UPDATES

സോഷ്യൽ വയർ

അങ്ങനെ ആൻഡ്രൂസും സേതുവുമില്ലാത്ത ഒരു ക്രിസ്മസ് കൂടി..

പിന്നെയും എത്രയോ ക്രിസ്മസ് രാത്രികൾ ആ പാത്രങ്ങൾ മൂടി തുറക്കാതെ ആൻഡ്രൂസിനെയും കാത്തിരുന്നിട്ടുണ്ടാവണം, കൂടെ അമ്മച്ചിയും.

“പേടിക്കണ്ട, ഞാൻ മടങ്ങി വരും. എനിക്ക് മടങ്ങി വന്നേ പറ്റൂ. ഈ ക്രിസ്തുമസിന് ഞാനാ മുറ്റത്തുണ്ടാവുമെന്നു എന്റമ്മച്ചിയോടു ഞാൻ പറഞ്ഞു പോയി..”

സിനിമകളിലെ ക്രിസ്മസ് ഓർമകളിലെ വല്ലാത്തൊരു ഏടാണ്ഇൻ ഹരിഹർ നഗറിലേത്. ആൻഡ്രൂസും പിന്നാലെ സേതുവും നടന്നു മറഞ്ഞുപോയ ക്രിസ്മസ് രാത്രികൾ ആഘോഷങ്ങളുടേതല്ലാത്ത മറ്റൊരു തലം കൂടി ക്രിസ്മസിന് നൽകുന്നുണ്ട്. വേദനയുടേത്, കാത്തിരിപ്പിന്റേത്, മരണത്തിന്റേത്. പറഞ്ഞതിനെക്കാളും കൂടുതൽ പറയാതെയാണ് സിനിമ ഇവിടങ്ങളിലൊക്കെ സംസാരിക്കുന്നത്.

“അവനിഷ്ടപ്പെട്ടതൊക്കെ ഉണ്ടാക്കിവെച്ച് കാത്തിരിക്കുകയായിരുന്നു, വന്നിട്ട് ഒരുമിച്ച് കഴിക്കാൻ…” എന്ന് അമ്മച്ചി കണ്ണ് തുടച്ചുകൊണ്ട് പറയുമ്പോൾ മേശപ്പുറത്ത് വിളമ്പി വെച്ചിരിക്കുന്ന ഭക്ഷണത്തെ നമുക്ക് മനസ്സിൽ കാണാം. പിന്നെയും എത്രയോ ക്രിസ്മസ് രാത്രികൾ ആ പാത്രങ്ങൾ മൂടി തുറക്കാതെ ആൻഡ്‌റൂസിനെയും കാത്തിരുന്നിട്ടുണ്ടാവണം, കൂടെ അമ്മച്ചിയും. സേതുവിൻറെ മുഖത്തെ നിസ്സഹായത അത്രയ്ക്കും തളം കെട്ടി നിൽക്കുന്ന രംഗങ്ങളാണ് ഇവയെല്ലാം. എന്നാൽപ്പോലും അമ്മച്ചിയുടെ കാത്തിരിപ്പിന്റെ വിഷമത്തിനെ മരണത്തിന്റെ വിഷമം കൊണ്ട് മാറ്റി വെയ്ക്കാൻ സേതു തയ്യാറാവുന്നില്ല.

ക്രിസ്മസിനെ ഒരു സങ്കേതമായി തന്നെ അവതരിപ്പിച്ച് അതിനു ചുറ്റുമാണ് കഥാപാത്രങ്ങളെ നിർമ്മിച്ചിരിക്കുന്നത് എന്നുപോലും നമുക്ക് വായിക്കാൻ സാധിക്കും. ഒരൊറ്റ സീനും ഒരൊറ്റ സംഭാഷണ ശകലവും മാത്രമാണ് ഇവിടെ ക്രിസ്മസിനെ നേരിട്ട് പ്രതിപാദിക്കുന്നത്. പക്ഷെ സേതുവിൻറെയും ആൻഡ്‌റൂസിന്റെയും അമ്മച്ചിയുടെയും ആനിയുടേയുമൊക്കെ സാഹചര്യങ്ങളിൽ തുടർച്ചയായി നമുക്കത് അനുഭവിക്കാൻ സാധിക്കുന്നുണ്ട്.

ഒരു കരോൾ ബാക്കി വെച്ചുപോയതുപോലെയാണ് സേതു അമ്മച്ചിയുടെ മുന്നിലെത്തുന്നത്. ഏറ്റവും വലിയ ആഘോഷത്തിലേക്ക് ഏറ്റവും വെറുക്കപ്പെടുന്ന വർത്തയുമായാണ് അയാൾ വന്നിരിക്കുന്നത്. ദുശ്ശകുനം എന്ന് പറയാവുന്ന സാന്നിധ്യം. ശരിക്കു പറഞ്ഞാൽ സേതുവാണ്‌ കഥയെ മുഴുവനായി സ്വാധീനിക്കുന്ന അച്ചുതണ്ട്. മക്ഗ്ഫിനായ ആ പെട്ടി പോലും സേതുവാണ്‌ കഥാപാത്രങ്ങളുടെ നടുവിലേക്ക് കൊണ്ട് വരുന്നത്.

ഞാൻ ആൻഡ്‌റൂസിന്റടുത്തുനിന്നും വരുവാ എന്ന് സേതു അമ്മച്ചിയോടു പറയുമ്പോൾ രണ്ടുപേരുടെയും മധ്യത്തായി നമുക്ക് ക്രിസ്മസിന്റെ അലങ്കാര നക്ഷത്രങ്ങളെ കാണാം. ഏറ്റവും ആഘോഷിക്കപ്പെടേണ്ട ഒരു ദിവസത്തിനെ തന്നെ ആൻഡ്‌റൂസിന്റെ മരണത്തിനായി തിരഞ്ഞെടുത്തതൊക്കെ എഴുത്തിലെ മിടുക്ക് തന്നെയാണ്. അതങ്ങനെയാണ്, ആഹ്ലാദത്തിന്റെ ഉയരത്തിൽ നിൽക്കുമ്പോഴുള്ള വീഴ്ച്ചയ്ക്ക് ആഘാതമേറും.

അങ്ങനെ ആൻഡ്‌റൂസും സേതുവുമില്ലാത്ത ഒരു ക്രിസ്മസ് കൂടി… അമ്മച്ചി ഇന്നും ആൻഡ്‌റൂസിന്റെയും സേതുവിന്റെയും ഓർമ്മകളിലാവണം.

തെക്കിനിയിലെ ഇരുണ്ട കോണിലെ നാഗവല്ലിയുടെ ചിത്രം ആരുടേത്? ഉത്തരവുമായി ഫാസിൽ

ഞാന്‍ ശ്രീനിവാസന്‍: മലയാള സിനിമയിലെ ക്വാളിഫൈഡ് കമ്യൂണിസ്റ്റ് വിമര്‍ശകന്‍!

മിഷ്‌കിനോട് ക്രൈം ത്രില്ലറുകള്‍ സംവിധാനം ചെയ്യേണ്ടെന്ന് മദ്രാസ് ഹൈക്കോടതി: “സൈക്കോ” റിലീസ് മുടങ്ങും

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍