UPDATES

സോഷ്യൽ വയർ

‘യൂട്യൂബിലാണ് കൃഷി’; മാസ വരുമാനം 2 ലക്ഷം

കൃഷിയില്‍ നിന്ന് അത്ര നാള്‍ സമ്പാദിച്ച തുകയേക്കാള്‍ കൂടുതല്‍ യൂട്യൂബില്‍ നിന്നു കിട്ടാന്‍ തുടങ്ങിയതോടെ ദര്‍ഷന്‍ അതു മുഴുവന്‍ സമയ പ്രഫഷനാക്കി.

യൂട്യൂബ് കര്‍ഷകന്‍ എന്ന് കേട്ട് ചിരിക്കാന്‍ വരട്ടെ, ഹരിയാനയിലെ കര്‍ഷകനായ ദര്‍ഷന്‍ സിങ്ങ് രണ്ടു ലക്ഷം രൂപയാണ് ഒരുമാസം ഉണ്ടാക്കുന്നത്. എന്നാല്‍ ഈ വരുമാനം കൃഷിയില്‍ നിന്നല്ല, യൂടൂബിലാണ് ദര്‍ഷന്റെ കൃഷി. ഫാര്‍മിങ് ലീഡര്‍ എന്ന കൃഷി സംബന്ധമായ യൂട്യൂബ് ചാനല്‍ വഴിയാണ് ദര്‍ഷന്‍ സിങ് പണമുണ്ടാക്കുന്നത്. ആരംഭിച്ച് ഒരു വര്‍ഷത്തിനുള്ളില്‍ തന്നെ 22 ലക്ഷം സബ്സ്‌ക്രൈബര്‍മാരാണ് ഫാര്‍മിങ് ലീഡര്‍ ചാനലിനു ലഭിച്ചത്. പ്രതിദിനം ലക്ഷക്കണക്കിനു പേര്‍ ഈ ചാനലിലെ വിഡിയോകള്‍ കാണുന്നു.

കര്‍ഷക കുടുംബത്തില്‍ വളര്‍ന്ന ദര്‍ഷനും തന്റെ വഴി കൃഷിയാണെന്നു പണ്ടു തന്നെ തിരിച്ചറിഞ്ഞിരുന്നു. കുടുംബ സ്വത്തായുള്ള 12 ഏക്കര്‍ സ്ഥലത്ത് ജൈവ രീതിയിലുള്ള കൃഷിയാണ് ദര്‍ഷന്‍ നടത്തുന്നത്. ആദ്യം രണ്ടേക്കറില്‍ ജൈവ കൃഷി നടത്തി തുടര്‍ന്നു മൂന്നു വര്‍ഷം കൊണ്ടു മുഴുവന്‍ ഇടത്തും കൃഷി തുടങ്ങി.

2017ല്‍ ഡയറി ഫാം തുടങ്ങാന്‍ ശ്രമിച്ചതാണു ദര്‍ഷന്റെ ജീവിതത്തില്‍ വഴിത്തിരിവായത്. കാലികളുടെ പരിശീലനം, അവയുടെ തീറ്റ, അസുഖം വന്നാലുള്ള ചികിത്സ അങ്ങനെ പല വിഷയങ്ങള്‍ പൊന്തി വന്നു. ഓണ്‍ലൈനില്‍ തിരഞ്ഞെങ്കിലും പ്രശ്‌നപരിഹാരത്തിനുതകുന്ന വീഡിയോസ് ഒന്നും ലഭിച്ചില്ല. അതിനാല്‍ ദര്‍ഷന്‍ പഞ്ചാബിലും ഹരിയാനയിലും യാത്ര ചെയ്ത് വിജയം കൊയ്ത കര്‍ഷകരെ നേരില്‍ കണ്ടു.

ഈ യാത്രകളില്‍ വച്ചാണു യൂട്യൂബ് ചാനല്‍ എന്ന ആശയം ദര്‍ഷനു ലഭിച്ചത്. കൃഷിയില്‍ വിജയിച്ച കര്‍ഷകരില്‍ നിന്നു ലഭിക്കുന്ന പാഠങ്ങള്‍ മറ്റുള്ളവര്‍ക്കു കൂടി ഉപകാരപ്പെടുന്നതിനാണ് അവ മൊബൈല്‍ ക്യാമറയില്‍ ചിത്രീകരിച്ച് യൂട്യൂബില്‍ ഇടാന്‍ തീരുമാനിച്ചത്. അങ്ങനെ 2017 സെപ്റ്റംബറില്‍ ഫാര്‍മിങ് ലീഡര്‍ പിറന്നു. വിഡിയോകള്‍ക്കു നല്ല പ്രതികരണംമാണ് ആളുകളില്‍ നിന്ന് ലഭിച്ചത്.

ആറു മാസം കൊണ്ടു തന്നെ വിഡിയോകള്‍ക്കു ലക്ഷക്കണക്കിനു സന്ദര്‍ശകരെ ലഭിക്കാന്‍ തുടങ്ങി. 2018 മാര്‍ച്ച് മാസം ആയപ്പോഴേക്കും യൂട്യൂബില്‍ നിന്നു പണം ലഭിക്കാന്‍ തുടങ്ങി. കൃഷിയില്‍ നിന്ന് അത്ര നാള്‍ സമ്പാദിച്ച തുകയേക്കാള്‍ കൂടുതല്‍ യൂട്യൂബില്‍ നിന്നു കിട്ടാന്‍ തുടങ്ങിയതോടെ ദര്‍ഷന്‍ അതു മുഴുവന്‍ സമയ പ്രഫഷനാക്കി. നിലവില്‍ 500ല്‍ അധികം വിഡിയോകളാണു ചാനലില്‍ ഉള്ളത്.

ദര്‍ഷനെ സഹായിക്കാന്‍ ഇപ്പോള്‍ രണ്ടു പേര്‍ കൂടി ഈ ടീമിലുണ്ട്. ഇതിനിടെ ദര്‍ഷന്‍ തന്റെ ഫാം ഒരു സുഹൃത്തിനു കൈമാറി. സുഹൃത്തിന്റെ പങ്കാളിത്തത്തോടെയാണ് ഇപ്പോള്‍ ഫാം നടക്കുന്നത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍