UPDATES

സോഷ്യൽ വയർ

‘കടക്കരുത് എന്നു തടഞ്ഞ ഒരമ്പലത്തിൽ രണ്ടാം നവോത്ഥാന നായികയായി കടന്ന ഒരു സ്ത്രീ, താനന്തിയുറങ്ങുന്ന വീട്ടിൽ ഒരു ദിവസമെങ്കിലും കടന്നേ പറ്റൂ എന്നു പറയുമ്പോൾ’

ഒറ്റയാണിൻ്റെ മുന്നിൽ കേരളത്തിന്റെ നവോത്ഥാന ഊർജം മുഴുവൻ ആവിയായിപ്പോകുന്ന ആ നാട്ടുനടപ്പു മാജിക്കാണ് നമ്മുടെ കുടുംബ, സ്ത്രീ പുരുഷ, ബന്ധങ്ങളുടെ തൊടാനറച്ച് സൗകര്യപൂർവ്വം നാം മാറ്റിവെയ്ക്കുന്ന അകക്കാതൽ- ബിലു പത്മിനി എഴുതുന്നു

ശബരിമലയിൽ ദർശനം നടത്തിയതിന്റെ പേരിൽ ഭർതൃ മാതാവിൽ നിന്ന് ആക്രമണം നേരിട്ട കനക ദുർഗ്ഗ ഇപ്പോഴും വീട്ടിലേയ്ക്ക് മടങ്ങിപ്പോകാനാവാതെ പോലീസ് ഒരുക്കിയ സംരക്ഷണ കേന്ദ്രത്തിൽ തുടരുകയാണ്. എന്നാൽ ഈ പൗരാവകാശ ലംഘനത്തെ കേവലം കുടുംബ പ്രശ്നമായി കണ്ട് ഒതുക്കി തീർക്കാനാണ് പോലീസ് ശ്രമിക്കുന്നതെന്ന ആരോപണമാണ് ഇപ്പോൾ ഉയർന്നു വരുന്നത്. ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ആയപ്പോഴും സ്വന്തം വീട്ടിലേയ്ക്ക് പോവണമെന്ന താത്പര്ത്തിലായിരുന്നു കനക ദുർഗ്ഗ. ഇവരെ വീട്ടിൽ പ്രവേശിപ്പിക്കാൻ ഭർത്താവ് വിസമ്മതിച്ചതിനാലാണ് പ്രത്യേക സംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റേണ്ടി വന്നതെന്നാണ് പോലീസ് പറയുന്നത്.

എന്നാൽ അക്രമികളായ വലിയൊരു ആൺകൂട്ടത്തിന്റെ പ്രതിരോധത്തെ വരെ അതിജീവിച്ചു ശബരിമലയിൽ സുപ്രീം കോടതി വിധി നടപ്പിലാക്കാൻ ധൈര്യം കാണിച്ച കനക ദുർഗ്ഗയെ സ്വന്തം കുടുംബത്തിലെ ആണധികാരം തോൽപിക്കാൻ ശ്രമിക്കുമ്പോൾ, ഒരു സ്ത്രീയുടെ അവകാശങ്ങൾ നിഷേധിക്കുമ്പോൾ, സർക്കാർ സംവിധാനങ്ങളും പൊതു സമൂഹവും അതിനെ വളരെ ലാഘവത്തോടെയാണ് കാണുന്നതെന്ന വിമർശനവും സാമൂഹ്യ മാധ്യമങ്ങളിൽ ഉയർന്നു വരുന്നുണ്ട്. ‘ഭർത്താവിന്റെ വിസമ്മതം എന്നതാണോ ഒരു സ്ത്രീയെ അവരുടെ വീട്ടിൽ തിരികെ പ്രവേശിപ്പിക്കാതിരിക്കാൻ കാരണമായി പോലീസ് കാണുന്നതെന്ന് അധ്യാപികയായ ബിലു പദ്മിനി ചോദിക്കുന്നു. ‘കടക്കരുതെന്ന് പറഞ്ഞ ഒരമ്പലത്തിൽ രണ്ടാം നവോത്ഥാന നായികയായി കടന്ന ഒരു സ്ത്രീ കടക്കരുതെന്ന് വിലക്കിയ താൻ അന്തിയുറങ്ങുന്ന വീട്ടിൽ കടന്നേപറ്റൂ എന്ന് തീരുമാനിക്കുമ്പോൾ അതിനു സംരക്ഷണം ഒരുക്കേണ്ടതല്ലേ പോലീസ് ‘എന്ന് ബിലു തന്റെ ഫെയ്സ് ബുക്ക് പോസ്റ്റിൽ ചോദിക്കുന്നു.

ഫെയ്സ് ബുക്ക് കുറിപ്പിന്റെ പൂർണ്ണ രൂപം “

ആക്റ്റിവിസ്റ്റിൻ്റെ വീട്…..

കനകദുർഗയിപ്പോൾ സ്വന്തം വീട്ടിലല്ല. സർക്കാർ ഉത്തരവാദിത്തമുള്ള ഒരു താമസ സ്ഥലത്താണ്. വീടാരുടെ പേരിലാണ് എന്നറിയില്ല. അതാരുടെ പേരിലാണെങ്കിലും ഭർത്താവിൻ്റെ ‘വിസമ്മതം’ മാത്രം മതി ഭാര്യയ്ക്ക് പ്രവേശനമില്ലാതിരിക്കാൻ….! പൊലീസ് സ്റ്റേഷനിൽ വച്ച് ആ സമ്മതമില്ലായ്മ, ഭർത്തൃമാതാവിൽ നിന്നുള്ള മുൻ ആക്രമണം ഇതെല്ലാം വെച്ച് അത്തരമൊരിടം ഇനി വേണ്ട എന്ന് കനക ദുർഗ തീരുമാനിച്ചിരിക്കാം. പക്ഷേ കടക്കരുത് എന്നു തടഞ്ഞ ഒരമ്പലത്തിൽ രണ്ടാം നവോത്ഥാന നായികയായി കടന്ന ഒരു സ്ത്രീ, കടക്കരുത് എന്നു തടയുന്ന താനന്തിയുറങ്ങുന്ന വീട്ടിൽ എനിക്കു കടന്നേ പറ്റൂ ഒരു ദിവസമെങ്കിലും എന്നു പറഞ്ഞിരുന്നെങ്കിൽ, അതിനെനിക്കു പൊലീസ് സംരക്ഷണം വേണം എന്നാവശ്യപ്പെട്ടിരുന്നെങ്കിൽ എന്താവുമായിരുന്നു അവസ്ഥ? അതോ അങ്ങനെ ആവശ്യപ്പെട്ടിട്ടും ഭർത്താവിനെ സ്റ്റേഷനിൽ വരുത്തി വിസമ്മതം ഉറപ്പിച്ച് _ പ്രശ്നമൊഴിക്കൽ _ സർക്കാർ താമസമൊരുക്കൽ _ സ്ഥിരം അനുരഞ്ജന ആചാരം അവിടെ നടന്നിരിക്കുമോ?ശബരിമലയിൽ കടന്ന സ്ത്രീ നമ്മുടെ സ്ത്രീയവസ്ഥയുടെ വീര്യപ്രതീകം മാത്രമാകുന്നു അപ്പോൾ . ‘കുടുമ്മത്ത് കേറ്റാൻ കൊള്ളാതെ’ പുറത്തു നിൽക്കുന്ന സ്ത്രീയാണ് നമ്മുടെ പൊതു യാഥാർത്ഥ്യം. അവിടെ ഒറ്റയാണിൻ്റെ മുന്നിൽ കേരളത്തിൻ്റെ നവോത്ഥാന ഊർജം മുഴുവൻ ആവിയായിപ്പോകുന്ന ആ നാട്ടുനടപ്പു മാജിക്കാണ് നമ്മുടെ കുടുംബ, സ്ത്രീ പുരുഷ, ബന്ധങ്ങളുടെ തൊടാനറച്ച് സൗകര്യപൂർവ്വം നാം മാറ്റിവെയ്ക്കുന്ന അകക്കാതൽ…. പരിവാർ എന്നാൽ കുടുംബം.

പുറത്തെ സംഘ പരിവാരത്തെ തോൽപ്പിച്ചാലും അകത്ത് വിജയിക്കുന്ന യഥാർത്ഥ സംഘപരിവാരം..! അയാൾടെയൊരു ഹുങ്കേയ് എന്ന് എതിർ ചൂണ്ടുന്ന ഭൂരിപക്ഷം ആണുങ്ങളും ഒന്നോർത്തു നോക്കണം___നാടു മുഴുവൻ നെരങ്ങി നടന്ന് വീട്ടിലെത്തണ നേരം കണ്ടില്ലേ.. ഏതമ്മയ്ക്ക് പിണ്ഡം വെയ്ക്കാനാ നീയെറങ്ങുന്നത് …. എന്നെല്ലാം , സ്വന്തമോ കൂട്ടുകാരുടേയോ വീട്ടിലേക്കുള്ള, അല്ലെങ്കിൽ തൊഴിൽ സംബന്ധമായ പങ്കാളികളുടെ യാത്ര പോലെയുള്ള മിനിമം സാമൂഹിക ഇടപെടലുകളെപ്പോലും നിങ്ങളെങ്ങനെ കാണുന്നുവെന്ന് … ഓങ്ങുകയെങ്കിലും ചെയ്ത കയ്യിൻ്റെ തരിപ്പ് നിങ്ങളും അറിഞ്ഞിട്ടില്ലേയെന്ന്…

കനക ദുർഗയെ തടഞ്ഞ ആ ആൺകയ്യൂക്കിലുള്ളത് ഒരു വർഗ്ഗത്തിൻ്റെ പാരമ്പര്യ അധികാര മൂലധനമാണ്.. ചിന്താവിഷ്ടയായ സീത ചർച്ചയായപ്പോൾ, പാതാളത്തിലേക്കു പോയ ഒരാളെയാണോ നാം കരുത്തിൻ്റെ പ്രതീകമാക്കുന്നത് എന്ന വിമർശനം കണ്ടിരുന്നു. സീത പോയതിനേക്കാൾ വലിയ അധോ ജീവിതമാണ് സത്യത്തിൽ കനക ദുർഗയ്ക്ക് നാം കൊടുത്ത സർക്കാർ താമസ സ്ഥലം. സീത പോയത് മാറ്റാൻകുടുംബമെന്ന് നാടൻ ഭാഷയിൽ പറയുന്ന ഭർത്തൃരാജ്യത്തു നിന്ന് രാമൻ ‘സമ്മതം’ പറഞ്ഞിടത്തു നിന്ന് നിന്ന് സ്വന്തം വീടായ ഭൂഗർഭ പാതാളത്തിലേക്കാണ്. അതവളുടെ തീരുമാനമാണ്.ഭർത്താവിൻ്റെ സമ്മതം ഇവിടെയാവശ്യമില്ല എന്നു പറഞ്ഞ് കനക ദുർഗ കേറിയാലുമില്ലെങ്കിലും അവർക്കു വേണ്ടി ആ വാതിൽ തുറന്നു കിടക്കണം എന്നുറപ്പു വരുത്തുകയാണ് സർക്കാർ സംവിധാനങ്ങൾ ചെയ്യേണ്ടിയിരുന്നത്. അയ്യപ്പനു മുന്നിൽ ജയിച്ച സുപ്രീം കോടതി വിധി, കേരളത്തിൻ്റെ പുരോഗമന പ്രബുദ്ധത അതിൻ്റെ തന്നെ ആണത്തത്തിനു മുന്നിൽ സമാധാനത്തോടെ പരാജയപ്പെട്ടിരിക്കുന്നു.

ഭർതൃവീട്ടിലേക്ക് തിരികെയെത്തണം; കനകദുർഗ കോടതിയിൽ

 

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍