UPDATES

സോഷ്യൽ വയർ

കഥകളിൽ മാത്രം കേട്ടിട്ടുള്ള ആ കരിമ്പുലിയെ ഒരാൾ ക്യാമറയിൽ പകർത്തിയപ്പോൾ; അത്ഭുത ചിത്രം കണ്ടതിന്റെ കൗതുകമടക്കാനാകാതെ ട്വിറ്റർ ലോകം

“ബ്ലാക്ക് പാന്തറുകളെപോലെ എന്നെ കുട്ടിക്കാലത്തും ഇപ്പോഴും ഇത്ര ഭ്രമിപ്പിച്ച ഒരു ജീവിയില്ല.”

കട്ട പിടിച്ച ഇരുട്ടിന്റെ വന്യതയിൽ നിന്ന് ബൾബ് പോലെ പ്രകാശിക്കുന്ന കണ്ണുകളോടെ എണ്ണക്കറുപ്പിൽ ഒരു കരിമ്പുലി. ആർക്കും അത്രയെളുപ്പം പിടികൊടുക്കാത്ത പ്രകൃതം. ആഫ്രിക്കയിലെ അപൂർവങ്ങളിൽ അപൂർവമായി മാത്രം കാണപ്പെടുന്ന “ബ്ലാക്ക് പാന്തര്‍”എന്ന കരിമ്പുലിയാണ് കഴിഞ്ഞ ദിവസം വിൽ ബുറാഡ് ലൂക്കസ് എന്ന വൈൽഡ് ലൈഫ് ഫോട്ടോഗ്രാഫറുടെ ക്യാമറയിൽ പതിഞ്ഞത്.

ആഫ്രിക്കൻ വനാന്തരങ്ങളിലും ഏഷ്യയിലെ ചില കാടുകളിലും മാത്രം കാണപ്പെടുന്ന ഈ കരിമ്പുലിയെ അത്രയെളുപ്പത്തിൽ കണ്ടെത്താനോ ക്യാമറയിൽ പകർത്താനോ കഴിയില്ല. ഏറെക്കാലത്തിനിടയില്‍ ഇതാദ്യമായാണ് ഒരാൾ ബ്ലാക്ക് പാന്തറുകളുടെ നിരവധി ഫോട്ടോഗ്രാഫുകൾ ജീവൻ പണയപ്പെടുത്തി എടുത്തത് എന്നതിനാൽ തന്നെ ട്വിറ്ററിൽ ചിത്രങ്ങൾ ചുരുങ്ങിയ സമയത്തിനുള്ളിൽ തന്നെ വൈറലായി.

കെനിയയിലേക്കുള്ള ഒരു യാത്രയ്ക്കിടയിൽ ശ്വാസമടക്കിപിടിച്ചാണ് ഫോട്ടോഗ്രാഫർ ഈ ചിത്രമെടുത്തത്. സാധാരണ കരിമ്പുലികൾ അഥവാ മെലാനിസ്റ്റിക് പുലികൾ ഏഷ്യയിലെയും ആഫ്രിക്കയിലെയും വനങ്ങളിൽ ധാരാളം കാണാറുള്ളതാണ്. എന്നാൽ ലൂക്കസ് എടുത്ത ഫോട്ടോയിലുള്ളത് കറുത്ത വെൽവെറ്റ് പോലുള്ള ത്വക്കുള്ള അധികമാരും കണ്ടിട്ടില്ലാത്ത, പലർക്കും സങ്കല്പങ്ങൾ മാത്രമുള്ള ബ്ലാക്ക് പാന്തെറിനെ ആയിരുന്നു.

“ബ്ലാക്ക് പാന്തറുകളെപോലെ എന്നെ കുട്ടിക്കാലത്തും ഇപ്പോഴും ഇത്ര ഭ്രമിപ്പിച്ച ഒരു ജീവിയില്ല. അതിന്റെ വന്യത, നിഗൂഢത, ആർക്കും പിടികൊടുക്കാത്ത അതിന്റെ ഒളിജീവിതം, അതിന്റെ മനോഹാരിത മുൻപ് ആരും പകർത്തിയിട്ടില്ലാത്ത അവയെ എന്റെ സ്വന്തം ക്യാമറകൊണ്ട് ഒപ്പിയെടുക്കണമെന്നത് ഒരു വലിയ സ്വപ്നമായിരുന്നു, അത്രയെളുപ്പത്തിൽ സാധിക്കില്ലെന്ന് അറിയാവുന്നത് കൊണ്ട് അമിത പ്രതീക്ഷ വെച്ചില്ല. ആഫ്രിക്കൻ വനാന്തരങ്ങളിൽ നിരവധി രാത്രികൾ ഇവയ്ക്കു വേണ്ടി കാത്തിരുന്നിട്ടുണ്ട്, ഒടുവിൽ ഒരു വേള എടുത്ത ചിത്രങ്ങൾ ഓടിച്ച് നോക്കിയപ്പോൾ അതാ ഇരുട്ടിൽ മിന്നുന്ന രണ്ട് കണ്ണുകൾ.. എനിക്ക് വിശ്വസിക്കാനായില്ല, ബ്ലാക്ക് പാന്തർ….! പിന്നീട് അരണ്ട നിലാവെളിച്ചത്തിൽ അതിന്റെ കുറെയേറെ ചിത്രങ്ങൾ പകർത്തി. ഞാൻ എന്റെ സ്വപ്നം സാക്ഷാത്കരിച്ചു..” ആവേശമടക്കാനാകാത്ത ആ നിമിഷത്തെ കുറിച്ച് ലൂക്കസ് തന്നെ തന്റെ ബ്ലോഗിൽ കുറിക്കുന്നതിങ്ങനെയാണ്.

കഥകളിൽ മാത്രം കേട്ടിട്ടുള്ള ബ്ലാക്ക് പാന്തറുകളുടെ ഒരു യഥാർത്ഥ ചിത്രം പുറത്ത് വന്നതിൻറെ ആഹ്ളാദത്തിൽ ഫോട്ടോഗ്രാഫറോട് നന്ദി പറയുന്ന നിരവധി കമന്റുകളാണ്‌ ട്വിറ്ററിൽ വരുന്നത്. “സങ്കൽപ്പത്തിലെ ഏറ്റവും വലിയ ഫാന്റസികളിൽ ഒന്നായിരുന്നു ബ്ലാക്ക് പാന്തറുകൾ, അവയെ ഇത്ര മനോഹരമായി പകർത്തിയെടുത്ത് ഇവ യഥാർത്ഥത്തിൽ ജീവിക്കുന്ന ജീവികൾ തന്നെയാണെന്ന് ഈ ഫോട്ടോഗ്രാഫർ ഞങ്ങളെ ബോധ്യപെടുത്തിത്തന്നു.ഈ ഫോട്ടോ വളരെ കൗതുകത്തോടെയാണ് ഞങ്ങൾ പങ്കുവെക്കുന്നത്.” ഈ അത്ഭുത ചിത്രം കണ്ടതിന്റെ ആഹ്‌ളാദം ട്വിറ്ററിൽ നിരവധി പേരാണ് കമ്മന്റുകളായി കുറിയ്ക്കുന്നത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍