UPDATES

സോഷ്യൽ വയർ

എന്ത് അസംബന്ധമാണിത്? ആ മഹാനടിയെ ഇങ്ങനെ അപമാനിക്കരുത്; പ്രിയ വാര്യര്‍ക്കെതിരേ രോഷത്തോടെ സോഷ്യല്‍ മീഡിയ

പ്രിയയുടെ ബോളിവുഡ് അരങ്ങേറ്റ ചിത്രമാശ്രീദേവി ബംഗ്ലാവിനെതിരേ നടപടിയെടുക്കണമെന്നും ആവശ്യം

ഒരു അഡാര്‍ ലൗവ് എന്ന ഇനിയും പുറത്തിറങ്ങിയിട്ടില്ലാത്ത ചിത്രത്തിലെ ഒരു ഗാനരംഗത്തിലെ കണ്ണിറുക്കല്‍ കൊണ്ട് ലോകം മുഴുവന്‍ ആരാധകരെ സൃഷ്ടിച്ച താരമാണ് പ്രിയ വാര്യര്‍. അത്ഭുതപ്പെടുത്തുന്ന തരത്തില്‍ ഇന്റര്‍നെറ്റ് സെന്‍സേഷന്‍ ആയി മാറിയ പ്രിയ വാര്യര്‍ ഇപ്പോഴിതാ അതേ ഇന്റര്‍നെറ്റ് ലോകത്തിന്റെ രോഷത്തിനു പാത്രമായിരിക്കുന്നു. കാരണം, പ്രിയയുടെ ആദ്യ ബോളിവുഡ് ചിത്രമായ ശ്രീദേവ് ബംഗ്ലാവ്! മലയാളി സംവിധായകനായ പ്രശാന്ത് മാമ്പുള്ളി(പ്രശാന്ത് ബാബു) സംവിധാനം ചെയ്യുന്ന ശ്രീദേവി ബംഗ്ലാവിന്റെ ട്രെയിലര്‍ പ്രിയയുടെ ഗ്ലാമര്‍ പ്രകടനം കൊണ്ട് വാര്‍ത്ത പ്രാധാന്യം നേടിയെങ്കിലും തൊട്ടുപിന്നാലെ വിവാദവും എത്തി. ശ്രീദേവി ബംഗ്ലാവ് അന്തരിച്ച താരം ശ്രീദേവിയെ കുറിച്ചുള്ള സിനിമയാണെന്നും ശ്രീദേവിയെ മോശമായി ചിത്രീകരിക്കാനാണ് അണിയറക്കാര്‍ ശ്രമിക്കുന്നതെന്നും കാണിച്ച് നിര്‍മാതാവും ശ്രീദേവിയുടെ ഭര്‍ത്താവുമായ ബോണി കപൂര്‍ സംവിധായകനും സിനിമയ്ക്കുമെതിരേ വക്കീല്‍ നോട്ടീസ് അയച്ചതോടെയാണ് പ്രിയയുടെ ബോളിവുഡ് അരങ്ങേറ്റം വിവാദച്ചുഴിയിലേക്കായത്.

എന്നാല്‍ ശ്രീദേവി ബംഗ്ലാവിന്റെ ട്രെയിലര്‍ കണ്ട് ട്വിറ്റര്‍ ലോകം പ്രിയയ്‌ക്കെതിരേ കടുത്ത വിമര്‍ശനങ്ങളുമായി എത്തിയിരിക്കുകയാണ്. രൂക്ഷമായ ഭാഷയിലാണ് ശ്രീദേവി ബംഗ്ലാവിനെയും ട്രെയിലറിലെ പ്രിയയുടെ പ്രകടനത്തെയും ട്വിറ്റര്‍ ലോകം വിമര്‍ശിക്കുന്നത്. ശ്രീദേവി എന്ന മഹാനടിയെ അപകീര്‍ത്തിപ്പെടുത്തുകയാണ് ചെയ്യുന്നതെന്നും ലജ്ജാകരമായ പ്രവര്‍ത്തിയായിപ്പോയെന്നും ചിലര്‍ പറയുമ്പോള്‍ ശ്രീദേവി ബംഗ്ലാവിന്റെ ട്രെയിലറിനെ മറ്റുചിലര്‍ അസംബന്ധം എന്നാണ് വിളിച്ചിരിക്കുന്നത്.

ഈ ചിത്രത്തില്‍ താന്‍ ദേശീയ അവാര്‍ഡ് അടക്കം നേടിയ ഒരു സൂപ്പര്‍താര നായികയെയാണ് അവതരിപ്പിക്കുന്നതെന്നു പ്രിയ വാര്യര്‍ നേരത്തെ അറിയിച്ചിരുന്നു. ഈ ചിത്രത്തിലെ നായിക ഒരു പ്രമുഖ നടിയായാണ് വരുന്നതെന്നു സംവിധായകനും പറഞ്ഞിരുന്നു. ഒരു മിനിട്ട് 49 സെക്കന്‍ഡ് ഉള്ള ട്രെയിലറില്‍ കാണുന്നതും എകാന്ത ജീവിതം നയിക്കുന്ന ഒരു സെലിബ്രിറ്റിയെയാണ്. കൂടാതെ ഈ നായിക ബാത്ത് ടബ്ബില്‍ മരിച്ചു കിടക്കുന്ന ദൃശ്യങ്ങളും ട്രെയിലറില്‍ ഉണ്ട്. ബാത്ത് ടബ്ബില്‍ മരിച്ചു കിടക്കുന്ന നിലയിലായിരുന്നു ശ്രീദേവിയേയും കണ്ടെത്തിയത്. ഇതോടെയാണ് ചിത്രത്തില്‍ പറയുന്നത് ശ്രീദേവിയുടെ കഥയാണെന്ന് ആരോപിച്ച് ബോണി കപൂര്‍ അടക്കം രംഗത്തു വന്നതും നിയമനടപടികളിലേക്ക് പോയതും.

നിയമ നടപടികളെക്കാള്‍ ഇപ്പോള്‍ ശ്രീദേവി ബംഗ്ലാവിന്റെ അണിയറക്കാരും പ്രിയ വാര്യരും നേരിടുന്ന പ്രതിസന്ധി സോഷ്യല്‍ മീഡിയയില്‍ നിന്നും ഏല്‍ക്കേണ്ടി വരുന്ന തിരിച്ചടികളാണ്. സിനിമയ്‌ക്കെതിരേ നടപടിയെടുക്കണം എന്നുവരെ ട്വിറ്റര്‍ ലോകത്തു നിന്നും ആവശ്യം ഉയര്‍ന്നിട്ടുണ്ട്. എത്രമാത്രം ലജ്ജാകരവും അസ്വസ്ഥതപ്പെടുത്തുന്നതുമായി പ്രവര്‍ത്തിയാണ് ശ്രീദേവി ബംഗ്ലാവിന്റെ അണിയറക്കാരില്‍ നിന്നും ഉണ്ടായിരിക്കുന്നത്. ഒരു ഇതിഹാസ താരത്തെ തീര്‍ത്തും പരിഹാസ്യമായ രീതിയിലാണ് ഈ സിനിമയില്‍ ചിത്രീകരിച്ചിരിക്കുന്നത്. ഇത് അസംബന്ധവും വിഡ്ഡിത്തവുമാണ്. ഈ ചിത്രത്തിനെതിരേ നടപടി സ്വീകരിക്കാന്‍ സിനിമലോകം തയ്യാറാകണം എന്നാണ് ഒരു ട്വീറ്റ്. വില കുറഞ്ഞ ട്രെയിലര്‍, ശ്രീദേവിയുടെ ആത്മാവിനെ അപമാനിക്കുന്നതാണിത് എന്നായിരുന്നു മറ്റൊരു വിമര്‍ശനം. ശ്രീദേവിയുടെ മരണത്തെ അപമാനിക്കാന്‍ ശ്രമിക്കുന്നവര്‍ക്കെതിരേ ശക്തമായി നടപടി തന്നെ സ്വീകരിക്കണമെന്നു ബോണി കപൂറിനോട് ആവശ്യപ്പെടുന്നവരുമുണ്ട്.

ശ്രീദേവിയെപോലെ ഒരു മഹാനടിയെ അവതരിപ്പിക്കാന്‍ പ്രിയ വാര്യരെ തെരഞ്ഞെടുത്തതിനെയും വിമര്‍ശിച്ച് ആളുകള്‍ രംഗത്ത് വരുന്നുണ്ട്. ഗ്ലാമര്‍ കാണിച്ചതുകൊണ്ട് മാത്രം കാര്യമില്ലെന്നും അഭിനയിക്കാന്‍ കൂടി അറിയണമെന്നും പ്രിയയെ വിമര്‍ശിക്കുന്നു. ശ്രീദേവി ബംഗ്ലാവിന്റെ ട്രെയിലറിന് ഡിസ് ലൈക്ക് അടിച്ചും ആളുകള്‍ തങ്ങളുടെ പ്രതിഷേധ പ്രകടിപ്പിക്കുന്നുണ്ട്. ലൈക്കിന്റെ ഇരട്ടിയിലധികമാണ് ഡിസ്‌ലൈക്കുകള്‍ വന്നിരിക്കുന്നത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍