UPDATES

സോഷ്യൽ വയർ

‘ചാര്‍ട്ടര്‍ ചെയ്ത ഹെലികോപ്ടര്‍ സമയത്ത് പാടത്തിറങ്ങിയില്ലെങ്കില്‍ ചൗക്കീദാര്‍ കലിക്കും’; ഹേമ മാലിനിയെ ട്രോളി കുറിപ്പ്

ഹേമമാലിനി പാടത്തിറങ്ങി എന്ന പേരില്‍ അവര്‍ പച്ചസാരിയുടുത്ത് പാടത്തു നില്‍ക്കുന്ന ചിത്രം അഞ്ചു വര്‍ഷം മുന്‍പുള്ളതാണ്

ലോക്‌സഭാ തിരഞ്ഞെടുപ്പിനോടനുബന്ധിച്ചു സ്ഥാനാര്‍ത്ഥികള്‍ വ്യത്യസ്ത രീതിയിലാണ് പ്രചരണം നടത്തുന്നത്. എന്നാല്‍ മഥുര ലോക്‌സഭാ മണ്ഡലത്തിലെ ബി.ജെ.പി സ്ഥാനാര്‍ത്ഥിയായ ഹേമമാലിനിയെ ട്രോളിയുള്ള സെബി മാത്യു എന്ന മാധ്യമപ്രവര്‍ത്തകന്റെ കുറിപ്പ്. കഴിഞ്ഞ ദിവസം കൊയ്ത്തരിവാളുമായി പാടത്ത് തൊഴിലാളികള്‍ക്ക് ഇടയില്‍ നില്‍ക്കുന്ന ചിത്രങ്ങള്‍ താരം സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെച്ചിരുന്നു. ഇതിനെ വിമർശിക്കുന്നതാണ്  പോസ്റ്റ്.

പോസ്റ്റ് പൂര്‍ണ്ണരൂപത്തില്‍:

‘നിങ്ങളുടെ നാട്ടിലൊക്കെ
ഞാറുപറിയെങ്ങനെടോ
അങ്ങനെ പിന്നിങ്ങിനെ
ഇങ്ങനെ പിന്നങ്ങനെ…
അതൊക്കെ ഒരു കാലമായിരുന്നു…. ധര്‍മേന്ദ്ര തോളില്‍ കിടന്ന തോര്‍ത്ത് കൊണ്ട് കലപ്പയിലെ മണ്ണ് തട്ടിക്കളഞ്ഞ് നെടുവീര്‍പ്പിട്ടു. തൊഴുത്തില്‍ രണ്ട് ഉരുക്കള്‍ ഉഴവ് കഴിഞ്ഞ് വിരിഞ്ഞു നില്‍ക്കുന്നത് നോക്കിയിടനേരം നിന്നിട്ട് ഇറയത്തേക്കു കടന്നിരുന്ന് മുറുക്കാന്‍ ചെല്ലം തുറന്നു. സണ്ണിയും ബോബിയും മുറ്റത്ത് കുട്ടിയും കോലും കളിക്കുന്നുണ്ട്. ഇഷ മുട്ടിലിഴഞ്ഞു തുടങ്ങിയതേയുള്ളു. അകത്ത് തൊട്ടിലില്‍ നിന്ന് അഹാനയുടെ കരച്ചില്‍ കേള്‍ക്കാം. മുറുക്കുന്നതിന് മുന്‍പൊരു കട്ടനടിക്കുന്ന ശീലമുള്ളത് കൊണ്ട് അടുക്കളയിലേക്ക് നീട്ടി വിളിച്ചു ഹേമേ !
കൊയ്ത്തു തുടങ്ങുന്ന ദിവസമാണ്. കതിരെല്ലാം രാജ്യത്തെ പണിയെടുത്തു ശീലമുള്ള പെണ്ണുങ്ങള്‍ കൊയ്തു കഴിഞ്ഞു. പതിര് കൊയ്യാനുള്ള അരിവാള്‍ അരകല്ലില്‍ തേച്ച് മൂര്‍ച്ച കൂട്ടിയിരുന്ന ഹേമ ധര്‍മന്റെ വിളികേട്ട് ഇറയത്തേക്ക് തലയിട്ടു നോക്കി. ഇത്തിരി ചൂടുവെള്ളം! പാതി മുദ്രയായും പാതി വാക്കായും ധര്‍മന്‍ തെല്ലു ശങ്കയോടെ പറഞ്ഞു. പൊന്നരിവാളില്‍ അമ്പിളി തെളിഞ്ഞതിന്റെ സന്തോഷത്തില്‍ കണ്ടവര്‍ കൊയ്യും വയലെല്ലാം നമ്മുടേതാക്കാം പൈങ്കിളിയേ എന്ന പാട്ടും പാടി ഹേമ കട്ടന് കലമെടുത്തടുപ്പില്‍ വെച്ചു. കഞ്ഞി വെച്ചിട്ടുണ്ട്. നേരമാകുമ്പോള്‍ താഴെയുള്ളതുങ്ങള്‍ക്ക് സണ്ണി വിളമ്പിക്കൊടുത്തോളും. ബോബിക്കേ കൂട്ടത്തിലിത്തിരി പിടിവാശിയുള്ളു.
പത്തുമണി വെളിച്ചം പത്തല്‍വേലി കടന്നിറപ്പുറം കടക്കും മുമ്പ് കൊയ്ത്തിന് പോണം. ചാര്‍ട്ടര്‍ ചെയ്ത ഹെലികോപ്ടര്‍ സമയത്ത് പാടത്തിറങ്ങിയില്ലെങ്കില്‍ ഇക്കുറി ചൗക്കീദാര്‍ കലിക്കും. പാട്ടത്തിനെടുക്കാന്‍ പാടം തന്നത് തന്നെ വേണ്ട വിധം കൊയ്‌തോളാം എന്ന ഉറപ്പിലാണ്. കട്ടനെടുത്ത് ധര്‍മേന്ദ്രയ്ക്കു നീട്ടി താളത്തിലകത്തോട്ടു നടന്ന ഹേമ അന്നുടുക്കാനുള്ള പട്ടിന്റെ ചുളിവ് നിവര്‍ത്തി ഹം തും ഏക് കമരേ മേ എന്ന കൊയ്ത്തു പാട്ടിന്റെ ട്രാക്ക് പാടി നോക്കി.

കട കട ശബ്ദം തെങ്ങിന്‍ തലപ്പുകളെ ഇളിക്കിയാടിച്ചപ്പോള്‍ ധര്‍മന്‍ മുറ്റത്തോട്ടിറങ്ങി നി്ന്ന് നെറ്റിയില്‍ കൈപ്പടം വെച്ച് മുകളിലോട്ട് നോക്കി. മാനത്തൂന്നിറങ്ങണ ഒച്ചയെ വെല്ലുന്ന ഒച്ചയില്‍ ധര്‍മന്‍ മുകളിലോട്ടാക്രോശിച്ചു, പതുക്കെയിറക്കടെ പെടക്കാതെ, നേരമേറെ പോയിട്ടൊന്നുമില്ലല്ലോ. ഹേമേ… ലാന്റിംഗ് വിവരം വിളിച്ചു പറയാന്‍ വാക്കി ടോക്കിയെടുക്കാന്‍ മറന്ന ധര്‍മന്‍ വീണ്ടും അകത്തേക്കൊരു വിളി കൂടി നീട്ടി വിളിച്ചു.. ഹേമേ… അരിവാളെടുത്ത് ഉറയിലിട്ട് ചാടിയിറങ്ങി ഹേമ വരുന്നേരം ധര്‍മനിലെ ഭര്‍ത്താവുണര്‍ന്നു. റേയ് ബാനെവിടെ മോളെ, കരിവെയിലു കൊണ്ടു കരിവാളിച്ചു പോകുമാ മിഴികളെയോര്‍ത്തവന്‍ നൊന്തു ചോദിച്ചു. ഉടയാത്ത പുടവയും വടിവൊത്ത ചിരിയുമായി ഹേമ എന്ന കൊയ്ത്തുകാരി ഹെലികോപ്ടറിലേക്ക് കാലെടുത്തു വെക്കുകയാണ്.
അനന്തരം പറന്നകന്നു പോകുമാ കോപ്ടറെ നോക്കിയും കോക്പിറ്റിലിരിക്കും കാതരയെ ഓര്‍ത്തും ധര്‍മന്‍ കലപ്പയെടുത്തു തോളില്‍ വെച്ച് ഈ കൊയ്ത്തു കാലവും പാഴായല്ലോ എന്നു നെടുവീര്‍പ്പിട്ടു നിന്നു.

NB: ഹേമമാലിനി പാടത്തിറങ്ങി എന്ന പേരില്‍ അവര്‍ പച്ചസാരിയുടുത്ത് പാടത്തു നില്‍ക്കുന്ന ചിത്രം അഞ്ചു വര്‍ഷം മുന്‍പുള്ളതാണ്. ഇത്തവണ സെറ്റുസാരിയെന്നു തോന്നലുണ്ടാക്കുന്ന ഏതോ ബ്രാന്‍ഡ് ചുറ്റിയാണ് ഹേമ കൊയ്യാനിറങ്ങിയത്. അതായത് ഈ വയലും വീടും പരിപാടി പണ്ടേയുള്ളതാണെന്ന്. യേത്.! പുതിയ ചിത്രത്തില്‍ നോക്കൂ കൊയ്യാനറിയാവുന്ന ചോരപൊടിയും അരിവാള്‍ തഴമ്പ് കൈവെള്ളയില്‍ പതിഞ്ഞ ഒരു ഭാരത നാരി നാണിച്ചു നില്‍ക്കുന്നത് കണ്ടില്ലേ. !’ 

Read More : അമിക്കസ്ക്യൂറി റിപ്പോർട്ട് അന്തിമമാണെന്ന പ്രചാരണം കോടതിയെ അപമാനിക്കുന്നത്: മുഖ്യമന്ത്രി

“കാലം മാറുകയാണ് വായനയും. രാവിലെ കട്ടന്റെ കൂടെ പോളണ്ടിനെ പറ്റി വരെ സംസാരിക്കാം. കൂടുതല്‍ വായനയ്ക്ക് അഴിമുഖം സന്ദര്‍ശിക്കൂ…”

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍