UPDATES

സോഷ്യൽ വയർ

എന്താണ് മാലാകാരം? ഏഷ്യാനെറ്റില്‍ നിന്നും വിളിച്ചു ചോദിച്ചു: കെ സുരേന്ദ്രന്‍ വെളിപ്പെടുത്തുന്നു

മാനസസരസ്സില്‍ നിന്ന് ദേവസഭയിലെ പൂന്തോട്ടത്തിലേക്ക് പറന്നുയരുന്ന രാജഹംസമായാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കെ സുരേന്ദ്രന്‍ ഉപമിച്ചത്

ഫേസ്ബുക്ക് പോസ്റ്റുകളുടെ പേരില്‍ സിപിഎമ്മുകാരും എസ്ഡിപിഐക്കാരും തന്നെ നിരന്തരം വേട്ടയാടാറുണ്ടെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രന്‍. മാലാകാരത്തിന്റെ അര്‍ത്ഥം ചോദിച്ച് തന്നെ കഴിഞ്ഞ ദിവസം ഏഷ്യാനെറ്റില്‍ നിന്നും ഒരു പെണ്‍കുട്ടി വിളിച്ചെന്നും എന്നാല്‍ പതിവ് കലാപരിപാടിയാണെന്ന് തോന്നിയതിനാല്‍ ഉത്തരത്തിലും ചെറിയൊരു നീരസമുണ്ടായിരുന്നെന്നും സുരേന്ദ്രന്‍ വ്യക്തമാക്കി. എന്നാല്‍ മേഘസന്ദേശം മറിച്ചുനോക്കി വ്യാഖ്യാനസഹിതം വാര്‍ത്ത വന്നപ്പോള്‍ പരിചയമില്ലാത്ത ആ പെണ്‍കുട്ടിയോട് ബഹുമാനം തോന്നിയെന്നും സുരേന്ദ്രന്‍ പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചിത്രത്തോടൊപ്പമിട്ട ഫേസ്ബുക്ക് പോസ്റ്റിലാണ് സുരേന്ദ്രന്‍ മാലാകാരമെന്ന വാക്ക് പ്രയോഗിച്ചത്. ‘വെറും ദേശാടന പക്ഷിയല്ല, മാനസസരസില്‍ നിന്നും മാലാകാരത്തിലേക്ക് പറന്നുയര്‍ന്ന രാജഹംസമാണ്’ എന്നായിരുന്നു ചിത്രത്തിന്റെ അടിക്കുറിപ്പ്. മുഖ്യമന്ത്രി പിണറായി വിജയന്റെ ദേശാടന പക്ഷി പരാമര്‍ശത്തിന് തൊട്ടുപിന്നാലെയാണ് സുരേന്ദ്രന്റെ ഈ പരാമര്‍ശം. മാലാകാരം എന്ന വാക്കിന്റെ അര്‍ത്ഥമെന്തെന്ന അന്വേഷണം ഊര്‍ജ്ജിതമായതിനൊപ്പം സുരേന്ദ്രന്റെ ഈ പ്രയോഗം ട്രോളായി പ്രചരിക്കാനും ആരംഭിച്ചു. അതേസമയം ഏഷ്യാനെറ്റ് ഓണ്‍ലൈന്‍ മേഘസന്ദേശത്തിലെ ഈ പ്രയോഗത്തിന്റെ അര്‍ത്ഥം ഉള്‍പ്പെടെ വാര്‍ത്ത നല്‍കുകയും ചെയ്തു. മാലാകാരം എന്ന പദംകൊണ്ട് ദേവസദസിലെ പൂന്തോട്ടം എന്നാണ് അര്‍ത്ഥമാക്കുന്നത്. നളാകാരം എന്ന പദം മാലാകാരമെന്ന് മാറി ഉപയോഗിച്ചതാവാനും സാധ്യതയുണ്ടെന്നാണ് ഭാഷ പണ്ഡിതര്‍ വിശദമാക്കുന്നത്. മാലാകാരന്‍ എന്നാല്‍ പൂന്തോട്ടക്കാരന്‍ ആണ്. മാനസസരസ്സില്‍ നിന്ന് ദേവസഭയിലെ പൂന്തോട്ടത്തിലേക്ക് പറന്നുയരുന്ന രാജഹംസമായാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കെ സുരേന്ദ്രന്‍ ഉപമിച്ചത്. സുരേന്ദ്രന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:

മാലാകാരത്തിന്റെ അര്‍ത്ഥം എന്തെന്നറിയാന്‍ ഏഷ്യാനെറ്റില്‍ നിന്നാണെന്ന് പറഞ്ഞുകൊണ്ട് ഒരു പെണ്‍കുട്ടി വിളിച്ചു. ആളെ പരിചയമില്ലാത്തതുകൊണ്ടും ചോദ്യം ഫേസ് ബുക്ക് പോസ്റ്റിനെക്കുറിച്ചായതുകൊണ്ടും പതിവു കലാപരിപാടിയാണെന്നേ കരുതിയുള്ളൂ. എന്നു പറഞ്ഞാല്‍ രാത്രി പകല്‍ വ്യത്യാസമില്ലാതെ ഒറിജിനല്‍ സുഡാപ്പികളും സി. പി. എം സുഡുക്കളും വിളിക്കുന്ന തെറിക്കു കണക്കില്ല. ഒറിജിനലിനേക്കാള്‍ കടുപ്പം സി. പി. എമ്മിലെ സുഡുക്കള്‍ക്കാണെന്ന് കമന്റുകള്‍ കാണുന്ന ആര്‍ക്കും ബോധ്യമാവും. പരമാവധി അശ്‌ളീലം എഴുതിയിട്ടും മൈന്‍ഡ് ചെയ്യുന്നില്ലെന്ന് വരുമ്പോള്‍ ചൊറിച്ചില്‍ കൂടും. പിന്നെ ഫോണ്‍ വിളിയുടെ പൂരമായിരിക്കും. അതുകൊണ്ട് ആ വകുപ്പിലുള്ള വിളിയായിരിക്കുമെന്നു കരുതി ഉത്തരത്തിലും ചെറിയൊരു നീരസമുണ്ടായിരുന്നു. എന്നാല്‍ അര മണിക്കൂര്‍ കഴിഞ്ഞപ്പോള്‍ മനസ്സിലായി അങ്ങനെ അല്ലെന്ന്. മേഘസന്ദേശം മറിച്ചുനോക്കി വ്യാഖ്യാനസഹിതം വാര്‍ത്ത വന്നപ്പോള്‍ ഇതുവരെ പരിചയമില്ലാത്ത ആ പെണ്‍കുട്ടിയോട് ബഹുമാനം തോന്നി. കവികുലഗുരു കാളിദാസന്റെ രചനകള്‍ക്ക് ആധുനിക കാലഗണനാവിദഗ്ദ്ധന്‍മാര്‍ പോലും ചുരുങ്ങിയത് രണ്ടായിരംവര്‍ഷത്തെ കാലപ്പഴക്കം കണക്കാക്കുന്നുണ്ട്. കാളിദാസനെ ഇന്ത്യന്‍ ഷെയ്ക്‌സ്പിയര്‍ എന്ന് വിളിക്കുന്നതിനേക്കാള്‍ ഷെക്‌സ്പിയറെ ഇംഗ്‌ളീഷ് കാളിദാസനെന്നു വിളിക്കാനാണെനിക്കു താല്‍പ്പര്യം. ശ്യാമളാദണ്ഡകം എന്ന ദേവീസ്തുതിയാണ് ആദ്യം വായിച്ചത്. ദേവീമാഹാത്മ്യവും ദേവീഭാഗവതവുമൊക്കെ വായിച്ചുകിട്ടുന്നതിനേക്കാള്‍ അനുഭൂതി ഈ ലഘുകൃതിയിലൂടെ ആസ്വാദകനുകിട്ടുന്നു എന്നതാണ് ഇതിന്റെ പ്രത്യേകത. ശാകുന്തളത്തിലെ ചില ഭാഗങ്ങളെങ്കിലും കേട്ടിട്ടില്ലാത്ത ആരുമുണ്ടാവില്ല. പറഞ്ഞുവരുന്നത് കാളിദാസകൃതികളായ മേഘസന്ദേശത്തെക്കുറിച്ചോ കുമാരസംഭവത്തെക്കുറിച്ചോ ഒന്നുമല്ല. കേരളത്തിലെ ഓരോ ബി. ജെ. പി. പ്രവര്‍ത്തകനും എത്രമാത്രം നീചമായ വേട്ടയാടലുകള്‍ക്കാണ് ഓരോ നിമിഷവും വിധേയമാവുന്നത് എന്നതിനെക്കുറിച്ചാണ്. ശശി തരൂര്‍ ഇംഗ്‌ളീഷില്‍ എന്തു വിളമ്പിയാലും പാല്‍പ്പായസം പോലെ വാരിക്കുടിക്കാന്‍ ഓടി നടക്കുന്നവര്‍ ഇഷ്ടം പോലെ. വി. ഡി. സതീശന് രാഹുലിന്റെ പ്രസംഗം കേള്‍ക്കാതാവുമ്പോള്‍ പന്ത്രണ്ടുകോളം ആശ്വാസവചനങ്ങള്‍ നിരത്തുന്ന പ്രധാനപത്രങ്ങളും താമ്രപത്രം കൊടുക്കുന്ന ചാനലുകളും ബി. ജെ. പിക്കാരുടെ ഓരോ വാക്കിനെക്കുറിച്ചും മനുഷ്യസഹജമായ പിഴവിനെക്കുറിച്ചുപോലും എത്ര അസഹിഷ്ണുതയോടെയാണ് പെരുമാറുന്നതെന്ന് ഓര്‍ത്തുപോയതാണ്.
‘സഞ്ചാരിണീ ദീപശിഖേവരാത്രൗ
യംയം വ്യതീയായപതിം വരാ,സാ
നരേന്ദ്രമാര്‍ഗ്ഗാട്ട ഇവപ്രപേദേ
വിവര്‍ണ്ണഭാവം സസഭൂമിപാല: ‘ഇന്ദുമതീസ്വയം വരത്തിനെത്തിയ രാജാക്കന്‍മാരെ ചുമ്മാ ഓര്‍ത്തുപോവുകയാണ്. കുറച്ചുകൂടി കടന്നു പറഞ്ഞാല്‍ പരിഹസിക്കുന്നവരോട് ഇതു കൂടി ഓര്‍മ്മിപ്പിക്കുന്നു ‘അംഭംഭടാ രാഭണാ’ എന്നു കേട്ടപ്പോഴേ തള്ളിപ്പറഞ്ഞവര്‍ക്ക്
‘കുംഭകര്‍ണ്ണേ ഭകാരോസ്തി
ഭകാരോസ്തി വിഭീഷണേ
രാക്ഷസാനാം കുലശ്രേഷ്‌ഠോ
രാഭണോ നൈവ രാവണ’… ഇതായിരുന്നു മറുപടി ബി. ജെ. പി വിരോധികളെല്ലാം മഹാന്‍മാരെന്നു ആസ്ഥാനഗായകസംഘത്തിന് പാടാനവകാശമുണ്ട്. എന്നാല്‍……..

അഴിമുഖം ഡെസ്ക്

അഴിമുഖം ഡെസ്ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍