UPDATES

സോഷ്യൽ വയർ

അയോദ്ധ്യ വിഷയത്തെച്ചൊല്ലി വലതുപക്ഷം വീണ്ടും ആക്രോശവുമായി ഇറങ്ങിക്കൊണ്ടിരിക്കുന്ന കാലത്ത് മതനിരപേക്ഷയിന്ത്യ കേൾക്കാൻ കാതോർത്തിരിക്കുമായിരുന്ന ആ ശബ്ദം ഇനിയില്ല

അയോദ്ധ്യയിലെ കർസേവയെ “an act of historical balancing” എന്നുവിശേഷിപ്പിച്ച നെയ്പാളിന്റെ യുക്തിയെ തുറന്നുകാട്ടാൻ മുഷിറുല്‍ ഹസൻ തയ്യാറായി.

പ്രമുഖ ചരിത്രകാരനും ദല്‍ഹി ജാമിഅ മില്ലിയ സര്‍വകലാശാല മുന്‍ വൈസ് ചാന്‍സലറുമായിരുന്ന പദ്മശ്രീ പ്രൊഫസര്‍ മുഷിറുല്‍ ഹസന്‍ (71) അന്തരിച്ചു. തിങ്കളാഴ്ച രാവിലെയായിരുന്നു അന്ത്യം.

ഇന്ത്യാ വിഭജനത്തെ കുറിച്ചും ദക്ഷിണേഷ്യന്‍ മുസ്‌ലിങ്ങളെ കുറിച്ചും നിരവധി രേഖകള്‍ തയ്യാറാക്കിയിട്ടുള്ള വ്യക്തിയാണ് മുഷീറുല്‍. 1992-96 കാലഘട്ടത്തില്‍ പ്രോ വിസിയും 2004-09 കാലഘട്ടത്തില്‍ വിസിയുമായിരുന്ന മുഷിറുല്‍ ഹസന്‍ നാഷണല്‍ ആര്‍ക്കൈവ്‌സ് ഓഫ് ഇന്ത്യ ഡയറക്ടര്‍ ജനറലും ഹിസ്റ്ററി കോണ്‍ഗ്രസ് അദ്ധ്യക്ഷനുമായിരുന്നു.

ഗവേഷണ വിദ്യാർത്ഥി ജിതിൻ ഗോപാലകൃഷ്ണൻ പ്രൊഫസർ മുഷിറുല്‍ ഹസ്സനെ കുറിച്ചെഴുതിയ കുറിപ്പ്:

ചരിത്രകാരൻ പ്രൊഫസർ മുഷിറുല്‍ ഹസ്സന് വിട. ഇന്ത്യാവിഭജനത്തെക്കുറിച്ചായിരുന്നു മുൻ ജാമിയ മിലിയ യൂണിവേഴ്സിറ്റി വൈസ് ചാൻസലർ കൂടിയായിരുന്ന അദ്ദേഹത്തിന്റെ പ്രധാന പഠനം. ചരിത്രപരമായി അവഗണനയുടെ കയ്പുകുടിക്കാൻ വിധിക്കപ്പെട്ട സൗത്ത് ഏഷ്യയിലെ ഇസ്ലാമിനെക്കുറിച്ച് മുഖ്യധാര നടത്തിപ്പോന്നിരുന്ന രാഷ്ട്രീയപരമായും സാംസ്കാരികപരമായുമുള്ള സ്റ്റീരിയോടിപ്പിക്കൽ റെപ്രസെന്റേഷനെ തന്റെ എഴുത്തുകളിലൂടെ ശക്തമായി വിമർശിച്ച അക്കാദമീഷ്യനായിരുന്നു മുഷിറുല്‍ ഹസ്സൻ.

അക്കാദമിക് എഴുത്തുകളിൽ ഒതുങ്ങി നിൽക്കാതെ വിഎസ് നെയ്പാളിന്റെയും മറ്റും എഴുത്തുകളിലെ ഇന്ത്യൻ മുസ്‌ലിം സമൂഹത്തെ ഡെമൊണൈസുചെയ്തുള്ള അവതരണത്തെയും മുഷിറുല്‍ ഹസ്സൻ നിശിതം വിമർശിച്ചിരുന്നു. ബാബറി മസ്ജിദ് വിഷയത്തിൽപോലും മിലിറ്റന്റ് ഹിന്ദുത്വയെ ന്യായീകരിക്കാൻ നെയ്പാൾ തയ്യാറായതായി മുഷിറുല്‍ ഹസ്സൻ ചൂണ്ടിക്കാട്ടിയിരുന്നു.

അയോദ്ധ്യയിലെ കർസേവയെ “an act of historical balancing” എന്നുവിശേഷിപ്പിച്ച നെയ്പാളിന്റെ യുക്തിയെ തുറന്നുകാട്ടാൻ മുഷിറുല്‍ ഹസൻ തയ്യാറായി. ബാബറിയുടെ തകർച്ച ഹിന്ദു മനസ്സുകളിൽ പോസിറ്റീവ് ഇന്റലക്ച്വൽ ചേഞ്ചുണ്ടാക്കുമെന്നാണ് നെയ്പാൾ പറഞ്ഞുവെച്ചത്. പലരും നോബൽ ജേതാവായ നെയ്പാളിനെ കൗണ്ടർ ചെയ്യാൻ മടിച്ച സമയത്ത് വീറോടെ അദ്ദേഹത്തിനെതിരെ വിമർശനമുയർത്തിയ വ്യക്തിയാണ് മുഷിറുല്‍ ഹസൻ.

അയോദ്ധ്യ വിഷയത്തെച്ചൊല്ലി വലതുപക്ഷം വീണ്ടും ആക്രോശവുമായി ഇറങ്ങിക്കൊണ്ടിരിക്കുന്ന കാലത്ത് മതനിരപേക്ഷയിന്ത്യ കേൾക്കാൻ കാതോർത്തിരിക്കുമായിരുന്ന ശബ്ദമായിരുന്നു പ്രൊഫസർ മുഷിറുല്‍ ഹസന്റേത്. ഇനിയതുണ്ടാവില്ല. എങ്കിലും അദ്ദേഹത്തിന്റെ കഴിഞ്ഞകാലത്തെ എഴുത്തുകൾ നമ്മുടെ പോരാട്ടങ്ങൾക്ക് കരുത്തുപകരുമെന്ന് തീർച്ചയാണ്.

ജിതിന്‍ ഗോപാലകൃഷ്ണന്‍

ജിതിന്‍ ഗോപാലകൃഷ്ണന്‍

ഇൻസ്റ്റിറ്റ്യൂട് ഓഫ് സോഷ്യൽ ആൻഡ് എക്കണോമിക് ചേഞ്ചിലെ ഗവേഷണ വിദ്യാർത്ഥി

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍