UPDATES

സോഷ്യൽ വയർ

ഒരു കൊടും ക്രിമിനല്‍ വിശുദ്ധനായി മാറി, അവന്റെ ക്രൂരതയില്‍ എരിഞ്ഞു തീര്‍ന്നവള്‍ വഴിപിഴച്ചവളും: മാവേലിക്കരയില്‍ ചുട്ടെരിക്കപ്പെട്ട സൗമ്യയെക്കുറിച്ചാണ്

സൗഹൃദം മറ്റു പലതിലേക്കും വഴിമാറുന്നു എന്നറിയുമ്പോള്‍ അതില്‍ താല്‍പര്യമില്ലാത്ത വ്യക്തി സൗഹൃദം അവസാനിപ്പിക്കാന്‍ നോക്കും

മാവേലിക്കരയില്‍ ചുട്ടുകൊന്ന പോലീസുകാരി സൗമ്യയ്‌ക്കെതിരെ സോഷ്യല്‍ മീഡിയയില്‍ ഏതാനും ദിവസങ്ങളായി വ്യാപക പ്രചരണമാണ് നടക്കുന്നത്. വിവാഹിതയും മൂന്ന് കുട്ടികളുടെ അമ്മയുമായ സൗമ്യ അജാസുമായി സൗഹൃദത്തിലായതിനെയാണ് പലരും ചോദ്യം ചെയ്യുന്നത്. അതേസമയം രോഗഗ്രസ്തമായ ഒരു സമൂഹമാണ് ഇത്തരത്തില്‍ സ്ത്രീയ്ക്ക് നേരെ ആരോപണങ്ങളുമായി രംഗത്തെത്തുന്നതെന്ന് പറയുകയാണ് മാധ്യപ്രവര്‍ത്തകയായ ജെസി തുരുത്തേല്‍. പുരുഷന്റെ ക്രൂരതയും സ്വാര്‍ത്ഥതയും അനുവദിക്കുകയും പരസ്യപിന്തുണ നല്‍കുകയും ചെയ്യുന്ന പുതിയ സമൂഹത്തിന്റേത് എന്തുതരം മനഃസ്ഥിതിയാണെന്ന് ഇവര്‍ തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ ചോദിക്കുന്നു. ജെസി തുരുത്തേലിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം താഴെ:

വിവാഹിതയായ, പ്രത്യേകിച്ചും കുട്ടികളുള്ള സ്ത്രീകള്‍ക്ക് മറ്റു പുരുഷന്മാരുമായി യാതൊരു തരത്തിലുമുള്ള സൗഹൃദം പാടില്ല എന്ന സങ്കുചിതമായ മനസ്ഥിതിയിലേക്ക് മലയാളി സമൂഹം എത്ര പെട്ടെന്നാണ് മാറുന്നത്…?? ഒരു കൊടും ക്രിമിനല്‍ വിശുദ്ധനായി മാറി. അവന്റെ ക്രൂരതയില്‍ എരിഞ്ഞു തീര്‍ന്നവള്‍ വഴിപിഴച്ചവളും… പുരുഷന്റെ ക്രൂരതയും സ്വാര്‍ത്ഥതയും അനുവദിക്കുകയും പരസ്യപിന്തുണ നല്‍കുകയും ചെയ്യുന്ന പുതിയ സമൂഹം. എന്തൊരു മനസ്ഥിതിയാണ് ഈ സമൂഹത്തിന്റെത്…??

അമ്മയുടെ ആണ്‍സുഹൃത്തിന്റെ പീഢനമെന്ന് മാധ്യമങ്ങള്‍ പോലും പറയുമ്പോള്‍ അമ്മയ്ക്ക് അല്ലെങ്കില്‍ വിവാഹിതയായ സ്ത്രീയ്ക്ക് പുരുഷ സൗഹൃദം പാടില്ലെന്നും അഥവാ ഉണ്ടായാല്‍ ഇത്തരം പ്രശ്നങ്ങള്‍ ഉണ്ടാകുമെന്നുമുള്ള പരോക്ഷമായ അംഗീകരിക്കല്‍. കൊടുംക്രിമിനലുകളായ പുരുഷന്മാരുടെ (സ്ത്രീകളുടെയും) കുറ്റകൃത്യങ്ങള്‍ കുറ്റങ്ങളല്ലാതായി മാറുന്നു.

ആദ്യം സൗഹൃദമാണ് ഉണ്ടാകുന്നത്. friendship ആണെങ്കില്‍ ചിലപ്പോള്‍ സംസാരിച്ചെന്നിരിക്കും. ഒരുമിച്ചു യാത്ര ചെയ്തെന്നിരിക്കും. പക്ഷേ, സൗഹൃദം മറ്റു പലതിലേക്കും വഴിമാറുന്നു എന്നറിയുമ്പോള്‍ അതില്‍ താല്‍പര്യമില്ലാത്ത വ്യക്തി സൗഹൃദം അവസാനിപ്പിക്കാന്‍ നോക്കും. അതിനെയെല്ലാം പെണ്ണിന്റെ അനുവാദത്തോടെയാണ് എന്ന് പറഞ്ഞു പരത്തുന്നിടത്തോളം വൃത്തികെട്ട മറ്റൊന്നില്ല. ഒരാള്‍ പിന്തിരിയുമ്പോഴാണ് സ്വന്തം ക്രിമിനല്‍ സ്വഭാവം മറച്ചു വച്ച് പുറമേ മാന്യരായ വ്യക്തികള്‍ സ്വന്തം തനിനിറം പുറത്തു കാണിക്കുക. ജീവിതത്തില്‍ ഒരിക്കലും ചില മനുഷ്യരെ പരിചയപ്പെടരുതായിരുന്നു എന്നു പോലും തോന്നിപ്പോകുന്ന നിമിഷങ്ങള്‍.

സിവില്‍ പോലീസ് ഓഫീസര്‍ സൗമ്യയെ കുറ്റപ്പെടുത്തിയും അജാസ് എന്ന കൊടുംക്രിമിനലിനെ വെള്ള പൂശിയും ഫേയ്സ്ബുക്കില്‍ നിരവധി അനവധി പോസ്റ്റുകള്‍. സമൂഹത്തിന്റെ മനസ് രോഗഗ്രസ്തമാണ്. ക്യാന്‍സറിനെക്കാള്‍ മാരകമായ രോഗം സമൂഹമനസാക്ഷിയെ ബാധിച്ചിരിക്കുന്നു എന്നതിന്റെ വ്യക്തമായ തെളിവ്. പെണ്ണിനെ കൂടുതല്‍ക്കൂടുതല്‍ കൂച്ചുവിലങ്ങിടാനും സ്വതന്ത്രമായി സഞ്ചരിക്കാനും മറ്റുള്ളവരുമായി ഇടപെടാനും ധൈര്യം കാണിച്ചു തുടങ്ങിയ സ്ത്രീകളെപ്പോലും കൂച്ചുവിലങ്ങിടാന്‍ സമൂഹം നടത്തുന്ന ബുദ്ധിപരമായ നീക്കം. ഈ ഗൂഢപദ്ധതിക്ക് ചുക്കാന്‍ പിടിക്കുന്നത് മാധ്യമങ്ങളാണ്. മനസിന് രോഗം ബാധിച്ചവര്‍ അത് ഏറ്റുപാടുന്നു.

read more:28 വര്‍ഷത്തിനു ശേഷം ആദിവാസി യുവതി ശിവാളിന് മോചനം, പക്ഷേ അടിമപ്പണി ചെയ്യിച്ചയാളുടെ വീട്ടില്‍ തന്നെ തുടരാനുള്ള ഉത്തരവ് അട്ടിമറിയെന്ന് ആരോപണം

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍