UPDATES

സോഷ്യൽ വയർ

‘കാശായിട്ട് തരാന്‍ പറ്റില്ലെങ്കില്‍ രണ്ട് പൊറോട്ട വാങ്ങിത്തന്നാല്‍ മതി’; വിശപ്പിനെ കുറിച്ചൊരു കുറിപ്പ്

വിശപ്പിന്റെ പേരില്‍ തന്റെ മുന്നില്‍ കൈനീട്ടിയ ആളുകളെ കുറിച്ചും, മാധ്യമ മേഖലയിലെ പ്രതിസന്ധികളെ കുറിച്ചും സിജു കെഎം എഴുതിയ കുറിപ്പ് ശ്രദ്ധേയമാവുന്നു.

വീട്ടില്‍ നിന്നുകൊണ്ട് വന്ന ചോറ് ഇന്നലെയും തിരച്ച് വീട്ടില്‍ കൊണ്ടുപോയി കളഞ്ഞ ഞാന്‍, 20 രൂപയുടെ പേരില്‍ ടെന്‍ഷനടിക്കുന്ന ഞാന്‍, അവര്‍ക്കെല്ലാം മുന്നില്‍ ആരാണ്….നഗരത്തിന്റെ പലഭാഗങ്ങളില്‍ നിന്നായി മുന്നിലേക്കുവന്ന് ഒരുനേരത്തെ ഭക്ഷണത്തിനായി കൈനീട്ടിയ ആളുകളെ കുറിച്ച് മാധ്യമ പ്രവര്‍ത്തകനായ സിജു കെഎം എഴുതിയ ഫെയ്‌സ്ബുക്ക് പോസ്റ്റിലെ വരികളാണിത്.

വിശപ്പിന്റെ പേരില്‍ തന്റെ മുന്നില്‍ കൈനീട്ടിയ ആളുകളെ കുറിച്ചും, മാധ്യമ മേഖലയിലെ പ്രതിസന്ധികളെ കുറിച്ചും സിജു കെഎം എഴുതിയ കുറിപ്പ് ശ്രദ്ധേയമാവുന്നു.

ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം:

‘മോനേ, ഒരു പത്തു രൂപ തരുമോ ”
തിരിഞ്ഞു നോക്കിയപ്പോള്‍ ഒരു വൃദ്ധനാണ്.
‘രാവിലെ മുതലൊന്നും കഴിച്ചിട്ടില്ല. കാശായി തരാന്‍ പറ്റില്ലങ്കില്‍ രണ്ട് പൊറോട്ട വാങ്ങിച്ചു തന്നാല്‍ മതി’

ഇതിപ്പ അടുത്ത കാലത്തായി എത്രാമത്തെയാളാ ഇങ്ങനെ വിശപ്പ് പറയുന്നത്.
പ്രസ് ക്ലബ്ബ് റോഡില്‍ വച്ച് കുറച്ചു നാള്‍ മുന്നേയാണ് ഒരാള്‍ പിന്നില്‍ നിന്ന് വിളിച്ചത്. അതും ഉച്ചസമയമാണ്.
‘ മോനേ, എന്തങ്കിലും തരുമോ.വിശന്നിട്ടാണ്’
ആകെകൂടി ഒരു അവശത നിറച്ചാണ് അയ്യാളുടെ നില്‍പ്പ്.
‘വിശക്കുന്നങ്കില്‍ ചേട്ടന്‍ ആ ഹോട്ടലില്‍ കയറി കഴിച്ചോ, ഞാന്‍ കാശു കൊടുത്തോളാം’
ഒരു സാധാരണക്കാരന്റെ ഉള്ളിലെ എല്ലാ സംശയങ്ങളും നിറച്ചാണ് അന്ന് ഞാൻ മറുപടി വിളമ്പിയത്.

പിന്നെ ഒരു ദിവസം രാത്രി പിടി വിട്ട് പോരുകയാണ്. ഒരു ഫോണ്‍ വന്നപ്പോള്‍ വണ്ടിയൊതുക്കി. അവിടെ ഒരു 50 പിന്നിട്ടരാള്‍ എനിക്ക് വേണ്ടി കാത്തു നിന്ന പോലെ ഒരു മുഷിഞ്ഞ ബിഗ് ഷോപ്പറുമായി നില്‍ക്കുന്നു.
‘ മോനേ, രാവിലെ മുതല്‍ നടക്കുന്നതാണ്. വിശപ്പുണ്ട്. വീട്ടില്‍ പോണം. മോനേ കൊണ്ട് പറ്റുന്നത് തന്നാല്‍ ഉപകാരമായി’
പതിവുപോലെ സംശയങ്ങളുടെ കെട്ടഴിച്ചു. നാട്, വീട് ……

പുള്ളി ഹോട്ടല്‍ ജോലിക്കാരനാണ്. ലീവെടുത്ത് വീട്ടില്‍ ഒന്നു പോയി. പത്തനംതിട്ടയില്‍. അപ്പോഴാണ് പ്രളയമുണ്ടായത്. വീട് മുങ്ങി.പിന്നെ പ്രളയം കഴിഞ്ഞ്, വീടിനെ വീടാക്കിയെടുത്ത്, സര്‍ക്കാറിന്റെ പേപ്പറുകളെല്ലാം ശരിയാക്കി മൂന്നു നാല് മാസം കഴിഞ്ഞാണ് തിരിച്ചു വന്നത്. അപ്പോള്‍ ജോലിയില്ല. ഹോട്ടല്‍ ജോലിക്ക് ബുദ്ധിമുട്ടില്ലല്ലോ എന്നോര്‍ത്ത് നഗരത്തിലേക്കിറങ്ങിയതാണ്. രണ്ടു ദിവസം കൊണ്ട് കേറാത്ത ഹോട്ടലുകളില്ല. ഇപ്പ കൈയ്യിലെ കാശു തീര്‍ന്നു. തിരിച്ച് പോണം.

പിന്നെ ഒരു ദിവസം വൈകീട്ട് ,സന്ധ്യക്ക്.
എം ജി റോഡിലെ മെട്രോ സ്റ്റേഷന്റെ മുന്നില്‍ നില്‍ക്കുകയാണ്. ദൂരെ നിന്ന് നടന്നു വന്ന ഒരു മധ്യവയസൻ, പെട്ടന്ന് തിരിഞ്ഞ് എന്നെ നോക്കിയിട്ട്, അടുത്ത് വന്ന് ശബ്ദം ഒട്ടും താഴ്ത്താതെ എന്തക്കെയോ പറഞ്ഞു. തമിഴനാണ്. മനസിലായത് ഇത്രയുമാണ്.
‘ജോലിയില്ല. വിശക്കുന്നുണ്ട്’

ശെടാ ഇതെന്ത് പണ്ടാരമാണ്. എന്നെ കണ്ടാല്‍ അത്ര ദാനശീലനാണന്ന് തോന്നുമോ.

ഒരാൾ വിശന്ന് നടക്കുകയോ, ഇത്രയും നേരം.

ഇനി ഇയ്യാള്‍ തന്നെയാണോ രണ്ട് ദിവസം മുന്നേ കണ്ട മലയാളി..

അങ്ങനെ കൊറേ സംശയമുള്ളതിനാല്‍ ഇത്തവണ വിശേഷങ്ങളിലേക്കൊന്നും കടന്നില്ല.
‘ഭക്ഷണം കഴിക്കാന്‍ തന്നെയാണോ, അതോ കള്ളുകുടിക്കാനോ’

തമിഴനാണ്, കറുത്തിട്ടാണ്, മുഷിഞ്ഞിട്ടാണ്, അടുത്തൊരു ബാറുമുണ്ട്.
എത്രയൊക്കെ നവോത്ഥാനം പറഞ്ഞാലും ഉള്ളിലൊള്ള വംശീയതയൊക്കെ ഇങ്ങനെ എടക്ക് തലപൊക്കി വരും.
ഒരു വെളുത്ത വൃത്തിയുള്ള വസ്ത്രം ധരിച്ച
ഒരാളായിരുന്നെങ്കില്‍ ഞാനത് ചോദിക്കില്ലായിരുന്നു. ഉറപ്പാണ്.

എന്റെ ചോദ്യം അയ്യാളെ ഒരു രീതിയിലും, പ്രകോപിപ്പിച്ചില്ല.അയ്യാള്‍ അത് കൊറേ കേട്ട് തഴമ്പിച്ചതാകണം.
തമിഴന്‍ തന്റെ കാലു പൊക്കി പാദം കാണിച്ചു തന്നു. അയ്യാള്‍ ചെരിപ്പിട്ടുണ്ടായില്ല.
‘മട്ടാഞ്ചേരിയില്‍ നിന്നും നടന്നു വരുന്നതാണ്. രാവിലെ മുതല്‍ ജോലി അന്വേഷിച്ച്
തളര്‍ന്നു’ തമിഴും മലയാളവും കലര്‍ത്തി അയ്യാള്‍ പറഞ്ഞൊപ്പിച്ചു.
അതില്‍ ഉച്ചവെയിലിന്റെ ചൂടുണ്ടായിരുന്നു.

കൊറച്ച് നാള്‍ മുന്നേ…
ഓഫീസില്‍ നിന്നിറങ്ങി പാട്ടും പാടി പോകുകയാണ്. അപ്പോള്‍ ദേ, ഒരു ചെറുപ്പക്കാരന്‍ വണ്ടിക്ക് കൈകാണിക്കുന്നു.
നല്ല മൂഡിലായതുകൊണ്ട് വണ്ടി നിര്‍ത്തി.
തിരുവനന്തപുരം കാരനാണ്. സ്റ്റേഡിയത്തിനടുത്ത് ഏതോ ഹോട്ടലില്‍ ജോലിക്ക് ചെല്ലാന്‍ പറഞ്ഞിട്ടുണ്ടത്രേ. ക്ലിനിങ്ങിന് !
‘ ഈ പ്രായത്തിലോ …. നിനക്ക് വേറെ നല്ല ജോലി നോക്കാന്‍ പാടില്ലേ ‘
‘ കിട്ടണ്ടേ ചേട്ടാ, പഠിച്ചത് ഇലക്ട്രിക്കലാണ്. അതിലൊന്നും കിട്ടാണ്ടായപ്പോ ഹൈക്കോടതിയില്‍ പെയിന്റിങ്ങിന് വന്നതാ. അവിടെ ബില്ല് മാറി വരാന്‍ താമസമെടുക്കും. കാശൊക്കെ തീര്‍ന്നു. അങ്ങനെ മൊത്തത്തില്‍ പെട്ട്. ഇന്നുച്ചക്ക് ഒന്നും കഴിച്ചിട്ടില്ല. ചേട്ടന്‍ നിര്‍ത്തിയില്ലെങ്കില്‍ ഞാന്‍ അവിടെ വരെ നടന്നേനെ……. ‘

അതങ്ങനെ…..

വേറൊന്ന് ഇങ്ങനെ…

വൈകീട്ട് മറെന്‍ ഡ്രൈവിലേക്ക് ആഞ്ഞു നടക്കുകയാണ്. സരിതക്കടുത്ത് വെച്ച് വീണ്ടുമൊരു തമിഴന്‍.
‘ ഒരു മൂന്നു ചായ വാങ്ങിത്തരുമോ ‘
രണ്ട് തമിഴത്തികള്‍ താഴെ പണിയായുധങ്ങളുമായി ഇരിക്കുന്നുണ്ട്.
ചോദ്യം ഡയറക്ടാണ്.
ചായ കിട്ടുമോ. വിശക്കുന്നുണ്ട്. പണിയില്ല.
ഇത്തവണ ഞെട്ടി. ഇതെന്ത് കുന്തമാണ്.
എല്ലാവരും വിശന്ന് നടക്കുകയാണോ…

ഞാനങ്ങനെ ഞെട്ടിത്തരിച്ച് നില്‍ക്കുന്നതിനിടെ അയ്യാള്‍ അതാവര്‍ത്തിക്കുന്നുണ്ട്.
‘ വിശക്കുന്നുണ്ട് ‘

ആ വാക്കിനെ മറികടന്ന് നമ്മളെങ്ങനെ മുന്നോട്ട് പോകും.
എല്ലാവരോടും കടം മേടിച്ച് കള്ളുകുടിക്കാനല്ലേ…
കഞ്ചാവടിക്കാനല്ലേ…
അങ്ങനെ നൂറുനൂറു പോസ്റ്റമോര്‍ട്ടം ചോദ്യങ്ങളവര്‍ക്കു മുന്നില്‍ വക്കാം.
അവരുടെ വിശപ്പിനെ കീറിമുറിച്ച് നോക്കാം.
പക്ഷെ,
വിശപ്പിന് അവരെന്ത് തെളിവ് നിരത്തും.
………………..

‘മോനേ, കാശായിട്ട് തരാന്‍ പറ്റില്ലങ്കില്‍ല്‍ രണ്ട് പൊറോട്ട വാങ്ങിത്തന്നാല്‍ മതി’
അയ്യാള്‍ ശീമാട്ടിക്ക് മുന്നില്‍ എന്റെ മുന്നില്‍ ചോദ്യചിഹ്നം പോലെ നില്‍ക്കുന്നുണ്ട്.
ആ വൃദ്ധന്‍ മല്‍സ്യബന്ധന തൊഴിലാളിയാണ്. രാവിലെ മുനമ്പത്ത് പോയി ജോലിയില്ലാണ്ട് തിരികെ വീട്ടിലേക്ക് പോകുന്ന വഴിയാണ്.

ഇത്തവണ എനിക്ക് ഒരു സംശയവും തോന്നിയില്ല. കാരണം, 20 രൂപ കൊണ്ട് അയ്യാള്‍ നമ്മളെ എങ്ങനെയാണ് പറ്റിക്കുന്നത്.
വിശപ്പിന് മുകളില്‍ ഒരാത്മാഭിമാനത്തിനും സ്ഥാനമില്ലന്ന് ആ വയസന്മാര്‍ പ്രായം കൊണ്ട് പഠിച്ചിട്ടുണ്ടാകണം. അതു കൊണ്ടവര്‍ ഒരു മടിയും കൂടാതെ കൈ നീട്ടുന്നു.
വീട്ടില്‍ നിന്നുകൊണ്ട് വന്ന ചോറ് ഇന്നലെയും തിരച്ച് വീട്ടില്‍ കൊണ്ടുപോയി കളഞ്ഞ ഞാൻ, 20 രൂപയുടെ പേരിൽ ടെൻ ഷനടിക്കുന്ന ഞാൻ, അവർക്കെല്ലാം മുന്നിൽ ആരാണ്….

…………………………………..
സുഹൃത്തുക്കളായ മൂന്നു നാലു പേര്‍ തൊഴിലില്ലാതെ കൊറച്ച് നാളായി കുത്തിയിരിക്കുന്നുണ്ട്. കുറച്ച് പേര്‍ക്ക് ശബളം കിട്ടിയിട്ട് മാസങ്ങളായി.
വിശപ്പും,രൂക്ഷമായ തൊഴിലില്ലായ്മയും നമ്മളെ നോക്കി ഇങ്ങനെ പല്ലിളിക്കുന്നുണ്ട്.
അത്രമാത്രം.

ഇയാള്‍ കര്‍ഷകനോ കൊലയാളിയോ; 30 സെക്കന്റില്‍ ഞെട്ടിക്കുന്ന സിനിമ

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍