UPDATES

സോഷ്യൽ വയർ

കൊല്ലം ബൈപാസ്: പിണറായിയെ വെട്ടി മോദിയെ കൊണ്ടുവന്നത് പ്രേമചന്ദ്രന്റെ മിടുക്കെന്ന് പ്രളയ സമയത്ത് കേരളത്തിന്‌ സഹായം നല്‍കരുതെന്ന വിവാദ വീഡിയോ ഇട്ട സുരേഷ് കൊച്ചാട്ടില്‍

മോദിയെ ആരു കൊണ്ടുവന്നു? ചേരി തിരിഞ്ഞ് സോഷ്യല്‍ മീഡിയ

കൊല്ലം ബൈപാസ് ഉദ്ഘാടനവുമായി ബന്ധപ്പെട്ട തര്‍ക്കങ്ങള്‍ അവസാനിക്കുന്നില്ല. പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്നലെ ഉദ്ഘാടനം നിര്‍വഹിച്ചെങ്കിലും സോഷ്യല്‍ മീഡിയയില്‍ ഇതു സംബന്ധിച്ച ചര്‍ച്ചകളും വാദപ്രതിവാദങ്ങളും തകര്‍ക്കുകയാണ്. കൊല്ലം ബൈപാസിന്റെ  ക്രെഡിറ്റ് സംസ്ഥാന സര്‍ക്കാരിനും മുഖ്യമന്ത്രിക്കും ലഭിക്കാതിരിക്കാന്‍ ആര്‍എസ്പിയുടെ കൊല്ലം എംപി എന്‍.കെ പ്രേമചന്ദ്രനാണ് മോദിയെ കൊണ്ടുവരാന്‍ കരുക്കള്‍ നീക്കിയതെന്നാണ് സിപിഎം ആക്ഷേപം. എന്നാല്‍ ബൈപാസ് ഉദ്ഘാടനം നീട്ടിക്കൊണ്ടു പോകാന്‍ പാടില്ലെന്ന് കാണിച്ച് താന്‍ കേന്ദ്ര ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരിക്ക് കത്ത് കൊടുക്കുക മാത്രമാണ് ചെയ്തതെന്നും മോദിയെ കൊണ്ടുവന്നത് ബിജെപിയുടെ രാഷ്ട്രീയ കളിയാണെന്നും പ്രേമചന്ദ്രന്‍ പറയുന്നു.

ഇതിനിടെയാണ് കഴിഞ്ഞ പ്രളയ കാലത്ത് ഏറെ വിവാദമുണ്ടാക്കിയ മറുനാടന്‍ മലയാളി സുരേഷ് കൊച്ചാട്ടില്‍ എന്ന ബിജെപി പ്രവര്‍ത്തകന്‍ മറ്റൊരു അവകാശവാദവുമായി രംഗത്തെത്തിയത്. ഫെബ്രുവരി രണ്ടിന് ഉദ്ഘാടനം നടത്തി അതിന്റെ ക്രെഡിറ്റ് അടിച്ചെടുക്കാനുള്ള മുഖ്യമന്ത്രി പിണറായി വിജയന്‍റെ പദ്ധതി പ്രേമചന്ദ്രന്‍ പൊളിച്ചുവെന്നും, സംസ്ഥാന സര്‍ക്കാരിന്റെ തീരുമാനം ഗഡ്കരിയെ അറിയിക്കുകയും അവര്‍ ഉടന്‍ തന്നെ മോദിയെ ഉദ്ഘാടകനാക്കി നിശ്ചയിക്കുകയുമായിരുന്നുവെന്ന് ഇയാള്‍ തന്റെ ട്വിറ്റര്‍ പോസ്റ്റില്‍ അവകാശപ്പെടുന്നു.

പ്രളയ സമയത്ത് കേരളം ലോകം മുഴുവനുമുള്ള മനുഷ്യരില്‍ നിന്ന് സഹായങ്ങള്‍ സ്വീകരിച്ചു കൊണ്ടിരുന്ന സമയത്താണ് ഇയാളുടെ വിവാദ വീഡിയോ പുറത്തു വരുന്നത്. താന്‍ പ്രളയ ബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിച്ചുവെന്നും ഇവിടെ മുഴുവന്‍ സമ്പന്നരായ മനുഷ്യരാണെന്നും അതുകൊണ്ട് കേരളത്തിന്‌ ആരും സഹായം നല്‍കരുതെന്നുമുള്ള വീഡിയോ സംഘപരിവാര്‍ സംഘടനകള്‍ വ്യാപകമായി പ്രചരിപ്പിക്കുകയും ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലും വിദേശത്തും പോലും ഇതു സ്വാധീനിക്കപ്പെടുകയും ചെയ്തിരുന്നു. സഹായം നല്‍കുന്നുണ്ടെങ്കില്‍ അത് സേവാഭാരതി വഴിയായിരിക്കണമെന്നും ഇയാള്‍ പറഞ്ഞിരുന്നു. 2014-ലെ ലോക്സഭ തെരഞ്ഞെടുപ്പ് പ്രചരണ സമയത്ത് മോദിയുടെ പ്രചരണ വിഭാഗത്തില്‍ ഉള്‍പ്പെട്ടിരുന്ന ആളാണ്‌ സുരേഷ് എന്നും വാര്‍ത്തകള്‍ പിന്നാലെ പുറത്തു വന്നിരുന്നു.

@vijayanpinarayi thought he was smart by getting ready to inaugurate Kollam NH bypass on 2nd February. But MP Premachandran sounded out @nitin_gadkari about the plan, and in no time it was announced that Prime Minister @narendramodi will inaugurate the by-pass on 15th January.

— Suresh Kochattil (@kochattil) January 13, 2019

Also Read: കേരളത്തിന് ഒന്നും കൊടുക്കരുത് എന്ന് പറഞ്ഞ സുരേഷ് കൊച്ചാട്ടില്‍ മോദിയുടെ ടീമിലുണ്ടായിരുന്നയാള്‍

ഈ വിഷയത്തിലുള്ള ചര്‍ച്ചകള്‍ സോഷ്യല്‍ മീഡിയയില്‍ കൊമ്പുകോര്‍ക്കുന്നതിനിടെയാണ് ഇക്കാര്യത്തിലുള്ള തന്റെ നിലപാട് എന്‍.കെ പ്രേമചന്ദ്രന്‍ ഇന്നലെ വീണ്ടും വിശദീകരിച്ചത്.  ലോക് സഭാ തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുകൊണ്ടുള്ള സിപിഎമ്മിന്റെ അപവാദ പ്രചരണമാണ് തനിക്കെതിരെ നടക്കുന്നത് എന്ന് പ്രേമചന്ദ്രന്‍ ഇന്നലെ ഏഷ്യാനെറ്റ് ന്യൂസിലെ ചര്‍ച്ചയില്‍ പങ്കെടുത്തുകൊണ്ട് പറഞ്ഞിരുന്നു. നവംബര്‍- ഡിസംബറില്‍ തന്നെ ബൈപാസിന്റെ പണി ഏതാണ്ട് പൂര്‍ത്തിയായിരുന്നു. പിന്നാലെ മന്ത്രിമാരായ കെ. രാജു, മേഴ്സിക്കുട്ടി അമ്മ, മറ്റ് എംഎല്‍എമാര്‍, കൊല്ലം മേയര്‍ ഒക്കെ വന്നു കണ്ടു. ബൈപാസില്‍ തെരുവ് വിളക്ക് ഇല്ലെന്നും അത് സ്ഥാപിച്ചു കഴിഞ്ഞു മാത്രമേ ഉദ്ഘാടനം നടക്കുകയുള്ളു എന്നുമാണ് അവര്‍ പറഞ്ഞത്. തുടര്‍ന്ന് താന്‍ ഇക്കാര്യത്തില്‍ ഗഡ്കരിയെക്കണ്ട്‌ ഉദ്ഘാടനം ജനുവരിയില്‍ തന്നെ നടത്തണമെന്നും പണി 98 ശതമാനം പൂര്‍ത്തിയായതായും പറഞ്ഞു. ജനുവരിയില്‍ തന്നെ ഉദ്ഘാടനം നടക്കുമെന്ന് തനിക്ക് അദ്ദേഹം ഉറപ്പും നല്‍കി. ഇക്കാര്യം താന്‍ മാധ്യമങ്ങളെയും അറിയിച്ചിരുന്നു. എന്നാല്‍ ജനുവരി ആദ്യം സംസ്ഥാന സര്‍ക്കാര്‍ ഫെബ്രുവരി രണ്ടിന് ഉദ്ഘാടനം നിര്‍വഹിക്കുമെന്ന അറിയിപ്പ് കിട്ടുന്നത്. തുടര്‍ന്ന് താന്‍ ഇക്കാര്യം കണ്‍ഫേം ചെയ്യാനായി ഗഡ്കരിക്ക് വീണ്ടും കത്തെഴുതി. ഇതിനിടയില്‍ കേരളത്തിലെ നാഷണല്‍ ഹൈവേ ചീഫ് എഞ്ചിനീയര്‍ക്ക് കേന്ദ്ര ഉപരിതല മന്ത്രാലയം ജനുവരി ഒന്നിന് അയച്ച കത്തില്‍ പറയുന്നത് മോദിക്ക് ബൈപാസ് ഉദ്ഘാടനം ചെയ്യാന്‍ താത്പര്യം ഉണ്ടെന്നാണ്. തുടര്‍ന്ന് ജനുവരി എട്ടിന് മാത്രമാണ് മോദി ഉദ്ഘാടനം ചെയ്യാന്‍ വരുന്ന വിവരം താന്‍ അറിഞ്ഞതെന്നും ഈ സമയത്ത് തന്നെ സംസ്ഥാന സര്‍ക്കാരിനെ ഉള്‍പ്പെടെ കേന്ദ്രം ഇക്കാര്യം അറിയിച്ചുവെന്നും പ്രേമചന്ദ്രന്‍ പറഞ്ഞു.

കേന്ദ്രം തീരുമാനിക്കുകയും ബിജെപി നേതാക്കള്‍ ഇടപെടുകയും ചെയ്തതിന്റെ പുറത്തായിരിക്കാം മോദി വന്നത്. ജനുവരി ആദ്യം കെ സുരേന്ദ്രന്‍ കൊല്ലത്ത് പത്രസമ്മേളനം വരെ നടത്തി. ബിജെപി എംപി സുരേഷ് ഗോപിയും മോദിയെ കൊണ്ടുവരാന്‍ ശ്രമിച്ചിട്ടുണ്ടാവും. തനിക്ക് ഇക്കാര്യത്തില്‍ യാതൊരു പങ്കുമില്ല. തന്നെ തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് തേജോവധം ചെയ്യാനാണ് ഇപ്പോള്‍ സംഘപരിവാര്‍ അനുകൂളിയാക്കുന്നതും ബിജെപിയിലേക്ക് പോകുന്നു എന്നൊക്കെ പ്രചരണം നടത്തുന്നത് എന്നും പ്രേമചന്ദ്രന്‍ കുറ്റപ്പെടുത്തി.

അതേ സമയം, കൊല്ലം ബൈപ്പാസിന്റെ കാര്യത്തില്‍ സംസ്ഥാന സര്‍ക്കാരിന്റെ ഇടപെടലുകള്‍ക്ക് കൃത്യമായ പങ്ക് ഉണ്ടെന്ന് ചൂണ്ടിക്കാണിക്കുന്നതാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ തന്നെ ഇക്കാര്യത്തില്‍ ഇട്ട ഫേസ്ബുക്ക് കുറിപ്പ്. സംസ്ഥാന സര്‍ക്കാര്‍ കൊല്ലം ബൈപാസ് പൂര്‍ത്തീകരിക്കുന്നതില്‍ സ്വീകരിച്ച കാര്യങ്ങള്‍ ഇന്നലെ പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി. സുധാകരന്‍ തന്നെ ഉദ്ഘാടന വേളയില്‍ വ്യകതമാക്കുകയും ചെയ്തിരുന്നു.

 മുഖ്യമന്ത്രിയുടെ കുറിപ്പ്

‘കൊല്ലം ജനതയുടെ ചിരകാല അഭിലാഷം പൂവണിയുന്നു. കൊല്ലം ബൈപാസ് ചൊവ്വാഴ്ച നാടിന് സമര്‍പ്പിക്കുന്നു. കൊല്ലം ബൈപാസ് പൂര്‍ത്തിയാക്കുമെന്ന വാഗ്ദാനമാണ് സര്‍ക്കാര്‍ ആയിരം ദിനം പൂര്‍ത്തിയാകുന്ന ഘട്ടത്തില്‍ പാലിക്കുന്നത്.

ഇഴഞ്ഞു നീങ്ങിയിരുന്ന ഒരു പദ്ധതിക്ക് ജീവന്‍ നല്‍കി വേഗതയില്‍ പൂര്‍ത്തിയാക്കാനായി എന്ന അഭിമാനത്തോടെയാണ് സര്‍ക്കാരും പൊതുമരാമത്ത് വകുപ്പും കൊല്ലം ബൈപ്പാസ് ഉദ്ഘാടനത്തിലേക്ക് കടക്കുന്നത് . 2016 മെയ് 31 വരെ 23.52 ശതമാനം ജോലിയാണ് പൂര്‍ത്തിയാക്കിയിരുന്നത്. രണ്ടര വര്‍ഷത്തിനകം 76 ശതമാനം ജോലികളും പൂര്‍ത്തിയാക്കാനായി. ഫൗണ്ടേഷനുകളിലായിരുന്ന 3 പാലങ്ങളും ആയിരം ദിവസത്തിനുള്ളില്‍ പൂര്‍ണ്ണ സജ്ജമാക്കി. 46 പിയറുകളില്‍ 37 എണ്ണവും പണിതത് ഈ സര്‍ക്കാരിന്റെ കാലത്താണ്. വന്‍ പ്രളയത്തിനിടയിലാണ് ഈ പ്രവൃത്തികള്‍ മാന്ദ്യമേതുമില്ലാതെ പൂര്‍ത്തീകരിച്ചത്.

352 കോടി രൂപ ചെലവ് പ്രതീക്ഷിച്ച ബൈപാസിന് 176 കോടി രൂപ വീതം കേന്ദ്രവും സംസ്ഥാനവും നല്‍കണം. ഫണ്ട് അനുവദിക്കുന്നതിലും കാലതാമസമില്ലാതെ സര്‍ക്കാര്‍ തീരുമാനമെടുത്തു. 2016 മെയ് 31 വരെ 34 കോടി രൂപയാണ് പദ്ധതിക്കു വേണ്ടി സംസ്ഥാനം ചെലവഴിച്ചിരുന്നത്. അതിനു ശേഷം സര്‍ക്കാര്‍ ഇതുവരെ 80 കോടിയോളം രൂപ അനുവദിച്ചിട്ടുണ്ട്. ബാക്കിയുള്ള തുക അന്തിമ ബില്ലിനൊപ്പം നല്‍കും.

കൊല്ലം നഗരത്തിലെ ഗതാഗതക്കുരുക്ക് പരിഹരിക്കാനും ദീര്‍ഘദൂര യാത്രക്കാര്‍ക്ക് തടസങ്ങളില്ലാതെ യാത്ര സാധ്യമാക്കാനും ലക്ഷ്യമിട്ടുള്ളതാണ് കൊല്ലം ബൈപാസ് . 13B കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള ബൈപാസ് സംസ്ഥാനത്തെ പൊതുഗതാഗത സംവിധാനത്തെ കൂടി ശക്തിപ്പെടുത്തും.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍