UPDATES

സോഷ്യൽ വയർ

പിണറായിയെ സംഘിയെന്നു വിളിച്ച ഫേസ്‌ബുക്ക് പോസ്റ്റിന് സിപിഎം ലോക്കല്‍ കമ്മിറ്റി നേതാവിന്റെ ലൈക്ക്; പുലിവാല് പിടിച്ച് ആബിദ

അന്വേഷണം പുരോഗമിക്കുകയാണെന്ന് പോലീസ്

പിണറായി വിജയന്‍ സംഘിയാണെന്ന് ആരോപിക്കുന്ന ഫേസ്‌കുറിപ്പിന് സിപിഎം ലോക്കല്‍ കമ്മിറ്റി നേതാവിന്റെ ലൈക്ക്. എന്നാല്‍ ലൈക്ക് തന്റേതല്ലെന്നും ശത്രക്കളാരോ തന്നെ കെണിയില്‍ പെടുത്തിയതാണെന്നും അരൂക്കുറ്റി പഞ്ചായത്ത് പ്രസിഡന്റ് കൂടിയായ ആബിദ അസീസ്. യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ ഫേസ്ബുക്കിലിട്ട കുറിപ്പിലാണ് ആബിദ അസീസിന്റെ പേരില്‍ ലൈക്ക് വന്നിരിക്കുന്നത്. ഇതിനെതിരെ ജില്ലാ പോലീസ് മേധാവിക്കും സൈബര്‍ സെല്ലിനും പരാതി നല്‍കിയിരിക്കുകയാണ് ആബിദ. പാര്‍ട്ടിയിലെ വിഭാഗീയതയ്ക്ക് താന്‍ ഇരയായതാണെന്ന് ആബിദ പറയുന്നു.

അരൂക്കുറ്റിയിലെ യൂത്ത് കോണ്‍ഗ്രസ് നേതാവാണ് മുഖ്യമന്ത്രിയെ വിമര്‍ശിച്ച് ഫേസ്ബുക്ക് പോസ്റ്റ് ഇട്ടത്. ഡിസംബര്‍ അഞ്ച് 4.45-ന് പോസ്റ്റ് ചെയ്തിരിക്കുന്ന കുറിപ്പിനാണ് ആബിദയുടെ പേരില്‍ ലൈക്ക് വന്നത്. കുറിപ്പിനും താഴെയുള്ള കമന്റിനും ഇതേ പ്രൊഫൈലില്‍ നിന്ന് ലൈക്ക് വന്നിട്ടുണ്ട്. ഇക്കാര്യം ആറാം തീയതി പത്രങ്ങളില്‍ പ്രദേശിക പേജുകളില്‍ വാര്‍ത്തയായി വന്നു. എന്നാല്‍ ഇതിന് പിന്നില്‍ പാര്‍ട്ടിക്കുള്ളിലെ വിഭാഗീയതയാണെന്ന് ആബിദ പറഞ്ഞു, “അത് വ്യാജ ലൈക്ക് ആണ്. പോസ്റ്റിന് മാത്രായിരുന്നു ലൈക്ക് എങ്കില്‍ അബദ്ധം പറ്റിയതാണെന്ന് വയ്ക്കാമായിരുന്നു. ടച്ച് ഫോണ്‍ ആയതുകൊണ്ട് അബദ്ധം പറ്റാം. പക്ഷെ കമന്റിനും ലൈക്ക് ഉണ്ട്. ഞാന്‍ പ്രസിഡന്റ് ആയതുകൊണ്ട് എപ്പോഴും ഫോണ് പിടിച്ച് നടക്കാറില്ല. മേശപ്പുറത്തായിരിക്കും മിക്ക സമയവും. അതില്‍ ലോക്ക് സംവിധാനം ആക്ടീവ് ആക്കിയിട്ടില്ല. അതുകൊണ്ട് തന്നെ ആര്‍ക്ക് വേണമെങ്കിലും ഫോണ്‍ എടുത്ത് ഉപയോഗിക്കാം. ചില പരിപാടികളില്‍ പങ്കെടുക്കുമ്പോള്‍ ഫോട്ടോ എടുക്കാന്‍ വേറെ ആരെയെങ്കിലും ഫോണ്‍ ഏല്‍പ്പിക്കാറുമുണ്ട്. അങ്ങനെ ആരോ ദുരുപയോഗം ചെയ്തതാണ്. എന്നാല്‍ അഞ്ചാം തീയതി ഇട്ട പോസ്റ്റിന് ലൈക്ക് ചെയ്തത് ആറാം തീയതി പത്രങ്ങളില്‍ വന്നു. ഇവിടെ ബിജെപിക്കാര്‍ പോലും എന്റെ ശത്രക്കളല്ല. പക്ഷെ പാര്‍ട്ടിക്കുള്ളിലെ വിഭാഗീയതയാണ് ഈ വിവരം പത്രങ്ങളിലെത്തിച്ചത്. അവര്‍ വാട്‌സ്ആപ് ഗ്രൂപ്പ് വഴി പത്രങ്ങള്‍ക്ക് കൈമാറിയതാണ്.

പാര്‍ട്ടിക്ക് എന്നെ അറിയാം. വര്‍ഷങ്ങളായി പ്രവര്‍ത്തിക്കുന്ന എന്നെ പാര്‍ട്ടിക്ക് വിശ്വാസവുമാണ്. പക്ഷെ എന്റെ അക്കൗണ്ട് ദുരുപയോഗം ചെയ്തതാരാണെന്ന് കണ്ടുപിടിക്കാന്‍ ഞാന്‍ ജില്ലാ പോലീസ് മേധാവിയെ കണ്ട് പരാതി നല്‍കിയിട്ടുണ്ട്. സൈബര്‍ സെല്ലിനും പരാതി നല്‍കി. പൂച്ചാക്കല്‍ പോലീസ് സ്‌റ്റേഷനില്‍ നിന്ന് പോലീസ് ഉദ്യോഗസ്ഥരെത്തി എന്റെ മൊഴിയെടുക്കുകയും ചെയ്തു.”

അന്വേഷണം പുരോഗമിക്കുകയാണെന്ന് പോലീസ് പറയുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍