UPDATES

സോഷ്യൽ വയർ

കിളിനാക്കോട് മാത്രമല്ല മനുഷ്യർ ജീവിക്കുന്ന ഇടങ്ങളിലൊക്കെ പരദൂഷണക്കാരും, സദാചാര പോലീസുകാരും ഉണ്ട്

ഞാൻ വീട്ടിലില്ലാതിരുന്ന സമയത്ത് ഭാര്യ ഇതിലെ അഴിഞ്ഞാടി നടക്കുകയാണെന്ന് എന്നെ അറിയിച്ചു സഹായിച്ചതാണ് ഗഡി

ഏറ്റുമാനൂർ നിന്ന് കൂത്താട്ടുകുളത്തിന് പോകുന്ന വഴിക്ക് മോനിപ്പള്ളി എന്നൊരു ബസ് സ്റ്റോപ്പുണ്ട്. എം.സി റോഡിലെ ആ വലിയ ചുരം തുടങ്ങുന്നത് ഇവടെ നിന്നാണ്. മോനിപ്പള്ളിയിൽ നിന്ന് പിറവത്തിന് പോകുന്ന വഴിക്ക് ഇലഞ്ഞി ടൌണ് എത്തുന്നതിന് 2 കി.മി മുന്നെ ഒരു ഗ്രാമം ഉണ്ട്. ആലപുരം. എന്റെ അപ്പൻ ജനിച്ചു വളർന്ന നാടാണ്.

ആലപുരം 1970 കളിൽ എങ്ങൊ സ്റ്റക്കായി പോയ ഒരു സ്ഥലമാണ്. പണ്ട് അവിടൊക്കെ ചെമ്മണ് പാതകളായിരുന്നു. ഇപ്പൊ ടാറു പോലൊരു ദ്രാവകം വാരി ഒഴിച്ച് ചെമ്മണ് കളറൊക്കെ ഒരു നരച്ച പരുവത്തിൽ ആക്കിയിട്ടുണ്ട് എന്നതൊഴിച്ചാൽ വേറൊന്നും അവിടെ മാറിയിട്ടില്ല. ഒരു STD ബൂത്തു പോലും കൂടിയിട്ടില്ല. ജങ്ക്ഷനിൽ ഒരു മാരാരുടെ കട, ഒരു സ്കൂൾ, അമ്പലം; തീർന്നു. അവിടെങ്ങാനും ബസ്സിറങ്ങി ജയൻ മരിച്ചു പോയെന്നൊക്കെ പറഞ്ഞാൽ, ആരാ ജയൻ എന്ന് തിരിച്ചു ചോദിക്കുമോ എന്ന് തോന്നി പോകുന്ന ഒരു സ്ഥലം.

ശുദ്ധഗതിക്കാരാണ് ആലപുരംകാർ. പക്ഷെ ചില പ്രത്യേകതകൾ ഉണ്ട് താനും. ഉദാഹരണത്തിന്; ഒരു അപ്പൻ തന്റെ മൾക്കൊ മകനൊ കല്യാണം ആലോചിച്ചു തുടങ്ങണം എന്ന് മനസ്സിൽ വിചാരിച്ചു എന്നിരിക്കുക. ആ പിതാവിന്റെ ഉള്ളിൽ അത്തരം ഒരു ചിന്ത ഉടലെടുക്കുന്ന ഏകദേശം അതേ സമയം, അയലക്കംകാരും നാട്ടുകാരും ഈ കല്യാണാലോചനകൾ മുടക്കാൻ പ്രതിജ്ഞ എടുത്തു കഴിയും. പിന്നെ ചെസ്സുകളി പോലെ അതി സങ്കീർണ്ണമായ ഒരു കളിയാകും കല്യാണാലോചനയും, മുടക്കും. മുടക്കാൻ വരുന്നവരിൽ നിന്ന് ഒളിച്ചു വെയ്ക്കാനുള്ള സ്ട്രാറ്റജികൾ കല്യാണ വീട്ടുകാർ പ്ലാൻ ചെയ്യുമ്പോൾ അത് മുടക്കാനുള്ള സ്ട്രാറ്റജികളെക്കുറിച്ചാണ് കല്യാണ മുടക്കികൾ ചിന്തിക്കുക.

എന്റെ അപ്പന്റെ പെങ്ങളുടെ കല്യാണം ഇങ്ങനെ ആലോചിച്ചും, മുടക്കിയും ഏകദേശം ഒരു പത്തു കൊല്ലം എടുത്തു. ഞാനൊക്കെ തീരെ കുഞ്ഞായിരുന്നപ്പോൾ തൊട്ട് ശനിയാഴ്ച രാവിലെ കേൾക്കുന്ന ഒരു സ്ഥിരം പല്ലവിയുണ്ട്. “കുഞ്ഞുമോൾക്ക് ഒരു ആലോചന വന്നിട്ടുണ്ട്; പോയി അന്വേഷിച്ചിട്ട് വരണം”. ഞാൻ ജനിക്കുന്നതിന് മുൻപ് ആലോചിച്ചു തുടങ്ങിയതാണ്. ഞാൻ മൂന്നിലൊ നാലിലൊ പഠിക്കുമ്പഴാണ് കല്യാണം നടന്നത്.

ഇതൊക്കെ വളരെ പണ്ടല്ലെ. ഇപ്പൊ അവിടൊക്കെ മാറിക്കാണും എന്ന് നിങ്ങൾ വിചാരിക്കും. എന്റെ കല്യാണ സമയത്ത്; എന്റെ ഭാര്യവീട്ടുകാർ ഒരു ആലപുരം കാരനെ കണ്ടപ്പോൾ എന്നാലൊന്ന് അന്വേഷിച്ചുകളയാം എന്ന് വിചാരിച്ചു. അമ്മായപ്പന് കിട്ടിയ ഉത്തരമാണ് ക്ലാസിക്. “സാറും, പിള്ളാരും പകലൊക്കെ മാന്യമാരാണ്, രാത്രിയിൽ എങ്ങനാന്ന് അറിയില്ല” !!. എന്താ സത്യമല്ലെ ?. ആ ആലപുരംകാരൻ ഞങ്ങളെ രാത്രി കണ്ടിട്ടില്ല. പകലു മാത്രമേ കണ്ട് പരിചയമുള്ളു. പുള്ളി സത്യസന്ധമായ ഉത്തരമാണ് കൊടുത്തത്.

ഇത് കേരളത്തിലെ ഒരു ഗ്രാമം.

അമേരിക്കയിൽ എത്തിയിട്ട് ഏഴു കൊല്ലം ജീവിച്ചത് ഒരു കുഗ്രാമത്തിലാണ്. കനേഡിയൻ അതിർത്തിയിലുള്ള ഒരു ഗ്രാമത്തിൽ. വീടും കുടുംബവുമൊക്കെ ഇവിടെ ആണെങ്കിലും രണ്ട് കൊല്ലം കുടുംബത്തെ പിരിഞ്ഞ് കാലിഫോർണ്ണിയയിൽ ജീവിച്ചിരുന്നു. എല്ലാ രണ്ടാഴ്ച കൂടുമ്പഴും കുടുമ്പത്തെ കാണാൻ പ്ലെയിൻ പിടിച്ചു വരും. ഒരു രാത്രി മുഴുവുൻ യാത്രയുണ്ട്. എന്നാലും വീടെത്തുമ്പോൾ ശനിയാഴ്ച ഉച്ച കഴിയും. യാത്ര നീളാൻ ഒരു കാരണം ബോസ്റ്റണിൽ നിന്നുള്ള കണക്ഷൻ ഫ്ലൈറ്റാണ്. പ്ലെയിൻ എന്നൊക്കെ വിളിക്കാൻ പ്രയാസമാണ്. ഓട്ടറിക്ഷയ്ക്ക് ചിറക് വെച്ച പോലത്തെ ഒരു കമ്യൂട്ടർ പ്ലെയിനാണ്. ദിവസത്തിൽ മൂന്നു തവണയെ ഈ കണക്ഷൻ ഫ്ലൈറ്റ് ഉള്ളു. ബോസ്റ്റണിൽ രാവിലെ 5 മണിക്കെത്തിയാലും ഈ കണക്ഷൻ പിടിക്കാൻ 9:30 വരെ കാക്കണം.

അങ്ങനെ ഒരു ദിവസം തുഴഞ്ഞ് തുഴഞ്ഞ് ബോസ്റ്റണീന്നുള്ള കണക്ഷൻ ഫ്ലൈറ്റും പിടിച്ച് വീടിനടുത്തുള്ള എയർപ്പോർട്ടിലെത്തി. എയർ പോർട്ട് എന്നൊക്കെ വിളിക്കുന്നത് ആർഭാടമാണ്. പുറത്തൂന്ന് നോക്കിയാൽ ഒരു പെട്രോൾ പമ്പ് ആണെന്നെ തോന്നു. പ്ലെയിൻ നിർത്തുന്നത് ടാർമാർക്കിലാണ്. അവിടുന്ന് ഇറങ്ങി പെട്രോൾ പമ്പ് പോലിരിക്കണ ഒരു ഹോളും കടന്ന് വേണം പുറത്തിറങ്ങാൻ. അവിടുന്ന് പിന്നേം 60 മൈൽ ദൂരമുണ്ട് വീട്ടിലേയ്ക്ക്. ഭാര്യയും മകനും കാറും കൊണ്ട് വരും. അവരെ കാണാനുള്ള ആകാംഷയിൽ ടാർമ്മാർക്കിലിറങ്ങി ഹോളിലൂടെ സ്പീഡിൽ നടക്കുകയാണ്. അപ്പഴാണ് പുറകീന്ന് ഒരു വിളി. എന്റെ അയലൊക്കം കാരനാണ്. ഞാൻ വിളി കേട്ടു നിന്നു. അങ്ങോർ എനിക്ക് നേരെ നടന്നു വന്നു. എന്നിട്ട് കൈ പിടിച്ച് ഒരു മൂലയ്ക്കോട്ട് മാറ്റി നിർത്തിയിട്ട് എന്നോട് പറയുകയാണ്. “കഴിഞ്ഞ ആഴ്ച ഭാര്യയെ ബാങ്കോർ വെച്ച് കണ്ടിരുന്നു”. (ബാങ്കോർ വീട്ടിൽ നിന്ന് 180 മൈൽ ദൂരെയുള്ള ഒരു ഇടത്തരം സിറ്റിയാണ്) എന്നിട്ട് എന്റെ റിയാക്ഷൻ അറിയാൻ വെയിറ്റ് ചെയ്യുകയാണ് ആശാൻ. അപ്പഴാണ് സംഗതി കത്തിയത്. എന്നോട് ഒരു പരദൂഷണം പറഞ്ഞതാണ് മച്ചാൻ. ഞാൻ വീട്ടിലില്ലാതിരുന്ന സമയത്ത് ഭാര്യ ഇതിലെ അഴിഞ്ഞാടി നടക്കുകയാണെന്ന് എന്നെ അറിയിച്ചു സഹായിച്ചതാണ് ഗഡി. 🙂

മനുഷ്യർ ജീവിക്കുന്ന സ്ഥലങ്ങളിലൊക്കെ പരദൂഷണക്കാരും, കല്യാണം മുടക്കികളും, സദാചാര പോലീസുകാരും ഒക്കെ ഉണ്ട്. കിളിൻകോട്ടെ ബെസർപ്പിന്റെ ചൊയ ഉള്ള അസ്രപ്പുമാർ ആലപുരത്തും, അമേരിക്കയിൽ ഫോർട്ട്‌‌കെന്റിലും ഉണ്ട്.

ഫേസ്ബുക് പോസ്റ്റ്
(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

നിങ്ങളുടെ സദാചാര ബോധം മാറുന്ന കാലം വരെ പെൺകുട്ടികൾ കാത്തു നിൽക്കണം എന്ന് ആഗ്രഹിക്കരുത്; അവരിതാ ഇങ്ങനെയൊക്കെ കൂസലില്ലാതെ വളരുകയാണ്

200 രൂപയുടെ ബിരിയാണിക്ക് വേണ്ടി രണ്ടാം പൗര ആവാൻ സൗകര്യമില്ല

രഞ്ജിത് ആന്റണി

രഞ്ജിത് ആന്റണി

എഴുത്തുകാരന്‍, Perleybrook Labs LLC-യുടെ CEO/Founder, ബോസ്റ്റണില്‍ താമസം

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍