UPDATES

‘മല ചവിട്ടി പടി ചവിട്ടി അയ്യനെക്കണ്ടു മതിയാവോളം’: 18ാം പടി ചവിട്ടിക്കയറിയ ട്രാന്‍സ്‌ജെന്‍ഡേഴ്‌സിന്റെ ആദ്യ പ്രതികരണം

മല കയറുന്ന സമയത്ത് ഒരിടത്തും ഇവര്‍ക്കു നേരെ പ്രതിഷേധങ്ങളോ എതിര്‍പ്പുകളോ ഉണ്ടായില്ല

ശബരിമലയില്‍ ദര്‍ശനം നടത്തിയ ട്രാൻസ്ജെൻഡേഴ്‌സിന്റെ ആദ്യ പ്രതികരണം പുറത്ത് വന്നു. “അനുഗ്രഹവും അരവണയുമായി ഞങ്ങളിതാ മടങ്ങുന്നേ …മലചവിട്ടി പടിചവിട്ടി അയ്യനെക്കണ്ടു മതിയാവോളം ..മാളികപ്പുറത്തമ്മയ്ക്കു തേങ്ങയുമുരുട്ടി …മരകൂട്ടത്തണലിൽ അൽപനേരം വിശ്രമിച്ചു മലയിറങ്ങും.” മല കയറിയ ട്രാൻസ്ജെൻഡേഴ്‌സിൽ ഒരാളായ അനന്യയുടെ പ്രതികരണമാണ് ഇപ്രകാരം ഫേസ്ബുക്കിലൂടെ പുറത്ത് വന്നത്.

മല ചവിട്ടുന്നതിന് തടസങ്ങളില്ലെന്ന് തന്ത്രിയും പന്തളം മുന്‍ രാജകുടുംബവും അറിയിച്ചതിനെ തുടര്‍ന്നാണ് ട്രാന്‍സ്‌ജെന്‍ഡേഴ്‌സ് മലചവിട്ടാനെത്തിയത്. കനത്ത സുരക്ഷയിലായിരുന്നു ദര്‍ശനം. അനന്യ, തൃപ്തി, അവന്തിക,രഞ്ജിമോള്‍ എന്നിവരാണ് ഇന്ന് മല കയറിയത്.

സാരി ധരിച്ചാണ് എല്ലാവരും മല ചവിട്ടിയത്. മല കയറുന്ന സമയത്ത് ഒരിടത്തും ഇവര്‍ക്കു നേരെ പ്രതിഷേധങ്ങളോ എതിര്‍പ്പുകളോ ഉണ്ടായില്ല. സാരി ഉടുത്തെത്തി എന്ന കാരണത്താലായിരുന്നു ഇവര്‍ക്ക് മല കയറാന്‍ ആദ്യം പൊലീസ് അനുമതി നിഷേധിച്ചത്. തുടര്‍ന്ന് മല കയറാന്‍ അനുമതി നല്‍കണമെന്നാവശ്യപ്പെട്ട് ഇവര്‍ ഹൈക്കോടതി നിയോഗിച്ച നിരീക്ഷണസമിതിയെയും ഐജി മനോജ് എബ്രഹാമിനെയും സമീപിച്ചിരുന്നു.

കഴിഞ്ഞ ദിവസം ശബരിമല ദര്‍ശനത്തിനെത്തിയ ട്രാൻസ്ജെൻഡേഴ്സിനെ പോലീസ് എരുമേലിയിൽ തടഞ്ഞത് വിവാദമായിരുന്നു. എറണാകുളത്ത് നിന്നെത്തിയ രഞ്ജു, അനന്യ, അവന്തിക, തൃപ്തി ഷെട്ടി എന്നിവരെയായിരുന്നു സ്ത്രീവേഷത്തിൽ പോവാനാവില്ലെന്ന് വ്യക്തമാക്കി പോലീസ് തടഞ്ഞത്. പുരുഷന്മാരുടെ വസ്ത്രം ധരിക്കണമെന്നും എരുമേലി പൊലീസ് ആവശ്യപ്പെട്ടു. ഇതിന് തയ്യാറാകാത്തതിനെ തുടര്‍ന്ന് ഇവരെ എരുമേലി പൊലീസ് തിരിച്ചയച്ചത് വിവാദമായിരുന്നു.

ട്രാന്‍സ്ജന്‍ഡറുകള്‍ ശബരിമല ദർശനം നടത്തുന്നിൽ തെറ്റില്ലെന്ന് തന്ത്രിയും പന്തളം കൊട്ടാരവും നിലപാടെടുത്ത സാഹചര്യത്തിലാണ് പോലീസ് ഇവർക്ക് മല ചവിട്ടാന്‍ അനുമതി നല്‍കിയത്.

അതേസമയം, മണ്ഡലകാലം ആരംഭിച്ച ശേഷം ശബരിമലയിൽ ആദ്യമായി ഭക്തജനത്തിരക്ക് അനുഭവപ്പെട്ടു. ഇന്നലെ അർദ്ധരാത്രി വരെ തൊണ്ണൂറായിരത്തിലധികം തീർത്ഥാടകർ മലചവിട്ടിയെന്നാണ് കണക്കുകള്‍. ഈ മണ്ഡലകാലത്ത് ഏറ്റവും കൂടുതൽ പേർ ദർശനം നടത്തിയത് ഇന്നലെയാണ്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍