UPDATES

ബ്ലോഗ്

റമ്പൂട്ടാന്‍ കുരു തൊണ്ടയില്‍ കുടുങ്ങി മരിച്ചുപോയ ഒമ്പതുമാസക്കാരനെ പോസ്റ്റ്‌മോര്‍ട്ടം ചെയ്യേണ്ടി വന്ന ഒരു ഡോക്ടര്‍ക്ക് പറയാനുള്ളത്

മരിച്ച് പോയവർ പറയുന്നത് നിങ്ങൾക്ക് മനസ്സിലാവുന്നുണ്ടാവില്ല. അതിന് തട്ടിൻപുറം നിങ്ങളുടെ തലയിൽ അല്ലല്ലോ വീണത്… വീഴാതിരിക്കട്ടെ…

ചുറ്റും നരകമാണെങ്കിലും അതിന്റെ ഒരു സൈഡുവക്കായിട്ട് ഇച്ചിരി സ്ഥലം മേടിച്ച് അതിന് ചുറ്റും ഒരു മതില് കെട്ടി അതിനകത്ത് കൃത്രിമമായിട്ടാണേലും തന്റേതായ ഒരു സ്വകാര്യ സ്വർഗ്ഗം പണിത് ജീവിക്കുന്നവരാണ് ഈ മലയാളികളെന്ന് പറയുന്ന നമ്മളിലേറേപ്പേരും.
ഇനി സ്വർഗ്ഗത്തിനൊപ്പമോ അതിനടുത്തെങ്ങാനുമോ നിലവാരമുള്ള എവിടെങ്കിലും എത്തിപ്പെട്ടാൽ ഇവിടുന്നിച്ചിരി നരകവും കൊണ്ടു ചെന്നവിടെ സ്ഥാപിച്ച് വീമ്പിളക്കും.
പൈതൃകം. ആചാരാധിഷ്ഠിത സംസ്കാരം. ഒന്നുകിൽ ഇൻസെന്‍സിറ്റിവിറ്റി അല്ലെങ്കിൽ സോഷ്യൽ ബ്ലൈൻ്റ്നസ്സ്. അല്ലെങ്കിൽ രണ്ടും. ഇതാണ് നിർമ്മിക്കുന്ന മതിലിന്റെ ചേരുവകൾ.

വിദ്യാഭ്യാസമെന്നത് ഒരു സമൂഹത്തിന് പാസ്റ്റിലേക്ക് തിരിഞ്ഞ് നോക്കി സ്വയം മനസ്സിലാക്കാനും, മുന്നോട്ട് നോക്കി മെച്ചപ്പെട്ട ഭാവിയിലേക്കും ഉള്ള യാത്രയ്ക്ക് പദ്ധതിയിടാനും വേണ്ട ചരക്കാണ്. ചരക്കായത് കൊണ്ട് തന്നെ അത് വിൽക്കപ്പെടുകയും ചെയ്യുന്നു. കാശങ്ങനെ കൊടുത്തും വാങ്ങിയും കച്ചോടം സൂപ്പറായി കൊഴുക്കുമ്പോ ചിലതൊക്കെയും കൂടി ഓർക്കണം. കച്ചോടം ചെയ്യുന്ന മൊതലിന്റെ ഗുണനിലവാരം. ഓർത്തില്ലെങ്കിൽ ചിലപ്പോ തട്ടുമ്പുറം പൊളിച്ച് ചില യാഥാർത്ഥ്യങ്ങൾ തലമണ്ടയിൽ വന്ന് വീഴും. വീണവന് നല്ലോണം നോവും അന്നേരം. സ്വന്തം തലയിൽ വീണാലേ നേരം വെളുക്കൂ എന്നുള്ളവർ വീണ്ടും കിടന്നുറങ്ങും.


ഒമ്പത് മാസം മാത്രമേ ആ കുഞ്ഞിന് പ്രായമുണ്ടായിരുന്നൊള്ളു. ഒരു ഗുണ്ടുമണിയൻ. അവന് മൂത്തത് ഒരാളുള്ളതിനേക്കാൾ കുറുമ്പനായിരിന്നുവെന്നാണ് അന്ന് മോർച്ചറിയിൽ വന്നയാൾ പറഞ്ഞത്. കുഞ്ഞിന്റെ അമ്മാവനോ മറ്റോ ആയിരുന്നു. സംസാരിക്കുമ്പോൾ അദ്ദേഹത്തിന്റെ തൊണ്ടയിടറുന്നുണ്ടായിരുന്നു.

മിടുക്കും കുറുമ്പും ഇച്ചിരി കൂടുതലുണ്ടായത് കൊണ്ടാവണം അവനെ എടുത്തുനിന്നിരുന്ന അമ്മൂമ്മയുടെ ശ്രദ്ധ ഒന്ന് തിരിഞ്ഞപ്പോൾ അവരുടെ കയ്യിലുണ്ടായിരുന്ന റമ്പൂട്ടാൻകുരു അവൻ ആ തക്കത്തിന് ഊറിയെടുത്തത്. അവന്റെ കുഞ്ഞി ശ്വാസനാളത്തിലേക്കത് ഊർന്നിറങ്ങി അവന് പ്രാണവായു നിഷേധിക്കുമ്പോ അവൻ പിടച്ചിരുന്നിരിക്കണം. അടുത്ത ദിവസം ഞാനവനെ പോസ്റ്റ്‌മോര്‍ട്ടം ചെയ്യുമ്പോ അന്നനാളത്തിനും ശ്വാസനാളത്തിനും തൊട്ട് മുകളിലായി വഴുവഴുത്ത മരണകാരണം അവിടെ തന്നെയിരിപ്പുണ്ടായിരുന്നു.

വെറുമൊരു റമ്പൂട്ടാൻ കുരു.
ഒരു കുഞ്ഞ് ചുമ്മാതങ്ങ് പോകുവാണ്.

അടഞ്ഞിരിക്കുന്ന ശ്വാസനാളത്തിനെതിരേ ബലവത്തായി ശ്വാസം വലിക്കാനെടുക്കുമ്പോഴുണ്ടാവുന്ന ചില ലക്ഷണങ്ങളുണ്ട്. പോസ്റ്റ്‌മോര്‍ട്ടം പരിശോധനയിൽ ലങ്ങ്സിൽ കാണുന്ന അത്തരം ലക്ഷണങ്ങൾക്ക് ഒരു ഭാഷയുണ്ട്. മരണത്തിലേക്ക് നയിച്ച കേവലമായ കാരണം (പരിക്ക്/ അസുഖം, disease/injury) മാത്രം ഒരു മൃതശരീരത്തിൽ തിരയുന്നവർക്ക് അന്യമായ ലിപികളും വ്യാകരണവുമാണ് ആ ഭാഷയ്ക്ക്. അത് സ്വയം കണ്ടെത്തേണ്ടതാണ്. പഠിച്ചെടുക്കേണ്ടതാണ്.

മരിച്ചവരുടെ ശവശരീരത്തിൽ കണ്ടേക്കാവുന്ന രോഗസൂചകമായ ശാരീരിക വിലക്ഷണതയെ (morbid anatomical abnormality) മാത്രം പരതുന്നവർക്കത് അറിയാൻ തരമില്ല. ഒരിക്കൽ ജീവിച്ചിരുന്ന ഒരു മനുഷ്യന്റെ അവസാന നിമിഷങ്ങളിൽ അയാളിൽ സംഭവിച്ച ക്രമവിരുദ്ധ ജീവ/ശരീരശാസ്ത്രപരമായ പ്രക്രിയകളെ (abnormal bio-physiology) തേടിക്കണ്ടെത്തുന്നവന് പോസ്റ്റ്‌മോര്‍ട്ടം പരിശോധന ഒരു ലാസറേറ്റിങ്ങ് അനുഭവമാണ്. കാരണം അത് കാട്ടിത്തരുന്നത് മരണത്തേയാണ്. ജീവനും മരണത്തിനും ഇടയിലുള്ള ഇടനാഴിയേയാണ്. അവിടെ ഒരു ഗുരുശിഷ്യ ബന്ധമുണ്ട്. പരേതർ ഗുരു. തേടിപ്പോയാൽ മാത്രം ലഭിക്കുന്നത്. നനയാൻ നിന്ന് കൊടുക്കുന്നവന് മാത്രം കിട്ടുന്നൊരു മഴ.

വേഗം തന്നെ ബോധം നഷ്ടപ്പെടുന്ന മൂർച്ചയേറിയ ആയുധം കൊണ്ടോ കയറ് മുറുകി കഴുത്തിലുണ്ടാവുന്ന പരിക്കുകൾ പോലെയല്ലിത്. ബോധത്തോടെ വലിച്ചു കീറി ചതഞ്ഞരയപ്പെടുമ്പോഴുണ്ടാവുന്ന തരം അസഹനീയ വേദന ഇമ്മാതിരി തേടിപ്പരതലുകൾ സമ്മാനിക്കും. ഒരേ സമയം റിവാർഡിങ്ങും പണിഷിങ്ങുമായ ഈ അനുഭവത്തിലാണ് ഫോറൻസിക്ക് പരിശോധനയുടെ സെനിത്ത്.

റമ്പൂട്ടാൻ കുരു തൊണ്ടയിൽ കുടുങ്ങി ഒരു കുഞ്ഞ് മരിച്ചു. ടിവിയിലും അടുത്ത ദിവസം പത്രത്തിലും ഒരു വാർത്ത. പിന്നെ നമ്മളത് മറക്കും. ഒരു തരത്തിൽ പറഞ്ഞാൽ അതല്ലേ വേണ്ടത്.
വൈ ഷുഡ് വീ കെയർ?


ഈ അടുത്ത കാലത്ത് ആരോഗ്യസർവകലാശാലയുടെ ഒരു മീറ്റിങ്ങിന് പോയിരുന്നു. പുതിയ പാഠ്യപദ്ധതി വന്നിട്ടുണ്ട്. അതിനേപ്പറ്റി വല്യ ചർച്ചകൾ നടക്കുന്നു. പരീക്ഷകൾ ഇനിയും student friendly ആകണമെന്ന് വാശിയുള്ള മേലധ്യക്ഷൻ. നിലവാരത്തേക്കുറിച്ച് സൂചിപ്പിച്ച് കൊണ്ട് ഒരു അധ്യാപകന്റെ കമന്റ് വന്നു.

The aim of any good medical education system is to produce a COMPETENT doctor. But not just that. It should also ensure that an INCOMPETENT person never becomes one.

സദസ്സിൽ ആർക്കും വല്യ അനക്കമൊന്നുമില്ല. ചർച്ചകളുടെ ചൂടിൽ ആ പറഞ്ഞ ഒരു നിരീക്ഷണം ആർക്കും വേണ്ടാത്ത ഒന്നായി അവസാനിച്ചു.

പൊതു ചടങ്ങുകളിൽ മാത്രമല്ല എംബിബിഎസ് പരീക്ഷയുടെ മൂല്യ നിർണ്ണയ ക്യാമ്പിലും വരെ വന്നിട്ട്, പരീക്ഷകൾ നടത്തുമ്പോഴും പേപ്പർ നോക്കുമ്പോഴും സ്വന്തം മക്കളുടെ മുഖം ഓർമ്മവരണം, മനസ്സിൽ തെളിയണം എന്ന് പറയുന്നവരൊക്കെ ഉന്നത സ്ഥാനങ്ങളിൽ ഇരിക്കുന്ന ഒരു സ്ഥാപനമാണ് കേരളത്തിലെ മെഡിക്കൽ സർവകലാശാല. എന്ത് പാഠ്യപദ്ധതി വന്നാലും ആത്യന്തികമായി ഒരു പഠനപ്രക്രിയയുടേയും അതിന്റെ അന്തിമ ഫലമായി ഡോക്ടറുടേയും നിലവാരം നിശ്ചയിക്കുന്നത് പരീക്ഷകളാണ്, മൂല്യ നിര്‍ണയ പ്രക്രിയയുടെ നിലവാരമാണ്. അതിൽ പുത്ര (ത്രി)വാത്സല്യവും മഗ്നാനിമിറ്റിയും ചാരിറ്റിയും ഒന്നുമല്ല കാര്യങ്ങൾ തീരുമാനിക്കേണ്ടത്. അധ്യാപകരുടെ ഭയവും നിലവാരത്തകർച്ചയും അല്ല. മറിച്ച്, ജനങ്ങളുടെ ജീവൻ കൈകാര്യം പോന്ന തൊഴിലിന് വേണ്ടുന്ന കംപീറ്റൻ്സ് ഇല്ലാത്തവരെ ആ ജോലിക്ക് യോഗ്യരെന്ന് കണ്ടെത്തുന്നവരുടെ നേർക്കും സ്ക്രൂട്ടിനി ചെന്നെത്തണം.

തൊണ്ടയിൽ കുരു കുടുങ്ങിയ കുഞ്ഞിനേം എടുത്തോണ്ട് തൊട്ടടുത്തുള്ള ആശുപത്രിയിൽ എത്തിച്ചപ്പോ ജീവനുണ്ടായിരുന്നു. അവിടുന്ന് വേഗം higher centre-ലേക്ക് റഫർ ചെയ്തു എന്നാണ് പോലീസുൾപ്പടെ എല്ലാവരും പറയുന്നത്.

തൊണ്ടയില്‍ ഒരു കുരു കുടുങ്ങിയിട്ട് ജീവനോടെ ആശുപത്രിയിൽ എത്തിയിട്ടാണ് ഒരു പിഞ്ചു കുഞ്ഞ് മരിച്ചത് എന്നോർക്കണം. Heimlich manoeuvre എന്നൊരു പരിപാടിയുണ്ട്. അത്യാവശം സന്ദർഭങ്ങളിൽ ജീവൻ രക്ഷിച്ചെടുക്കാൻ പറ്റും ഈ പരിപാടി അറിയാമെങ്കിൽ. കൊച്ചു കുഞ്ഞാണ്. കമിഴ്ത്തിപിടിച്ച് നെഞ്ചിന്റെ പിറകിലായിട്ട് അഞ്ചാറ് തട്ട് കിട്ടിയിരുന്നേൽ പാവം അവൻ ജീവിച്ച് പോയേനേ. വീട്ടിൽ വച്ചാണെങ്കിൽ പോലും ആർക്കും ചെയ്യാവുന്ന കാര്യങ്ങളാണിത്. സ്കൂളിൽ പഠിപ്പിക്കുന്ന കാര്യങ്ങളാണ്. പ്രായോഗിക ജീവിതത്തിൽ അഭിമുഖീകരിക്കേണ്ടിവരുന്ന ഇത്തരം സന്ദർഭങ്ങളിൽ പ്രയോഗിക്കേണ്ടുന്ന ഇത്തരം ബേസിക് ലൈഫ് സേവിംഗ് സ്കിൽസ് അല്ലാതെ എന്ത് പണ്ടാരം പിടിച്ച തേങ്ങാക്കുലയാണ് നമ്മളൊക്കെ പഠിച്ചത്. 100 ശതമാനം പാസും full A പ്ലസ് ഒക്കെ പറഞ്ഞു വീമ്പിളക്കുന്ന ഈ രോഗാതുരമായ സമൂഹത്തിലുള്ള എത്ര മിടുക്കന്മാർക്കും മിടുക്കികൾക്കും ഒരു സഹജീവിയെ, ഇനിയത് സ്വന്തം വീട്ടിലുള്ള ഒമ്പത് മാസം പ്രായമുള്ള ഒരു കൊച്ചു കുഞ്ഞിനെ പോലും, ചുമയ്ക്കാൻ പറഞ്ഞോ നെഞ്ചത്തോ വയറ്റത്തോ ഞെക്കി പിടിച്ചോ മരണത്തീന്ന് രക്ഷപ്പെടുത്താൻ കഴിയും?

കുഞ്ഞുങ്ങൾക്ക് ഓരോന്ന് തൊണ്ടയിൽ കുടുങ്ങുമ്പോഴെല്ലായിടത്തും എപ്പോഴും ഡോക്ടർമാരെ കൊണ്ട് നിറുത്താനും രക്ഷപ്പെടുത്തിയെടുക്കാനും ലോകത്ത് എവിടേയും നടക്കില്ല. സ്കൂളിൽ നമ്മൾ എന്ത് പഠിക്കുന്നുവെന്നും എങ്ങനെ പഠിപ്പിക്കുന്നുവെന്നും, പാസായി പോകുന്ന ഒരോരുത്തർക്കും മിനിമം ഇത്രയെങ്കിലും അറിവും കഴിവും വേണമെന്നുമൊന്നും ചിന്തിക്കാത്ത ഒരു സമൂഹത്തിൽ റമ്പൂട്ടാൻ്റേത് പോലത്തെ കുരു തൊണ്ടയിൽ കുടുങ്ങി ഇനിയും നിസ്സഹായരായി കുഞ്ഞുങ്ങൾ മരിക്കും.

ഇതൊക്കെ പഠിച്ച് വച്ചാൽ ഇനി ഇങ്ങനത്തെ മരണങ്ങളൊന്നും ഒരിക്കലും സംഭവിക്കില്ലെന്ന ഉടോപ്യയിലൊന്നുമല്ല ഇത് പറയുന്നത്. പക്ഷെ ഇത്രയും ചോദിക്കും. Are we learning enough to become social creatures, to save each other from dying avoidable deaths?

ഇനി ആശുപത്രിയിലേക്ക് വരാം. നഴ്സിങ്ങ് ഹോം എന്നാണ് കൂടെവന്നവർ പറഞ്ഞത്. അവിടെ ഒരു ഡോക്ടറുണ്ടായിരുന്നോ ഇല്ലയോ എന്നെനിക്കറിയില്ല. രാത്രിയിലൊക്കെ കൊച്ചു ആശുപത്രിയിലൊക്കെ ഡോക്ടർ ചമഞ്ഞിരുന്ന് രോഗികളേയും സമൂഹത്തേയും ഒന്നടങ്കം വഞ്ചിച്ച് GP എന്ന ഓമനപ്പേരില്‍ പോക്രിത്തരം കാണിച്ചാണ് കുറച്ചെങ്കിലും ഭാവി ഡോക്ടർമാർ പണി പഠിക്കുന്നത്.

നല്ല പഷ്ട് മൊതലുകള്. അവിടെ ഒരു ഡോക്ടറുണ്ടായിരുന്നെങ്കിലും ഇല്ലെങ്കിലും, രണ്ടോ മൂന്നോ വൈഡ് ബോര്‍ സൂചികൾ കുഞ്ഞിന്റെ tracheaയിലേക്ക് കുത്തി ഇറക്കിയിരുന്നെങ്കിൽ പോലും അവൻ രക്ഷപ്പെട്ടേനേ. പകരം ശ്വാസനാളം അടഞ്ഞുപോയ കുഞ്ഞിന്റെ മൂക്കിലോട്ട് oxygen വെച്ചിട്ടും കാര്യമില്ല. എന്നിട്ട് ഇങ്ങനെ higher centreലേക്ക് റഫർ ചെയ്യുന്നതിന്റെ കുടെ ഒരു Cause of Death certificate കൂടി വെച്ച് വിടുന്നതായിരുന്നു നല്ലത്. ഒന്നുമില്ലെങ്കിലും ആ കടലാസ്സെങ്കിലും ഉപയോഗം വന്നേനേ. ആ കുഞ്ഞിന്റെ മരണം അവിടെ തന്നെ തീരുമാനിക്കപ്പെട്ടിരിക്കുന്നു.


ഇരുപത്തൊന്നാം നൂറ്റാണ്ടാണ്. അല്ലാതെ ശിലായുഗമൊന്നുമല്ല. മനുഷ്യൻ ഒത്തിരി മുന്നോട്ട് നീങ്ങിയിട്ടുണ്ട്. അതിൽ കൂടുതലും ആധൂനികതയിലും ശാസ്ത്രീയതയിലും ഊന്നിയുള്ള മാനവികതയിലൂടെയാണ്. വിദ്യാഭ്യാസത്തിലൂടെയുമാണ്. സ്കൂളുകളിൽ ആരൊക്കെയാണ് അധ്യാപകരായി എത്തുന്നതെന്നും എന്താണ് പഠിപ്പിക്കുന്നതെന്നും ഒരു സമൂഹം അറിഞ്ഞിരിക്കണം.

അതിനേക്കാൾ പ്രധാനമാണ് എന്തൊക്കെയാണ് മെഡിക്കൽ വിദ്യാഭ്യാസ രംഗത്ത് നടക്കുന്നതെന്നും ആരൊക്കെയാണ് നമ്മൾ ഡോക്ടർമാരായി പുറത്തിറക്കുന്നതെന്നും, ഒരു competent ഡോക്ടറായി സേർട്ടിഫൈഡാകാൻ എന്തൊക്കെയാണ് മാനദണ്ഡമാകേണ്ടതെന്നും മനുഷ്യജീവന് വില കൊടുക്കുന്ന ഒരു സമൂഹം അന്വേഷിച്ചേ മതിയാകൂ.

പരീക്ഷകൾ നടത്തുമ്പോൾ ഫ്രെയിം ചെയ്ത് വച്ച എന്റെ മകന്റെ ഫോട്ടോയിലൊന്നും ഒരു കാര്യവുമില്ല. അങ്ങനെ പറഞ്ഞ വ്യക്തിയെ ആരാധിക്കുന്ന ഒരു ഡോക്ടർ സമൂഹത്തിൽ നിന്ന് കൊണ്ട് തന്നെയാണ് സംസാരിക്കുന്നതെന്ന് മനസ്സിലാക്കി കൊണ്ട് തന്നെ രണ്ട് കാര്യങ്ങൾ ഇപ്പോ പറയാം.

ഒന്ന്,

എന്റെ മകൻ ഒരു മണ്ടനാവരുതെന്നും, അവന്റെ പൊട്ടത്തരം കാരണം രക്ഷപ്പെടുത്തി എടുക്കാമായിരുന്ന ഒരു ജീവനും നഷ്ടപ്പെടരുത് എന്നൊരു വാശി എനിക്കുണ്ട്. അതുകൊണ്ട് ഈ മക്കളുടെ മുഖം emotional blackmailing അവിടെ നില്‍ക്കട്ടെ.

രണ്ട്,

മനസ്സിലേക്ക് വരുന്നത് ഒരു റമ്പൂട്ടാൻ കുരുവും, അതിനെ എങ്ങനെങ്കിലും പുറത്ത് കളയാൻ ശ്രമിച്ച് തോറ്റുപോയ ഒരു കൊച്ചു കുഞ്ഞിന്റെ വിങ്ങിപ്പൊട്ടാറായ ശ്വാസം മുട്ടലിന്റെ കഥപറയുന്ന അവന്റെ ലങ്ങ്സുമാണ്. സർവകലാശാലയിലെ പ്രധാനി ഇനി എന്ത് പറഞ്ഞാലും നിർദ്ദേശിച്ചാലും…

മരിച്ച് പോയവർ പറയുന്നത് നിങ്ങൾക്ക് മനസ്സിലാവുന്നുണ്ടാവില്ല.

അതിന് തട്ടിൻപുറം നിങ്ങളുടെ തലയിൽ അല്ലല്ലോ വീണത്…

വീഴാതിരിക്കട്ടെ…

(ഡോ. കൃഷ്ണന്‍ ബാലേന്ദ്രന്‍ ഫേസ്ബുക്കില്‍ എഴുതിയത്)

ചിത്രങ്ങള്‍: ഗൂഗിള്‍ ഇമേജ്

ഡോ. കൃഷ്ണന്‍ ബാലേന്ദ്രന്‍

ഡോ. കൃഷ്ണന്‍ ബാലേന്ദ്രന്‍

ഫോറന്‍സിക് സര്‍ജന്‍, അസി. പ്രൊഫസര്‍, ആലപ്പുഴ മെഡിക്കല്‍ കോളേജില്‍ ഡെപ്യൂട്ടി പോലീസ് സര്‍ജന്‍

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍