UPDATES

സോഷ്യൽ വയർ

മീശ മുറിക്കാൻ വാളുയർത്തിയ സംഘപരിവാറും കിത്താബിനു കർട്ടനിടുന്ന എസ്ഡിപിഐയും ഉള്ള കേരളമാണിത്

ഉണ്ണി ആർ എത്ര സമർത്ഥമായി വെട്ടി ഒതുക്കിയിട്ടും കൂർത്തു കിളിർക്കുന്ന കഥയിലെ ചോദ്യങ്ങളാണ് കിത്താബ്.

“ദൈവപുത്രനല്ലാത്ത യേശു
ഒറ്റുകാരനല്ലാത്ത ജൂദാസ്
വേശ്യയല്ലാത്ത മറിയം
കൊള്ളക്കാരനല്ലാത്ത ബറാബസ്” എൺപതുകളിൽ കേരളത്തിൽ അങ്ങോളമിങ്ങോളം പ്രത്യക്ഷപ്പെട്ട ഈ പരസ്യം ഇന്നാരെങ്കിലും ഓർക്കുന്നുണ്ടോ?

ഇല്ലെങ്കിൽ അത് ഓർത്തെടുക്കേണ്ട ചരിത്ര സന്ധിയാണിത്. 1980-ൽ പി.എം ആന്റണി സൂര്യകാന്തി തീയേറ്ററിനു വേണ്ടി അവതരിപ്പിച്ച ‘ക്രിസ്തുവിന്റെ ആറാം തിരുമുറിവ്’ എന്ന നാടകത്തിന്റെ പരസ്യവാചകമാണ് മേലുദ്ധരിച്ചത്. ക്രിസ്ത്യൻ സഭകളുടെ കടുത്ത പ്രതിഷേധത്തെ തുടർന്ന് ഡ്രാമാറ്റിക് പെർഫോമൻസ് ആക്റ്റ് പ്രകാരം ഭാരതത്തിന്റെ പരമോന്നത നീതിപീഠം നാടകം രാജ്യവ്യാപകമായി നിരോധിച്ചു. കലാകാരന്റെ ആവിഷ്കാര സ്വാതന്ത്ര്യത്തെ പറ്റിയും അതിന്റെ അതിർവരമ്പുകളെ പറ്റിയും അന്ന് ഗുരുതരമായി ചർച്ച ചെയ്ത അതേ കേരളമാണ് ഇന്ന് കിത്താബിന് നേരെ കണ്ണടയ്ക്കുന്നത്.

‘ചിലരെ വേദനിപ്പിച്ചു’ എന്ന കാരണത്താൽ നാടകം പിൻ‌വലിക്കുന്നു എന്ന സ്കൂൾ അധികൃതരുടെ മാപ്പ് അപേക്ഷയോളം അശ്ലീലമായി മറ്റൊന്നും ഈ അടുത്ത കാലത്ത് നാം കേൾക്കേണ്ടി വന്നിട്ടില്ല. ‘നവോത്ഥാനം’, ‘പുരോഗമനം’ എന്നെല്ലാം ഏറ്റവുമധികം ചർച്ച ചെയ്യപ്പെട്ട ദിവസങ്ങളിൽ തന്നെയാണ് കിത്താബിന് ഈ ദാരുണമായ അന്ത്യം ഉണ്ടായതെന്ന വൈരുധ്യം ആശങ്കപ്പെടുത്തുന്നതാണ്. ആദായകരമല്ലാത്ത സ്കൂൾ, ലാഭകരമല്ലാത്ത ആശുപത്രി എന്നെല്ലാം യാതൊരസ്വഭാവികതയും കൂടാതെ പറഞ്ഞു പരിചയിച്ച പുതിയ കാലത്ത്‌ 800 കുട്ടികളുടെ ടി.സിയേക്കാൾ ഗൗരവമുള്ളതല്ല 10 കുട്ടികൾ അഭിനയിച്ച നാടകം. അതുകൊണ്ട് നിങ്ങൾ മേമുണ്ട സ്കൂളിനെ വെറുതെ വിട്ടേക്കുക.

മനുഷ്യന് ആവശ്യമുള്ളതായി തീരുക എന്നുള്ളതാണ് ഏത് എഴുത്തിന്റെയും എഴുത്തുകാരന്റെയും അന്തിമമായ ലക്ഷ്യം. വിജയന്മാഷ് പറഞ്ഞത് പോലെ “മറ്റുള്ളവരുടെ ഉപയോഗത്തിന് വേണ്ടി കൗശലപൂർവം നിർമിക്കുന്ന ഒരു സാധനമാണത്. കുട്ട മെടയുന്നത് പോലെ, മാല കെട്ടുന്നത് പോലെ, വാക്കുകൾ മെടയുന്നു”. ഉണ്ണി ആറിന്റെ ‘വാങ്ക്’ന് കിത്താബിൽ കവിഞ്ഞൊരു പൂർണത സാധ്യമാകുമായിരുന്നോ?

വായനയ്ക്ക് ഗൗരവമേറിത്തുടങ്ങിയ കാലഘട്ടത്തിലാണ് ഉണ്ണി ആർ പ്രിയപ്പെട്ട എഴുത്തുകാരനാകുന്നതും ഒട്ടുമുക്കാലോളം കഥകൾ ആർത്തിയോടെ വായിച്ചു തീർക്കുന്നതും. പ്രമേയത്തിലും ആഖ്യാനത്തിലും നിശിത ശാഠ്യത്തോടെയുള്ള ഈ മാറിനടപ്പിന് വായനാലോകത്തിന്റെ വലിയ പിന്തുണ ഉണ്ടായിട്ടുണ്ട്.

മേൽമുണ്ട് മറച്ചിട്ടില്ലാത്ത കാളിയമ്മയുടെ മാറിൽ ചേർന്ന് കിടക്കുന്ന നാരായണ ഗുരുവിനെ വരച്ചിടാൻ പാകത്തിൽ തെളിഞ്ഞൊരു ചിന്താലോകം എഴുത്തുകാരന് ഉണ്ടായിരുന്നു. ചരിത്രത്തിൽ ഇടം കിട്ടാതെ പോയ കാളിയമ്മയുടെ കണ്ണിലൂടെ മനുഷ്യാതീതനല്ലാത്ത ഗുരുവിനെ പറ്റി ഉണ്ണി ആർ എഴുതുന്നു. അയാളുടെ കഥകളിൽ സഭാതർക്കം സഹിയാതെ പള്ളി വിട്ട് ഇറങ്ങുന്ന ക്രിസ്തുവുണ്ട്, ‘ദൈവശാസ്ത്രം കേൾക്കുന്നില്ല – ദൂതന്മാരെ കാണുന്നില്ല’ എന്ന് ഉറക്കെ പാടുന്ന പൊയ്കയിൽ അപ്പച്ചൻ ഉണ്ട്, ജാതി ജീർണതകളുടെ കറ പിടിച്ച രാഷ്‌ടീയമുണ്ട്, കള്ളന്മാരുണ്ട്, വ്യഭിചാരികളുണ്ട്, സ്വവർഗാനുരാഗികളുണ്ട്.. വിശാലർത്ഥത്തിൽ ഉണ്ണി ആർ മനുഷ്യരുടെ കഥകൾ ആണ് എഴുതുന്നത്, മാലാഖമാരുടെതല്ല.

‘കോട്ടയത്തെ പടച്ചോൻ’ വർഷങ്ങൾക്കിപ്പുറം ‘വാങ്കാ’യി രൂപന്തരപ്പെടുമ്പോൾ ക്രിസ്തുദേവനെ മുതൽ കാറൽ മാർക്സിനെ വരെ കഥാപാത്രങ്ങളാക്കിയ ഈ എഴുത്തുകാരന് ചുവടുപിഴ സംഭവിക്കുന്നതായി കാണാം. വാങ്ക് ഒച്ചയില്ലാ വെടിയാകുന്നു. കഥയുടെ ആദ്യ ഭാഗത്ത് തന്നെ ‘മതോം ദൈവോം തൊട്ടാൽ കത്തുന്ന ഏർപ്പാടാണ്’ എന്ന ഏറ്റുപറച്ചിലോടെ സമവായത്തിന്റെ രാഷ്‌ടീയം എഴുത്തുകാരൻ സമ്മതിക്കുന്നു.

ഗാസെറ്റ് പറയുന്നത് പോലെ – “ഒരു മരണം ചിത്രീകരിക്കുമ്പോൾ, മരിച്ചു കിടക്കുന്ന ആളെ സഹതാപത്തോടെ നോക്കിയാൽ മാത്രം പോരാ, മരിച്ചു കിടക്കുന്ന, മരിച്ചു കൊണ്ടിരിക്കുന്ന ഒരാളുടെ ചിത്രം വരയ്ക്കണം എങ്കിൽ ആ മുറിയുടെ ഡൈമെൻഷനെക്കുറിച്ചുള്ള ബോധവും ആ മുറിയിൽ കട്ടിൽ എങ്ങനെയാണ് കിടക്കുന്നത് എന്നുമുള്ള ബോധവും കൂടി ഉണ്ടായാലേ ചിത്രത്തിന്റെ കോമ്പിനേഷൻ ശരിയാക്കാൻ പറ്റുകയുള്ളൂ.”

കുട്ടിക്കാലത്ത് പാളയം പള്ളിയിൽ നിന്ന് കേട്ട ശ്രുതിമധുരമായ വാങ്ക് വിളിയുടെ ഓർമ്മകളും പേറി നടക്കുന്ന പെൺകുട്ടി, തനിക്കും വാങ്ക് വിളിക്കണമെന്ന മോഹം കൂട്ടുകാരികളുമായി പങ്ക് വയ്ക്കുന്നു. തുടർന്ന് സുഹൃത്തിന്റെ സഹായത്തോടെ ഒരു കാട്ടിൽ വച്ച് നായിക തന്റെ ജീവിതാഭിലാഷം സാക്ഷത്കരിക്കുന്നു.

ഇത്രത്തോളം നിരൂപദ്രവകാരിയായ ഒരു കഥ എഴുതാൻ ഉണ്ണി ആറിനെ പ്രേരിപ്പിച്ചത് എന്താകാം?
ഗാസെറ്റ് പറഞ്ഞത് പോലെ മുറിയുടെ ഡൈമെൻഷൻസിനെ പറ്റിയുള്ള ബോധം എഴുത്തുകാരനെ അത്രത്തോളം കീഴ്‌പ്പെടുത്തിയിട്ടുണ്ടാകും. സിയാവുദ്ധീൻ സ്ദോറിന്റേയും ഫാത്തിമ മെർനസിയുടെയും മത നവീകരണ ശ്രമങ്ങളാണ് തന്നെ വാങ്കിലേക്ക് നടത്തിയതെന്ന് കഥാകൃത്ത്‌ ആണയിടുമ്പോഴും, അവർ പകർന്നു കൊടുത്ത ചൂട് ഏത് പൂർണവിരാമത്തിലാണ് തണുത്തുറഞ്ഞത് എന്ന് എഴുത്തുകാരൻ ചിന്തിക്കേണ്ടതുണ്ട്.

കഥാനായിക മൃഗശാലയിൽ വച്ച് കൂട്ടിലടച്ച ഒരു മൃഗത്തെ കണ്ട് പേടിച്ചു കരയുന്ന ഒരു സന്ദർഭമുണ്ട്. മൃഗങ്ങൾ കാട്ടിലാണ് ഉള്ളതെന്നും, കൂട്ടിലുള്ളത് മൃഗമല്ലെന്നും, മൃഗങ്ങൾ മാത്രമല്ല അനുഭവങ്ങളും കൂട്ടിലടയ്ക്കപ്പെടുമ്പോൾ മെരുങ്ങുക മാത്രമല്ല മൃഗമല്ലാതായി തീരുകയാണ് ചെയ്യുന്നതെന്നും നല്ല ബോധ്യമുള്ള എഴുത്തുകാരനാണ് ഉണ്ണി ആർ. അതുകൊണ്ടാകാം തീയേറ്ററിലെ തണുപ്പിലും മൂത്രപ്പുരയുടെ മറവിലും കുറ്റിക്കാടിന്റെ കറുപ്പിലുമിരുന്ന് വാങ്കിലെ വിപ്ലവബീഡികൾ കഥാകൃത്ത്‌ കത്തിച്ചു വലിക്കുന്നത്. സ്വവർഗ ലൈംഗികതയെ പറ്റി പറയുമ്പോഴും കാട്ടു കടന്നലിന്റെ കുത്തേൽക്കാതിരിക്കാനുള്ള ജാഗ്രത കഥാകൃത്ത്‌ കാട്ടുന്നു.

അറ്റു പോകാൻ രണ്ടു കൈപ്പത്തികൾ സ്വന്തമായുള്ള മനുഷ്യനെ സംബന്ധിച്ചിടത്തോളം ഈ ജാഗ്രതയും അനിവാര്യമാണ്. ഒരുപക്ഷെ ഉണ്ണി ആറിന് വാങ്ക് എഴുതാതെ രക്ഷപ്പെടാമായിരുന്നു. വർഷങ്ങൾ വിടാതെ പിന്തുടർന്ന സങ്കീർണതകളെ ആട്ടിപ്പായിക്കാമായിരുന്നു. എഴുത്തുകാരന്റെ മരണത്തിന് ഒരു പ്രതിഷേധ സായാഹ്നത്തിനപ്പുറം ജീവിതമില്ലെന്ന തിരിച്ചറിവ് കൊണ്ടാകും- അതല്ല എങ്കിൽ വാക്കുകൾക്കിടയിൽ വന്നു നിറയുന്ന മൗനത്തിന്റെ രാഷ്‌ടീയത്തിൽ അയാൾ വിശ്വസിക്കുന്നുണ്ടാകും.

ഉണ്ണി ആർ എത്ര സമർത്ഥമായി വെട്ടി ഒതുക്കിയിട്ടും കൂർത്തു കിളിർക്കുന്ന കഥയിലെ ചോദ്യങ്ങളാണ് കിത്താബ്. സ്വതന്ത്ര ആവിഷ്കാരം എന്ന ഏറ്റുപറച്ചിൽ ഒഴിച്ചാൽ കഥയിലും നാടകത്തിലും പൊതുവായി ഉള്ളത് വാങ്ക് വിളിക്കണം എന്നാഗ്രഹിച്ച ആ പെൺകുട്ടി മാത്രമാണ്. പെൺവാങ്കെന്ന ആശയം പുതുതല്ല. ലോകമെമ്പാടും, കേരളത്തിലും ഈ വിഷയത്തിൽ സംവാദങ്ങൾ നടക്കുന്നുണ്ട്. എന്നിട്ടും തന്റെ നാടകം വാങ്കിന്റെ സ്വതന്ത്ര ആവിഷ്കരമാണ് എന്ന സംവിധായകന്‍ റഫീഖ് മംഗലശ്ശേരിയുടെ പ്രഖ്യാപനം അയാളിലെ ധാർമികതയുള്ള കലാകാരന്റേതാണ്.

നാടകം കളിച്ചു തന്നെയാണ് നാട്ടിൽ പലതും മാറിയിട്ടുള്ളതെന്ന് നിസ്സംശയം പറയുന്ന റഫീഖിന്റെ രാഷ്‌ടീയം നേരിന്റേത് തന്നെയാണ്. കഥാനായികയൊഴിച്ചാൽ മറ്റൊരാളെയും റഫീഖ് നാടകത്തിലേക്ക് പറിച്ചു നട്ടിട്ടില്ല. കിത്താബിന്റെ ജീവിതപരിസരവും അത് പകർത്തിയ നിറങ്ങളും തീർത്തും വ്യത്യസ്തമാണ്. വാങ്കിൽ ബാക്കി വച്ച ചില നിശ്ശബ്ദസ്ഥലികളിൽ ആണ് കിത്താബിന്റെ അരങ്ങ്.

ഒന്നു കൂടി കടന്നു പറഞ്ഞാൽ പൊള്ളുന്ന നാടകമാണ് കിത്താബ്. പൊരിച്ച മീൻ എന്ന സോഷ്യൽ ഐക്കണിലൂടെ ആൺബോധത്തിന്റെ മിഥ്യാഭിമാനങ്ങളെ ക്രൂരമായി വെല്ലുവിളിച്ചു കൊണ്ടാണ് യവനിക ഉയരുന്നത്. നാടകത്തിലൂടെ വാങ്ക് വിളിക്കുന്ന പള്ളി മുക്രിയുടെ മകളും ആഗ്രഹങ്ങളറ്റ് ജീവിക്കുന്ന ഉമ്മയും, മകളെ വേദിയിൽ ഇട്ട് വെട്ടി നുറുക്കാൻ പുറപ്പെടുന്ന മുക്രിയും -ഒടുക്കം- മകളെ കൊല്ലട്ടെ എന്ന ചോദ്യം സദസ്സിന് എറിഞ്ഞു കൊടുത്തു കൊണ്ട്- അവളെ നെഞ്ചോടു ചേർത്ത് പിടിക്കുന്ന പിതാവും എല്ലാം നാടകത്തിലെ കാഴ്ചകളാണ്.

പുറംകാഴ്ചയിൽ മതവിമർശനത്തിന്റെ അംശങ്ങൾ ഉണ്ടെങ്കിലും നാടകത്തിന്റെ കാതൽ അത് മുന്നോട്ട് വയ്ക്കുന്ന സ്ത്രീപക്ഷ രാഷ്‌ടീയമാണ്. അടിമുടി പെൺകാഴ്ചകളാണ് കിത്താബിലുള്ളത്. എല്ലാ മതങ്ങളും -സകല സ്ഥാപര ജംഗമങ്ങളും- സ്ത്രീവിരുദ്ധതയിൽ പടുക്കപ്പെട്ടതാണെന്നുള്ള പരമാർത്ഥം നിലനിൽക്കെ തന്നെ നാം കിത്താബിലെ പെൺചോദ്യങ്ങളെ ബോധപൂർവം മറയ്ക്കുന്നു. പകരം കേവലമായ മതപ്രശ്നമായി അത് പൊതുകാഴ്ചയ്ക്ക് മുന്നിൽ അവതരിപ്പിക്കുന്നു. അത് ആചാരലംഘനമോ മതനിന്ദയോ മാത്രം ആകുന്നു.

നാടകത്തിലെ ഉമ്മ വളരെ അധികം വൈരുധ്യങ്ങൾ സ്വയം പേറുന്ന ഒരു കഥാപത്രമാണ്. വേദിയിൽ പാടിക്കൊണ്ടിരിക്കുമ്പോഴാണ് അവരെ പിടിച്ചിറക്കി ഒരു വയോധികന് വിവാഹം ചെയ്തു കൊടുക്കുന്നത്. അത് സമൂഹത്തിൽ സ്വാഭിവികമല്ലേ എന്ന ക്രൂരമായ സമീകരണ യുക്തി കൊണ്ടാണ് ആൺബോധം അതിനെ അട്ടിമറിക്കുന്നത്. ഒടുവിൽ സ്വപ്നങ്ങൾ എല്ലാം ഭർത്താവിന് നൽകാനുള്ള കോഴിബിരിയാണിയുടെ വേവിലേക്ക് മാത്രം ഒതുങ്ങുന്ന കാഴ്ചയും കാണാം. ഹൂറന്മാരില്ലാത്ത സ്വർഗ്ഗം ഞങ്ങൾക്ക് വേണ്ട എന്ന് സ്ത്രീ ലൈംഗികതയുടെ രാഷ്‌ടീയത്തെ ലോകാവസാനമെന്ന പൊള്ള വാദം ചൂണ്ടി ദുർബലമായി പ്രതിരോധിക്കാനേ പുരുഷന് കഴിയുന്നുള്ളൂ. ചോദ്യങ്ങൾ ചോദിക്കുന്ന പെണ്ണ് സ്കൂളിൽ പോകേണ്ട എന്ന യുക്തിഹീനമായ അധികാരഹുങ്കിന്റെ ഉള്ളിൽ അവൻ നിരായുധനാണ്.

ആടിയാലും പാടിയാലും പോകുന്ന സ്വർഗം ഞങ്ങൾക്ക് വേണ്ട എന്ന് ഉറക്കെ വിളിച്ചു പറയുന്ന പെണ്ണിനെ കിത്താബിൽ കാണാം. സ്വന്തം ശരീരത്തിന്മേൽ മതവും സമൂഹവും അടിച്ചേൽപ്പിക്കുന്ന ബാധ്യതകളെ തൂത്തെറിഞ്ഞു കൊണ്ട് അവർ അരങ്ങിൽ നിർഭയരായി ആടുന്നു, പാടുന്നു. പൊതുബോധത്തിന്റെ മുസ്ലിം ഇമേജറികളെ കിളിച്ചുണ്ടൻ മാമ്പഴം സ്റ്റൈലിൽ പകർത്തി എഴുതി എന്നുള്ളത് നാടകത്തിന്റെ രൂപപരമായ വീഴ്ച്ചയാണ്.

“ആൺകുട്ടികളെ പോലെ ഞങ്ങൾക്കും പള്ളിയിലും മലയിലും കയറണം” എന്ന പെണ്ണൊച്ചയെ മതനിന്ദയാക്കി മുക്കി കൊല്ലാതെ, സമത്വ സ്വപ്നങ്ങളിലേക്കുള്ള പൊങ്ങിപ്പറക്കലായി കാണാൻ കഴിയണം. അബദ്ധജഡിലമായ അന്ധവിശ്വാസങ്ങൾക്ക് നേരെയാണ് നമ്മുടെ കുട്ടികൾ കൂക്കി വിളിക്കുന്നത്. “നിന്റെ സ്വപ്നങ്ങൾ മനസ്സിലാക്കാൻ വണ്ണം ഈ നാട് വളർന്നിട്ടില്ല” എന്ന് കരയുന്ന ഉമ്മയുടെ കണ്ണിൽ നൂറ്റാണ്ടുകളുടെ കണ്ണുനീര് ഘനീഭവിച്ചു കിടക്കുന്നുണ്ട് എന്ന് നാടകം ഓർമിപ്പിക്കുന്നു.

സരസ്വതി അമ്മയുടെയും മാധവിക്കുട്ടയുടെയും കഥകൾ ഇവിടുത്തെ പുരുഷ ബോധങ്ങളെ വിളറി പിടിപ്പിച്ചത് അവയുടെ ശിഥിലീകരണ ശക്തി കൊണ്ട് തന്നെയാണ്. പെണ്ണ് വായിക്കുമ്പോൾ, പരിചയിച്ചവ വിപരീത ദിശയിൽ നിന്നും നോക്കി കാണേണ്ടി വരും. പഴയ നിർവചനങ്ങളെ തിരസ്‌ക്കരിക്കേണ്ടി വരും.

നവോത്ഥാനം എന്നാൽ പാരമ്പര്യത്തെയും പാരമ്പര്യം നൽകുന്ന മതബോധത്തെയും പൊതു മാനവികതയുടെ മണ്ഡലത്തിനിണങ്ങും വിധം പുതുക്കിപ്പണിയുക എന്നതാണല്ലോ.
വാങ്കിനും കിത്താബിനുമിടയിൽ ഇഴകീറി പഠിക്കേണ്ട മത സാമൂഹ്യ ജീർണതകൾ കെട്ടുപിണഞ്ഞു കിടപ്പുണ്ട്. കഥാകൃത്തും നാടകകൃത്തും മൗലികമായി പങ്കു വയ്ക്കുന്ന ഒരു ആശങ്കയുണ്ട്- ഞങ്ങൾക്കും ഈ നാട്ടിൽ ജീവിക്കേണ്ടതില്ലേ?

ചോദ്യം മതേതര കേരളത്തോടാണ്. ഭൂരിപക്ഷ വർഗീയത പോലെ തന്നെ ന്യൂനപക്ഷ വർഗീയതയും തിരിച്ചറിയുകയും എതിർക്കപ്പെടുകയും വേണം. മീശ മുറിക്കാൻ വാളുയർത്തിയ സംഘപരിവാറും കിത്താബിനു കർട്ടൻ ഇടുന്ന എസ് ഡി പി ഐയ്ക്കും തമ്മിൽ വലിയ വ്യത്യാസമില്ല.

മീശ പിരിച്ചുയർത്തി അഭിമാനം കാട്ടിയ, ഗുലാം അലിക്കും ടി.എം കൃഷ്ണയ്ക്കും വേദി ഒരുക്കുന്ന നമ്മൾ, വനിതാ മതിലിന് ഇഷ്ടിക പടുക്കുന്ന അതേ നമ്മൾ ഈ നാടകത്തേയും കൈവെടിയരുത്. നാടകം അവസാനിച്ചാലും അവർ ചോദിച്ച ചോദ്യങ്ങൾ മരം പോലെ പെയ്യും.
‘ഈടെഴുമാചാര ചങ്ങലകൾ’ പൊട്ടിച്ചു പൊട്ടിച്ചു തന്നെയാണ് നാം ഇത്ര ദൂരം ഓടി എത്തിയത്. അധർമത്തിന്റെ ഇരുണ്ട രാത്രികളിൽ നമുക്ക് ഉണർന്നിരിക്കാം.

(ഫേസ്ബുക് പോസ്റ്റ്)

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

മറ്റൊരാളുടെ കൃതി തങ്ങളുടെ താല്‍പര്യത്തിനായി വളച്ചൊടിക്കുന്നവരും ഫാസിസ്റ്റുകളും തമ്മില്‍ എന്താണ് വ്യത്യാസം? കിത്താബ് വിവാദത്തില്‍ ഉണ്ണി ആര്‍ ചോദിക്കുന്നു

തെറ്റുപറ്റി സമ്മതിക്കുന്നു, എന്നാല്‍ എന്നെ തീവ്രവാദികള്‍ക്ക് എറിഞ്ഞു കൊടുക്കുകയാണ് ഉണ്ണി ആര്‍ ചെയ്തത്: കിത്താബ് സംവിധായകന്‍ റഫീഖ് മംഗലശേരി

മീ ടൂ : സ്ത്രീകൾ ലിബറലിടങ്ങൾ വിട്ടു നിൽക്കട്ടെ, ഹിജാബ് ധരിക്കട്ടെ: ജമാഅത്തെ ഇസ്ലാമി വനിതാ വിഭാഗം സംസ്ഥാന സെക്രട്ടറി

‘ഹൂറന്മാരില്ലാത്ത ഞങ്ങള്‍ക്കെന്തിനാണ് സ്വര്‍ഗം?’ എന്ന് നാടകത്തില്‍ ചോദ്യം: സ്‌കൂള്‍ കലോത്സവത്തിനെതിരെ എസ്ഡിപിഐ

‘കിത്താബ്’ വിവാദ നാടകത്തിന്റെ പൂർണ രൂപം / വീഡിയോ

നവോഥാന മതില്‍ കെട്ടാന്‍ വരട്ടെ, ആദ്യം ഈ കുഞ്ഞിന്റെ കണ്ണിരിനു മറുപടി പറയൂ

നന്ദു എം.ആര്‍

നന്ദു എം.ആര്‍

എംഇഎസ് കോളേജില്‍ ബിരുദാനന്തര ബിരുദ വിദ്യാര്‍ഥി

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍