UPDATES

സോഷ്യൽ വയർ

‘വിജയിച്ചു മുന്നേറിയ ഹീറോയെ അല്ല, തോറ്റമ്പുന്ന സേനാനായകനെയാണ് അവിടെക്കണ്ടത്’; ടി പി സെൻകുമാറിന് മറുപടിയുമായി സിന്ധു ജോയ്

വീഡിയോയുടെ ഇത്തിരികക്ഷണം പൊക്കിപ്പിടിച്ച് ഹീറോ ചമയുന്നത് അല്പത്തമാണ് സെൻകുമാർ!

യൂണിവേഴ്സിറ്റി കോളേജിലെ അക്രമങ്ങൾക്ക് പിന്നാലെ പ്രതികൾ രക്ഷപ്പെട്ടതിനെ വിമർശിച്ച് പൊലീസിനെതിരെ രഗംത്ത് വന്ന മുൻ ഡി.ജി.പി ടി.പി. സെൻകുമാറിന് വിമർശനവുമായി എസ്.എഫ്.ഐയുടെ മുൻ നേതാവ് സിന്ധു ജോയ്. പോലീസിനെ വിമർശിച്ച് ടി പി സെന്‍കുമാര്‍ ഷെയര്‍ ചെയ്ത വീഡിയോക്ക് മറുപടി നൽകുകയാണ് രൂക്ഷമായ ഭാഷയിലൂടെ മുൻ അനുഭവങ്ങൾ വച്ച് സിന്ധു ജോയ്.

താങ്കള്‍ പങ്കുവച്ച ഈ വീഡിയോയിൽ വാക്കുതർക്കം നടത്തുന്ന വിദ്യാർത്ഥി നേതാവ് ഞാനാണ്,  2006 – ൽ ഈ യൂണിവേഴ്സിറ്റി കോളേജിൽ കയറിയത് ആരാ?? എന്ന ചോദ്യത്തോടെ തുടങ്ങുന്ന സെൻ കുമാറിന്റെ കുറിപ്പിന് മറുപടിയായി സിന്ധു ജോയി പറയുന്നു. ഒരു വീഡിയോയുടെ ഇത്തിരികക്ഷണം പൊക്കിപ്പിടിച്ച് ഹീറോ ചമയുന്നത് അല്പത്തമാണ് സെൻകുമാർ എന്ന് പറയുന്ന കുറിപ്പിൽ  യാഥാർഥ്യം മെന്താണെന്നാണ് സിന്ധു വെളിപ്പെടുത്തുന്നത്. ഞങ്ങളുടെ എതിർപ്പിനു മുന്നിൽ പിടിച്ചുനിൽക്കാനാവാതെ പിൻവാങ്ങുന്ന നിങ്ങളുടെ ചിത്രം പിറ്റേന്നത്തെ പത്രങ്ങളിൽ ഉണ്ടായിരുന്നു. തലകുമ്പിട്ട് മടങ്ങുന്ന നിങ്ങളുടെ ദൃശ്യങ്ങൾ ചാനലുകളിലും ഉണ്ടായിരുന്നു. താങ്കൾ ഇപ്പോൾ ഷെയർ ചെയ്ത വീഡിയോയുടെ അടുത്തഭാഗം അതാണെന്നും സിന്ധു ഓർമിപ്പിക്കുന്നു.

ഇറക്കിവിട്ടതിനു പ്രതികാരമായി ഞങ്ങൾക്കെതിരെ താങ്കൾ കേസെടുത്തിരുന്നു; ‘പോലീസിന്റെ കൃത്യനിർവഹണം തടസപ്പെടുത്തി എന്നായിരുന്നു’ കുറ്റം. ഇതിന് സാക്ഷികളായ അനേകം മാധ്യമപ്രവർത്തകർ ഇപ്പോഴും തിരുവനന്തപുരത്തുണ്ട്’. വിജയിച്ചു മുന്നേറിയ ഹീറോയെ അല്ല, തോറ്റമ്പുന്ന സേനാനായകനെയാണ് അവിടെക്കണ്ടതെന്നും സിന്ധു പറയുന്നു.

സിന്ധു ജോയിയുടെ ഫെയ്സ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം:

മിസ്റ്റർ സെൻകുമാർ, ഇതല്ല ഹീറോയിസം! അർധസത്യങ്ങളും അസത്യങ്ങളും എഴുന്നള്ളിച്ചല്ല ആളാവാൻ നോക്കേണ്ടത്! ഈ വീഡിയോയിൽ താങ്കളുമായി വാക്കുതർക്കം നടത്തുന്ന വിദ്യാർത്ഥി നേതാവ് ഞാനാണ്. യാഥാർഥ്യം ഇങ്ങനെയാണ്.

2006 ലെ ഒരു പരീക്ഷാക്കാലം. എസ്എഫ്ഐ സംസ്ഥാന കമ്മിറ്റി ഓഫീസിലായിരുന്നു ഞാനപ്പോൾ. അപ്രതീക്ഷിതമായി ഒരു ഫോൺ കോൾ. മറുഭാഗത്ത് പെൺകുട്ടികളുടെ കരച്ചിൽ. ‘യൂണിവേഴ്‌സിറ്റി കോളേജിൽ പോലീസ് കയറി, പരീക്ഷയെഴുതുന്ന ക്‌ളാസ് മുറികളുടെ പുറത്തുപോലും പോലീസ് പരാക്രമം’ ഇതായിരുന്നു സന്ദേശം.

ഇതറിഞ്ഞ ഞാൻ സംസ്ഥാന സെക്രട്ടറി എം സ്വരാജിനൊപ്പം യൂണിവേഴ്‌സിറ്റി കോളേജിലേക്ക് ഓടി. തലയിൽ ചട്ടിത്തൊപ്പിയുമായി മുൻനിരയിലുണ്ടായിരുന്നു നിങ്ങൾ. ഞങ്ങളുടെ എതിർപ്പിനു മുന്നിൽ പിടിച്ചുനിൽക്കാനാവാതെ പിൻവാങ്ങുന്ന നിങ്ങളുടെ ചിത്രം പിറ്റേന്നത്തെ പത്രങ്ങളിൽ ഉണ്ടായിരുന്നു. തലകുമ്പിട്ട് മടങ്ങുന്ന നിങ്ങളുടെ ദൃശ്യങ്ങൾ ചാനലുകളിലും ഉണ്ടായിരുന്നു. താങ്കൾ ഇപ്പോൾ ഷെയർ ചെയ്ത വീഡിയോയുടെ അടുത്തഭാഗം അതാണ്. വിജയിച്ചു മുന്നേറിയ ഹീറോയെ അല്ല, തോറ്റമ്പുന്ന സേനാനായകനെയാണ് അവിടെക്കണ്ടത്.

ആ വീഡിയോയുടെ ഇത്തിരികക്ഷണം പൊക്കിപ്പിടിച്ച് ഹീറോ ചമയുന്നത് അല്പത്തമാണ് സെൻകുമാർ! ഇറക്കിവിട്ടതിനു പ്രതികാരമായി ഞങ്ങൾക്കെതിരെ താങ്കൾ കേസെടുത്തിരുന്നു; ‘പോലീസിന്റെ കൃത്യനിർവഹണം തടസപ്പെടുത്തി എന്നായിരുന്നു’ കുറ്റം. ഇതിന് സാക്ഷികളായ അനേകം മാധ്യമപ്രവർത്തകർ ഇപ്പോഴും തിരുവനന്തപുരത്തുണ്ട്.

ഇത്തവണ നാട്ടിൽനിന്ന് മടങ്ങുമ്പോൾ ഞാൻ വായിക്കാൻ തെരെഞ്ഞെടുത്ത പുസ്തകങ്ങളിലൊന്ന് താങ്കളുടെ ആത്മകഥ ‘എന്റെ പോലീസ് ജീവിതം’ ആയിരുന്നു. അതിന്റെ 115, 116 പേജുകളിലും ഈ സംഭവം വലിയ ഹീറോയിസമായി അവതരിപ്പിച്ചിട്ടുണ്ട്. രണ്ടുമൂന്നിടത്ത് എന്റെ പേരും പരാമർശിച്ചിട്ടുണ്ട്. ഒരു നുണ പലകുറി ആവർത്തിച്ചാൽ സത്യമാകുമെന്ന് താങ്കൾ എവിടെയാണ് പഠിച്ചത്? പോലീസ് അക്കാദമിയിൽ നിന്ന് ആകാനിടയില്ല.

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍