UPDATES

സോഷ്യൽ വയർ

ഇത് സിപിഎമ്മിന്റെ പ്രതികാരമോ? പ്രധാനമന്ത്രി വരുന്നതിന് മുമ്പ് ജനങ്ങള്‍ ബൈപ്പാസ് ഉദ്ഘാടനം നടത്തി

പ്രധാനമന്ത്രി ഉദ്ഘാടനം നിര്‍വഹിക്കുന്നതിന് മുമ്പ് കൊല്ലം ബൈപ്പാസിലൂടെ ജനങ്ങള്‍ വണ്ടിയോടിക്കുന്ന കാഴ്ചയാണ് ഇപ്പോള്‍ കാണാനാകുന്നത്

കൊല്ലം ബൈപ്പാസ് ആര് ഉദ്ഘാടനം ചെയ്യണമെന്ന ചര്‍ച്ച അവസാനിച്ചിട്ട് കുറച്ച് ദിവസമേ ആയിട്ടുള്ളൂ. മുഖ്യമന്ത്രി എന്ന നിലയില്‍ പിണറായി വിജയനാണ് ദേശീയ പാത ഉദ്ഘാടനം ചെയ്യേണ്ടതെന്നാണ് സിപിഎം ആവശ്യപ്പെട്ടിരുന്നത്. കേന്ദ്രസഹായത്തോടെ നിര്‍മ്മിച്ച പാതയുടെ ഉദ്ഘാടനം ചെയ്യേണ്ടത് പ്രധാനമന്ത്രി നരേന്ദ്ര മോദിയാണെന്ന് ബിജെപിയും അവകാശപ്പെട്ടു.

യുഡിഎഫ് സര്‍ക്കാര്‍ കാലത്ത് പണിയുടെ ഭൂരിഭാഗവും നിര്‍വഹിച്ചുവെന്ന് അവകാശപ്പെട്ട് കോണ്‍ഗ്രസും ഇതിന് മേല്‍ അവകാശമുന്നയിക്കുന്നു. നിലവിലെ യുഡിഎഫ് എംപി എന്‍കെ പ്രേമചന്ദ്രന്‍ ഈ പാത നടപ്പാകാന്‍ വേണ്ടിയെടുത്ത അധ്വാനത്തെക്കുറിച്ചും കഴിഞ്ഞ ദിവസം കൊല്ലം ഡിസിസി പ്രസിഡന്റ് ബിന്ദു കൃഷ്ണ അഴിമുഖത്തോട് പറഞ്ഞിരുന്നു. ഒടുവില്‍ ജനുവരി എട്ടിനാണ് ഉദ്ഘാടനം പ്രധാനമന്ത്രി നിര്‍വഹിക്കുമെന്ന കാര്യത്തില്‍ തീരുമാനമായത്. സിപിഎമ്മിന് പ്രത്യേകിച്ചും കൊല്ലം ജില്ലാ കമ്മിറ്റിക്ക് ഏറ്റ അടിയായാണ് ഇതിനെ പാര്‍ട്ടിയിലെ ചിലരെങ്കിലും കണക്കാക്കിയത്. പ്രേമചന്ദ്രനാണ് ഉദ്ഘാടനത്തിന് മോദിയെ ക്ഷണിച്ചതെന്ന് സിപിഎം ആരോപണം ഉന്നയിച്ചിരുന്നു.

അതേസമയം പ്രധാനമന്ത്രി ഉദ്ഘാടനം നിര്‍വഹിക്കുന്നതിന് മുമ്പ് കൊല്ലം ബൈപ്പാസിലൂടെ ജനങ്ങള്‍ വണ്ടിയോടിക്കുന്ന കാഴ്ചയാണ് ഇപ്പോള്‍ കാണാനാകുന്നത്. ഒറ്റവരി പാതയും ടോള്‍ ബുത്തുമൊക്കെയുള്ള പാതയുടെ ചിത്രം സോഷ്യല്‍ മീഡിയയിലൂടെ പ്രചരിക്കുന്നുണ്ട്. ടോള്‍ ബൂത്ത് കടന്ന് നിരവധി വാഹനങ്ങള്‍ കടന്നുപോകുന്നതും ചിത്രത്തില്‍ കാണാന്‍ സാധിക്കും. ഫെബ്രുവരിയില്‍ ഉദ്ഘാടനം നടത്താനാണ് എല്‍ഡിഎഫ് സര്‍ക്കാര്‍ തീരുമാനിച്ചിരുന്നത്. എന്നാല്‍ രാഷ്ട്രീയ നേട്ടത്തിന് വേണ്ടി സിപിഎം ഉദ്ഘാടനം വൈകിപ്പിക്കുകയാണെന്നും ഇത് ജനങ്ങളെ ബുദ്ധിമുട്ടിക്കാനാണെന്നും ബിജെപിയും കോണ്‍ഗ്രസും അന്ന് തന്നെ ആരോപിക്കുകയും ചെയ്തു.

ഇതിന് മറുപടിയായാണ് ഈമാസം കേരളത്തിലെത്തുന്ന പ്രധാനമന്ത്രിയെ കൊണ്ട് ഉദ്ഘാടനം നടത്തിക്കാന്‍ ബിജെപി ശ്രമം തുടങ്ങിയത്. ഒടുവില്‍ ആ ശ്രമം വിജയിക്കുകയും ചെയ്തു. നാളെ പ്രധാനമന്ത്രി കേരളത്തിലെത്തുമ്പോള്‍ ദേശീയപാത ഉദ്ഘാടനം ചെയ്യുമെന്ന് പ്രധാനമന്ത്രിയുടെ ഓഫീസ് എന്‍കെ പ്രേമചന്ദ്രന്‍ എംപിയെ അറിയിക്കുകയായിരുന്നു. നാളെ വൈകിട്ട് 5.30നാണ് ഉദ്ഘാടനം നിശ്ചയിച്ചിരിക്കുന്നത്. തെരുവു വിളക്കുകള്‍ സ്ഥാപിക്കുന്ന പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയായിട്ടില്ലെന്ന് പറഞ്ഞ് ഉദ്ഘാടനം വൈകിപ്പിക്കുന്ന സംസ്ഥാന സര്‍ക്കാരിന്റെ നടപടിക്കെതിരെ ജനകീയ ഉദ്ഘാടനം നടത്തുമെന്ന് കോണ്‍ഗ്രസ് വെല്ലുവിളിച്ചിരുന്നു. എന്നാല്‍ പ്രധാനമന്ത്രി വരുന്നതിന് മുമ്പ് അനൗദ്യോഗികമായി തന്നെ ജനകീയ ഉദ്ഘാടനം നടന്നിരിക്കുകയാണ്.

മുമ്പ് കണ്ണൂര്‍ വിമാനത്താവളത്തിന്റെ ഉദ്ഘാടനം മുഖ്യമന്ത്രി നിര്‍വഹിക്കുമെന്ന് വന്നപ്പോള്‍ ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷായുടെ പ്രത്യേക വിമാനം ഇവിടെയിറക്കി അനൗദ്യോഗിക ഉദ്ഘാടനം ബിജെപി നടത്തിയിരുന്നു. കണ്ണൂര്‍ വിമാനത്താവളത്തിലെ ആദ്യ യാത്രക്കാരനായി അതോടെ അമിത് ഷാ മാറുകയും ചെയ്തു. ഇതിനുള്ള തിരിച്ചടി ഇപ്പോള്‍ കൊല്ലം ദേശീയ പാതയില്‍ ബിജെപി നല്‍കിയതാണോയെന്ന് മാത്രമാണ് ഇനി അറിയാനുള്ളൂ.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍