മറ്റുള്ളവരുടെ ജീവിതത്തില്‍ സൗഭാഗ്യങ്ങള്‍ സമ്മാനിക്കുന്ന ഭാഗ്യക്കുറികളുമായി നില്‍ക്കുന്ന ആ പെണ്‍കുട്ടിക്ക് പക്ഷേ, സ്വന്തം ജീവിതത്തെ കുറിച്ച് സ്വപ്‌നം കാണാന്‍ പോലും കഴിയാറില്ലെന്ന് എത്രപേര്‍ അറിയുന്നുണ്ട്?
നാളെ തേടിയെത്തുന്ന ഭാഗ്യത്തെക്കുറിച്ചാണ് ഗീതു തന്റെ മുന്നിലൂടെ പോകുന്നവരെ നോക്കി പറയുന്നത്. മറ്റുള്ളവരുടെ ജീവിതത്തില്‍ സൗഭാഗ്യങ്ങള്‍ സമ്മാനിക്കുന്ന ഭാഗ്യക്കുറികളുമായി നില്‍ക്കുന്ന ആ പെണ്‍കുട്ടിക്ക് പക്ഷേ, സ്വന്തം ജീവിതത്തെ കുറിച്ച് സ്വപ്‌നം കാണാന്‍ പോലും കഴിയാറില്ലെന്ന് എത്രപേര്‍ അറിയുന്നുണ്ട്? ഈ വനിത ദിനത്തില്‍, ജീവിതത്തില്‍ നേട്ടങ്ങള്‍ കൈവരിച്ച വനിതകളെ അവരുടെ കഴിവിനും പ്രയത്‌നത്തിനും അഭിനന്ദിക്കുമ്പോള്‍, ജീവിതത്തില്‍ തോറ്റുപോകാതെ പിടിച്ചു നില്‍ക്കാന്‍ ശ്രമിക്കുന്ന ഗീതുവിനെപ്പോലുള്ളവരെക്കൂടി നാം അറിയേണ്ടതുണ്ട്.
സമൂഹ മാധ്യമങ്ങളിലെ ചര്‍ച്ചകളില്‍ നിന്നാണ് ഗീതു എന്ന ചേര്‍ത്തല സ്വദേശിനിയെ കുറിച്ച് അറിയുന്നത്. ഇവരെ സഹായിക്കുക എന്ന അഭ്യര്‍ത്ഥനകളോടെ ഗീതുവിന്റെയും കുഞ്ഞിന്റെയും ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങള്‍ പരക്കെ പ്രചരിക്കുന്നുണ്ട്. ഗീതുവിന്റെ വിവരങ്ങള്‍ അറിയാന്‍ ബന്ധപ്പെട്ടപ്പോള്‍ അവരുടെ സുഹൃത്തിനെയാണ് ഫോണില്‍ കിട്ടിയത്. ഗീതുവിനോട് സംസാരിക്കണമെന്ന ആഗ്രഹം പറഞ്ഞപ്പോള്‍, ആദ്യം നമ്പര്‍ തരാന്‍ ബുദ്ധിമുട്ടായിരുന്നു. കാരണം മറ്റൊന്നുമല്ല, സഹായിക്കാനാണെന്ന പേരില്‍ വിളിക്കുന്നവര്‍ പലരും ബുദ്ധിമുട്ടുണ്ടാക്കുന്ന രീതിയിലായിരുന്നു ആ പെണ്‍കുട്ടിയോട് സംസാരിച്ചത്. അത്തരം ‘സഹായികളില്‍’ നിന്നും രക്ഷപ്പെടാന്‍ മറ്റൊരു നമ്പര്‍ എടുക്കേണ്ടി വന്നു. സംസാരിച്ച് ബോധ്യം വന്നതിനു ശേഷമാണ് ഗീതുവിനെ ബന്ധപ്പെടാനുള്ള നമ്പര്‍ തന്നത്.
ജന്മന കാഴ്ച്ചക്കുറവും ഭിന്നശേഷിക്കാരിയുമായ ഗീതു വിവാഹത്തോടെയാണ് സ്വദേശമായ കൊല്ലത്തു നിന്നും ചേര്‍ത്തലയില്‍ എത്തുന്നത്. വിവാഹം കഴിയുമ്പോള്‍ പ്രായം 23. ഏതൊരു പെണ്ണിനെയും പോലെ നല്ലൊരു കുടുംബ ജീവിതം ആഗ്രഹിച്ചിരുന്ന ഗീതുവിനെ കാത്തിരുന്നത് പ്രതിസന്ധികളായിരുന്നു. ഇളയ കുട്ടി ജനിച്ച് അധികം വൈകാതെ ഭര്‍ത്താവ് ഉപേക്ഷിച്ചു പോയി. പിന്നീടുള്ള ജീവിതം അതിജീവനത്തിന്റെതായിരുന്നു. ഒറ്റമുറി വീട്ടില്‍ നാലും എട്ടുമാസവും പ്രായമുള്ള രണ്ടു കുഞ്ഞുങ്ങളുമായി ഇപ്പോഴും ഗീതു നടത്തിക്കൊണ്ടിരിക്കുന്നത് ആ അതിജീവന പോരാട്ടമാണ്.
ഇപ്പോള്‍ 29 വയസ്സുള്ള ഗീതു ഉപജീവനത്തിനായാണ് ലോട്ടറി വില്‍പന നടത്തുന്നത്. ബന്ധുക്കളോ, സ്വന്തക്കാരോ സഹായിക്കാന്‍ ആരുമില്ലെന്ന തിരിച്ചറിവില്‍ മുന്നോട്ടു പോകാന്‍ ഗീതു സ്വീകരിച്ച തൊഴില്‍. നാല് വയസായ മകനെ അംഗനവാടിയില്‍ ആക്കിയിട്ട് രാവിലെ എട്ടുമണിയോടെ ഗീതു ലോട്ടറി വില്‍പ്പന ആരംഭിക്കും; എട്ടുമാസം പ്രായമുള്ള കുഞ്ഞിനെ തോളില്‍ കിടത്തിക്കൊണ്ട്. മൂന്ന് മണിവരെ ലോട്ടറി വില്‍ക്കുന്ന ലഭിക്കുന്ന വരുമാനം കൊണ്ടാണ് ഇപ്പോള്‍ ഈ മൂന്നു മനുഷ്യജീവനുകള്‍ ജീവിതം തള്ളി നീക്കുന്നത്. അറിയുന്ന ചില നല്ല മനുഷ്യരുടെ സഹായവും ഗീതുവിനും കുഞ്ഞുങ്ങള്‍ക്കും കിട്ടുന്നുണ്ട്.
തന്നെ ഉപേക്ഷിച്ചു പോയ ഭര്‍ത്താവിനെപ്പറ്റി യാതൊരു പരാതിയോ പരിഭവമോ ഗീതുവിനു ഇല്ല. ബുദ്ധിമുട്ടുകള്‍ ഉണ്ടോ എന്ന് ചോദിക്കുമ്പോള്‍, ബുദ്ധിമുട്ടുകള്‍ അറിഞ്ഞു ജീവിക്കുമ്പോഴാണ് ജീവിതം ജീവിതമാകുന്നത് എന്നാണ് ഗീതുവിന്റെ മറുപടി. പത്താം ക്ലാസ് വരെയേ പഠിക്കാന്‍ കഴിഞ്ഞുള്ളു. അച്ഛന്റെ മരണത്തോടെ വിദ്യാഭ്യാസം അവസാനിപ്പിക്കേണ്ടി വന്നു. ഗീതുവിന് കുഞ്ഞുങ്ങളെ നല്ല രീതിയില്‍ വളര്‍ത്താനും അവര്‍ക്ക് മികച്ച വിദ്യാഭ്യാസം നല്‍കാനുമൊക്കെ ഇപ്പോള്‍ കിട്ടുന്ന വരുമാനം കൊണ്ട് കഴിയില്ല. എന്നാലും ഗീതു പറയുന്നത്, വേറെ എന്ത് ജോലി കിട്ടിയാലും ലോട്ടറി വില്‍പ്പന ഉപേക്ഷിക്കില്ല എന്നാണ്. ഒരിക്കല്‍ ജീവിതം വഴിമുട്ടി നിന്നപ്പോള്‍ വഴികാട്ടിയായത് ലോട്ടറി കച്ചവടമാണ്. ആ തൊഴിലിനെ ഉപേക്ഷിക്കാന്‍ തനിക്ക് കഴിയില്ലെന്നാണ് ഗീതു ഉറപ്പിച്ച് പറയുന്നത്.
മറ്റുള്ളവരോട്, നാളെ വരാന്‍ പോകുന്ന ഭാഗ്യത്തെക്കുറിച്ച് പറയുമ്പോഴും സ്വന്തം ജീവിതത്തില്‍ അങ്ങനെയൊരു ദിവസം വരുമോയെന്ന് ഗീതുവിന് അറിയില്ല. എങ്കിലും ഒരു മോഹം മനസിലുണ്ട്. സ്വന്തമായി കുറച്ച് മണ്ണും അടച്ചുറപ്പുള്ള ഒരു ചെറിയ വീടും. ഇപ്പോള്‍ താമസം വാടകയ്ക്കാണ്. കുഞ്ഞുങ്ങളെയും കൂട്ടി സ്വന്തമെന്ന് പറയാവുന്ന ഒരു വീട്ടില്‍ താമസിക്കാന്‍ കഴിയണമെന്ന് ഗീതു മോഹിക്കുകയാണ്. അത് യാഥാര്‍ത്ഥ്യമാക്കാനുള്ള നെട്ടോട്ടത്തിലാണ് ഈ 29 വയസ്സുകാരി.
ഒരു വീടിനായി സര്‍ക്കാര്‍ സംവിധാനങ്ങളെ സമീപിച്ചെങ്കിലും ഇതുവരെ അനുകൂല നടപടികള്‍ ഉണ്ടായിട്ടില്ല. റോഡരികിലെ തണല്‍ മരത്തിനു ചുവട്ടില്‍ കൈ കുഞ്ഞിനെ തോളിലിട്ട് ചെയ്യുന്ന ലോട്ടറി വില്‍പ്പനയില്‍ നിന്നും സ്വന്തമായി ഭൂമിയോ വീടോ ഉണ്ടാക്കാന്‍ ഗീതുവിന് കഴിയില്ല. അതുകൊണ്ട് തന്നെയാണ്, സ്വപ്‌നം കാണാന്‍ പോലും ഭാഗ്യമില്ലെന്നു തന്നെക്കുറിച്ച് ഗീതു പറയുന്നതും. ഏതൊരു അമ്മയ്ക്കും തന്റെ കുഞ്ഞുങ്ങളെ നന്നായി വളര്‍ത്തണമെന്ന ആഗ്രഹം ഉണ്ടാകില്ലേ, അതിനായുള്ള ഓട്ടത്തിലാണ് ഞാന്‍. എന്ന് ഈ ഓട്ടം നിലയ്ക്കുന്നുവോ അന്ന് എന്റെ കുട്ടികള്‍ തനിച്ചാകും; ഒരമ്മയുടെ, ഒരു പെണ്ണിന്റെ പ്രതീക്ഷയും നിരാശയും കലര്‍ന്ന വാക്കുകളാണിത്.
ഗീതുവും കുട്ടികളും വാര്‍ത്തകളില്‍ പലഘട്ടങ്ങളിലായി ഇടം നേടിയിരുന്നെങ്കിലും ഫലമൊന്നും ഉണ്ടായിട്ടില്ല. ഇനിയെങ്കിലും ഈ അമ്മയുടെയും കുഞ്ഞുങ്ങളെയും ജീവിതം മാറണം. ഈ വനിതാ ദിനത്തില്‍ എങ്കിലും ഗീതുവിന് കുട്ടികളെയുംകൊണ്ട് സുരക്ഷിതമായി കയറിക്കിടക്കാന്‍ ഒരു കൊച്ചു വീട് എന്ന സ്വപ്നം സാധ്യമാകുമെന്ന ഉറപ്പ് ഈ കേരളത്തില്‍ നിന്നും ഉണ്ടാകണം.