UPDATES

സോഷ്യൽ വയർ

‘സോന മോളുടെ ചികിത്സാ ചിലവ് ഏറ്റെടുക്കും, സർക്കാർ ഒപ്പമുണ്ട്’: കെ കെ ശൈലജ

‘സോനമോളുടെ അസുഖം എത്രയും വേഗം സുഖപ്പെടുത്താൻ ഉള്ള നടപടികളാണ് സർക്കാർ എടുത്തിട്ടുള്ളത്.’

തൃശ്ശൂര്‍ ജൂബിലി മിഷന്‍ ആശുപത്രിയുടെ ചികിത്സാ പിഴവ് മൂലം ദുരിതത്തിലായ പെണ്‍കുട്ടിക്ക് വേണ്ടി സോഷ്യല്‍ മീഡിയയിലൂടെ നിരവധിപേരാണ് പ്രതിഷേധം അറിയിക്കുന്നത്. സംഭവം ശ്രദ്ധയില്‍പ്പെട്ട ആരോഗ്യമന്ത്രി കെ കെ ശൈലജ, സോനമോളുടെ കാര്യത്തില്‍ വിശദമായി അന്വേഷണം നടത്തിയെന്നും കുട്ടിയുടെ ചികിത്സാ ചിലവ് സര്‍ക്കാര്‍ ഏറ്റെടുത്തെന്നും തന്റെ ഫേസ്ബുക്ക് കുറിപ്പിലൂടെ അറിയിച്ചു.

പോസ്റ്റ് പൂര്‍ണ്ണരൂപത്തില്‍,

സോനമോളുടെ വാർത്ത അറിഞ്ഞതിനെ തുടർന്ന് ഇതിൽ ഇടപെടുന്നതിനായി സോഷ്യൽ സെക്യൂരിറ്റി മിഷൻ എക്സി. ഡയറക്ടർ ഡോ. മുഹമ്മദ് അഷീലിനെ ചുമതലപ്പെടുത്തി. ഡോക്ടർ ഈ കാര്യത്തിൽ വിശദമായി അന്വേഷണം നടത്തി റിപ്പോർട്ട് ചെയ്തു. ശേഷം കുട്ടിയുടെ അച്ചൻ ബാബുവുമായി ഫോണിൽ സംസാരിച്ചു.

തൃശൂർ മെഡിക്കൽ കോളേജ്, കോയമ്പത്തൂർ അരവിന്ദ് കണ്ണാശുപത്രി എന്നിവിടങ്ങളിൽ നിന്നും കുട്ടിയുടെ രോഗവിവരങ്ങൾ ശേഖരിച്ചു.

അപസ്മാര സംബന്ധമായ അസുഖത്തിനാണ് ജൂബിലി മെഡിക്കൽ കോളേജിൽ എത്തിയത്. അവിടെ ചികിത്സ നടത്തുന്നതിനിടയിൽ ടോക്സിക്ക് എപ്പിഡമോ നെക്രോലൈസിസ് എന്ന രോഗാവസ്ഥ ഉണ്ടായതിനെ തുടർന്നാണ് തൃശൂർ മെഡിക്കൽ കോളേജിൽ ചികിത്സ തേടിയത്.

ശേഷം തൃശൂർ മെഡിക്കൽ കോളേജിലെ ശിശുരോഗ വിഭാഗത്തിന്റെ തലവൻ ഡോ: പുരുഷോത്തമന്റെ നേത്യത്വത്തിൽ നടത്തിയ വിദഗ്ധ പരിശോധനയിൽ നിന്നാണ് കണ്ണിനും രോഗം ബാധിച്ചതിച്ചിട്ടുണ്ടെന്ന് മനസിലാക്കിയത്. ഇതിനെ തുടർന്ന് കോയമ്പത്തൂർ അരവിന്ദ് കണ്ണാശുപത്രിയിലേക്ക് റഫർ ചെയ്യുകയായിരുന്നു.

അവിടെ നിന്ന് രണ്ട് തവണ കണ്ണിന് ശസ്ത്രക്രിയ നടത്തി. മൂന്നാമത്തെ ശസ്ത്രക്രിയക്കായി ഇന്ന് അഡ്മിറ്റ് ചെയ്യേണ്ടതായിരുന്നു. എന്നാൽ രക്ത പരിശോധനയിൽ അണുബാധ കണ്ടതിനാൽ പെട്ടെന്ന് സർജറി സാധ്യമല്ലെന്ന് കോയമ്പത്തൂർ അരവിന്ദ് ആശുപത്രി അധികൃതർ അറിയിച്ചു. അതിനാൽ തൃശൂർ മെഡിക്കൽ കോളേജുമായി ബന്ധപ്പെട്ട് ചികിത്സ നടത്തുന്നതിനുള്ള ഏർപ്പാട് ഉണ്ടാക്കി.

തൃശൂർ മെഡിക്കൽ കോളേജിലും തുടർന്നും ചികിത്സക്ക് ആവശ്യമായ എസ്റ്റിമേറ്റ് അനുസരിച്ച് കേരള സാമൂഹ്യ സുരക്ഷാ മിഷന്റെ വികെയർ പദ്ധതിയിൽ ഉൾപ്പെടുത്തി ചികിത്സ സർക്കാർ ഏറ്റെടുക്കുന്നതാണ്.

കൂടുതൽ ചികിത്സാ ചിലവ് ആവശ്യമായി വരുന്ന അപൂർവ രോഗങ്ങൾക്കും ഇതു പോലുള്ള രോഗികൾക്കും സർക്കാരിന്റെ പ്ലാൻ ഫണ്ട് തികയാത്തതിനാൽ സുമനസുകൾ നൽകുന്ന സംഭവനയും കമ്പനികളുടെ പൊതു നന്മ ഫണ്ട് ഉപയോഗിച്ചാണ് വി കെയറിൽ ഫണ്ട് സ്വരൂപിക്കുന്നത്.

സുതാര്യത ഇല്ലാതെ സ്വകാര്യ അക്കൗണ്ട്‌ ആരംഭിച്ച് ഓൺലൈനായി ഫണ്ട് പിരിവ് നടത്തുന്ന ചില സംഘടനകളും വ്യക്തികളും നമുക്ക് ചുറ്റും ഉണ്ട്. ഇതിൽ നിന്ന് വ്യത്യസ്തമായി പൂർണമായും സുതാര്യവും, സർക്കാർ നിരീക്ഷണത്തിലും നിയന്ത്രണത്തിലുമുള്ള ഫണ്ട് കളക്ഷനാണ് വി കെയറിൽ നടക്കുന്നത്. ഇപ്പോൾ പരിമിതമായ ഫണ്ട് മാത്രമേ വി കെയറിൽ ഉള്ളൂ. ഈ സർക്കാർ വന്നതിന് ശേഷം എണ്ണൂറിലധികം പേർക്ക് വി കെയർ വഴി സഹായം നൽകിയിട്ടുണ്ട്. കൂടുതൽ വിശദാംശങ്ങൾ ഈ ലിങ്കിൽ ലഭ്യമാണ് ( http://donation.socialsecuritymission.gov.in )

സോനമോളുടെ അസുഖം എത്രയും വേഗം സുഖപ്പെടുത്താൻ ഉള്ള നടപടികളാണ് സർക്കാർ എടുത്തിട്ടുള്ളത്. സോനമോളുടെ വിഷയം ശ്രദ്ധയിൽപ്പെടുത്തിയ എല്ലാ സുമനസുകളേയും നന്ദിയറിയിക്കുന്നു.

സർക്കാർ ഒപ്പമുണ്ട്.’

Read More : 1900ത്തിനു ശേഷമുള്ള കലണ്ടറിലെ ഏത് തിയതി പറഞ്ഞാലും ഏത് ദിവസമാണെന്ന് കാര്‍ത്തിക് പറയും; പരിചയപ്പെടാം നാലാം ക്ലാസുകാരനായ ‘കണക്കുമാഷെ’

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍