UPDATES

സോഷ്യൽ വയർ

“പൊതുവിദ്യാലയങ്ങളില്‍ നിരീശ്വരവാദം പഠിപ്പിക്കുന്നു; ജമാഅത്തെ ഇസ്ലാമി സ്ഥാപനങ്ങളിലേ കുട്ടികളെ പഠിപ്പിക്കാവൂ”

കേരളത്തില്‍ വിദ്യാഭ്യാസ പുരോഗതിയുണ്ടാക്കിയത് പൊതുവിദ്യാലയങ്ങളാണെന്നിരിക്കെ, മുസ്ലിം മതവിദ്യാഭ്യാസത്തെ സഹായിച്ചത് പൊതുമദ്രസ്സകളാണെന്നിരിക്കെ ഈ വാദത്തില്‍ എന്ത് കഴമ്പാണുള്ളതെന്ന് അഡ്വ. ജാബിര്‍ ചോദിക്കുന്നു.

പൊതുവിദ്യാലയങ്ങളില്‍ നിരീശ്വരവാദം പഠിപ്പിക്കുന്നുവെന്നും ജമാഅത്തെ ഇസ്ലാമി സ്ഥാപനങ്ങളിലേ കുട്ടികളെ പഠിപ്പിക്കാവൂ എന്നും ഖുത്തുബയില്‍ (പ്രസംഗം) പറഞ്ഞത് ചൂണ്ടിക്കാട്ടിയുള്ള ഫേസ്ബുക്ക് കുറിപ്പ് ചര്‍ച്ചയാകുന്നു. ഒരു സര്‍ക്കാര്‍ സ്കൂളില്‍ നിന്നും റിട്ടയര്‍ ചെയ്ത് പെന്‍ഷന്‍ വാങ്ങുന്ന അധ്യാപകനാണ് പൊതുവിദ്യാലയങ്ങളില്‍ നിരീശ്വരവാദം പഠിപ്പിക്കുന്നുവെന്ന വ്യാജം പറഞ്ഞു പരത്തുന്നതെന്ന് അഡ്വ. ജാബിര്‍ എന്നയാളാണ് ഫേസ്ബുക്കില്‍ കുറിപ്പിട്ടിരിക്കുന്നത്. അന്‍സാര്‍ ആശുപത്രിക്കു സമീപമുള്ള മസ്ജിദു റഹ്മാനിയ എന്ന പള്ളിയില്‍ പോയപ്പോഴാണ് ഈ ഖുത്തുബ കേള്‍ക്കാനിടയായത്.

കേരളത്തില്‍ വിദ്യാഭ്യാസ പുരോഗതിയുണ്ടാക്കിയത് പൊതുവിദ്യാലയങ്ങളാണെന്നിരിക്കെ, മുസ്ലിം മതവിദ്യാഭ്യാസത്തെ സഹായിച്ചത് പൊതുമദ്രസ്സകളാണെന്നിരിക്കെ ഈ വാദത്തില്‍ എന്ത് കഴമ്പാണുള്ളതെന്ന് അഡ്വ. ജാബിര്‍ ചോദിക്കുന്നു. പാവപ്പെട്ട കുട്ടികള്‍ക്ക് ജാതിമതവ്യത്യാസമില്ലാതെ വിദ്യാഭ്യാസം നല്‍കുന്ന സ്ഥാപനങ്ങളെ ഇല്ലാതാക്കി വിദ്യാഭ്യാസ കച്ചവടക്കാരെ സഹായിക്കാനാണ് ഇത്തരക്കാര്‍ ശ്രമിക്കുന്നതെന്നും ഫേസ്ബുക്ക് പോസ്റ്റ് ചൂണ്ടിക്കാട്ടി. പൊതുവിദ്യാഭ്യാസത്തോട് ഇത്രയധികം വെറുപ്പുള്ള പ്രാസംഗികന്‍ തനിക്ക് പൊതുവിദ്യാലയത്തില്‍ അധ്യാപകനായിരുന്നതിന്റെ പേരില്‍ ലഭിക്കുന്ന പെന്‍ഷന്‍ വേണ്ടെന്നു വെക്കാന്‍ തയ്യാറാകുമോയെന്നും അദ്ദേഹം ചോദിക്കുന്നു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

ഞാനിന്ന് ജുമുഅക്ക് കൂടിയത് പെരുമ്പിലാവിലെ അൻസാർ ആശുപത്രിക്ക് സമീപമുള്ള മസ്ജിദു റഹ്മാനിയ എന്ന പേരുള്ള ജമാഅത്തെ ഇസ്ലാമിയുടെ പള്ളിയിലാണ് .( മറ്റ് പള്ളികൾ കണ്ടില്ല ) അവിടത്തെ ഖുത്തുബ (പ്രസംഗം) നടത്തിയ വ്യക്തി പൊതു വിദ്യാഭ്യാസം കുട്ടികൾക്ക് കൊടുക്കാൻ പാടില്ലെന്നും അത് നിരീശരത്വവും മറ്റും കുട്ടികളെ പഠിപ്പിക്കുന്ന രീതിയാണെന്നും മറ്റുമാണ് പറഞ്ഞത് …. ഇദ്ദേഹം സർക്കാർ സ്കൂളിൽ നിന്നും റിട്ടയർ ചെയ്ത അധ്യാപകനാണ് !!
ഇദ്ദേഹം പറഞ്ഞത് ജമാഅത്തെ ഇസ്ലാമിയുടെ സ്ഥാപനങ്ങളിൽ കുട്ടികളെ പഠിപ്പിക്കാനാണ് …. അതാണ് ശരിയെന്നാണ് …. എങ്കിലേ കുട്ടികൾ നന്നാവൂ എന്നാണ് .
നമ്മുടെ കേരളത്തിൽ വിദ്യാഭ്യാസ രംഗത്തെ പുരോഗതിയുണ്ടാക്കിയത് ഇവിടത്തെ പൊതു വിദ്യാലയങ്ങളും മുസ്ലിം മത വിദ്യാഭ്യാസത്തിൽ സഹായിച്ചത് പണ്ടു മുതൽ തന്നെ ഇവിടെ നിലവിലുള്ള പൊതു മദ്രസകളുമാണ് …. അതിൽ ജമാഅത്തെ ഇസ്ലാമി ഒരു പങ്കും വഹിച്ചിട്ടില്ല …. സമുദായത്തിലെ പാവങ്ങൾ ഗൾഫിലും മറ്റും പോയി നന്നായപ്പോൾ ആ പണത്തിന്റെ മുകളിൽ സംഘടനയുണ്ടാക്കി ആളാവുന്ന പണിയാണല്ലോ ഇവർ ചെയ്യുന്നത് ….. അതും പോരാഞ്ഞ് കാക്കത്തൊള്ളായിരം മുസ്ലിം രാഷ്ട്രീയ പാർട്ടിക്കിടയിലേക്ക് ചാപിള്ളയായി ഒരു പാർട്ടിയും …
ഇത്തരം ആളുകളും സംഘടനകളും ഈ സമുദായത്തിന് എന്ത് നന്മയാണ് ചെയ്യുന്നത് ? കേരളത്തിലെ പാവപ്പെട്ട കുട്ടികൾക്ക് ജാതി മത വ്യത്യാസ ഭേദമില്ലാതെ വിദ്യാദ്യാസം നൽകിയ കേരളത്തിന്റെ പൊതു സ്വത്തായി നന്നായി കുതിച്ച് മുന്നേറുന്ന പൊതു വിദ്യാഭ്യാസ സ്ഥാപനങ്ങളെ ഇല്ലാതാക്കി വിദ്യാഭ്യാസകച്ചവടക്കാരെ സഹായിക്കുന്ന ഇത്തരം ആളുകൾക്കെതിരെ അധികാരികൾ നടപടിയെടുക്കണം .

വാൽകഷണം ….
സർക്കാർ സ്കൂളിൽ പഠിച്ച് ജോലി നേടി ശമ്പളം വാങ്ങി റിട്ടയർ ചെയ്ത് പെൻഷനും വാങ്ങിയ ആളാണ് ഈ വിധ്വാൻ …….. ആദർശം പറയുന്ന ഇയാൾ ഇത്തരം സ്ഥാപനത്തിൽ നിന്നും വാങ്ങിയ ശമ്പളം തിരികെ നൽകി പെൻഷൻ വേണ്ടെന്ന് വെക്കാൻ തയ്യാറുണ്ടോ ?

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍