UPDATES

സോഷ്യൽ വയർ

ഹെയറി ലൂക്കീമിയ: സജീറ അടക്കമുള്ളവര്‍ക്ക് എത്രയും വേഗം മരുന്ന് ലഭ്യമാക്കി തുടര്‍ചികിത്സ നല്‍കുമെന്ന് ശൈലജ ടീച്ചര്‍

ഇന്ത്യയില്‍ തന്നെ വളരെ അപൂര്‍വമായിട്ടാണ് ഇത്തരത്തിലുള്ള രോഗം കാണുന്നത്

തിരുവനന്തപുരം ആര്‍.സി.സിയില്‍ ചികിത്സയിലുള്ള സജീറയുള്‍പ്പടെയുള്ള രോഗികള്‍ക്ക് ബാധിച്ച ഹെയറി ലൂക്കീമിയ എന്ന രോഗത്തിന്റെ ചികിത്സക്കാവശ്യമായ മരുന്ന് ലഭ്യമാക്കാന്‍ നിര്‍ദ്ദേശിച്ച് ശൈലജ ടീച്ചര്‍. സജീറയടക്കം ആര്‍.സി.സിയില്‍ ചികിത്സ തേടുന്ന മറ്റ് രോഗികള്‍ക്കും മരുന്ന് ലഭ്യമല്ല എന്നു സോഷ്യല്‍മീഡിയയില്‍ എത്തിയ വാര്‍ത്തകള്‍ക്ക് പിന്നാലെയാണ് ചികിത്സക്കാവശ്യമായ മരുന്ന് ലഭ്യമാക്കുമെന്ന ശൈലജ ടീച്ചറുടെ കുറിപ്പ്.

വാര്‍ത്തയിലെ സത്യാവസ്ഥയറിയാന്‍ ആര്‍.സി.സി ഡയറക്ടറുമായി ബന്ധപ്പെടുകയും ഹെയറി ലുക്കീമിയ ബാധിച്ച രണ്ട്‌പേര്‍ അവിടെ ചികിത്സയിസുണ്ടെന്ന് അറിയുകയും ചെയ്‌തെന്നു കുറിപ്പില്‍ പറയുന്നു. ഈ മരുന്ന് ഉല്‍പ്പാദിപ്പിച്ചിരുന്ന കമ്പനി അവരുടെ ഉല്‍പ്പാദനം നിര്‍ത്തി വെച്ചതിനാലാണ് മരുന്ന് ലഭ്യമാകാഞ്ഞത്. എറണാകുളത്തെ ഒരു കമ്പനിയാണ് ഈ മരുന്നിന്റെ വിതരണം നടത്തുന്നത്. ഉല്‍പ്പാദനം നിര്‍ത്തിയതിനാല്‍ ഇവരുടെ കൈയ്യില്‍ സ്റ്റോക്ക് കുറവാണ്. എങ്കിലും ചികിത്സയ്ക്കുള്ള മരുന്ന് അവര്‍ക്ക് ലഭിക്കുമെന്നും 60,000-ത്തോളം വില വരുന്ന മരുന്നിന്റെ ചിലവ് സര്‍ക്കാര്‍ ഏറ്റെടുക്കുമെന്നും ശൈലജ ടീച്ചര്‍ ഫേസ്ബുക്ക് പോസ്റ്റിലൂടെ അറിയിച്ചു.

പോസ്റ്റ് പൂര്‍ണ്ണരൂപത്തില്‍,

‘വളരെയധികം വേദനയോടെയാണ് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന സജീറയുടെ അവസ്ഥ വായിച്ചത്. ആര്‍.സി.സി.യില്‍ ചികിത്സയിലുള്ള സജീറയുള്‍പ്പെടെയുള്ള രോഗികള്‍ക്ക് ബാധിച്ച ഹെയറി സെല്‍ ലുക്കീമിയ (Hairy Cell Leukemia) എന്ന രോഗത്തിന്റെ ചികിത്സിക്കാനാവശ്യമായ ക്ലാഡ്രിബിന്‍ (Cladribine) എന്ന മരുന്ന് ലഭിക്കാനില്ലാത്തതിനാല്‍ മരണം മുന്നില്‍ കണ്ട് കഴിയുന്നു എന്നാണ് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്.

ഈയൊരു സന്ദേശം കണ്ട് അതിന്റെ സത്യാവസ്ഥയറിയാന്‍ ആര്‍.സി.സി ഡയറക്ടറെ ബന്ധപ്പെട്ടു. അവരുടെ അന്വേഷണത്തില്‍ ഹെയറി സെല്‍ ലുക്കീമിയ ബാധിച്ച രണ്ട് രോഗികള്‍ ആര്‍.സി.സി.യില്‍ ചികിത്സയിലുണ്ടെന്ന് കണ്ടെത്തി. അവര്‍ക്ക് ചികിത്സയ്ക്കാവശ്യമായ ക്ലാഡ്രിബിന്‍ (Cladribine) മരുന്ന് കിട്ടാനില്ലെന്നാണ് അറിയാന്‍ കഴിഞ്ഞത്.

ഇന്ത്യയില്‍ തന്നെ വളരെ അപൂര്‍വമായിട്ടാണ് ഇത്തരത്തിലുള്ള രോഗം കാണുന്നത്. ഈ മരുന്ന് ഉല്‍പ്പാദിപ്പിച്ചിരുന്ന കമ്പനി അതിന്റെ ഉല്‍പ്പാദനം നിർത്തിവെച്ചു എന്നാണ് അറിയാൻ കഴിഞ്ഞത്. അതുകൊണ്ടാണ് മരുന്നിന് ക്ഷാമമുണ്ടായത്. എവിയെങ്കിലും ഈ മരുന്ന് ലഭ്യമായാല്‍ അത് ഈ രോഗികള്‍ക്ക് ലഭ്യമാക്കിക്കൊടുക്കാന്‍ നിര്‍ദേശിച്ചു.

എറണാകുളത്തുള്ള ഒരു കമ്പനിയാണ് ഈ മരുന്നിന്റെ വിതരണം നടത്തുന്നത്. മരുന്നിന്റെ നിര്‍മ്മാണം നിര്‍ത്തിയതിനാല്‍ അവര്‍ക്കും സ്റ്റോക്ക് കുറവാണ്. എങ്കിലും ഇവര്‍ക്ക് ചികിത്സിക്കാനാവശ്യമായ മരുന്ന് ലഭിക്കുമെന്നാണ് അറിയാന്‍ കഴിഞ്ഞത്. 60,000ത്തോളം രൂപ വിലയുള്ള ഈ മരുന്നിന്റെ ചെലവ് സര്‍ക്കാര്‍ വഹിക്കാനും തീരുമാനിച്ചിട്ടുണ്ട്. എത്രയും വേഗം ഇവരുടെ തുടര്‍ ചികിത്സ നടത്താനാകുമെന്നാണ് കരുതുന്നത്. വളരെ വേഗത്തില്‍ അവര്‍ ജീവിതത്തിലേക്ക് തിരിച്ച് വരട്ടെയെന്ന് എല്ലാവരേയും പോലെ ഞാനും ആഗ്രഹിക്കുന്നു.’

Read More : ‘കീമോതെറാപ്പിയുടെ മരുന്ന് കിട്ടാനില്ല, കമ്പനി ഉൽപ്പാദനം നിർത്തിയത്രേ’, ആര്‍സിസിയിലെ അവസ്ഥ; കേട്ടത് ശരിയെങ്കിൽ ഇടപെടണം ശൈലജ ടീച്ചര്‍ക്ക് ഒരു കുറിപ്പ്

“കാലം മാറുകയാണ് വായനയും. രാവിലെ കട്ടന്റെ കൂടെ പോളണ്ടിനെ പറ്റി വരെ സംസാരിക്കാം. കൂടുതല്‍ വായനയ്ക്ക് അഴിമുഖം സന്ദര്‍ശിക്കൂ…”

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍