നതിനും തടസമില്ല.

പക്ഷേ അത് സമൂഹത്തിലേക്ക് പരത്താനും കാശിനു വിൽക്കാനും ശ്രമിക്കുമ്പൊ ന്യായീകരണവുമായി ഇറങ്ങരുത്. അപ്പോൾ നിങ്ങളും സാമൂഹ്യദ്രോഹികളാവുകയാണു ചെയ്യുന്നത്.

നിഷ്കളങ്കരുടെ രക്തം നിങ്ങളുടെ കൈകളിലും പുരളുകയാവും ഫലം.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍