UPDATES

ട്രെന്‍ഡിങ്ങ്

എം എം പരീക്ഷ രണ്ട് തവണ എഴുതിയിട്ടും പാസാകാത്ത യൂണിവേഴ്സിറ്റി കോളേജിലെ ‘എസ് എഫ് ഐ ഗുണ്ട’ ലക്ഷക്കണക്കിന് ചെറുപ്പക്കാര്‍ എഴുതിയ പി എസ് സി പരീക്ഷയില്‍ എങ്ങനെ ഒന്നാമതെത്തി?

പരീക്ഷ അട്ടിമറിയെ കുറിച്ചുള്ള അന്വേഷണം വൈകിക്കരുതെന്ന് രമേശ് ചെന്നിത്തല

സെമസ്റ്റര്‍ പരീക്ഷയില്‍ പരാജയപ്പെട്ട എസ്എഫ്‌ഐ ഗുണ്ടകള്‍ പിഎസ്‌സി പരീക്ഷയില്‍ ഒന്നാമത് എത്തിയതില്‍ പൊരുത്തക്കേട് ഉണ്ടെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു ചെന്നിത്തല വിമര്‍ശനം നടത്തിയത്.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

യൂണിവേഴ്സിറ്റി കോളേജിലെ കുത്ത്‌കേസിലെ എസ് എഫ് ഐ ഗുണ്ടകളായ പ്രതികള്‍ സര്‍വ്വകലാശാലയില്‍ അവര്‍ പഠിക്കുന്ന കോഴ്സിന്റെ ആദ്യസെമസ്റ്റര്‍ പരീക്ഷ ദയനീയമായി പരാജയപ്പെട്ടവരാണ്. കഴിഞ്ഞ വര്‍ഷം മെയ് മാസത്തില്‍ നടന്ന പരീക്ഷയില്‍ ലോജിക് വിഷയത്തില്‍ പൂജ്യം നേടിയ ശിവരഞ്ജിത്ത് പിഎസ് സി പരീക്ഷയില്‍ ഒന്നാമത് എത്തിയത് എങ്ങനെയെന്നു സ്വതന്ത്രമായ അന്വേഷണം വേണം. ആദ്യ സെമസ്റ്റര്‍ പരീക്ഷ രണ്ട് തവണ എഴുതിയിട്ടും പാസാകാത്ത ആള്‍ ലക്ഷക്കണക്കിന് ചെറുപ്പക്കാര്‍ എഴുതിയ പി എസ് സി പരീക്ഷയില്‍ ഒന്നാമത് എത്തി എന്നതില്‍ പൊരുത്തക്കേട് ഉണ്ട്. പി എസ് സി പരീക്ഷയില്‍ 28 റാങ്ക് നേടിയ മറ്റൊരു പ്രതി എ. എന്‍. നസീമും ആദ്യസെമെസ്റ്റെറില്‍ രണ്ടുവട്ടം ശ്രമിച്ചിട്ടും തോറ്റുപോയി.

മാസങ്ങള്‍ നീണ്ട തയാറെടുപ്പിലൂടെയാണ് രാത്രി പകലാക്കി ഉദ്യോഗാര്‍ത്ഥികള്‍ പി എസ് സി പരീക്ഷ എഴുതാന്‍ എത്തുന്നത്. പഠിക്കുന്ന കോഴ്സില്‍ പൂജ്യം മാര്‍ക്ക് നേടിയ ഇവര്‍ റാങ്ക് ലിസ്റ്റില്‍ കടന്നെത്തുന്നതിനെ കുറിച്ച് സി ബി ഐ അന്വേഷണം ആവശ്യപ്പെടുമ്പോള്‍ എല്ലാം ഭദ്രമെന്നു പറഞ്ഞു സര്‍ക്കാര്‍ പിന്‍വലിയരുത്. ഈ സംസ്ഥാനത്തെ തൊഴില്‍ രഹിതരായ ചെറുപ്പക്കാര്‍ക്ക് വേണ്ടിയാണ് പ്രതിപക്ഷം ശബ്ദിക്കുന്നത്. പി എസ് സിയുടെ വിശ്വാസ്യത തകര്‍ക്കരുത്. പരീക്ഷാ അട്ടിമറിയെക്കുറിച്ച് സി ബി ഐ അന്വേഷണം വൈകിപ്പിക്കരുത്.

യൂണിവേഴ്‌സിറ്റി കോളജില്‍ നടന്ന അക്രമത്തിലെ ഒന്നാം പ്രതിയും പിഎസ്സി സിവില്‍ പോലീസ് ഓഫീസര്‍ പരീക്ഷയിലെ ഒന്നാം റാങ്കുകാരനുമായ ആര്‍ ശിവരഞ്ജിത്ത്, എംഎ ഫിലോസഫി ആദ്യ സെമസ്റ്റര്‍ പരീക്ഷ രണ്ടു തവണ എഴുതിയിട്ടും ജയിച്ചില്ലെന്നാണ് മനോരമ ന്യൂസ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. പോലീസ് റാങ്ക് പട്ടികയിലെ 28-ാം റാങ്കുകാരനായ രണ്ടാം പ്രതി എ എന്‍ നസീമിനും എംഎ ഫിലോസഫി ആദ്യ സെമസ്റ്ററിന്റെ പരീക്ഷ രണ്ടു തവണ എഴുതിയിട്ടും പരാജയപ്പെട്ടു.

2018 മേയില്‍ നടന്ന ഒന്നാം സെമസ്റ്റര്‍ പരീക്ഷയില്‍ ശിവരഞ്ജിത്തിനു ലോജിക് എഴുത്തു പരീക്ഷയ്ക്കു ലഭിച്ചതു പൂജ്യം മാര്‍ക്കായിരുന്നു. ഇന്റേണല്‍ കൂടി ചേര്‍ത്തപ്പോള്‍ നൂറില്‍ ആറു മാര്‍ക്കായി. ക്ലാസിക്കല്‍ ഇന്ത്യന്‍ ഫിലോസഫിയ്ക്ക് 4 മാര്‍ക്ക്, വെസ്റ്റേണ്‍ ഫിലോസഫി: ഏന്‍ഷ്യന്റ് മിഡീവിയല്‍ ആന്‍ഡ് മോഡേണ് 6.5, മോറല്‍ ഫിലോസഫിക്ക് 39 എന്നിങ്ങനെയായിരുന്നു മറ്റു പേപ്പറുകളുടെ മാര്‍ക്ക്. ജനുവരിയില്‍ ഒന്നാം സെമസ്റ്റര്‍ വീണ്ടും എഴുതിയപ്പോള്‍ ഈ വിഷയങ്ങള്‍ക്ക് മാര്‍ക്ക് യഥാക്രമം 12, 3.5, 46.5 എന്നായിരുന്നു. ലോജിക്കിന് 13 മാര്‍ക്കും കിട്ടി. ഒരു പേപ്പര്‍ ജയിക്കാന്‍ ഇന്റേണല്‍ ഉള്‍പ്പെടെ 100 ല്‍ 50 വേണം.

ഒക്ടോബറില്‍ നടന്ന രണ്ടാം സെമസ്റ്റര്‍ പരീക്ഷയില്‍ ഫിലോസഫിക്കല്‍ കൗണ്‍സലിങ്: ഇന്ത്യന്‍ ആന്‍ഡ് വെസ്റ്റേണ്‍ പേപ്പറിന് 15 മാര്‍ക്ക് ഇന്റേണല്‍ ലഭിച്ചതിനാല്‍ 52 മാര്‍ക്ക് നേടി. അതേസമയം കാന്റ് ആന്‍ഡ് ഹെഗല്‍ പേപ്പറിന് ഇന്റേണലിനു 15 മാര്‍ക്ക് ലഭിച്ചിട്ടും 35.5 മാര്‍ക്കേ ശിവരഞ്ജിത്തിനു ലഭിച്ചിട്ടുള്ളൂ.

പിഎസ് സി റാങ്ക് പട്ടികയിലെ 28ാം റാങ്കുകാരനും കേസിലെ രണ്ടാം പ്രതിയുമായ നസീം വീണ്ടും അഡ്മിഷന്‍ നേടിയാണ് എംഎ ഫിലോസഫിക്ക് പഠിക്കുന്നത്. 2017 ഫെബ്രുവരിയില്‍ ഇയാള്‍ ഒന്നാം സെമസ്റ്റര്‍ പരീക്ഷയെഴുതിയപ്പോള്‍ ക്ലാസിക്കല്‍ ഇന്ത്യന്‍ ഫിലോസഫി 41, വെസ്റ്റേണ്‍ ഫിലോസഫി ഏന്‍ഷ്യന്റ് ആന്‍ഡ് മിഡീവിയല്‍ 45, ലോജിക് 53, മോറല്‍ ഫിലോസഫി 18 എന്നിങ്ങനെയായിരുന്നു മാര്‍ക്ക്. ലോജിക്കിന് ഇന്റേണല്‍ മാര്‍ക്ക് 10 ആയിരുന്നു.

 

Read: ലോക്സഭാ വിജയം ലോട്ടറിയല്ലെന്ന് മുല്ലപ്പള്ളിക്കും കൂട്ടര്‍ക്കും തെളിയിക്കണം, ദക്ഷിണേന്ത്യ കോണ്‍ഗ്രസ് മുക്തമാവില്ലെന്നും

 

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍