UPDATES

സോഷ്യൽ വയർ

രാജസ്ഥാൻ നിയമസഭയിൽ ആ രണ്ടു മനുഷ്യരുടെ വിണ്ടുകീറിയ കാലുകളിൽ പശുരാഷ്ട്രീയത്തിനുള്ള പ്രതിവിധികളുണ്ട്

സുബോധ് കുമാറാണ് സാധാരണ ഇന്ത്യൻ ഹിന്ദു. അയാളുടെ പൂർവികരാണ് മതാടിസ്‌ഥാനത്തിൽ വിഭജിക്കപ്പെട്ട ഒരു രാജ്യത്തിനു മതേതരത്വം ഉറപ്പിക്കുന്ന ഒരു ഭരണഘടന നൽകിയത് അയാളെപ്പോലെയുള്ള കോടിക്കണക്കിനു മനുഷ്യരുടെ ഉറപ്പിലാണ് ഇന്ത്യയിൽ മതേതരത്വം നിലനിൽക്കുന്നത്; ന്യൂനപക്ഷങ്ങൾ സുരക്ഷിതരായിരിക്കുന്നത്.

“ഞങ്ങൾ നല്ല പൗരന്മാരായിരിക്കുക എന്നതായിരുന്നു അച്ഛന്റെആഗ്രഹം. മതത്തിന്റെ പേരിൽ അക്രമം ഉണ്ടാക്കുന്നവരാകാൻ പാടില്ല ഞങ്ങൾ എന്നദ്ദേഹം ആഗ്രഹിച്ചിരുന്നു. ഹിന്ദുവാകട്ടെ, മുസൽമാനാകട്ടെ, സിക്കുകാരനോ ക്രിസ്ത്യാനിയോ ആകട്ടെ, ഇവിടെ എല്ലാവരും തുല്യരാണ്.”

പശുക്കൊല ക്രിമിനലുകൾ വെടിവെച്ചുകൊന്ന പോലീസ് ഇൻസ്‌പെക്ടർ സുബോധ് കുമാറിന്റെ മകൻ അച്ഛനെപ്പറ്റി പറഞ്ഞതാണിത്.മാട്ടിറച്ചി ഫ്രിജിൽ സൂക്ഷിച്ചു എന്ന കള്ളപ്രചാരണം നടത്തി മുഹമ്മദ് അഖ്‌ലാഖിനെ പശുക്കൊല ക്രിമിനലുകൾ കൊന്ന കേസ് ആദ്യം അന്വേഷിച്ച ഉദ്യോഗസ്‌ഥനായിരുന്നു അദ്ദേഹം.

സുബോധ് കുമാറാണ് സാധാരണ ഇന്ത്യൻ ഹിന്ദു. അയാളുടെ പൂർവികരാണ് മതാടിസ്‌ഥാനത്തിൽ വിഭജിക്കപ്പെട്ട ഒരു രാജ്യത്തിനു മതേതരത്വം ഉറപ്പിക്കുന്ന ഒരു ഭരണഘടന നൽകിയത് അയാളെപ്പോലെയുള്ള കോടിക്കണക്കിനു മനുഷ്യരുടെ ഉറപ്പിലാണ് ഇന്ത്യയിൽ മതേതരത്വം നിലനിൽക്കുന്നത്; ന്യൂനപക്ഷങ്ങൾ സുരക്ഷിതരായിരിക്കുന്നത്.

ഇന്ത്യയിൽ ന്യൂനപക്ഷങ്ങൾ അനർഹമായതെന്തോ തട്ടിയെടുക്കുന്നു എന്നും, അവർക്കു സംവരണം കൊടുക്കുന്നു എന്നും, അവർ കാലക്രമത്തിൽ ഇന്ത്യയിൽ ഭൂരിപക്ഷമാകും എന്നും, അമ്പലങ്ങളിലെ പണം സർക്കാർ അടിച്ചു മാറ്റുന്നു എന്നും, ദേവസ്വത്തിലെ ജോലിക്കാരിൽ ഭൂരിഭാഗം ന്യൂനപക്ഷങ്ങളാണ് എന്നും..അങ്ങിനെയങ്ങിനെ നുണകൾ ഉൽപ്പാദിപ്പിക്കാനും വിതരണവും ചെയ്യാനുമുള്ള ഫാകറ്ററികളും വിതരണശ്രുംഖലയും തയ്യാറാക്കിയാണ് പരിവാരം ഹിന്ദുക്കളെ ഹിന്ദുത്വയുടെ ഇരകളാക്കുന്നത്. അതിലൊരാളാണ്, സുമിത് കുമാർ, ഇരുപതു വയസു പ്രായമുള്ള ചെറുപ്പക്കാരൻ, പശുക്കൊല സംഘത്തിൽ ഉൾപ്പെടുന്നതും അക്രമത്തിനു പോകുന്നതും കൊല്ലപ്പെടുന്നതും.

വായനക്കാർക്കു മാറിപ്പോകരുത്: സുബോധ്‌കുമാർ: മതത്തിനപ്പുറത്തു മനുഷ്യനെ വയ്ക്കാൻ മകനെ പഠിപ്പിച്ച, അതിന്റെ പേരിൽ കൊല്ലപ്പെട്ട പോലീസുകാരൻ; സുമിത്‌കുമാർ: മനുഷ്യനുമേൽ പശുവിനെ വയ്ക്കുന്ന ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ ഇര.

ഇന്ത്യ ഇന്ന് ഈ രണ്ടു വിഭാഗം മനുഷ്യരുടെ നാടായി മാറി എന്നതാണ് സത്യം. സ്വാതന്ത്ര്യ സമരത്തിന്റെ കാലത്തു ദേശീയപ്രസ്‌ഥാനത്തിൽനിന്നു സ്വയം മാറിനിന്ന സുമിത് കുമാറിന്റെ പൂർവ്വികർ, ഹിന്ദുത്വയുടെ പ്രചാരകർ, ഗാന്ധിവധത്തിനു ശേഷം മാറ്റിനിർത്തപ്പെട്ടു. ഈ രാജ്യത്തിന്റെ വൈവിധ്യത്തെപ്പറ്റി നല്ല ബോധ്യമുണ്ടായിരുന്ന പണ്ഡിറ്റ് ജവാർഹർലാൽ നെഹ്രുവിനു സ്വാതന്ത്ര്യത്തിന്റെ ആദ്യനാളുകളിൽ സ്വതന്ത്രമായി പ്രവർത്തിക്കാനും കൂടി ഇടയാക്കി എന്നതാണ് വാസ്തവത്തിൽ മഹാത്മാവിന്റെ രക്തസാക്ഷിത്വത്തിന്റെ ഗുണഫലം.

പക്ഷെ ലോകത്തെല്ലാമുള്ള ലിബറൽ ഡെമോക്രാറ്റുകൾക്കു പറ്റിയതുപോലെ കോൺഗ്രസീനും പറ്റി: സ്വന്തം മുദ്രാവാക്യം ഇടയ്ക്കു വച്ച് മറന്നു. പണ്ഡിറ്റ് നെഹ്രുവിന്റെ മകൾ ജനാധിപത്യം മറന്നു, അദ്ദേഹത്തിൻറെ പാർട്ടി സാമ്പത്തിക നീതി മറന്നു. ദരിദ്രരായ മനുഷ്യരെ മറന്നു. സുബോധ്‌കുമാർ മാരെ മറന്നു.ആ ഇടയിലൂടെ ഒരുകാലത്തു നിഷ്കാസിതരായ വർഗീയവാദികൾ ഇടിച്ചുകയറി. അവർ രാഷ്ട്രീയത്തിന്റെ ടെംപ്‌ളേറ്റ് മാറ്റി. പശുവിനെ, രാമനെ, അയ്യപ്പനെ, അവരുടെ ചെലവിൽ മറയില്ലാത്ത വർഗീയതയെ രാഷ്ട്രീയത്തിന്റെ കേന്ദ്രസ്‌ഥാനത്തുകൊണ്ടുവന്നു. ഇപ്പോൾ നോക്കൂ, പശു കോൺഗ്രസ് പ്രകടനപത്രികയിൽക്കൂടി കയറിപ്പറ്റി; രാമക്ഷേത്രനിർമ്മാണത്തിനു പറ്റിയ ആളുകൾ ഞങ്ങളാണ് എന്ന് പറയാൻ ഈ തെരഞ്ഞെടുപ്പ് കാലത്തും ഒരു കോൺഗ്രസ് നേതാവെങ്കിലും ഉണ്ടായി.

പക്ഷെ അക്കാര്യത്തിൽ ഞാൻ കോൺഗ്രസിനെ കുറ്റം പറയില്ല. ബി ജെ പി യും സംഘപാരിവാരവും ഇന്ത്യയുടെ രാഷ്ട്രീയത്തിന്റെ ഘടനയെ അത്രയധികം മാറ്റിയിരിക്കുന്നു. ഉത്തർപ്രദേശിൽ തെരഞ്ഞെടുപ്പ് ജയിക്കാൻ കബറിസ്‌ഥാനും ശ്മശാനവും ആയുധമാക്കാൻ യാതൊരു മടിയുമില്ലാതിരുന്ന പ്രധനമന്ത്രി നരേന്ദ്ര മോഡിയ്ക്ക് ഗുജറാത്ത് തെരഞ്ഞെടുപ്പ് തോൽക്കും എന്ന ഘട്ടം വന്നപ്പോൾ ഡോ. മൻമോഹൻസിങ് പാകിസ്താനുമായി ഗൂഢാലോചന നടത്തിയെന്നും അഹമ്മ്ദ് പട്ടേൽ മുഖ്യമന്ത്രിയാകണമെന്നു പാകിസ്‌ഥാനികൾ ആവശ്യപ്പെടുന്നുണ്ടെന്നും പറയാൻ പ്രത്യേകിച്ച് പ്രശ്നമൊന്നുമുണ്ടായിരുന്നില്ല.

അത്യന്തരം ആപൽക്കരമായ, വർഗീയമായ നാശകാരിയായ പ്രചാരണം നടത്താൻ കെൽപ്പുള്ള എതിരാളികൾ അപ്പുറത്തുള്ളപ്പോൾ കോൺഗ്രസ് എടുത്ത മുൻകൂർജാമ്യമായാണ് രാഹുൽഗാന്ധിയുടെ ക്ഷേത്ര ദർശനങ്ങളും ‘കൗൾ’ ഗോത്രപ്രഖ്യാപനവുമൊക്കെ ഞാൻ കാണുക. അത് ചെയ്തില്ലെങ്കിൽ രാഹുൽ ഗാന്ധി ഹിന്ദുക്കളുടെ ശത്രുവാണ് എന്ന പ്രചാരണം നടത്താൻ വലിയ ബുദ്ധിമുട്ടൊന്നും ബിജെപിയ്ക്കുണ്ടാവില്ല. നെറ്റിയിലുള്ള കുറിയും നാലമ്പലദര്ശനവും കഴിഞ്ഞപ്പോൾ ബി ജെ പിയ്ക്ക് അക്കാര്യത്തിൽ ഒന്നും പറയാനില്ല എന്നായി. സത്യത്തിൽ ഈ വേഷംകെട്ടൽ നടത്തിയാലേ നുണപ്രചാരണ ഫാകറ്ററിയോടു പിടിച്ചുനിൽക്കാനാവൂ എന്നത് അയാളുടെ ഗതികേടാണ്. . ‘ഭഗവാനെന്തിനാടോ പാറാവ്’ എന്ന് ചോദിച്ചിട്ടു പൊടിയും തട്ടി എഴുന്നേറ്റുപോയ ഒരു കമ്യൂണിസ്റ്റ് മുഖ്യമന്ത്രിയുടെ പിന്മുറക്കാരന് ക്ഷേത്രത്തിലെ പണം സർക്കാർ എടുക്കുന്നില്ല എന്ന് മാത്രമല്ല മൈക്ക് കെട്ടി മാലോകരോട് പറയേണ്ടി വരുന്നത്; ക്ഷേത്ര വിശ്വാസികൾക്കുവേണ്ടി തന്റെ സർക്കാർ ചെയ്തുകൊണ്ടിരിക്കുന്ന അസംഖ്യം കാര്യങ്ങൾകൂടിയാണ് എന്നോർത്താൽ ഭൂരിപക്ഷ മതത്തെ രാഷ്ട്രീയത്തിനായി ഉപയോഗിക്കുന്ന പ്രതിയോഗിയോട്‌ ഏറ്റുമുട്ടുന്ന മതനിരപേക്ഷരാഷ്ട്രീയത്തിന്റെ വക്താക്കൾ എത്തിപ്പെട്ടിരിക്കുന്ന ഗതികേടിന്റെ, പ്രതിസന്ധിയുടെ ആഴം മനസിലാക്കാം.

പക്ഷെ ഇനിയങ്ങോട്ട് ആ ലക്ഷ്വറി കോൺഗ്രസിനില്ല, അതിന്റെ ആവശ്യവുമില്ല എന്നാണ് എന്റെ തോന്നൽ. ഹിന്ദിഹൃദയഭൂമിയിൽ കോൺഗ്രസിനെ തിരിച്ചെത്തിച്ച രാഹുൽഗാന്ധിക്ക്‌ വിടുവായൻ ഗോസ്വാമിമാരുടെ സർട്ടിഫിക്കറ്റിന്റെ പേടിക്കേണ്ട. നുണഫാക്ടറിയിൽനിന്നും പുറപ്പെടുന്ന അശ്‌ളീല പ്രചാരണത്തെയോർത്തു ചൂളിനിൽക്കേണ്ട. കോൺഗ്രസ് തന്നെ പണ്ട് തുറന്നുവിട്ട നിയന്ത്രങ്ങളില്ലാത്ത കോർപ്പറേറ്റ് ഭൂതങ്ങൾ ഇല്ലതാക്കിക്കൊണ്ടിരിക്കുന്ന രാജ്യത്തിന്റെ സമ്പദ്‌വ്യവസ്‌ഥ എങ്ങിനെ തിരിച്ചുകൊണ്ടുവരും എന്നും അവർക്കുവേണ്ടി ചെയ്യുന്ന ദാസ്യപ്പണിയിൽ മോദിയും കൂട്ടുകാരും ചിതറിച്ചുകളഞ്ഞ കൃഷിക്കാരുടെയും ചെറുപ്പക്കാരുടെയും ജീവിതങ്ങൾ എങ്ങിനെ തുന്നിച്ചേർക്കാം എന്നും നാട്ടുകാരോട് പറയാൻ തയ്യാറായാൽ മതി.

അപ്പോൾ അവരെങ്ങനെ പ്രതികരിക്കും എന്ന കാര്യത്തിൽ എന്തെങ്കിലും സംശയമുണ്ടെങ്കിൽ രാഹുൽഗാന്ധി ഒരിക്കൽ രാജസ്‌ഥാൻ നിയമസഭയിൽ പോകണം. അവിടെ രണ്ടു മെലിഞ്ഞ മനുഷ്യർ ഇരിക്കുന്നുണ്ടാവും. ഗിരിധർലാൽ മഹിയ, ബൽവൻ പൂനിയ. അവരുടെ വരണ്ട, വിണ്ടുകീറിയ കാലുകളിൽ, അവരും സഖാക്കളും നടന്നുതീർത്ത വഴികളിൽ പശുരാഷ്ട്രീയത്തിനുള്ള പ്രതിവിധികളുണ്ട്. കോൺഗ്രസ് അധ്യക്ഷന്, ഹിന്ദുത്വരാഷ്ട്രീയത്തിന്റെ എക്കാലത്തെയും വലിയ പ്രതിയോഗിയായിരുന്ന പണ്ഡിറ്റ് നെഹ്രുവിന്റെ കൊച്ചുമകന്, വായിച്ചെടുക്കാൻ ചില കാര്യങ്ങൾ അവിടെയുണ്ടാകും.

ഫേസ്ബുക് പോസ്റ്റ്
(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

ഇനി ഈ മനുഷ്യനെ ‘പപ്പുമോന്‍’ എന്നു വിളിക്കാന്‍ മോദി-ഷാ സംഘത്തിന്റെ നാവ് പൊങ്ങില്ല

‘രാഹുൽ ഗാന്ധിയുടെ മുതുമുത്തച്ഛനാണ് മഹാത്മാഗാന്ധി, രാജീവ് ഗാന്ധി കൊല്ലപ്പെട്ടത് കോയമ്പത്തൂരിൽ’: നവമാധ്യമങ്ങളിൽ ചിരി പടർത്തി പികെ ഫിറോസിന്റെ പ്രസംഗം

‘നിശ്ശബ്ദനായ പോരാളി’: രാജസ്ഥാനിലെ സിപിഎം മുന്നേറ്റത്തിനു പിന്നിലെ കർഷക നേതാവ് ഹന്നൻ മൊല്ലയെ അടുത്തറിയാം

കെജെ ജേക്കബ്

കെജെ ജേക്കബ്

മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍